Wednesday, December 31, 2008

പഴകിയ മുന്നറിയിപ്പുകള്‍ (2008)

ഇങ്ങനേയിരിക്കുമ്പോള്‍ വായനക്കാര്‍ക്ക് ഒരു മുന്നറിയിപ്പു (മുന്‍ അറിയിപ്പ്) കൊടുക്കാന്‍ തോന്നും. കൊടുത്തുകൊടുത്ത് മൂന്നാലെണ്ണമായപ്പോള്‍ ഒരു പോസ്റ്റാക്കുന്നതാണ് നല്ലതെന്ന് തോന്നി. അങ്ങനെ ഓരോ വര്‍ഷത്തേയും മുന്നറിയിപ്പുകള്‍ ശേഖരിച്ചുവയ്ക്കാന്‍ ഒരു പോസ്റ്റുണ്ടാക്കുന്നു.

ബുക്ക് റിപ്പബ്ലിക്കിന്‍റെ പാരമ്യത്തില്‍ എഴുതിയത്:
ഈ ബ്ലോഗിലെ പോസ്റ്റുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ മാറ്റിയെഴുതി പുസ്തകമാക്കാന്‍ താല്പര്യമുണ്ട്. ബുക്ക് റിപ്പബ്ലിക്കുകാര്‍ കവിതാബ്ലോഗുകള്‍ സകലതും പുസ്തകമാക്കിക്കഴിഞ്ഞാല്‍ ഈ ബ്ലോഗും പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുസ്തകമാക്കാന്‍ വേണ്ടി കവിതകളെഴുതാനും തയ്യാറാണ്.

ബ്ലോഗനയില്‍ നിലവാരം കുറഞ്ഞ പോസ്റ്റുകള്‍ കണ്ടപ്പോള്‍:
മാതൃഭൂമി ബ്ലോഗനയില്‍ പ്രസിദ്ധീകരണത്തിന് ഇപ്പോള്‍ ഞാന്‍ ഈടാക്കുന്ന ചാര്‍ജ്ജ്: ചെറിയ പോസ്റ്റ് (100 വാക്കില്‍ താഴെയുള്ളത്) ഒന്നിന്: ആയിരം രൂപ, നീളം കൂടിയ പോസ്റ്റ് ഒന്നിന്: അയ്യായിരം രൂപ.

NDTV-യുടെ പോക്കിരിത്തരം:
ഈ ബ്ലോഗിലെ പല പോസ്റ്റുകളും ഞാന്‍ ദിനം തോറും സം‌വദിക്കുന്നവരെ വ്യക്തിഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചുള്ളവയാണ്. എനിക്കെതിരെ കേസു കൊടുത്താല്‍ നിരുപാധികം മാപ്പുപറഞ്ഞ് അത്തരം പോസ്റ്റുകള്‍ ഞാന്‍ നീക്കം ചെയ്യും.

ഫാസ്റ്റര്‍ ഈ-മെയില്‍ വേണോ?

അങ്ങനെ ജീമെയിലും നോക്കിയിരുന്നപ്പോള്‍ അതാ വലതു മൂലയില്‍ ഒരു ലിങ്ക്: Get faster Gmail.ശ്ശെടാ, സ്പീഡുള്ള ജീമെയില്‍ ഉണ്ടായിട്ട് അത് തരാതെ വേണമെന്നുള്ളവര്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്ന് പറയുന്നത് അന്യായമല്ലേ. ഈ ലിങ്ക് കാണാത്തവര്‍ക്കും കണ്ടിട്ടും മടിപിടിച്ചോ അര്‍ത്ഥം മനസ്സിലാവാതെയോ ക്ലിക്ക് ചെയ്യാത്തതിരിക്കുന്നവര്‍ക്കും സ്പീഡുള്ള ജീമെയില്‍ കിട്ടില്ലല്ലോ എന്ന സങ്കടമായി എനിക്ക്. സ്പീഡുള്ള സാധനം കയ്യിലുള്ളപ്പോള്‍ വേണോ എന്ന് ചോദിക്കാതെ അതങ്ങ് തരുന്നതല്ലേ ഉചിതം എന്ന് ഞാനും വിചാരിച്ചുപോയി. ഏതായാലും ഇനിയും അധികം സമയം മെനക്കെടുത്തേണ്ടെന്നു കരുതി ക്ലിക്കി.ഹ! ഗുട്ടന്‍സ് പിടികിട്ടി. എന്‍റെ ബ്രൌസര്‍ കൊള്ളില്ലാത്രേ. ഫയര്‍ഫോക്സോ അല്ലെങ്കില്‍ ക്രോമോ ഉപയോഗിച്ചാല്‍ രണ്ടിരട്ടി വരെ ജീമെയിലിന് സ്പീഡ് ഉണ്ടാവുമത്രേ! നിങ്ങള്‍ ഐയീ-യേ ഉപയോഗിക്കൂ എന്ന് വാശിയുള്ള മണ്ടനാണെങ്കില്‍ നിങ്ങള്‍ക്കായി ഗൂഗിള്‍ ഒരു അറിയിപ്പും തരുന്നുണ്ട്: സ്പീഡു കിട്ടാന്‍ ഐയീ-8 എന്നൊരു സാധനം ഉപയോഗിച്ചാലും മതിപോലും.

ഒന്നാമത്, സ്വന്തമായി ഒരു ബ്രൌസറുള്ളപ്പോള്‍, അത് എത്ര മോശമായാലും ശരി, അതിനെ ആദ്യം പ്രതിഷ്ഠിക്കണം. ചിത്രത്തില്‍ ഫയര്‍ഫോക്സിനെ ആദ്യം കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുക. ഫയര്‍ഫോക്സ് നിര്‍മ്മിക്കുന്നതില്‍ ഗൂഗിളിന്‍റെ സാമ്പത്തിക സഹായം മറന്നുകൊണ്ടല്ല ഈ പറയുന്നത്.

രണ്ടാമത്, twice as fast എന്നൊക്കെ വീമ്പിളക്കുമ്പോള്‍ അതിനു തെളിവായി ഒരു ലിങ്ക് കൊടുക്കുന്നത് നല്ലതായിരിക്കും. Wall Street Journal-ല്‍ വന്ന ഈ ഭാഗമെങ്കിലും:

To gauge Chrome's speed at loading Web pages, I launched two large groups of typical Web pages simultaneously, each site opening in its own tab. One group included 15 sports sites, the second 19 news sites. In both tests, Chrome's speed fell in the middle, at 35 and 44 seconds, respectively. IE8 was slower, taking 49 and 75 seconds to open the two groups of sites. But Firefox and Safari were much faster, notching identical speeds of 19 seconds for the 15 sites and 28 seconds for the 19 sites.
അതെങ്ങനെ, ഗൂഗിള്‍ വല്ലതും പറയുമ്പോള്‍ നമുക്ക് തെളിവെന്തിന്, അല്ലേ?

ഫാസ്റ്റര്‍ ഈ-മെയില്‍ വേണോ? തരാന്‍ മനസ്സില്ല. ആദ്യം എന്‍റെ ബ്രൌസര്‍ ഉപയോഗിയ്ക്ക്, എന്നാല്‍ തരാം.

(ഹൊ, ഇനി ഈ വര്‍ഷം ഗൂഗിളിനെ കുറ്റം പറയാന്‍ ഞാനില്ല. എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍!)

Sunday, December 28, 2008

മങ്കിരി മോഷ്ടിക്കുന്ന മോണ്‍സ്റ്റര്‍

മൂന്നരവയസ്സായ ക്ടാവിന്‍റെ തമാശകളിലൊന്നാണ്. ഇഷ്ടന്‍റെ കഥകള്‍ അവിടേയും ഇവിടേയുമായി ഒന്നുരണ്ടു തവണ മുമ്പ് പറഞ്ഞിട്ടുണ്ട്.

ഒരു ദിവസം രാത്രി ഉറങ്ങുന്നതിനും മുമ്പ് പതിവില്ലാതെ തുണി കമ്പ്ലീറ്റ് ഊരിക്കളയണമെന്ന് ക്ടാവിനൊരു വാശി. “ചൂടെട്ക്ക്ണ്” എന്നാണ് വാദം. ഒരു നിക്കറിന്‍റെ കഷണമെങ്കിലും ഇളിയിലുറപ്പിക്കാന്‍ ശ്രീമതി ഒരടവെടുത്തു: “നിക്കറിട്ടില്ലെങ്കില്‍ നിന്‍റെ മങ്കിരി മോണ്‍സ്റ്റര്‍ എടുത്തോണ്ടു പോവും.”

മോണ്‍സ്റ്ററിനെ പേടിയുള്ള ക്ടാവ് ഇതില്‍ വീഴുമെന്ന് ഉറപ്പുണ്ടായിരുന്ന ശ്രീമതി എന്നെനോക്കി ഒരു കള്ളച്ചിരി ചിരിച്ചു.

നിമിഷാര്‍ദ്ധം പോലുമാവുന്നതിനുമുമ്പ് മറുപടി വന്നു: “ഗീതൂന്‍റെ മങ്കിരി മോന്‍സ്റ്റല് കൊണ്ടു പോയേയാണോ?”

Friday, December 26, 2008

തെറ്റിദ്ധാരണ

മലയാളി യുവത്വം മദ്യത്തിനടിമയാവുന്നു എന്ന വാര്‍ത്ത ഓണം, ക്രിസ്മസ് തുടങ്ങിയ വിശേഷാവസരങ്ങളില്‍ ഉയര്‍ന്നുവരാറുണ്ട്. കൈരളി ചാനല്‍ പടച്ചുവിട്ട അത്തരമൊരു ന്യൂസ് വെള്ളം തൊടാതെ വിഴുങ്ങിയതായിരുന്നു (no pun intended), എന്‍റെ കഴിഞ്ഞ പോസ്റ്റിന്‍റെ അടിസ്ഥാനം.

എന്നാല്‍ മലയാളം പത്രങ്ങളില്‍ ജോലിചെയ്യുന്ന സ്വന്തം ലേഖകരേക്കാള്‍, എഴുതിവിടുന്ന ഐറ്റങ്ങള്‍ക്ക് സോളിഡ് പ്രൂഫ് വേണമെന്ന് എനിക്ക് നിര്‍ബന്ധമുള്ളതിനാല്‍ ഇന്നത്തെ സാധാരണ മലയാളി യുവാവ് അഭിരമിക്കുന്ന, ബൂലോഗം എന്ന ചെല്ലപ്പേരില്‍ അറിയപ്പെടുന്ന, മലയാളം ബ്ലോഗുകളില്‍ മദ്യത്തിന്‍റെ സ്വാധീനം എത്രമാത്രമുണ്ടെന്ന് പരിശോധിക്കാമെന്നു വച്ചു.

നമ്മുടെ പരീക്ഷണങ്ങള്‍ ആധികാരികമാവണമല്ലോ. അതിനാല്‍ ഇപ്പോള്‍ നിലവിലുള്ള ഏറ്റവും ആധികാരികമായ സൂത്രം തന്നെയാണ് ഇതിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്: Google blog search.

മദ്യവും അതുമായി ബന്ധപ്പെട്ട മറ്റു പദങ്ങളും കൂടി വെറും 3548 തവണ മാത്രമാണ് മലയാളം ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. (മദ്യം - 1564, കള്ള് - 1222, ചാരായം - 248, റം - 172, വിസ്കി - 158, വോഡ്ക - 96, ബ്രാണ്ടി/ബ്രാന്‍ഡി - 94.) എന്നാല്‍ മലയാളിയുടെ ഇഷ്ടപാനീയങ്ങളായ പാലും തേനും മാത്രം 3687 (പാല്‍ - 2506, തേന്‍ - 1181) തവണ ബ്ലോഗുകളില്‍ പ്രത്യക്ഷപ്പെട്ട് വിലയേറിയ 139 വോട്ടുകള്‍ക്ക് വിജയം നേടിയിരിക്കുകയാണ്.

ഇതില്‍ നിന്നും എന്തു മനസ്സിലാക്കാം? മലയാളി യുവത്വം എന്തിനെങ്കിലും അടിമപ്പെട്ടിട്ടുണ്ടെങ്കില്‍ അത് പാലിനും തേനിനും മാത്രമാണ്. യുവാക്കളല്ല, മലയാളി വൃദ്ധന്മാരാവണം ഉള്ള മദ്യം മുഴുവന്‍ കുടിച്ചുവറ്റിക്കുന്നത്. യുവാക്കളെ കുടിയന്മാരാക്കി ചിത്രീകരിച്ച ശേഷം നല്ലപിള്ള ചമഞ്ഞ് നടക്കുകയാണ് നാട്ടിലെ മൂപ്പിലാന്മാര്‍. ആ വേല മനസ്സിലിരിക്കട്ടെ. ബ്ലോഗര്‍മാരുടെ അടുത്താണ് കളി!

കൈരളി റ്റീവിയെ വിശ്വസിക്കരുതെന്ന് പ്രമുഖ ബ്ലോഗര്‍ പരാജിതന്‍ പറഞ്ഞപ്പോള്‍ ഞാന്‍ കാര്യമായെടുത്തില്ല. പരാജിതനല്ലേ, വിജയനല്ലല്ലോ അങ്ങനെ പറഞ്ഞത് എന്നായിരുന്നു എന്‍റെ ധാരണ. പലപ്പോഴും നമ്മള്‍ ‘കാര്യ’മായെടുക്കാത്തവരാണ് നമ്മെ ഏറെ സഹായിക്കുന്നത് എന്ന് പണ്ടാരോ പറഞ്ഞത് എത്ര ശരിയാണ്. എന്‍റെ തെറ്റിദ്ധാരണകള്‍ മാറ്റിയ പരാജിതനും ഗൂഗിളിനും നന്ദി!

Wednesday, December 24, 2008

രുകാവട്ടിനു ഖേദം

ക്രിസ്മസ് പ്രമാണിച്ച് മദ്യത്തിന് ക്ഷാമമുള്ളതിനാല്‍ ഓഫീസിലും വീട്ടിലും കള്ളുകുടി നിറുത്തിവച്ചിരിക്കുകയാണ്. അതുമൂലം സര്‍ഗ്ഗസൃഷ്ടിയ്ക്ക് തടസ്സം നേരിട്ടതില്‍ ഖേദമുണ്ട്. കേരളത്തിലെ ഇന്നത്തെ വിദ്യാര്‍ത്ഥികളെപ്പോലെ, വല്ലതും നാലക്ഷരം എഴുതണമെങ്കില്‍ അല്പസ്വല്പം അകത്തു ചെന്നേ പറ്റൂ എന്ന ഗതിയായിരിക്കുന്നു. വായനക്കാര്‍ ക്ഷമിക്കുക, സഹകരിക്കുക. സംഗതികള്‍ പൂര്‍വ്വസ്ഥിതിയിലായാലുടന്‍ എഴുത്ത് പുനരാരംഭിക്കുന്നതാണ്.

എല്ലാവര്‍ക്കും ആഹ്ലാദകരമായ ക്രിസ്മസ്/നവവത്സരാശംസകള്‍!

