Friday, July 25, 2008

നാടകമേ ജീവിതം

ആറാം തരത്തില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി നാടകത്തില്‍ അഭിനയിക്കുന്നത്. “മുറിവുണങ്ങി” എന്നായിരുന്നു നാടകത്തിന്‍റെ പേര്. “നമസ്കാരം, സാര്‍!” എന്നു മാത്രമായിരുന്നു എന്‍റെ ഡയലോഗ്. വഴിയില്‍ക്കിടന്ന ബീഡിക്കുറ്റി കത്തിച്ച് പുകവിട്ട ഉറ്റസ്നേഹിതനെ (ബാബു), രണ്ടുകൂട്ടുകാര്‍ (രാമുവും ദാമുവും) ചേര്‍ന്ന് ചതിച്ച് അധ്യാപകനില്‍ നിന്നും അടിയും ഉപദേശവും വാങ്ങിക്കൊടുപ്പിക്കുന്ന കഥയില്‍ സദാചാരത്തിന്‍റെ കാവല്‍‍ഭടന്മാരിലൊരാളായ ദാമുവായാണ് ഞാന്‍ അരങ്ങത്തെത്തിയത്. ഇടയ്ക്കിടെ സംഭാഷണങ്ങള്‍ മറന്നുപോകുന്നതിനാല്‍, റിഹേഴ്സല്‍ സമയത്തുതന്നെ, എന്‍റെ ബാക്കി ഡയലോഗുകളെല്ലാം രാമു ആയി അഭിനയിച്ച ജയകുമാര്‍ കൈക്കലാക്കിയിരുന്നു.

ബാബു, തന്നെ തല്ലിയ അധ്യാപകനെ പതിയിരുന്ന് കല്ലെടുത്തെറിയുന്നതും, പിന്നീട് തെറ്റുമനസ്സിലാക്കി ബാബുവും അച്ഛനും കൂടി ആശുപത്രിക്കിടക്കയില്‍ അധ്യാപകനെ സന്ദര്‍ശിച്ച് മാപ്പപേക്ഷിക്കുന്നതും അധ്യാപകന്‍ സ്നേഹവാത്സല്യങ്ങളോടെ ബാബുവിന് മാപ്പുകൊടുക്കുന്നതും, കുട്ടികളെല്ലാരും കൂടി ആഹ്ലാദാരവങ്ങളോടെ, “മുറിവുണങ്ങീ, മുറിവുണങ്ങീ, ഞങ്ങടെ മാഷിന്‍റെ മുറിവുണങ്ങീ!” എന്ന് പാടി തുള്ളിച്ചാടുകയും ചെയ്യുന്നതോടെ നാടകം സമാപ്തിയിലെത്തിച്ചേരുകയാണ്.

അതിനു ശേഷം, ഒരു വര്‍ഷത്തോളമോ മറ്റോ വീട് നാടകാഭിനയത്തിന്‍റെ അരങ്ങായി രൂപാന്തരപ്പെട്ടു. ലൈറ്റുകളിലും സ്വിച്ചുകളിലും മിന്നിത്തിളങ്ങുന്ന എല്‍. ഇ. ഡി. കളിലും അനിയനു വന്നു ചേര്‍ന്ന ഭ്രമവും കൂടിയായപ്പോള്‍ പ്രൊഫഷണല്‍ ലൈറ്റിംഗിന്‍റെ അകമ്പടിയോടെ ഞങ്ങള്‍ പല നാടകങ്ങളും കതകടച്ചിട്ട് അരങ്ങേറി. രണ്ടനിയന്മാരും ഒരു അളിയനും ഞാനുമായിരുന്നു കഥാപാത്രങ്ങളായി രംഗത്തുവന്നത്. ആരാണോ രംഗത്തില്ലാത്തത്, അവര്‍ക്കായിരുന്നു ആ സമയം ലൈറ്റിംഗിന്‍റെ ചുമതല. സ്കൂളവധിക്കാലത്തിനൊടുവില്‍ ഈ നാടകം കുടുംബസദസ്സില്‍ അവതരിപ്പിക്കാനിരുന്നതാണെങ്കിലും അവസാനനിമിഷം അളിയന്‍ കാലുവാരിയതിനാല്‍ ആ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു. ഈ തിരിച്ചടി, പതിയെപ്പതിയെ നാടകക്കമ്പം ഇല്ലാതാവാന്‍ കാരണമാക്കി.

കോളജ് വിദ്യാഭ്യാസ കാലത്ത് വീണ്ടും നാടകങ്ങളോട് പ്രിയമേറി. ഒന്നുരണ്ടു നാടകങ്ങള്‍ അവതരിപ്പിച്ചുകഴിഞ്ഞപ്പോള്‍ നാടകാഭിനയത്തില്‍ നിന്നും വിരമിച്ച് സം‌വിധാനം മാത്രം ഏറ്റെടുത്തു. കാരണം മറ്റൊന്നുമല്ല. ഞാന്‍ താരതമ്യേന മോശമായ ഒരു നടനാണെന്ന് എനിക്കുതന്നെ തോന്നിത്തുടങ്ങി. അഭിനയിക്കാന്‍ മോശമായിരുന്നെങ്കിലും നാടകരംഗത്തെക്കുറിച്ച് ഒരു ധാരണയുണ്ടായിരുന്നതിനാലും, മറ്റുള്ളവര്‍ അഭിനയിച്ചത് ശരിയായോ എന്നു വിലയിരുത്താന്‍ കഴിഞ്ഞിരുന്നതിനാലുമാണ് സം‌വിധാന രംഗത്തു തുടര്‍ന്നത്. ‘ശരിയായ നാടകം’ എന്താണെന്ന് എനിക്ക് ഇനിയുമറിഞ്ഞുകൂട. എന്നാല്‍ ‘തെറ്റായ നാടകം’ കണ്ടാല്‍ അത് തെറ്റാണെന്നറിയുകയും ചെയ്യാം. (ആ തെറ്റ് എങ്ങനെ തിരുത്താം എന്നത് വ്യക്തിപരമായ കാഴ്ചപ്പാടനുസരിച്ചു മാറും.)

ഈ അവസാന ഖണ്ഡിക തന്നെ എന്‍റെ ജീവിതത്തിന്‍റേയും കഥ!

1 comment:

Babu Kalyanam | ബാബു കല്യാണം said...

:-)
സത്യം...സചിന്‍ ടെണ്ടുല്‍ക്കര്‍ ഒരു മോശം ഷോട്ട് കളിച്ചാല്‍ എനിക്കു മനസ്സിലാവും. അതു അതിനെക്കാള്‍ നന്നായി കളിക്കാമോ എന്ന് ചോദിച്ചാല്‍!!!