Sunday, December 21, 2008

സ്റ്റൈലില്‍ ചാഞ്ചാടും തീരം

യുവാക്കളുടെ സ്വപ്നങ്ങള്‍ക്കും വികാര വായ്പുകള്‍ക്കും ഏറെ പ്രധാന്യം നിറഞ്ഞതെന്ന് സിഫി.കോം പറയുന്ന ലോലിപ്പോപ്പ് എന്ന സിനിമയിലെ ഒരു ഗാനത്തിന്‍റെ ആദ്യവരികള്‍ ശ്രദ്ധിക്കൂ:
ഒന്ന്, രണ്ട്, മൂന്ന്, നാല് തിരകള് വന്നേ വന്നേ
ചാഞ്ചാടും തീരമോ സ്റ്റൈലല്ലേ?
തിരകളുടെ ഫേസ് സ്പീഡ് അഥവാ സെലെറിറ്റി കാരണം ചാഞ്ചാടിപ്പോകുന്ന തീരത്തിന്‍റെ വികാരത്തള്ളലും വേദനയും അളക്കാന്‍ നാലു വേരിയബിളുകള്‍ പരിഗണിക്കണമെന്നാണ് പ്രശസ്ത ഓഷ്യാനോഗ്രഫി വിദഗ്ദ്ധന്‍ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ മുകളില്‍ സൂചിപ്പിച്ച വരികളിലൂടെ നമ്മോട് പറയുന്നത്. ആ നാലുകാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം:

നമുക്ക് കണക്കാക്കേണ്ടുന്ന സെലെറിറ്റിയെ c എന്നു വിളിക്കുക. തിരയുടെ തരംഗദൈര്‍ഘ്യം λ ആണെന്നും നാം സെലെറിറ്റി അളക്കുന്ന സ്ഥലത്തെ വെള്ളത്തിന്‍റെ ആഴം d ആണെന്നും ഭൂഗുരുത്വബലം g ആണെന്നും π നമ്മുടെ പൈ ആണെന്നും കരുതിയാല്‍, സ്റ്റൈലില്‍ ചാഞ്ചാടും തീരത്തിന്‍റെ വേദന, c കണ്ടെത്തുന്നത് വളരെ എളുപ്പമാണ്:ഓര്‍ക്കുക,
c = സ്റ്റൈലില്‍ ചാഞ്ചാടും തീരത്തിന്‍റെ വേദന
g = ഭൂഗുരുത്വബലം
λ = തരംഗദൈര്‍ഘ്യം
d = വെള്ളത്തിന്‍റെ ആഴം
π = പൈ

അപ്പോള്‍ വര്‍മ്മാസാറ് പറയുന്നതെന്തെന്നാല്‍,
g, λ, d, π തിരകള് വന്നേ വന്നേ
c-യോ സ്റ്റൈലല്ലേ?
ദേഹമാസകലം കുലുക്കിയാടുന്ന പൃഥിരാജിനോ റോമയ്ക്കോ അതുകണ്ടു പുളകം കൊള്ളുന്ന കാണികള്‍ക്കോ സര്‍ഗസൃഷ്ടിക്കുവേണ്ടി ശരത്ചന്ദ്രവര്‍മ്മയ്ക്കു നടത്തേണ്ടിവന്ന ഈ കണക്കുകൂട്ടലുകള്‍ വല്ലതും അറിയണോ?

Saturday, December 20, 2008

ഉണ്ണിയപ്പം: ക്രോം ലോഗോ

നമുക്ക് മനസ്സിലായേ എന്ന പാചക പോസ്റ്റിനോടുള്ള അഭൂതപൂര്‍വ്വമായ പ്രതികരണത്തെത്തുടര്‍ന്ന് ഒരു ഇനം കൂടി അവതരിപ്പിക്കുന്നു: ഇന്നത്തെ പാചകവിഷയം, ഗൂഗിള്‍ ക്രോം ലോഗോ ഉണ്ടാക്കുന്നതെങ്ങനെ? (അതോടൊപ്പം ഈ ബ്ലോഗിലെ പാചക സീരീസിനെ ഉണ്ണിയപ്പം എന്ന് നാമകരണം ചെയ്യുകയും ചെയ്യുന്നു.)

വേണ്ട സാധനങ്ങള്‍:

ഇന്‍റര്‍നെറ്റ് കണക്ഷന്‍: 1
ഫോട്ടോഷോപ്പ് (പൈറേറ്റഡ്): 1

പാചകം ചെയ്യുന്ന വിധം.

ഒന്നാം പടി: ThinkFree Office Suite ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റലേഷന്‍ തുടങ്ങുക.രണ്ട്: മുകളില്‍ കാണിച്ച ഇന്‍സ്റ്റോള്‍ സ്ക്രീനിന്‍റെ സ്ക്രീന്‍ഷോട്ട് എടുത്ത്, ThinkFree Office Logo ക്രോപ്പ് ചെയ്തെടുക്കുക:മൂന്ന്: ക്രോപ്പ് ചെയ്ത ലോഗോ 150% എന്‍ലാര്‍ജ്ജ് ചെയ്യുക.നാല്: എന്‍ലാര്‍ജ്ജ് ചെയ്ത ലോഗോ 130 ഡിഗ്രി ഘടികാരദിശയില്‍ കറക്കുക, വലതുവശത്തു മൂലയില്‍ കാണുന്ന ഷേഡ് മാച്ചുകളയുക.അഞ്ച്: ലോഗോയിലെ ചുവപ്പും നീലയും വച്ചുമാറുക.ആറ്: ലോഗോ 2D-യില്‍ നിന്നും 3D-യിലേയ്ക്കു മാറ്റുക.ഏഴ്: വിന്‍ഡോസ് ലോഗോയില്‍ ഉപയോഗിച്ചിരിക്കുന്ന കളറുകളില്‍ ഒന്നും വിട്ടുപോയിട്ടില്ല എന്ന് ഉറപ്പുവരുത്തുക.പച്ച - ചെക്ക്
ചുവപ്പ് - ചെക്ക്
മഞ്ഞ - ചെക്ക്
നീല - ചെക്ക്

കഴിഞ്ഞു! ലോഗോ റെഡി. ഇപ്പോള്‍ എങ്ങനെയുണ്ട്? പണമുണ്ടാക്കുന്ന തിരക്കില്‍ ക്രീയേറ്റീവും കൂടി ആവണമെന്നു പറയല്ലേ.

അനുബന്ധ കാഴ്ചകള്‍:
Google Chrome logo making story
The Hidden Connection Between Windows and Google Chrome Logo
Pokémon Google Chrome Web Ball Browser

Friday, December 19, 2008

കാലാവസ്ഥാപ്രവചനം

ഇന്നത്തെക്കാലത്ത് കല്ലുവച്ച നുണ പറഞ്ഞാലും ജോലി പോകാത്തത് കാലാവസ്ഥാ പ്രവചകര്‍ക്കു മാത്രമാണ്. അവര്‍ പറയുന്നതു കേട്ടു മടുത്തിട്ടാവണം പൈലറ്റുമാരുടെ ഉപയോഗത്തിനായി വളരെ ലളിതമായ കാലാവസ്ഥാപ്രവചനക്കല്ല് കണ്ടുപിടിച്ചിരിക്കുന്നത്.ഈ കണ്ടുപിടുത്തം പ്രധാനമായും പൈലറ്റുമാരെ ഉദ്ദേശിച്ചാണെങ്കിലും കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍മാര്‍ തുടങ്ങിയ സാധാരണക്കാര്‍ക്കും ഇത് ഉപയോഗിക്കാവുന്നതാണ്.

Thursday, December 18, 2008

ഇത്തിരി പുളിയ്ക്കും

(വയര്‍ലെസ് വഴി ഇന്‍റര്‍നെറ്റില്‍ ഘടിപ്പിച്ച ഒരു വിന്‍ഡോസ് വിസ്റ്റ കമ്പ്യൂട്ടറും ആ മെഷീനില്‍ വിന്‍ഡോസ് ലൈവ് മെസ്സെഞ്ചറുമുണ്ടെങ്കില്‍ നിങ്ങള്‍ക്കും ചെയ്യാവുന്ന ഒരു ലഘു പരീക്ഷണമാണിത്.)

ആദ്യപടിയായി, വിസ്റ്റയിലെ നെറ്റ്‍വര്‍ക്ക് ആന്‍ഡ് ഷെയറിംഗ് സെന്‍റര്‍ തുറക്കുക.ചിത്രത്തില്‍ ചുവന്ന നിറത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: അതായത് എന്‍റേത് ഒരു വയര്‍ലെസ് കണക്ഷന്‍ ആണെന്ന് വ്യക്തം. കറുപ്പു നിറം കൊണ്ട് മായ്ചു കളഞ്ഞിരിക്കുന്നത് എന്‍റെ നെറ്റ്‍വര്‍ക്കിന്‍റെ പേരും നാളുമാണ്. അത് കിട്ടിയിട്ട് നിങ്ങള്‍ക്ക് വലിയ പ്രയോജനമില്ല.

രണ്ടാമതായി, ഏറ്റവും പുതിയ വിന്‍ഡോസ് ലൈവ് മെസ്സെഞ്ചറില്‍ (ബില്‍ഡ് 14.0.8050.1202) Tools മെനുവില്‍ നിന്നും Options എടുക്കുക. ഇടതു വശത്തു കാണുന്ന Connection- ല്‍ ക്ലിക്ക് ചെയ്യൂ. അപ്പോളതാ മെസ്സെഞ്ചര്‍ പറയുന്നു ഞാന്‍ വയറുള്ളവനാണെന്ന്!

ഇത്തിരി പുളിയ്ക്കും.ഒന്നായ നിന്നെയിഹ രണ്ടെന്ന് കാണുന്ന ഈ ചെപ്പടി വിദ്യയ്ക്കാണോ സാര്‍, സോഫ്റ്റ്‍വെയര്‍ എന്ന് പറയുന്നത്?

Wednesday, December 17, 2008

തിരിച്ചു വിളിക്കണോ?

പ്രിയപ്പെട്ട തോമ്മാച്ചാ,

ഫോണില്‍ ഈ വിവരം സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്ക് കട്ടായിപ്പോയാലോ എന്നു കരുതിയാണ്, സുഹൃത്തേ, ഈ കത്തെഴുതുന്നത്.

കഴിഞ്ഞ ആഴ്ച (ഡിസംബര്‍ 13-ന്) ഞാന്‍ നിന്നോടു സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ഫോണ്‍ കട്ടായിപ്പോയത് ഓര്‍ക്കുമല്ലോ. ഉടന്‍ തന്നെ ഞാന്‍ നിന്‍റെ നമ്പര്‍ റീ-ഡയല്‍ ചെയ്തു. അപ്പോള്‍ എന്‍‍ഗേജ്ഡ് ടോണാണ് കിട്ടിയത്. അതില്‍ നിന്നും നീ മിക്കവാറും എന്നെ വിളിക്കാന്‍ ശ്രമിക്കുകയായിരിക്കും എന്ന് ഞാനൂഹിച്ചു. എന്നാല്‍ നീ ഇങ്ങോട്ടു വിളിച്ച നേരം ഞാന്‍ നിന്നെ വിളിക്കാന്‍ ശ്രമിക്കുകയായിരുന്നതിനാല്‍ നിനക്കും ഒന്നുകില്‍ എന്‍‍ഗേജ്ഡ് ടോണ്‍ കിട്ടിക്കാണും, അല്ലെങ്കില്‍ നേരിട്ട് എന്‍റെ വോയ്സ് മെയിലിലേയ്ക്കു പോയിക്കാണും. ഒരു രണ്ടു മിനിറ്റു വെയിറ്റു ചെയ്തിട്ടും നീ വിളിക്കുന്നില്ലെന്നു കണ്ട് ഞാന്‍ വീണ്ടും നിന്നെ വിളിക്കാന്‍ ശ്രമിച്ചു. നമ്മള്‍ സമാന ചിന്താഗതിക്കാരായതിനാല്‍ (അങ്ങനെയാണല്ലോ നമ്മള്‍ സുഹൃത്തുക്കളാവുന്നതു തന്നെ) നീയും രണ്ടു മിനിറ്റു വെയിറ്റു ചെയ്തിട്ട് എന്നെ വിളിക്കാന്‍ നോക്കി. ചുരുക്കിപ്പറഞ്ഞാല്‍ ആരുമാരും ഗോളടിക്കാതെ പിരിഞ്ഞ സമനിലപോലെയായില്ലേ ആ ഫോണ്‍ വിളി?

ഇനി കാര്യത്തിലേയ്ക്കു കടക്കാം. ഒരാള്‍ മറ്റൊരാളിനെ ഫോണില്‍ വിളിക്കുമ്പോള്‍ ഫോണ്‍ കട്ടായെന്നു വയ്ക്കുക. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഫോണ്‍ വിളിച്ചയാളാണ് റീ-ഡയല്‍ ചെയ്യേണ്ടത്. വിളി കിട്ടിയ ആളല്ല. ഞാന്‍ തോമ്മാച്ചനെ വിളിച്ചു സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഫോണ്‍ കട്ടായതെങ്കില്‍ ഞാന്‍ തിരിച്ചു വിളിക്കും. ഇനി തോമ്മാച്ചന്‍ എന്നെ വിളിച്ച് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് കട്ടായതെങ്കില്‍ തോമ്മാച്ചന്‍ എന്നെ തിരിച്ചു വിളിക്കാന്‍ വേണ്ടി ഞാന്‍ വെയിറ്റു ചെയ്യും. ഓക്കേ?

എല്ലാം പറഞ്ഞപോലെ,
ഞാന്‍.

Monday, December 15, 2008

‘ഫ’യങ്കരന്‍

ഞാന്‍: “Hi, I called in to cancel my 11 AM appointment today.”

ഡോക്ടറുടെ ആപ്പീസിലെ മദാമ്മ: “You have to cancel at least 24 hours before the appointment. Since it’s less than hour to go now, we can’t do that unless you want to pay $25 cancellation fee.”

ഞാന്‍: “Hmm... Can you, then, please reschedule it to tomorrow?”

മദാമ്മ: “Let me take a look. What time tommorow will work for you?”

ഞാന്‍: “Anytime after 11 AM is fine.”

മദാമ്മ: “Let’s see... (Long pause.) OK, I have rescheduled your appointment at 3 PM tomorrow.”

ഞാന്‍: “Thank you so much!”

മദാമ്മ: “You’re very welcome! Is there anything else that I can help you with?”

ഞാന്‍: “Yes, ma’m! Can we cancel my 3 PM appointment tomorrow?”

മദാമ്മ: “What...?”

ഞാന്‍: “Yes, since I called in more than 24 hours before that scheduled appointment, it should be a breeze!”

ഫോണ്‍ വച്ചതിനു ശേഷം ആത്മഗതം: “എന്നെക്കൊണ്ടു തോറ്റു. ഞാനൊരു ‘ഫയങ്കരന്‍’ തന്നെ!”

Friday, December 12, 2008

അയ്യായിരത്തില്‍ നാലു ശതമാനം

ശതമാനം എന്നു പറഞ്ഞാല്‍ എന്താ?

കൃത്യമായി അറിയണമെങ്കില്‍, നൂറില്‍ നൂറ്റിപ്പത്തു ശതമാനം വിജയമെന്ന് പറയുന്ന സ്വ. ലേ-യോടോ, നൂറില്‍ എട്ടു ശതമാനം വരുന്ന പുരുഷന്മാരെന്ന് എഴുതിയ സേതുലക്ഷ്മിയോടോ നൂറില്‍ നൂറു ശതമാനം നിങ്ങള്‍ വിശ്വസിക്കുന്നുവോ എന്ന ചോദ്യവുമായെത്തിയ മറുമൊഴിയോടോ നൂറില്‍ നൂറ്‌ ശതമാനം റെക്കോര്‍ഡ്‌ എന്ന് ഊന്നിപ്പറഞ്ഞ കമല്‍ വരദൂരിനോടോ ചോദിക്കേണ്ടി വരും.

മലയാളത്തില്‍ അയ്യായിരം ബ്ലോഗര്‍മാരുണ്ടെന്നു വിചാരിക്കുക. ആ അയ്യായിരത്തില്‍ (മുകളില്‍ സൂചിപ്പിച്ച) നാലു ശതമാനം ആള്‍ക്കാര്‍ക്കെങ്കിലും ശതമാനം എന്തെന്നറിയുന്നത് ആശാവഹമല്ലേ?

Thursday, December 11, 2008

കറണ്ടു പോയോ?

“ഈ കറിയ്ക്കെന്താ ഒരു സ്വാദ് വ്യത്യാസം? ഇന്ന് കറണ്ടെങ്ങാനും പോയി ഫിഡ്ജ് ഓഫായോ?” ഉണ്ടാക്കി ഫ്രിഡ്ജില്‍ വച്ചിരുന്ന കറിയ്ക്ക് സ്വാദില്ല എന്ന് നേരിട്ട് പറഞ്ഞാല്‍ ഫീലായാലോ എന്നു കരുതി ഭാര്യയോട് മയത്തില്‍ ചോദിച്ചു.

“കറി കേടായോ?” ഭാര്യയ്ക്കും സംശയം. “എന്നാപ്പിന്നെ കൊച്ചിനു കൊടുത്തു നോക്കിയേ!”

കറി കേടായോന്നു പരിശോധിക്കുന്ന വിധം കൊള്ളാം. ക്ടാവ് കുഴപ്പമില്ലാതെ കഴിച്ചാല്‍ കറി കേടായിട്ടില്ല, തുപ്പിയാല്‍ കറി പോക്ക്.

“അതിനു വല്ല വയറുദീനവും വരും,” എന്നിലെ രക്ഷാകര്‍ത്താവ് ഉണര്‍ന്നു.

“എന്നാലേ, ഞാനിവിടെ ഇല്ലാത്തപ്പോള്‍ ഫിഡ്ജ് ഓഫായോ എന്നറിയാനുള്ള മാന്ത്രിക വിദ്യയൊന്നും എന്‍റെ കൈവശമില്ല. അങ്ങനെ പറഞ്ഞു തരുന്ന വല്ല യന്ത്രവും വാങ്ങാന്‍ കിട്ടുമോന്ന് നോക്ക്,” ഭാര്യയ്ക്ക് പുശ്ചം.

“എടീ, അതിന് വലിയ യന്ത്രമൊന്നും വേണ്ട. ഒരു സിപ്‍ലോക്ക് ബാഗില്‍ രണ്ടോ മൂന്നോ (ഒന്നു പോര) ഐസ് ക്യൂബ് എടുത്ത് ഫ്രീസറില്‍ വയ്ക്കുക. യാത്ര കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ മൂന്ന് ഐസ് ക്യൂബിനു പകരം ഒരു വലിയ ഐസ് ക്യൂബ് ആണ് സിപ്‍ലോക്കിലെങ്കില്‍ ഇടയ്ക്ക് കുറേ നേരം കറണ്ടു പോയിട്ടുണ്ട്.”

“അതെങ്ങനെ അറിയാം?”

“എന്നെയങ്ങ് കൊല്ല്.”

Saturday, December 6, 2008

ഹാറ്റ്സ് ഓഫ്

തമാശക്കാരികളെപ്പറ്റി പറഞ്ഞു പറഞ്ഞു പറയാന്‍ വന്ന കാര്യം മറന്നെന്നു പറഞ്ഞാല്‍ മതിയല്ലോ. ആ പോസ്റ്റ് എഴുതുമ്പോള്‍ ഏഷ്യാനെറ്റില്‍ റിമി ടോമിയുടെ റിംജിം എന്ന പരിപാടിയായിരുന്നു മനസ്സില്‍. എന്നെ ചിരിപ്പിക്കുന്ന ഏക മലയാളി പ്രശസ്തവനിത റിമി ടോമി ആണെന്നു പറയാം. സെന്‍സ് ഓഫ് ഹ്യൂമറില്ലാതെ ആ പരിപാടിയില്‍ ഗസ്റ്റായിച്ചെല്ലരുതെന്ന് പല ഹതഭാഗ്യന്മാരോടും ഹതഭാഗ്യകളോടും പറയണമെന്നു തോന്നിപ്പോകുന്ന വിധത്തിലുള്ളതാണ് റിമിയുടെ പ്രകടനം.

തൊപ്പിയുണ്ടായിട്ടല്ല, എന്നാലും ഹാറ്റ്സ് ഓഫ്!

Friday, December 5, 2008

ഉണ്ണിയപ്പം: നമുക്ക് മനസ്സിലായേ

വേണ്ട സാധനങ്ങള്‍:

അപ്പ്ഡേറ്റ് - 7
ഇന്‍സ്റ്റോള്‍ - 3
വിന്‍ഡോസ് - 3
ഓട്ടോമാറ്റിക് - 2
ഉപ്പ് - പാകത്തിന്പാചകം ചെയ്യുന്ന വിധം:

അപ്പ്ഡേറ്റുണ്ടോന്ന് ചെക്ക് ചെയ്യാന്‍, ചെക്കു ചെയ്യുന്ന സാധനത്തിനെ അപ്പ്ഡേറ്റ് ചെയ്യുക. അങ്ങനെ ചെയ്യുമ്പോള്‍ അപ്പ്ഡേറ്റ് ചെയ്യുന്ന കുന്ത്രാണ്ടങ്ങള്‍ മാറ്റൂല്ല. അതുകഴിഞ്ഞ് അപ്പ്ഡേറ്റ് ചെയ്യാന്‍ വേണ്ടി സാധനം അടയ്ക്കുകയും തുറക്കുകയും ചെയ്യും. ബേജാറാവരുത്. പാകത്തിന് ഉപ്പ് ചേര്‍ത്ത്, ചൂടാറുന്നതിനും മുമ്പ് ഇപ്പോള്‍ തന്നെ അപ്പ്ഡേറ്റ് ചെയ്യൂ.

Thursday, December 4, 2008

തമാശക്കാരികള്‍

തമാശക്കാരികളായ വനിതകള്‍ ഒന്നുരണ്ടെണ്ണത്തിനെ എനിക്ക് നേരിട്ട് പരിചയമുണ്ടെങ്കിലും പ്രശസ്തരായ വനിതകളില്‍ നല്ല തമാശ പറയുന്നവരെ കണ്ടിട്ടില്ല. (കേട്ടിട്ടില്ല എന്നു വായിക്കണം.)

കേരളക്കരയില്‍ നിന്നു തുടങ്ങിയാല്‍, തമാശയുടെ രാജ്ഞിയെന്ന് എന്‍റെ അമ്മായിയമ്മ ഉറപ്പിച്ചു പറയുന്ന സിനിമാനടി കല്പനയെ വലിയൊരു തമാശക്കാരിയായി അംഗീകരിക്കാന്‍ പ്രയാസമുണ്ട്. ഉറപ്പിച്ചു പറയുന്നത് അമ്മായിയമ്മയായതുകൊണ്ടു മാത്രമല്ല ഈ അഭിപ്രായവ്യത്യാസം. (ഇതു മനസ്സിലാക്കണമെങ്കില്‍ കല്പനയുടെ ഇന്‍റര്‍വ്യൂവും ജഗതിയുടേയോ ജഗദീഷിന്‍റേയോ ഇന്‍റര്‍വ്യൂവും കണ്ടു നോക്കിയാല്‍ മതി. പിന്നെ, ഞാന്‍ അംഗീകരിക്കാത്തതു കൊണ്ട് കല്പനയുടെ ജോലി പോകില്ല എന്നതിനാല്‍ മനസ്സാക്ഷിക്കുത്തില്ലാതെ വിമര്‍ശിക്കാം. എന്തൊരാശ്വാസം!)

മിമിക്രിയില്‍ ഉഗ്രന്‍ തമാശപറയുന്ന/അഭിനയിക്കുന്ന വനിതകളുണ്ടെങ്കിലും അവരുടെ നാചുറല്‍ ഹാബിറ്റാറ്റില്‍ അവര്‍ തമാശക്കാരാണോ എന്നറിയാന്‍ ഒന്നുകില്‍ നേരിട്ടറിയണം, അല്ലെങ്കില്‍ ഒന്നുരണ്ട് ഇന്‍റര്‍വ്യൂ കാണണം. ഇതിനു രണ്ടിനും തരമില്ലായ്കയാല്‍ കേരളക്കര അവിടെ നില്‍ക്കട്ടെ.

ഇനി നമുക്ക് അമേരിക്കാവിലേയ്ക്ക് വരാം. സാറാ സില്‍വര്‍മാന്‍ (സായിപ്പ് സേറ എന്നും പറയും, അതു കാര്യമാക്കാനില്ല) എന്നു കേട്ടാല്‍ ഒരുമാതിരിപ്പെട്ട സായിപ്പന്മാര്‍ക്ക് നെഞ്ചം തുടിയ്ക്കും, കണ്‍കള്‍ ഉദിക്കും, കരളും പിടയ്ക്കും. (അവസാനത്തെ പിടപ്പ് ഒരു പ്രാസത്തിനു പറഞ്ഞതാണേ.)

എന്നാല്‍ അവള്‍ പറയുന്ന തറ ജോക്ക് കേട്ടാല്‍ എനിക്ക് കല്പനയെ ഓര്‍മ്മ വരും. (കല്പന തറയായതു കൊണ്ടല്ല, കല്പനയ്ക്കും എന്നെ ചിരിപ്പിക്കാന്‍ പറ്റുന്നില്ലല്ലോ എന്ന വസ്തുതയാണ് ഓര്‍മ്മ വരുന്നത്. നിങ്ങളെല്ലാരും കൂടെ എന്നെ വിവാദത്തിലാക്കിയിട്ടേ അടങ്ങൂ, അല്ലേ? Not even a dog would have blogged had it not been about Kalpana എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല ഊ...മ്മന്‍ ചാണ്ടിയേ.)

എന്നാല്‍ സമാന്താ ബീ അങ്ങിനെയാണോ? തറ പറഞ്ഞാലും എന്തൊരു ചേല്! തമാശക്കാരികളായാല്‍ ഇങ്ങനെ വേണം. 18 വയസ്സിനു മുകളിലാണെന്നു കള്ളം പറഞ്ഞാല്‍ നിങ്ങള്‍ക്കും ഇതില്‍ പല വീഡിയോകളും കാണാം. കാണുന്നതിനിടയില്‍ ഇതും കണ്ടേക്കൂ.

യൂറ്റ്യൂബിനെ മുക്കാന്‍ എന്തെല്ലാം വഴികള്‍!

Wednesday, December 3, 2008

ഓ, പിന്നേ - 2

ദാ, വീണ്ടും!ഞാന്‍ ഇജക്ട് ചെയ്ത് വീട്ടില്‍ വന്ന് കഞ്ഞികുടിച്ച്... ബാക്കിയെല്ലാം നേരത്തേ പറഞ്ഞതു തന്നെ.

Tuesday, December 2, 2008

ഔച്ച്!

“നീ ഗൂഗിളിനെ മാത്രം തെറിപറയാതെ മൈക്രോസോഫ്റ്റിനേയും തെറിപറയൂ” എന്ന് റെഡ്മണ്ടിലുള്ള ഒരു സുഹൃത്തിന്‍റെ തമാശരൂപേണയുള്ള റിക്വസ്റ്റ്. തെറിയായി പറയാനൊന്നുമില്ല. രണ്ട് അഭിനന്ദനങ്ങള്‍ ഇതാ പിടിച്ചോ:

Windows market share dives below 90% for first time (Computer World)
Windows OS last month took its biggest market share dive in the past two years, erasing gains made in two of the past three months and sending the operating system's share under 90% for the first time, an Internet measurement company reported today.

IE share slips under 70%; Firefox surges past 20% (Computer World)
The market share of Microsoft Corp.'s Internet Explorer dropped under the 70% mark last month for the first time since Web metrics vendor Net Applications Inc. started keeping tabs on browsers, the company said today. IE slipped to a 69.8% share, down from October's 71.3% and off 7.6 percentage points in the past year.
ഔച്ച്!

ഇതില്‍ അഭിനന്ദിക്കാനെന്തുണ്ടെന്നോ? ഈ പറഞ്ഞ രണ്ടു സാധനവും എന്നെപ്പോലുള്ള സാധാരണക്കാര്‍ ഉപയോഗിക്കുന്നതാണ്. ഈ വാര്‍ത്തകള്‍ ഒരു ഉണര്‍ത്തു വിളിയായിക്കണ്ട് വിന്‍ഡോസും ഐയീയും നന്നാക്കാന്‍ തീരുമാനിക്കും എന്ന അനുമാനത്തില്‍ തരുന്നതാണ്. എടുക്കാം, അല്ലെങ്കില്‍ തടുക്കാം.

Monday, December 1, 2008

സുന്നത്തുചെയ്ത ജോണ്‍ നായര്‍

എന്‍റെ കിടാവ് പിറന്നപ്പോള്‍, അമേരിക്കയില്‍ സാധാരണ ഡോക്ടര്‍മാര്‍ ചോദിക്കുന്ന ചോദ്യം എന്‍റെ ഡോക്ടറും എന്നോടു ചോദിച്ചു: “Do you want him circumcised?”

സുന്നത്തു കല്യാണവും നടത്തി കുട്ടിയെ നാട്ടില്‍ കൊണ്ടുചെന്നാല്‍ അപ്പൂപ്പന്‍ വീട്ടില്‍ കേറ്റില്ലെന്നറിയാമെങ്കിലും ഞാന്‍ ഡോക്ടറോടു പറഞ്ഞു: “Let me get some facts.”

വിക്കി ഇപ്രകാരം പറഞ്ഞു തന്നു:

Advocates for circumcision state that it provides important health advantages which outweigh the risks, has no substantial effects on sexual function, has a low complication rate when carried out by an experienced physician, and is best performed during the neonatal period. Opponents of circumcision state that it is extremely painful, adversely affects sexual pleasure and performance, may increase the risk of certain infections, and when performed on infants and children violates the individual's human rights.
"വേണ്ട,” ഞാന്‍ ഡോക്ടറോടു പറഞ്ഞു.

എന്നാല്‍ ഇന്നാണെങ്കിലോ?

കണ്ടകശനിയുടെ പുതിയ കണ്ടുപിടുത്തത്തിന്‍റെ വെളിച്ചത്തില്‍, ഞാന്‍ കുട്ടിയെ സുന്നത്തു ചെയ്യിക്കുകയും ജോണ്‍ നായര്‍ എന്ന് പേരിടുകയും ചെയ്തേനെ. മൂന്നുതരം മതാധിഷ്ഠിത ഭീകരവാദപ്രവര്‍ത്തനങ്ങള്‍ ഒറ്റയടിയ്ക്ക് ഒഴിവാക്കാമല്ലോ.

Sunday, November 30, 2008

ബ്ലാക്ക് ഫ്രൈഡേ

പതിവിനു വിപരീതമായി ബ്ലാക്ക് ഫ്രൈഡേ വെളുപ്പാന്‍കാലം മൂടിപ്പുതച്ചുറങ്ങി. സെയില്‍ എന്ന പേരില്‍ തണുത്തുവിറച്ച് ബെസ്റ്റ്ബൈയുടേയും കോം‍പ്-യുയെസ്സേയുടേയും മുമ്പില്‍ ക്യാമ്പടിക്കേണ്ടി വന്നില്ല. ഫ്രീ-ആഫ്റ്റര്‍-റിബേറ്റ് ഐറ്റങ്ങളുടെ ലിസ്റ്റ് കണ്ട് കാര്‍ക്കിച്ചുതുപ്പിയായിരുന്നു സ്ഥലം ബ്ലാക്ക് ഫ്രൈഡേ ഷോപ്പിംഗ് സ്ക്വാഡ് ഉറങ്ങാന്‍ തീരുമാനമായത്.

ഇതാ എന്‍റെ വക കോണ്‍സ്പിരസി തിയറി: ഈ കമ്പനികളൊന്നും ബ്ലാക്ക് ഫ്രൈഡേയ്ക്ക് നല്ല നാല് സെയിലൊപ്പിച്ച് രക്ഷപ്പെടണമെന്നുള്ളവരല്ല. നേരേ മറിച്ച്, സെയില്‍ മോശമാണെന്ന് കാണിച്ചാല്‍ ചിലപ്പോള്‍ ഗവണ്മെന്‍റ് കൊടുക്കുന്ന ബെയിലൌട്ട് കാശിന്‍റെ ഒരു ഭാഗം വാങ്ങാമല്ലോ. ബ്ലാക്ക് ഫ്രൈഡേ ഡോര്‍ബസ്റ്റര്‍, ത്ഫൂ!

Friday, November 28, 2008

ടേണ്‍ ഇന്‍ഡിക്കേറ്റര്‍

പേരറിയാത്ത (വൃത്തികെട്ട) വാഹനമോടിപ്പുകാരന്,

വണ്ടിയുടെ ടേണ്‍ ഇന്‍ഡിക്കേറ്റര്‍ തന്‍റെ മനസ്സമാധനത്തിനോ മാനസ്സികോല്ലാസത്തിനോ പ്രവര്‍ത്തിപ്പിക്കുന്ന സാധനമല്ല. ആ പേരില്‍ത്തന്നെ അതിന്‍റെ പ്രവര്‍ത്തനോദ്ദേശ്യവും വിശദമാക്കുന്നുണ്ട്: ഇന്‍ഡിക്കേറ്റര്‍ എന്നു പറഞ്ഞാല്‍ ഇന്‍ഡിക്കേറ്റു ചെയ്യാന്‍ ഉപയോഗിക്കുന്ന സാധനം എന്നര്‍ത്ഥം. സ്വയം ഇന്‍ഡിക്കേറ്റു ചെയ്യാനല്ല, സ്വന്തം വാഹനത്തില്‍ കൂടെ യാത്ര ചെയ്യുന്നവരെ ഇന്‍ഡിക്കേറ്റു ചെയ്യാനുമല്ല. മറിച്ച്, മറ്റുവാഹനങ്ങള്‍ ഓടിക്കുന്നവരെ ഇന്‍ഡിക്കേറ്റു ചെയ്യാനാണ് ‘കെടുകയും ഓഫാവുകയും’ ചെയ്യുന്ന ആ സാധനം ഉപയോഗിക്കേണ്ടുന്നത്. മനസ്സിലായോ?

ഇന്‍ഡിക്കേറ്റര്‍ ഇടതു വലതും പിടിപ്പിച്ചിരിക്കുന്നത് അത്രയും നേരം നേരേ മുമ്പോട്ട് പൊയ്ക്കോണ്ടിരുന്ന വണ്ടി അധികം താമസിയാതെ ഗതിമാറി ഇടത്തോട്ടോ വലത്തോട്ടോ മാറും എന്ന് എന്നെപ്പോലെയുള്ള മറ്റു ഡ്രൈവര്‍മാരെ അറിയിക്കാനാണ്. അതായത്, തന്‍റെ വണ്ടിയുടെ ഇടതോ വലതോ പിറകിലോ പോകുന്നവര്‍ക്ക് തന്‍റെ അടുത്ത നീക്കത്തിനു തയ്യാറായിരിക്കാന്‍.

തന്‍റെ പിറകേ മൂന്നര മൈല്‍ ഓടിച്ച എനിക്ക് തന്നോട് മൂന്നു കാര്യങ്ങള്‍ പറയാനുണ്ട്:

ഒന്നാമത്, എക്സിറ്റ് 27 ആകുന്നതിന് ഒന്നര മൈല്‍ മുമ്പ് താന്‍ കഴുത്തു വളച്ച് പിന്നിലും വലതു വശത്തും വണ്ടികള്‍ ഒന്നും ഇല്ല എന്ന് ഉറപ്പാക്കുന്നതു കണ്ടു. അതു കഴിഞ്ഞ് വലത് ഇന്‍ഡിക്കേറ്റര്‍ ഇടുന്നതും ശ്രദ്ധിച്ചു. ഇന്‍ഡിക്കേറ്റര്‍ ഇടുന്നതിനു മുമ്പ് പുറം തിരിഞ്ഞു നോക്കി ഇങ്ങനെ കഴുത്ത് ഉളുക്കിക്കളയണ്ട. ആരുമില്ലാത്തപ്പോള്‍ ഇടാനുള്ളതല്ല ഇന്‍ഡിക്കേറ്റര്‍. വലതു ലെയിനിലേയ്ക്കു മാറണമെങ്കില്‍ വലതു ഇന്‍ഡിക്കേറ്റര്‍ ഇടൂ. അതു കഴിഞ്ഞ് ആളുകള്‍ സ്ഥലം തരുമ്പോള്‍ അങ്ങോട്ടു മാറൂ. എപ്പടി?

പിന്നെ, എക്സിറ്റ് 27 എടുത്തിട്ട് റാം‍പില്‍ ഇടതു വശത്തേയ്ക്കു മാത്രം തിരിയാനുള്ള ടേണ്‍ ലെയിനിലേയ്ക്കു കേറുമ്പോള്‍ ഇന്‍ഡിക്കേറ്ററിടണം. അപ്പോള്‍ ഇന്‍ഡിക്കേറ്റര്‍ ഇടാതെ ആ ലെയിനില്‍ കയറി ഇടതേയ്ക്കുള്ള റെഡ് ലൈറ്റില്‍ ചെന്ന് നിന്നിട്ട് ഇടത് ഇന്‍ഡിക്കേറ്റര്‍ ഇട്ടത് ആരെക്കാണിക്കാനാണ്?

അങ്ങനെ താന്‍ 35 മൈലില്‍ പോകവേ, പെട്ടെന്ന് ഇന്‍ഡിക്കേറ്ററിടാതെ വലതു വശത്തുള്ള ഷോപ്പിംഗ് കോം‍പ്ലക്സില്‍ കയറിയില്ലേ? ഞാന്‍ തന്‍റെ വണ്ടിയുടെ പിന്നില്‍ ഇടിക്കാതെ രക്ഷപ്പെട്ടത് മുജ്ജന്മ സുകൃതം കൊണ്ടാണ്. താന്‍ (പെട്ടെന്ന്) സ്പീഡ് കുറച്ച് വലതേയ്ക്കു കയറുമെന്ന് മുന്‍‍കൂട്ടിക്കാണാന്‍ എന്‍റെ കയ്യില്‍ കവടി നിരത്താനുള്ള കോപ്പുകള്‍ ഇല്ലെന്ന് ഇംഗ്ലീഷിലോ മലയാളത്തിലോ അല്ലാതെ ഭാഷാതീതമായി പറയാനാണ് ഒരു ഹോങ്കിന്‍റെ പിന്നാലെ ഞാന്‍ എന്‍റെ വലതുകയ്യുടെ മദ്ധ്യവിരല്‍ തന്നെ കാണിച്ചത്. ഫീലായിട്ടില്ലല്ലോ, അല്ലേ?

ഞാന്‍ ലൈസന്‍സ് പ്ലേറ്റ് നമ്പര്‍ കുറിച്ചു വച്ചിട്ടുണ്ട്. അപ്പോള്‍ ഇനി എപ്പോഴെങ്കിലും കാണാം.

അത്ര വലിയ സ്നേഹത്തോടെയൊന്നുമല്ലാതെ,

(ഒപ്പ്)
ഞാന്‍.

Sunday, November 23, 2008

ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞര്‍

ഒന്ന്

കൂട്ടുകാരന്‍റെ മകനും (മൂത്തവന്‍) എന്‍റെ മകനും (ഇളയവന്‍) തമ്മില്‍ ഒരേ അടി. മൂത്തവന്‍ ഇളയവനിട്ട് ചെറുതായിട്ടൊന്നു കൊടുത്തു. അതുകണ്ട് മൂത്തവന്‍റെ അമ്മ ഓടിച്ചന്ന് തന്‍റെ മകനോട്: “എടാ, നീയെന്തിനാടാ ആ കൊച്ചിനെയിട്ട് തല്ലുന്നത്?”
മൂത്തവന്‍: “അമ്മേ this is my toy, he wants it now.”
മൂത്തവന്‍റെ അമ്മ: “എടാ അവനോ നീയോ മൂത്തത്? നീ അത് അവന് കൊട്. അവന്‍ കളിച്ചിട്ട് തിരിച്ചു തരും.”
മൂത്തവന്‍: “It is not my fault that I was born first.”

രണ്ട്

35 മൈല്‍ സ്പീഡുള്ള വൈന്‍ഡിംഗ് റോഡിലൂടെ 50-ല്‍ വിട്ടുവരികയായിരുന്നു. മാമ്പഴം എന്ന കവിതയാണ് കാറ് പാടിക്കൊണ്ടിരിക്കുന്നത്. പിറകിലെ കാര്‍ സീറ്റില്‍ നിന്നും മകന്‍റെ സംശയം:

“അച്ഛാ, സ്പീഡി പോവ്വാണോ?”
മകന്‍റെ പതിവില്ലാത്ത ചോദ്യം കേട്ട് ആദ്യം ഒന്ന് അമ്പരന്നു. പിന്നെ ചോദിച്ചു: “മോന് സ്പീഡില്‍ പോണതാണോ പതുക്കെ പോണതാണോ ഇഷ്ടം?”
മകന്‍: “സ്പീഡി പോണം.”

മകനെ മാതൃകാപൌരനായി വളര്‍ത്താനുള്ള ഈയവസരം അമ്മ വിടുമോ? അമ്മ ഇടയ്ക്കു കയറി പറഞ്ഞു: “മോനേ, സ്പീഡില്‍ പോയാല്‍ ബൂബു ആവൂല്ലേ?”
മകന്‍: “ബ്ലഡ് വര്വോ?”

ചോദ്യം കഴിഞ്ഞതും, “വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളേ, ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍” എന്ന വരി എത്തി. എന്‍റെ കാല്‍ അറിയാതെ ബ്രേക്കിലമര്‍ന്നു.

Wednesday, November 19, 2008

ഹോം‍ലി ഗേള്‍

ആപ്പീസിലെ വാട്ടര്‍ കൂളര്‍ ടോക്കിനിടയില്‍ (തണുത്ത വെള്ളമോ കാപ്പിയോ കുടിക്കാന്‍ ഒത്തുകൂടുമ്പോള്‍ നടത്തുന്ന ഗോസിപ്പു വര്‍ത്തമാനമാണ് വാട്ടര്‍ കൂളര്‍ ടോക്ക്) കൂടെ ജോലി ചെയ്യുന്ന സായിപ്പ് ചോദിച്ചു:

“വുഡ് യൂ ഹാവ് മാരീഡ് എ ഹോം‍ലി ഗേള്‍?”

കല്യാണം കഴിച്ച് കൊച്ചും കുട്ടിയുമായി കഴിയുന്ന എന്നോട് ഈ മഹാപരാധിയ്ക്ക് എന്താണിത്ര വിരോധം എന്ന് മനസ്സിലോര്‍ത്തു കൊണ്ട് തന്നെ ഞാന്‍ മറു ചോദ്യമെറിഞ്ഞു: “വൈ?”

“എ ഫ്രണ്ട് ഒഫ് മൈന്‍, ഹീ ഈസ് ആന്‍ ഇന്‍ഡ്യന്‍, ഈസ് ഗെറ്റിംഗ് മാരീഡ്. ആന്‍ഡ് ഹീ ഓള്‍വേയ്സ് വാന്‍റഡ് എ ഹോം‍ലി ഗേള്‍... ഐ വണ്ടര്‍ വൈ!”

ഒന്നും മനസ്സിലായില്ല. ഹോം‍ലി ഗേളിന് എന്താ ഒരു കുഴപ്പം? എന്നാലും ഇപ്പോഴത്തെ എക്കണോമിക് സിറ്റുവേഷനില്‍ സായിപ്പിന്‍റെ ജോക്ക് മനസ്സിലായില്ല എന്നു പറയാന്‍ മനസ്സുവന്നില്ല. ഞാന്‍ പറഞ്ഞു: “നൌ, ദാറ്റ്സ് ഫണ്ണി!”

പിന്നെ ഒരു ഓട്ടമല്ലായിരുന്നോ? നേരേ ചെന്ന് എന്‍‍കാര്‍ട്ട തുറന്നു. Homely എന്നതിന്‍റെ അര്‍ത്ഥം നോക്കി:

home·ly [ hṓmlee ] (comparative home·li·er, superlative home·li·est)

adjective

Definition:

1. not good-looking: plain or less than pleasing in appearance
- a homely face
എനിക്ക് തൃപ്തിയായി. നിങ്ങള്‍ക്കോ? പോരെങ്കില്‍ ഈ ചിത്രം കൂടി കാണൂ:ഇന്‍ഡ്യന്‍ ഇംഗ്ലീഷ് ജയിക്കട്ടെ!

Tuesday, November 18, 2008

ബീഫ് ഉലത്തിയതും HDMI കണക്ഷനും

അത്താഴത്തിന് കൂട്ടുകാരന്‍റെ കുടുംബം ഉണ്ടായിരുന്നു.

ബീഫ് ഉലത്തിയത് കഴിച്ചുകൊണ്ടിരുന്നപ്പോള്‍ കൂട്ടുകാരന്‍റെ ഭാര്യയുടെ ചോദ്യം (എന്‍റെ ഭാര്യയോട്): “എടിയേ, ബീഫ് ഉലത്തിയത് ഉണ്ടാക്കണത് എങ്ങനേടീ?”

സ്വന്തം ഭാര്യയുടെ ചെലവില്‍ ജോക്കടിക്കാന്‍ കിട്ടിയ അവസരമൊന്നും കളയുന്നവനല്ല കൂട്ടുകാരന്‍. ഞാന്‍ കാതു കൂര്‍പ്പിച്ചു. അതാ വരുന്നു അദ്ദേഹത്തിന്‍റെ തമാശ: “ഇനി ഈ റെസിപ്പി കിട്ടീട്ട് എന്തോ ചെയ്യാനാ? നീ ഒന്നും ഉലത്തുന്നത് ഞാന്‍ കണ്ടിട്ടില്ലല്ലോ ഹ ഹ ഹ!” (ചിരി സ്വയം).

അളമുട്ടിയാല്‍ നീര്‍ക്കോലിയും കടിക്കും എന്നു പറഞ്ഞത് എത്ര ശരി! വിചാരിച്ചിരിക്കാതെ കൂട്ടുകാരന്‍റെ ഭാര്യ മറുപടി പറഞ്ഞു: “നിങ്ങള് ഡീവീഡീം കമ്പ്യൂട്ടറും വീസീയാറും കേബിള്‍ ബോക്സും എങ്ങനെയാണ് റ്റീവീല് കണക്റ്റു ചെയ്തിരിക്കണതെന്ന് കൂട്ടുകാരോടൊക്കെ വീണ്ടും വീണ്ടും ചോദിക്കാറില്ലേ? അത് കേട്ടിട്ട് വീട്ടില്‍ വന്ന് നമ്മുടെ കണക്ഷന്‍ മാറ്റിക്കുത്താറില്ലല്ലോ. ഈ ചോദിക്കുന്നത് വീട്ടില്‍ച്ചെന്ന് അതുപോലെ ചെയ്യാനല്ല, ഒരു ക്യൂരിയോസിറ്റിയ്ക്കാണെന്ന് മനസ്സിലായില്ലേ?”

Wednesday, November 12, 2008

യൂ റ്റ്യൂബ്, ബ്രൂട്ടസ്?

ഡാലസ് മാവറിക്സിന്‍റെ ഉടമസ്ഥന്‍ മാര്‍ക് ക്യൂബനെ എനിക്കിഷ്ടമാണ്. പറയാനുള്ളത് തുറന്നു പറയും അതുകൊണ്ടു തന്നെ. Hulu is kicking Youtube’s Ass എന്ന ബ്ലോഗ് പോസ്റ്റു വായിക്കുകയായിരുന്നു ഞാന്‍:

It is coming up on 2 years post my declaration that only a moron would buy Youtube and that Google was crazy for actually going through with it.

In that period of time, while Youtube traffic has skyrocketed, they have been steadfast in their admission that they haven’t been able to monetize Youtube’s traffic in a profitable manner. Youtube has become the poster child for the old saying “we are losing money on every sale, but we will make it up in volume”.
നമുക്ക് ചെറിയൊരു കണക്ക് പരിശോധിക്കാം:

നീത്സന്‍ ഓണ്‍ലൈനിന്‍റെ കണക്കു പ്രകാരം, 2008 സെപ്റ്റംബറില്‍ യൂറ്റ്യൂബ് സന്ദര്‍ശിച്ചവര്‍ 82 മില്യന്‍. അവര്‍ മൊത്തം 5.3 ബില്യന്‍ വീഡിയോകള്‍ കണ്ടു. 2008-ലെ യൂറ്റ്യൂബിന്‍റെ റെവന്യൂ പ്രൊജക്ഷന്‍ 250 മില്യന്‍ ഡോളര്‍.

വരവ് നോക്കുമ്പോള്‍, $250M/82M = $3 (ഒരു വര്‍ഷത്തില്‍ ഓരോ യുണീക്ക് സന്ദര്‍ശകനും).

മറ്റൊരു വിധത്തില്‍ നോക്കിയാല്‍, വരവ് = $250M in 2008/63.6B in 2008 = 0.0039 cents ഓരോ വീഡിയോ കാണലിനും.

ചുരുക്കത്തില്‍, യൂറ്റ്യൂബ് ഒരു വീഡിയോ കാണിക്കുമ്പോള്‍ ഗൂഗിളിനു കിട്ടുന്ന കാശ് = 0.18 പൈസ. (അതെ, തെറ്റിയിട്ടില്ല, പൈസ തന്നെ.)

വീണ്ടും ചുരുക്കിയാല്‍, 1 പൈസ ഗൂഗിളിനു കിട്ടാന്‍ 5.6 വീഡിയോകള്‍ സ്ട്രീം ചെയ്യണം. ഒരു ഡോളര്‍ കിട്ടാന്‍ 26,000-ഓളം വീഡിയോകള്‍ കാണിക്കണം.

ഒരു വീഡിയോ സ്റ്റോര്‍ ചെയ്തു വയ്ക്കാനും അത് സ്ട്രീം ചെയ്യാനുമുള്ള കാശ് കണക്കാക്കുമ്പോഴറിയാം ഒരു വീഡിയോ കാണിക്കാന്‍ യൂറ്റ്യൂബിനുള്ള നഷ്ടം എത്രയാണെന്ന്... (യൂറ്റ്യൂബിന്‍റെ വരവ് 125 മില്യനില്‍ കൂടില്ല എന്ന് പറയുന്ന അസൂയാലുക്കളാണധികവും. അങ്ങനെ നോക്കുമ്പോള്‍ നഷ്ടം ഇപ്പറഞ്ഞതിന്‍റെ ഇരട്ടി എന്നു കരുതുക.)

യൂറ്റ്യൂബിനെ മുക്കുന്നതില്‍ അക്കരക്കാഴ്ചകള്‍ക്കും പങ്കുണ്ടെന്ന് സാരം!

Wednesday, November 5, 2008

ഓ, നോ ബാമാ!

എന്തൊക്കെ ഒരുക്കങ്ങളായിരുന്നു! ചോറുണ്ടാക്കാന്‍ നേരമുണ്ടാവില്ല എന്നു കരുതി പീസ്സ വരുത്തി. പൂത്തുപോയ കാപ്പിപ്പൊടിയ്ക്കു പകരം നല്ല കൊളമ്പിയന്‍ കാപ്പിതന്നെ വാങ്ങി. ഒബാമയെ ജയിപ്പിക്കാന്‍ അഞ്ചു മണിവരെ ഇരിക്കേണ്ടി വരുമെന്നു കരുതിയവര്‍ ഞെട്ടി.

വടക്കേ തീരത്ത് മണി എട്ടടിച്ചു. പോളിംഗ് ബൂത്തുകളില്‍ അവസാനത്തെയാള്‍ വോട്ടു ചെയ്തു കഴിഞ്ഞിരുന്നില്ല. ABC-യും NBC-യും ചേര്‍ന്നങ്ങ് ആഘോഷിക്കുകയല്ലാരുന്നോ? സത്യത്തില്‍ മക്കെയിന്‍ ജയിക്കണമെന്നാണ് ഞാന്‍ ആദ്യം ആഗ്രഹിച്ചിരുന്നത്. പിന്നെയല്ലേ മൂപ്പിലാന്‍ പോയി സേറാ പാലിനെ കൂട്ടുപിടിച്ച് ഉള്ള ക്രെഡിബിലിറ്റി കൂടി കളഞ്ഞത്. അപ്പോള്‍ ഞാന്‍ കൂറുമാറി ഒബാമ കക്ഷിയായി. എന്നാലും ഇത്രേം എളുപ്പമായ ഒരു വിജയം... ഇത് ഇന്ത്യാ-പാകിസ്ഥാന്‍ കളി കാണാന്‍ ലീവെടുത്തിരുന്ന ദിവസം പാകിസ്ഥാന്‍ 25 റണ്ണിന് ഓളൌട്ടായി ഇന്ത്യ രണ്ടോവറില്‍ കളി ജയിച്ചപോലെയായിപ്പോയി.

നെറ്റ്‍വര്‍ക്കുക്കളുടെ കാര്യമാണ് കഷ്ടം. ഇലക്ഷന്‍ കവറേജിനു വേണ്ടി എന്തൊക്കെ ഗ്രാഫിക്സും ഗിമ്മിക്കും ഒരുക്കിയതായിരുന്നു. എല്ലാം രണ്ടു മണിക്കൂര്‍ കൊണ്ട് അവസാനിച്ചില്ലേ? ഇത് കുറേക്കൂടി നീണ്ടു പോയിരുന്നെങ്കില്‍ പരസ്യം കാണിച്ച് കുറേ കാശ് തിരിച്ചു പിടിക്കാമായിരുന്നു. അതും നടന്നില്ല.

ഒബാമയുടെ വിജയപ്രസംഗത്തിനു ഗുമ്മില്ലായിരുന്നു. മക്കെയിന്‍റെ തോല്‍വിസമ്മത പ്രസംഗം ഒരു ക്ലാസ് ആക്ട് ആയിരുന്നു എന്നു പറയാതെ വയ്യ. ഇനി പറഞ്ഞിട്ടെന്തു കാര്യം?

Wednesday, October 29, 2008

ബൂലോഗ സാഹിത്യം

വിശാലമനസ്കന്‍റേയും കുറുമാന്‍റേയും ഇപ്പോള്‍ സിമിയുടേയും പുസ്തകപ്രകാശനങ്ങള്‍ക്കു ശേഷം ലോകം മുഴുവന്‍ മുഴങ്ങിക്കേള്‍ക്കുന്ന ചോദ്യമിതാണ്: ബൂലോഗത്തു നിന്നും ഒരു സാഹിത്യകാരനുണ്ടാവുമോ?

പിന്നില്ലാതേ?

ഇന്‍ഫിനിറ്റ് മങ്കി തിയറം പറയുന്നത്,

A monkey hitting keys at random on a typewriter keyboard for an infinite amount of time will almost surely type a given text, such as the complete works of William Shakespeare.
കാര്യം മനസ്സിലാക്കണമെന്നുള്ളവര്‍ വിക്കിപ്പീഡിയയിലെ ഡയറക്ട് പ്രൂഫ് എന്ന ഭാഗം വായിച്ചു നോക്കൂ.

അക്കണക്കിനു നോക്കിയാല്‍, മലയാളത്തില്‍ സ്വാഭാവികമായി എഴുത്തുകാരന്മാരാവാന്‍ സാദ്ധ്യതയില്ലാത്തവരെല്ലാം ബ്ലോഗു ചെയ്തു തുടങ്ങുന്ന സമയത്ത്, അതിലൊരാള്‍ സാഹിത്യകാരനാവാന്‍ സാദ്ധ്യതയുണ്ട്.

സിമി വിഷമിക്കരുത്. മുകളില്‍ പറഞ്ഞ മൂന്നു പേരില്‍ കേമന്‍ നിങ്ങളാണ്.

Saturday, October 25, 2008

ബുള്‍ഷിറ്റ് ബിംഗോ!

മുന്നറിയിപ്പ്: ജോലിചെയ്യാന്‍ വേണ്ടി ഓഫീസില്‍ പോകുന്നവര്‍ തുടര്‍ന്നു വായിക്കരുത്. അല്ലാത്തവര്‍ക്കായി ഇതാ ഒരു പുതിയ കളി.

വളരെ സൂക്ഷ്മമായ ആവശ്യത്തിനു മാത്രമായി ഉണ്ടാക്കിയ ഒരു വെബ്സൈറ്റ് ഇതിനു മുമ്പ് പരിചയപ്പെടുത്തിയിരുന്നല്ലോ. അതുപോലൊരു വെബ്സൈറ്റാണ് ബുള്‍ഷിറ്റ് ബിംഗോ. ഓരോ തവണയും മീറ്റിംഗുകള്‍ക്കു പോകും മുമ്പ് ഈ ബിംഗോ കളിയുടെ ഒരു കോപ്പിയുമായി പോയാല്‍ സമയം പോകുന്നതറിയുകയേയില്ല. (എന്നെ വിശ്വസിക്കൂ, ഞാന്‍ ഇത് പരീക്ഷിച്ചു നോക്കി. 100% സംതൃപ്തി ഗ്യാരന്‍റീഡ്‌!)

Tuesday, October 21, 2008

കാട്ടാളന്‍റെ റൊമാന്‍സ്

ഒരു പണിയുമില്ലാത്തോണ്ട് ഇടയ്ക്കിടയ്ക്കിരുന്ന് എന്‍‍കാര്‍ട്ട വായിക്കുമെന്ന് ഞാന്‍ മുമ്പ് പറഞ്ഞിരുന്നല്ലോ. അറിവു വര്‍ദ്ധിപ്പിക്കുന്ന തീവ്രയത്നപരിപാടിയുടെ ഭാഗമായി ചിലപ്പോള്‍ വിക്കിപ്പീഡിയയും വായനയുണ്ട്.

അങ്ങനെയാണ് കാട്ടാളഭാഷയെപ്പറ്റി വായിക്കാമെന്നു വിചാരിച്ചത്. അല്പം ഭയത്തോടെ കാട്ടാളഭാഷയുടെ വിക്കി തുറന്നപ്പോള്‍ കണ്ടതോ കണ്ണും മനസ്സും കുളുര്‍ക്കുന്ന ഈ വാചകങ്ങള്‍:

Catalan pronounced /ˈkætəˌlæn/ (català IPA: [kətəˈla] or [kataˈla]) is a Romance language.*
വെറുതേ തെറ്റിദ്ധരിച്ചല്ലോ, കാട്ടാളാ...

* ചുവപ്പു കളര്‍ എന്‍റെ വക.

Monday, October 20, 2008

വീടു വാങ്ങല്ലേ

അമേരിക്കയില്‍ അപ്പാര്‍ട്ട്മെന്‍റില്‍ താമസിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: എക്കണോമി താഴേയ്ക്കു പോകുമ്പോള്‍ വീടുവാങ്ങിയേക്കാം എന്നു തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍ വില ഏറ്റവും താഴെയെത്തുമ്പോള്‍ മാത്രമേ വാങ്ങൂ എന്നു നിര്‍ബന്ധമുള്ളവര്‍ ചാടിക്കയറി വീടുവാങ്ങിയേക്കല്ലേ.വിവരവും വിദ്യാഭ്യാസവുമുള്ള എക്കണോമിസ്റ്റുകള്‍ പറയുന്നത് 2011-ല്‍ വീടുവാങ്ങിയാല്‍ മതിയെന്നാണ്.

Friday, October 10, 2008

വിഷാദച്ഛവി

ഒരു പണിയുമില്ലാത്തോണ്ട് ഇടയ്ക്കിടയ്ക്കിരുന്ന് എന്‍‍കാര്‍ട്ട വായിക്കുന്നത് ഒരു ശീലമായിപ്പോയി. (കുറച്ചുകൂടെ പ്രായമായിരുന്നെങ്കില്‍ വല്ല രാമായണവും വായിക്കാമായിരുന്നു.)

ഒന്നാം ലോകമഹായുദ്ധത്തെക്കുറിച്ചുള്ള ഈ വരികള്‍ വായിച്ച് ഈയുള്ളവന്‍ ചിന്താമഗ്നനായിച്ചമഞ്ഞു:

The term World War I did not come into general use until a second worldwide conflict broke out in 1939 (see World War II). Before that year, the war was known as the Great War or the World War.
അതുശരി, രണ്ടാം ലോകമഹായുദ്ധം വരുന്നതുവരെ ഒന്നാം ലോകമഹായുദ്ധമായിരുന്നു ഭയങ്കരന്‍. രണ്ടു വന്നപ്പൊഴല്ലേ, ഒന്നിനു വിലയില്ലാതായത്. ഇതു വായിച്ചു ചിന്തയില്‍ മുഴുകി വലഞ്ഞത് എങ്ങനെയെന്നല്ലേ?

കുറച്ചുകൂടെക്കഴിഞ്ഞ് ലോകത്തിലെ എക്കോണമിയൊക്കെ തകര്‍ന്നു തരിപ്പണമായാല്‍ ഈ പാവത്തിനെ നാം എന്തു വിളിക്കും?

Wednesday, October 8, 2008

വാച്യാര്‍ത്ഥം

പണ്ട് ഞാന്‍ താമസിച്ചിരുന്ന ഹോസ്റ്റലില്‍ മോന്‍ ജോസഫ് എന്നു പേരുള്ള ഒരുവന്‍ ഉണ്ടായിരുന്നു. ഈ ഇടുക്കിക്കാരുടെ കാര്യമേ... മോന്‍ എന്നല്ലാതെ വേറേ പേരൊന്നും ഇടാന്‍ കണ്ടില്ല. എന്തായാലും ഇഷ്ടന്‍റെ സുഹൃത്തുക്കള്‍ അദ്ദേഹത്തെ “മോനേ...” എന്ന് ദ്വയാര്‍ത്ഥത്തില്‍ നീട്ടി വിളിച്ച് ആഹ്ലാദം കൊണ്ടു. ശത്രുക്കളാവട്ടെ, ഡാഷ് എന്ന വാക്ക് മുമ്പില്‍ ചേര്‍ത്ത് തങ്ങളുടെ വികാരശമനം നടത്തി.

കാലം കടന്നു പോകേ, ഡാഷ് മോന്‍, നായിന്‍റെ മോന്‍, പൂ മോന്‍ തുടങ്ങിയ വിളികളോട് ശ്രീമാന്‍ മോന്‍ ജോസഫ് സഹകരണരൂപേണ പ്രതികരിച്ചു തുടങ്ങുകയും ശത്രുമിത്രഭേദമില്ലാതെ എല്ലാരും തന്നെ മോന്‍ ജോസഫിനെ മുകളില്‍ പറഞ്ഞ പേരുകളില്‍ വിളിക്കാനും തുടങ്ങി. അങ്ങനെയിരിക്കെയാണ് മലയാളം അദ്ധ്യാപികയുടെ മകനും സന്ധിസമാസകാര്യങ്ങളില്‍ നൈപുണ്യമുള്ളവനുമായ കൊല്ലം കാരന്‍ ബിജു ഹോസ്റ്റലില്‍ വന്നു ചേരുന്നത്. ചായയും ബോണ്ടയും കഴിച്ചുകൊണ്ടിരുന്ന ഒരു സായാഹ്നത്തില്‍ ബിജു കഥാനായകന്‍ മോനോടു ചോദിച്ചു:

‘അണ്ണാ, അണ്ണനെ നായിന്‍റെ മോന്‍ എന്ന് വിളിക്കണതില്‍ അണ്ണന് വെഷമമില്ലീ?’

മോന്‍ ചിരിച്ചു. ആരുടേയും വായ് മൂടിക്കെട്ടാന്‍ തന്നെക്കൊണ്ടാവില്ല എന്ന് നിസ്സഹായനായി മറുപടി പറഞ്ഞു.

‘അല്ലണ്ണാ, ഈ നായിന്‍റെ മോന്‍ എന്ന് പറഞ്ഞാല് അതിന്‍റ അര്‍ത്ഥം അറിഞ്ഞൂടേ?’ ബിജു രണ്ടിലൊന്ന് അറിഞ്ഞിട്ടേ പോകൂ.

എന്തര്‍ത്ഥം? നായയുടെ മകന്‍... എന്ന മട്ടില്‍ നിസ്സാരമായി കാണാന്‍ ശ്രമിച്ച മോന്‍ ജോസഫിനോട്, ബിജു നായിന്‍റ മോന്‍ എന്നതിന്‍റെ വാച്യാര്‍ത്ഥം പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചുവെന്നും അടുത്തു കിടന്ന നെടുങ്കന്‍ വടിയുമായി മോന്‍ ജോസഫ് ബിജുവിനു പുറകേ ‘എടാ തന്തയ്ക്കു പിറക്കാത്തവനേ, നിന്നെ ഞാന്‍ കൊല്ലും’ എന്നു പറഞ്ഞ് ഓടിയെന്നും അന്നുമുതല്‍ ആരും മോന്‍ ജോസഫിനെ നായിന്‍റെ മോനേ എന്നു വിളിച്ചിട്ടില്ലെന്നും മാത്രം പറഞ്ഞാല്‍ സംഭവത്തിന്‍റെ തീക്ഷ്ണത മനസ്സിലായിക്കാണുമല്ലോ.

Tuesday, October 7, 2008

ഓ, പിന്നേ!

ഓരോ പേടിപ്പിപ്പുകളേയ്.ഞാന്‍ ഇജക്ട് ചെയ്ത് വീട്ടില്‍ വന്ന് കഞ്ഞികുടിച്ച് കിടന്നുറങ്ങി പിറ്റേന്ന് രാവിലെയെഴുന്നേറ്റ് ലാപ്ടോപ്പും തൂക്കി ആപ്പീസില്‍ ചെന്നപ്പഴാണ് അവന്‍റെ ഒരു "You cannot eject..."

ഒന്നു പോടേയ്!

Thursday, September 25, 2008

സമയദോഷം

ഒരു ചെരുപ്പ് വാങ്ങാന്നും പറഞ്ഞ് ചെന്നപ്പോള്‍ നമ്മുടെ സൈസിനുള്ളതില്ല. സൈസ് ഒമ്പതും പത്തും പതിനൊന്നുമേയുള്ളൂ. സൈസ് എട്ടുകാര്‍ക്കും ജീവിക്കണ്ടേ?ഇപ്പൊഴാണെങ്കില്‍ 25 ഡോളര്‍ ഓഫും ഫ്രീ ഷിപ്പിംഗും ഉള്ള സമയമായിരുന്നു. എന്തു ചെയ്യാമെന്നേ, സമയദോഷം.

Wednesday, September 10, 2008

ഫ്രൈ ഡിസ്ക്

ചില പ്രധാന ഡോക്യുമെന്‍റുകളും ഫോട്ടോകളും ആഴ്ചയിലൊരിക്കലെങ്കിലും കോപ്പിചെയ്തു വയ്ക്കുക എന്നത് എന്‍റെ ഒരു ശീലമായിപ്പോയി. xcopy ആണ് ഞാന്‍ സാധാരണ ഉപയോഗിക്കുക. xcopy യുടെ commandline options ഓര്‍ത്തുവയ്ക്കുക ശ്രമകരമായിരുന്നു. ഓരോ തവണയും ഹെല്പ് നോക്കിയാണ് ഇതു ചെയ്തു കൊണ്ടിരുന്നത്.

ഈ options ആണ് ഞാന്‍ ഉപയോഗിക്കാറുള്ളത്:

xcopy
 • /C = Continues copying even if errors occur.

 • /D (with no date) = Copies files changed on or after the specified date. If no date is given, copies only those files whose source time is newer than the destination time.

 • /F = Displays full source and destination file names while copying.

 • /I = If destination does not exist and copying more than one file, assumes that destination must be a directory.

 • /R = Overwrites read-only files.

 • /S (with no date) = Copies files changed on or after the specified date. If no date is given, copies only those files whose source time is newer than the destination time.

 • /Y = Suppresses prompting to confirm you want to overwrite an existing destination file.

മനസ്സില്‍ കുറ്റബോധം തോന്നി എല്ലാം യാന്ത്രികമായി ചെയ്യുന്നതുകൊണ്ടാവണം ഇന്നേവരെ, അല്ല, ഇന്നലെ വരെ, ഈ ഓപ്ഷനുകളിലെ ഉള്ളിലിരുപ്പ് ഞാന്‍ മനസ്സിലാക്കിയിരുന്നില്ല. നോക്കിയപ്പോഴല്ലേ കണ്ടത് എന്നു പറഞ്ഞതു പോലെ, മനസ്സുവച്ചു നോക്കിയപ്പോഴല്ലേ കണ്ടത്, ഞാന്‍ ഡിസ്കിലേയ്ക്കു കോപ്പിചെയ്യാന്‍ ഉപയോഗിക്കുന്ന കമാന്‍റുകളുടെ തനിനിറം (തനിനിറം കാണാന്‍ ഒന്നു re-arrange ചെയ്യേണ്ടി വന്നു):

xcopy /F /R /Y /D /I /S /C

ഡിസ്ക് ഫ്രൈ ചെയ്യാനാണല്ലോ ദൈവമേ ഞാനിത്രനാളും പറഞ്ഞുകൊണ്ടിരുന്നത്!

(കൂട്ടത്തില്‍ പറയട്ടെ: $ who loves mum? എന്ന പഴയ ജോക്ക് അത് ആദ്യം കണ്ട കാലത്ത് വളരെ amusing ആയി തോന്നിയിരുന്നു.)

Sunday, September 7, 2008

ഗൂഗിള്‍ ക്രോം

ക്രോം ഡൌണ്‍ലോഡു ചെയ്തു. ഐയീയും ഫയര്‍ഫോക്സും ഉപയോഗിച്ചു ശീലമുള്ള ഞാന്‍ അനോണിമസ് ബ്രൌസിംഗിന് ക്രോമിലേയ്ക്കു മാറിയാലോ എന്നാലോചിച്ചു ക്രോമിന്‍റെ പ്രോക്സി സെറ്റിംഗ്സില്‍ ക്ലിക്കി. അതാ ക്രോം ഐയീയുടെ പ്രോക്സി സെറ്റിംഗ്സ് re-use ചെയ്യുന്നു. Simplicity-യ്ക്കു വേണ്ടിയാണത്രേ. ആയിക്കോട്ടേ.

ക്രോം ഫാസ്റ്റ് ആണ്. സംശയമില്ല. കോമിക് ബുക്കുവഴി പരസ്യപ്പെടുത്തിയ ക്രോമിനെപ്പറ്റിയുള്ള എന്‍റെ അഭിപ്രായം? രജിസ്റ്ററില്‍ പ്രത്യക്ഷപ്പെട്ട ഒരു കോമിക് കാര്‍ട്ടൂണ്‍ കടമെടുക്കട്ടെ!ഒന്നു കൂടി കൃത്യമായി പറഞ്ഞാല്‍ ഗൂഗിള്‍ ക്രോമില്‍ innovative ആയി ഒന്നുമില്ല. കൊട്ടിഘോഷിക്കുന്ന പുതിയ മാജിക് ഫീച്ചറുകളെല്ലാം ഫയര്‍ഫോക്സില്‍ നിന്നോ ഐയീയില്‍ നിന്നോ iBrowse-ല്‍ നിന്നോ കടമെടുത്തതാണ്. പിന്നെ, കോഡ്‍ബേസ് സഫാരിയുടേയും (വെബ് കിറ്റ്). അതും കൂടി ആലോചിക്കുമ്പോഴാണ് മുകളിലെ കാര്‍ട്ടൂണ്‍ കുറിക്കുകൊള്ളുന്നതാവുന്നത്.

ഈ ലിസ്റ്റ് ഓര്‍ക്കുന്നുണ്ടോ? ചെക്കൌട്ട്, നോള്‍, ലൈവ്‍ലി? ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം!

ഒരു തമാശ കൂടി: ഞാന്‍ ഐയീ ഉപയോഗിച്ചാണ് ക്രോം ഡൌണ്‍ലോഡ് ചെയ്തത്. അതു കഴിഞ്ഞ് ക്രോം ഉപയോഗിച്ച് google.com-ല്‍ പോയപ്പോള്‍ അതാ അവിടെ

New! Download Chrome (BETA) - the new browser from Google

എന്നൊരു ലിങ്ക്. ഐയീ ഉപയോഗിച്ച് വീണ്ടും google.com-ല്‍ പോയല്‍ ഈ ലിങ്ക് കാണുകയുമില്ല. ക്രോം ഉപയോഗിക്കുന്നവനെ വീണ്ടും ഡൌണ്‍ലോഡു ചെയ്യാന്‍ നിര്‍ബന്ധിക്കണോ?

(കാര്‍ട്ടൂണിന്‍റെ ഉറവിടം)

Friday, September 5, 2008

വെബ് സൈറ്റുകള്‍ ഉണ്ടാവുന്നത്

പല കാരണങ്ങള്‍ കൊണ്ടാണല്ലോ പലരും ഒരു വെബ് സൈറ്റ് തുടങ്ങുന്നത്. വീരാപദാനങ്ങള്‍ വാഴ്ത്തിപ്പാടാന്‍, പരിതാപാവസ്ഥ അന്യരെക്കാട്ടാന്‍, കുറുക്കുവഴിയില്‍ പണമുണ്ടാക്കാന്‍, ദൈവസ്നേഹം പകര്‍ന്നുകൊടുക്കാന്‍, ലൌകികസുഖത്തിന്‍റെ സുന്ദരാവസ്ഥ വിവരിക്കാന്‍, പുത്രകളത്രാദികളുടെ ചെയ്തികള്‍ ബന്ധുമിത്രാദികളെ അറിയിക്കാന്‍, വിങ്ങിപ്പൊട്ടുന്ന മനസ്സിനല്പമാശ്വാസമേകാന്‍...

എന്നാല്‍ ഇന്നലെ കണ്ണില്‍ പെട്ട ഈ സൈറ്റ് വളരെ വ്യത്യസ്തമായിരുന്നു. അഞ്ചുകുരങ്ങന്മാരുടെ കഥ പറയാനൊരു വെബ് സൈറ്റ്. അവബോധം ചുരുങ്ങിയ വാക്കുകളില്‍. അതും ചെലവില്ലാതെ! Inside the box-ല്‍ ചിന്തിച്ചു ശീലമുള്ള corporate/establishment അടിമകളേ, നിങ്ങള്‍ ചെയ്യുന്നതെന്താണെന്ന് നിങ്ങള്‍ അറിയുന്നില്ല എന്ന് ഇതിലും നന്നായി എങ്ങനെ വിളിച്ചു പറയും?

Thursday, August 28, 2008

ഇനി മക്കെയിനെ പ്രസിഡന്‍റാക്കാം

നാട്ടില്‍ നിന്നും കപ്പലു കയറി അമേരിക്കയിലെത്തുന്ന സകല കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് മൂരാച്ചികളും ഈ നാട്ടിലെത്തിയാല്‍ പിന്നെ പുരോഗതിയുടേയും ലിബറല്‍ ചിന്താഗതിയുടേയും പ്രതീകമായ ഡെമോക്രാറ്റുകളായിത്തീരും. റിപ്പബ്ലിക്കന്‍സ് എന്ന് കേള്‍ക്കണതേ അവര്‍ക്ക് അരിശമാവും. ഒരുപക്ഷേ നാട്ടില്‍ മുതലാളിമാരായി നടന്ന് ഇവിടെ വന്ന് തൊഴിലാളികളായപ്പോള്‍ വീക്ഷണ‘കോണ്‍’ തെറ്റിയതാവാം.

കൊച്ചുതൊമ്മനും കൊച്ചമ്മയും കൂടി ഹിലാരിയെ മാറ്റി ഒബാമയെ സ്ഥാനാര്‍ത്ഥിയാക്കി നമ്മുടെ ശക്തി തെളിയിച്ചില്ലേ? ഇനി എല്ലാരും കൂടി ഒന്ന് ആഞ്ഞു പിടിച്ചേ, നമുക്ക് മക്കെയിനെ പ്രസിഡന്‍റാക്കാമോന്ന് നോക്കാമല്ലോ. ഒന്നുമില്ലെങ്കിലും റിപ്പബ്ലിക്കന്‍സ് ഭരണത്തില്‍ വരുന്നതാണ് നമ്മള്‍ ഇന്ത്യക്കാര്‍ക്ക് നല്ലതെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്?

Sunday, August 24, 2008

പച്ചയും ഓറഞ്ചും

വാല്‍മീകിയുടെ വീണ്ടും ഒരു ട്രാഫിക് ലൈറ്റ് എന്ന പോസ്റ്റിനു ‘പച്ച കത്തുമ്പോള്‍ മാത്രം കടന്നാല്‍ പോരെ ചേട്ടോ’ എന്ന പ്രതികരണം കണ്ടു.

ഐ. റ്റി. രംഗത്തു വന്നപ്പോള്‍ കമ്പനിക്കാര്‍ ഇവനു പണി അറിയാമോ എന്നു പരിശോധിക്കാന്‍ തന്ന ആദ്യത്തെ അസ്സൈന്മെന്‍റ് ട്രാഫിക് ലൈറ്റ് സിമുലേഷന്‍ ആയിരുന്നു. ഇതിനാണോ ഇത്ര പാട് എന്ന മട്ടില്‍ ഒരെണ്ണം അങ്ങോട്ട് ഉണ്ടാക്കിയിട്ടുകൊടുത്തു. അപ്പോഴാണ് ബോസിന്‍റെ ചോദ്യങ്ങള്‍:

 1. ട്രാഫിക് ലൈറ്റുകള്‍ വണ്ടികളേക്കാള്‍ സൂക്ഷിച്ചുപയോഗിക്കുന്നവരാണ് കാല്‍ നടക്കാര്‍. അഞ്ചു സെക്കന്‍റു കൊണ്ടു റോഡു ക്രോസു ചെയ്യുന്ന എത്ര അമ്മുമ്മമാരുണ്ട്?

 2. ട്രാഫിക് മുക്കുകള്‍ എല്ലാം നാലും കൂടിയ മൂലയാനെന്ന് കുഞ്ഞിനോട് ആരാ പറഞ്ഞേ? മൂന്നു വഴികള്‍/അഞ്ചു വഴികള്‍ എന്നിവ വന്നു ചേരുന്ന ജംഗ്ഷന്‍ പരിഗണിച്ചിട്ടില്ലല്ലോ?

 3. വടക്കു നിന്നു വന്ന് ട്രാഫിക് ലൈറ്റില്‍ നില്‍ക്കുന്ന വണ്ടി തെക്കോട്ടു മാത്രമേ പോകാവൂ എന്ന് എന്തിനാണിത്ര നിര്‍ബന്ധം?

 4. വടക്കു നിന്നു പടിഞ്ഞാറോട്ടു പോകുന്നവനെ എന്തിനാണ് പച്ച ആവുന്നതു വരെ പിടിച്ചു നിര്‍ത്തിയിരിക്കുന്നത്?

 5. ഓറഞ്ചു ലൈറ്റു കത്തുമ്പോള്‍ നോ വാക്കിംഗ് സിഗ്നല്‍ മിന്നിത്തുടങ്ങിയാല്‍ വഴിയാത്രക്കാരന് മുന്നറിയിപ്പാവും. എന്താണത് ശ്രദ്ധിക്കാത്തത്?
 6. തെക്കു-വടക്കു റോഡിനു പച്ചയായിരിക്കുമ്പോള്‍ കിഴക്കു-പടിഞ്ഞാറു റോഡില്‍ വാക്കിംഗ് സിഗ്നല്‍ വരാതിരിക്കാന്‍ എന്തു മുന്‍‍കരുതല്‍ എടുത്തിട്ടുണ്ട്?

 7. എല്ലാ ക്രോസ് റോഡുകള്‍ക്കും തുല്യമായ സമയം പച്ചയ്ക്കു കൊടുക്കുന്ന ലോജിക് എന്താണ്? തെക്കു-വടക്കു റോഡ് ഹൈവേയും കിഴക്കു-പടിഞ്ഞാറു റോഡ് ചെറിയ കൈവഴിയുമാണെങ്കില്‍ തെക്കു-വടക്കു റോഡിനു രണ്ടു മിനുട്ട് പച്ച കൊടുക്കുമ്പോള്‍ കിഴക്കു-പടിഞ്ഞാറു റോഡിനു 20 സെക്കന്‍റ് പച്ച കൊടുത്താല്‍ പോരേ?

 8. റോഡു ക്രോസു ചെയ്യാന്‍ വാഹനങ്ങള്‍ ഉണ്ടോ എന്നറിഞ്ഞിട്ടാണോ താരതമ്യേന അപ്രധാന റോഡുകള്‍ക്ക് പച്ച കൊടുക്കുന്നത്? (മുകളില്‍ പറഞ്ഞ ഉദാഹരണത്തില്‍ കിഴക്കു-പടിഞ്ഞാറു റോഡ് അപ്രധാന റോഡ് ആണെന്നു അനുമാനിക്കാം.)

 9. ഓറഞ്ചു സിഗ്നലിന്‍റെ നീളം റോഡിലെ വാഹനങ്ങളുടെ ശരാശരി വേഗതയുമായി ബന്ധപ്പെടുത്തിയിട്ടുണ്ടോ?
ചോദ്യശരങ്ങള്‍ കേട്ട് തലപെരുത്തു. (ചോദ്യങ്ങള്‍ ഇനിയുമുണ്ടായിരുന്നു. ഇത്രയേ ഓര്‍ക്കുന്നുള്ളൂ.) വളരെ ട്രിവ്യല്‍ എന്നു തോന്നിയ ട്രാഫിക് ലൈറ്റ് പരിപാടി പോലും ഇത്ര പ്രയാസമാണോ എന്നാലോചിച്ച് ആദ്യമായി കെല്‍ട്രോണ്‍ എഞ്ചിനീയര്‍മാര്‍ക്ക് നന്ദി പറഞ്ഞു.

Saturday, August 23, 2008

രാജ് ഭവ്സാറിനെ ആഘോഷിക്കേണ്ടേ?

മോഹിനി ഭരദ്വാജിനും അലക്സി ഗ്രേവാളിനും ശേഷം ഒളിമ്പിക് മെഡല്‍ കിട്ടുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശക്കാരനാണ് രാജ് ഭവ്സാര്‍. അനുഭവ് ബിന്ദ്രയ്ക്ക് മെഡല്‍ കിട്ടിയതിനാലാവണം രാജിന്‍റെ നേട്ടം ആഘോഷിക്കാന്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ മറന്നുപോയത്.

ഒരു കണക്കില്‍ നോക്കിയാല്‍ നമ്മള്‍ ഇന്ത്യക്കാരേയും ഇന്ത്യന്‍ വംശജരേയും ആഘോഷിച്ചാല്‍ മതിയോ? മനുഷ്യകുലത്തിന്‍റെയാകെ ചരിത്രം ഒരിടത്തുനിന്നു തുടങ്ങുന്നതിനാല്‍ നമുക്ക് എല്ലാവരുടേയും വിജയം ആഘോഷിക്കാം.

Thursday, August 21, 2008

കമന്‍റടിക്കാര്‍

ക്രിക്കറ്റ് കമന്‍ററിയുടെ വസന്തകാലത്ത്, റേഡിയോയിലൂടെ ഇംഗ്ലീഷിലും ഹിന്ദിയിലും മാറിമാറി കമന്‍ററി കേട്ടാസ്വദിച്ചിരുന്ന കാലത്തിന്‍റെ സന്തതിയാണു ഞാന്‍. പിന്നീടു വന്ന റ്റെലിവിഷന്‍ കമന്‍ററിക്കാര്‍ ചുണ്ടു ചുമപ്പിച്ച സുന്ദരികളുടെ പിറകേ പോയി കാര്യമായി ‘കമന്‍റടി’ നടത്തിയപ്പോഴും എന്‍റെ ക്ഷമ പാടേ നശിച്ചിരുന്നില്ല.

എന്നാല്‍, ആയ കാലത്തു കഞ്ചാവടിച്ചു നടന്ന ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍റെ തമാശകള്‍ എന്നെ ദേഷ്യം പിടിപ്പിക്കുന്നു. ചാനലുകാര്‍ പറഞ്ഞു പഠിപ്പിച്ചതെന്നു തോന്നുന്ന ഏതാനും വാക്കുകള്‍ തത്ത പറയുമ്പോലെ തിരിച്ചു പറയുമ്പോള്‍ എനിക്കയാളോട് നീരസമാണ്. 16 റ്റെസ്റ്റു കളിച്ചിട്ട് ഒരു സെഞ്ച്വറി പോലും നേടാത്ത (93 ആയിരുന്നു ഉയര്‍ന്ന സ്കോര്‍) അരുണ്‍ലാല്‍, സചിനും ദ്രാവിഡും ലക്ഷ്മണും മെന്‍ഡിസിനെ കളിക്കേണ്ടതെങ്ങനെയാണ് എന്നു വിശദീകരിക്കുമ്പോഴും തികട്ടി വരുന്ന വികാരത്തിനു മാറ്റമില്ല. “They should use their feet" എന്നൊക്കെ തട്ടിവിടുമ്പോള്‍ ഇദ്ദേഹത്തിന് ഉളുപ്പില്ലേ എന്ന് എനിക്കു മാത്രമേ തോന്നാറുള്ളോ?

Monday, August 18, 2008

ഓടി വരണേ, ബ്ലോഗ് ക്യാമ്പ്!

ദേ, ഇങ്ങോട്ട് ഓടി വന്ന് നോക്കിക്കേ, ഹൌസ് ബോട്ടിലെ ബ്ലോഗ് ക്യാമ്പ് ദേ ടീവീല് കാണിക്കുന്നു എന്ന് ഭാര്യ വിളിച്ചു പറഞ്ഞു. ഞാന്‍ ഓടിയില്ല. കൂട്ടുത്തരവാദിത്തമില്ലാത്ത ജോലികള്‍ ചെയ്യുന്നവര്‍ അനാവശ്യമായി സംഘടിക്കുന്നതിനോട് എനിക്കു യോജിപ്പില്ല എന്ന് കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ പറഞ്ഞിരുന്നല്ലോ. ബ്ലോഗിംഗ് എന്നത് പുറമേ നിന്നുള്ള ബലം കൊണ്ട് ഒരാളില്‍ ജനിപ്പിക്കേണ്ട വികാരമല്ല.

കൊതുകടി കൊള്ളുന്നവന്‍ കൊതുകിനെ അടിച്ചു കൊല്ലാന്‍ നോക്കുമ്പോലെയുള്ള സ്വാഭാവിക പ്രതികരണമാവണം ബ്ലോഗിംഗ്. കൊച്ചിയില്‍ കൊതുകിനെ അടിക്കുന്നവരെല്ലാം കൂടി ഹൌസ് ബോട്ടില്‍ സംഘടിച്ചു എന്ന വാര്‍ത്ത വന്നാല്‍ ഏതെങ്കിലുമൊരാള്‍ക്ക് കൊതികിനോടുള്ള അല്ലെങ്കില്‍ കൊതുകുകടിയോടുള്ള സ്വാഭാവിക പ്രതികരണത്തില്‍ മാറ്റമുണ്ടാവുമോ? ഉണ്ടാവുമെങ്കില്‍ നന്ന്.

നിങ്ങളെ വിളിച്ചില്ല അല്യോ? അതിന്‍റെ കെറുവാണോ? ഭാര്യയുടെ ഫോളോ അപ്പ് ചോദ്യം.

അല്ലേയല്ല. ഒഴുക്കിനൊപ്പമാണ് എന്‍റെ നീന്തലെങ്കിലും ഇക്കാര്യത്തില്‍ ഞാന്‍ ഒഴുക്കിനെതിരെയാണ്. എന്നാലും ഈ മാന്യ ദേഹവും ഞാനും രണ്ടാള്‍ക്കാരാണെന്ന് ഇതിനാല്‍ പറഞ്ഞുകൊള്ളുന്നു.

Tuesday, August 12, 2008

ഇന്ത്യയും ചൈനയും

അനന്തമായ താരതമ്യസാദ്ധ്യതകളുള്ള രണ്ടു രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ഇത്രയും താരതമ്യ പഠനങ്ങള്‍ നടന്ന എക്കണോമികള്‍ ഉണ്ടാവാന്‍ സാദ്ധ്യതയില്ല. ഏതു വര്‍ഷത്തിലാണ് ഇന്ത്യയോ ചൈനയോ അമേരിക്കയേയും മറ്റു വികസിത എക്കണോമികളേയും പിന്തള്ളുന്നത് എന്ന ചോദ്യം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.

ഒളിമ്പിക്സിന്‍റെ ഉദ്ഘാടനച്ചടങ്ങുകണ്ടവരുടെ മനസ്സിലേയ്ക്ക് ഈ താരതമ്യപഠനം ഓടിയെത്തിയിട്ടുണ്ടാവില്ല. അതുകഴിഞ്ഞ് ഒളിമ്പിക്സില്‍ ചൈനയുടെ ജൈത്രയാത്ര കാണുന്നവരിലും ഇന്ത്യ താരതമ്യമര്‍ഹിക്കുന്ന ഒരു രാജ്യമായി ഉയര്‍ന്നുവന്നിരിക്കാനിടയില്ല. അഭിനവിന്‍റെ നേട്ടത്തെ ഒട്ടും താഴ്ത്തിക്കെട്ടാതെ പറയട്ടെ, ഈ ഉത്സവാഘോഷങ്ങള്‍ കാണുമ്പോള്‍ നമ്മുടെ പ്രതീക്ഷകള്‍ എന്തുമാത്രം താഴെയാണെന്ന് ലജ്ജയോടുകൂടി ഓര്‍ത്തുപോകുന്നു.

അത്‍ലറ്റിക്സിലും ഫുട്ബോളിലും കേരളത്തിനുണ്ടായിരുന്ന മുന്‍‍തൂക്കം ഇന്ന് നഷ്ടപ്പെടുന്നതിന് ഒരു പരിധി വരെ ക്രിക്കറ്റ് കാരണമാവുന്നുണ്ട്. ഇന്ത്യയിലെ എത്ര ഗ്രാന്‍ഡ് മാസ്റ്റര്‍മാരെ നിങ്ങള്‍ക്കറിയാം?

ഇന്ത്യ സാമ്പത്തികമായി ഉയരുന്നതോടെ, ക്രിക്കറ്റിലേയ്ക്കൊഴുകുന്ന പണത്തിന്‍റെ ആയിരത്തിലൊരംശം മറ്റു കേളീരംഗത്തേയ്ക്കുമൊഴുകുമെന്ന് പ്രതീക്ഷിക്കാനാണെനിക്കിഷ്ടം.

Thursday, August 7, 2008

ഓള്‍ കേരള ഓട്ടം അക്കാഡമി

ബ്ലോഗിംഗും എക്സര്‍സൈസും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

ആരോഗ്യകരമായ കാരണത്താലാവുമല്ലോ പലരും എക്സര്‍സൈസ് ചെയ്യാന്‍ തുടങ്ങുന്നത്. ഏറ്റവും വിശാലമായ അര്‍ത്ഥത്തില്‍ എക്സര്‍സൈസ് ശരീരാരോഗ്യത്തിനുതകുന്നതുപോലെ ബ്ലോഗിംഗ് മനസ്സിന്‍റെ ആരോഗ്യത്തിനു സഹായിക്കുന്നു.

എക്സര്‍സൈസ് ചെയ്യുന്ന ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കുറച്ചുകാലം നിരീക്ഷിച്ച ശേഷം പലരും സ്വമേധയാ എക്സര്‍സൈസ് ചെയ്യണമെന്ന് തീരുമാനിക്കുന്നു. വായനക്കാരായി തുടങ്ങി ബ്ലോഗിംഗിലെത്തുന്നവരുടേയും ഗതി ഇതു തന്നെ. ഇങ്ങനെയുള്ളവര്‍, പലപ്പോഴും ഇത് തനിക്കു പറ്റിയ കളമല്ല എന്ന തിരിച്ചറിവില്‍ തുടങ്ങിയേടത്തുവച്ചു തന്നെ അവസാനിപ്പിച്ചു പോകുന്ന കാഴ്ചയും കാണാനാവും.

മറ്റു ചിലര്‍ ബന്ധുക്കളുടേയോ സുഹൃത്തുക്കളുടേയോ ഡോക്ടറുടേയോ നിര്‍ബന്ധത്തിനു വഴങ്ങി എക്സര്‍സൈസ് ചെയ്യുന്നു. ബ്ലോഗു ചെയ്തില്ലെങ്കില്‍ മനസ്സില്‍ കുമിഞ്ഞുകൂടുമായിരുന്ന ‘കൊഴുപ്പിന്’ ബ്ലോഗിംഗിലൂടെ ഒരു ബഹിര്‍ഗമനം സാദ്ധ്യമാക്കുക വഴി ആദ്യം പറഞ്ഞ മാനസ്സികാരോഗ്യം നേടിയെടുക്കാനുള്ള ശ്രമം. ഇവിടെ കൊഴുപ്പ് എന്നത്, തെറ്റായ അര്‍ത്ഥത്തിലല്ല ഉദ്ദേശിച്ചിരിക്കുന്നത്. രക്തധമനികളില്‍ അട്ടിയിട്ടിരിക്കുന്ന കൊഴുപ്പ് ശരീരത്തിനു ദോഷം ചെയ്യുന്നതുപോലെ അടക്കിപ്പിടിച്ചുവച്ചിരിക്കുന്ന വികാരവിചാരങ്ങള്‍ മനസ്സിനെ ദോഷകരമായി ബാധിക്കും.

ചിലരാവട്ടെ, ഒരു അംഗീകൃത പരിശീലകന്‍റെ സഹായത്താല്‍ എക്സര്‍സൈസ് എങ്ങനെ ചെയ്യണം എന്ന് പൂര്‍ണ്ണമായി മനസ്സിലാക്കി, അതിന്‍റെ ‘സാദ്ധ്യതകള്‍’ ഉള്‍ക്കൊണ്ടുകൊണ്ട് എക്സര്‍സൈസ് ആരംഭിക്കുകയും തുടരുകയും ചെയ്യുന്നു. മറ്റു ചിലരോ, അമ്പതു പുഷപ്പ്, ഗ്രൌണ്ടിനു ചുറ്റും പത്തു തവണ ഓട്ടം, ഇരുപത് സിറ്റപ്പ് എന്നിങ്ങനെ എല്ലാ മേഖലകളിലും യാതൊരു അടുക്കും ചിട്ടയുമില്ലാതെ എക്സര്‍സൈസ് നടത്തുന്നു. രണ്ടിനും ഗുണമുണ്ട്. ഇന്ന രീതിയിലേ ഇതൊക്കെ ആകാവൂ എന്ന് എല്ലാവരേയും നിര്‍ബന്ധിക്കുന്നതില്‍ അര്‍ത്ഥമില്ല. അടുക്കും ചിട്ടയുമില്ലാത്തനെന്ന് വിശേഷിപ്പിക്കപ്പെട്ട എക്സര്‍സൈസ് കാരണം സ്വന്തമായും നാട്ടുകാര്‍ക്കും ദോഷമൊന്നും സംഭവിക്കാത്തിടത്തോളം കാലം ആരേയും നിയമത്തിന്‍റെ ചട്ടക്കൂട്ടിലേയ്ക്കു കൊണ്ടു വരേണ്ട ആവശ്യമില്ല. ബ്ലോഗിംഗിനും ഇതെല്ലാം ഇതുപോലെ തന്നെ ബാധകം!

എക്സര്‍സൈസ് ചെയ്യുന്നവര്‍ സംഘടിക്കുന്നു എന്നുവയ്ക്കുക. എന്തൊക്കെയാവും ആ സംഘടനയുടെ ലക്ഷ്യം? കൂടുതല്‍ പേരെ എക്സര്‍സൈസ് ചെയ്യിപ്പിക്കുക എന്നത് ഒരു ലക്ഷ്യമാവാം. പക്ഷേ, എക്സര്‍സൈസിന്‍റെ നല്ലവശങ്ങള്‍ക്ക് പരമാവധി പ്രചാരണം നല്‍കുക എന്നതില്‍ കവിഞ്ഞ്, ഒരാള്‍ എക്സര്‍സൈസ് ആരംഭിക്കണമെങ്കില്‍, അയാളെപ്പറ്റിയുള്ള ചില അനുമാനങ്ങള്‍ ശരിയായിരിക്കണം.

ഒന്നാമത്, അയാള്‍ക്ക് എക്സര്‍സൈസിന്‍റെ ആവശ്യമുണ്ട് എന്ന അനുമാനം ശരിയാണോ എന്നു പരിശോധിക്കാം: പകലന്തിയോളം നല്ല അദ്ധ്വാനമാവശ്യമുള്ള പണിയെടുക്കുന്നവന്‍, അതുകഴിഞ്ഞ് ഒരു മണിക്കൂര്‍ എക്സര്‍സൈസ് എന്ന ആശയത്തോട് പ്രതിപത്തി ഉള്ളവനാവണമെന്നില്ല. എന്നു മാത്രമല്ല, അയാള്‍ക്ക് അതിന്‍റെ ആവശ്യവുമില്ല.

രണ്ടാമത്, അയാള്‍ക്ക് എക്സര്‍സൈസ് ചെയ്യാന്‍ താല്പര്യമുണ്ട്: ആവശ്യവും താല്പര്യവും രണ്ടാണല്ലോ. രക്തധമനികളില്‍ അട്ടിയിട്ടിരിക്കുന്ന കൊഴുപ്പ് കുറയ്ക്കാന്‍ എക്സര്‍സൈസ് ചെയ്യുന്നതിനേക്കാള്‍ ഗുളിക കഴിക്കുന്നതിനാണ് ഒരുവനു താല്പര്യമെങ്കില്‍ അയാളെ വെറുതേ വിടേണ്ടതാണ്.

മൂന്നാമത്, അയാള്‍ക്ക് എക്സര്‍സൈസ് ചെയ്യാനുള്ള സാഹചര്യമുണ്ട്: ആവശ്യവും താല്പര്യവും ഉണ്ടായാലും സാഹചര്യമില്ലെങ്കില്‍ പിന്നെന്തു ചെയ്യും? ഒരു പക്ഷേ അയാള്‍ക്ക് എക്സര്‍സൈസ് ഉപകരണങ്ങള്‍ ഉണ്ടാവില്ല. നാടുനീളേ ഓടിക്കൂടേ എന്നാണെങ്കില്‍ അതിനു സാങ്കേതിക തടസ്സവുമുണ്ടെന്നു വയ്ക്കുക.

നാലാമത്, അയാളുടെ എക്സര്‍സൈസ് ചെയ്യുന്നതു കൊണ്ട് സമൂഹത്തിനു ഗുണമുണ്ട്: വ്യക്തികള്‍ ആരോഗ്യവാന്മാരായിരിക്കേണ്ടത് ഓരോ സമൂഹത്തിന്‍റേയും ആവശ്യമാണ്. അതിനാല്‍ പലപ്പോഴും വ്യക്തിയുടെ ആരോഗ്യത്തില്‍ സമൂഹത്തിന് സ്വാര്‍ത്ഥതാല്പര്യമുണ്ട്. രക്തധമനികളില്‍ കൊഴുപ്പ് അട്ടിയിട്ടിരിക്കുന്ന ഒരു തൊണ്ണൂറു വയസ്സുകാരന് എക്സര്‍സൈസിന്‍റെ ആവശ്യമുണ്ട്, അയാള്‍ക്ക് എക്സര്‍സൈസ് ചെയ്യാന്‍ താല്പര്യവും സാഹചര്യവുമുണ്ട്. എന്നാലും അയാളെ ഉന്തിത്തള്ളി എക്സര്‍സൈസ് ചെയ്യിപ്പിക്കുന്നതിലര്‍ത്ഥമില്ല. ഇപ്പോള്‍ അധികം പരസഹായമില്ലാതെ ജീവിക്കുന്ന അയാള്‍ എക്സര്‍സൈസ് ചെയ്യുന്നവേളയില്‍ ഉരുണ്ടുപിടഞ്ഞുവീണ് സമൂഹത്തിന് ബാദ്ധ്യതയാവേണ്ട കാര്യമില്ലല്ലോ.

ഈ ഓരോ കാര്യവും ബ്ലോഗിംഗിനും ബാധകമാണെന്നത് സംശയരഹിതമാണ്.

ഇനി മറ്റൊരു വശം നോക്കാം.

ഒറ്റയ്ക്കു നിന്നാല്‍ ലഭിക്കാനിടയില്ലാത്ത അവകാശങ്ങള്‍ നേടിയെടുക്കാന്‍ സംഘടിക്കേണ്ടതുണ്ട്. എക്സര്‍സൈസ് ചെയ്യുന്നതില്‍ നിന്നു വിലക്കുകയോ, എക്സര്‍സൈസ് ചെയ്യാനുള്ള ഉപകരണങ്ങള്‍ക്ക് ക്രമാതീതമായി വില/വാടക വര്‍ദ്ധിപ്പിക്കുകയോ ചെയ്താല്‍ സംഘടനാപരമായി അവയെ നേരിടുന്നതില്‍ അര്‍ത്ഥമുണ്ട്. അവകാശങ്ങള്‍ നേടിയെടുക്കാനും ഇപ്പോള്‍ ലഭ്യമായ സൌകര്യങ്ങള്‍ നിലനിറുത്താനും സംഘടിക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ ഓള്‍ കേരള ഓട്ടം അക്കാഡമി അല്ലെങ്കില്‍ ഓള്‍ കേരള നടത്ത അക്കാഡമി എന്നൊക്കെപ്പറഞ്ഞ് സംഘടനയുണ്ടാക്കുന്നതിന് കാര്യകാരണസഹിതമുള്ള ഒരു വാദവും നിലവിലുള്ളതായി അറിയില്ല.

Saturday, August 2, 2008

മലയാളിക്ക് അഭിനന്ദനങ്ങള്‍

മലയാളം പറയുന്നതിന് മലയാളിക്ക് അഭിനന്ദനങ്ങള്‍! എന്തോ അപാകത തോന്നുന്നില്ലേ? ഒട്ടും തോന്നേണ്ടതില്ല. അതാണ് ഇപ്പോഴുള്ള ട്രെന്‍റ്.

റ്റിവി തുറന്നു വച്ചപ്പോള്‍ കണ്ട ഒന്നിലധികം പരിപാടികളില്‍ രണ്ടുമിനുട്ടോ മറ്റോ ഉള്ള സംഭാഷണത്തിനിടയ്ക്ക് ഒരു വിദേശഭാഷാപദവും (പ്രത്യേകിച്ച് ഇംഗ്ലീഷ്) കടന്നു വരാതിരുന്നാല്‍ അഭിനന്ദനവര്‍ഷത്തോടൊപ്പം സമ്മാനം കൊടുക്കുന്ന പരിപാടിയും കണ്ടു. ശിവ, ശിവ, ഇനി എന്തെല്ലാം കാണേണ്ടിയിരിക്കുന്നു.

എന്‍റെ കഴിഞ്ഞ പോസ്റ്റുകളിലെല്ലാം ഏതെങ്കിലും ഇംഗ്ലീഷു വാക്കു കടന്നു വന്നതിനാല്‍ ഈ അവാര്‍ഡിനും ഞാന്‍ അര്‍ഹനല്ല. എന്നാലും ഈ പരിപാടി കണ്ടപ്പോള്‍ ഒരു ഇത്. “കര്‍ക്കടകവാവു സ്നാനത്തിനു ഇവിടെക്കാണുന്ന മറ്റൊരു സവിശേഷത, കടല്‍ത്തീരത്തേയ്ക്ക് ആളുകള്‍ ഒറ്റയ്ക്കോ കൂട്ടമായോ വന്നെത്തുന്നു എന്നതാണ്” എന്ന് റിപ്പോര്‍ട്ടു ചെയ്യുന്നയാള്‍ ജോലിചെയ്യുന്ന ചാനലില്‍ നിന്നും മലയാളത്തിനു വേണ്ടി ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കരുത്.

നീന്തുത്തുടിക്കുന്ന മീനിനെ അഭിനന്ദിക്കാം. വരിതെറ്റാതെ പോകുന്ന ഉറുമ്പുകള്‍ക്കും അഭിനന്ദനം ചൊരിയാം. പുല്ലുതിന്നുന്ന മാനുകളെ അഭിനന്ദിക്കാം. പറക്കുന്ന പറവകളെ അഭിനന്ദിക്കാം. ഇവരുടെയൊക്കെ അഡ്രസ്സു കിട്ടിയാല്‍ സമ്മാനവും അയച്ചുകൊടുക്കാം.

Friday, August 1, 2008

മമ്മൂട്ടിയും മോഹന്‍ലാലും

കാവ്യയും മമ്മൂട്ടിയും എന്ന പോസ്റ്റെഴുതിക്കഴിഞ്ഞപ്പോഴാണ് മമ്മൂട്ടിയുടേയും മോഹന്‍ലാലിന്‍റേയും അഭിനയം ഏറ്റവും കുറഞ്ഞ വാക്കുകളില്‍ എങ്ങനെ വിവരിക്കാം എന്ന് ആലോചിച്ചത്.

കാര്യം നിസ്സാരം. വേഷം കെട്ടിയാല്‍ മമ്മൂട്ടി നന്ന്. (വടക്കന്‍ വീരഗാഥ, പൊന്തന്‍ മാട, മൃഗയ). വേഷം കെട്ടിയാല്‍ മോഹന്‍ലാല്‍ പോക്ക് (തച്ചോളി വര്‍ഗീസ് ചേകവര്‍, കടത്തനാടന്‍ അമ്പാടി). Natural ആയി അഭിനയിക്കാന്‍ മോഹന്‍ലാല്‍ നന്ന്, മമ്മൂട്ടി പോക്ക് (ഉദാഹരണങ്ങള്‍ അനവധി).

അപവാദങ്ങള്‍: തനിയാവര്‍ത്തനം, അങ്കിള്‍ ബണ്‍

Thursday, July 31, 2008

കാവ്യയും മമ്മൂട്ടിയും

മലയാളത്തിലെ സിനിമാഭിനേതേക്കാളുടെ ഇന്‍റര്‍വ്യൂ കേള്‍ക്കുന്നത് ഒരു വിചിത്രാനുഭവം തന്നെയാണ്. അഭിനയിച്ച എല്ലാം നല്ലവേഷങ്ങളായിട്ടുള്ള ചിലര്‍, ഗലീലിയോ, ഒഥല്ലോ, ക്ലിയോപാട്ര എന്നിവരെ അഭിനയിച്ചു ഫലിപ്പിക്കാന്‍ കൊതിച്ചു നടക്കുന്നവര്‍, താന്‍ പണ്ടു പറഞ്ഞ തമാശ ആവര്‍ത്തിച്ചു പ്രേക്ഷകരെ വീണ്ടും ചിരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍, നിര്‍ത്താതെ സംസാരിച്ചു തലവേദന കൂട്ടുന്നവര്‍, അങ്ങനെ നടീനടന്മാര്‍ പലവിധം.

എന്നാല്‍, നാട്യങ്ങളില്ലാതെ, ഹൃദയം തുറന്നു സംസാരിക്കുന്നത് കാവ്യാ മാധവന്‍ മാത്രം. Genuine straight talk. അഭിമുഖത്തില്‍ യാതൊരഭിനയവുമില്ല. ആലോചിച്ചുഴിഞ്ഞ്, അളന്നു കുറിച്ച്, പറയണോ പറയേണ്ടേ എന്ന് ശങ്കിച്ച് സംസാരിക്കുന്ന ഭൂരിപക്ഷത്തില്‍ നിന്നും വളരെ അകലെയാണ് കാവ്യയുടെ സ്ഥാനം.

എന്നാല്‍ മമ്മൂട്ടിയോ? എന്തൊക്കെയോ അഗാധമായാലോചിച്ച്, ചിന്തയുടെ മണിമുത്തുകളെന്ന ഭാവേന പാതി വിഴുങ്ങിപ്പറയുന്ന വാചകങ്ങള്‍ പലപ്പോഴും വെറും പൊള്ളയാണ്. പറയുന്നത് ആത്മാര്‍ത്ഥമാണോ അല്ലയോ എന്ന സംശയം സദാ പ്രേക്ഷകരില്‍ ഉയര്‍ത്തുന്നതരം സംഭാഷണരീതി.

നടന്‍ എന്ന നിലയില്‍ മമ്മൂട്ടിയെ എനിക്കിഷ്ടമാണെന്നും കാവ്യ എന്ന നടിയെ എനിക്ക് അത്ര പഥ്യമല്ലെന്നും കൂടി പറഞ്ഞാലേ ഈ കുറിപ്പ് പൂര്‍ണ്ണമാവൂ.

Wednesday, July 30, 2008

കൊളസ്റ്ററോള്‍

എന്താണ് പ്രശ്നം, എന്താണെങ്കിലും തുറന്നു പറയൂ!
അല്ല, എന്‍റെ ഇടനെഞ്ചില്‍ ഒരു വേദന... ഹൃദയം ഇരിക്കുന്ന വശത്തു തന്നെ.
വ്യായാമം ചെയ്യാറുണ്ടോ?
പിന്നില്ലാതേ! ആഴ്ചയില്‍ മൂന്നു ദിവസം ഓടും.
ഭക്ഷണം?
വളരെ ശ്രദ്ധിച്ച്. ചോറ് കൈകൊണ്ട് തൊട്ടിട്ട് ഇന്നേയ്ക്ക് ഒന്നരമാസമാവുന്നു. ജീവിക്കാന്‍ വേണ്ടിയുള്ള മിതമായ ഭക്ഷണം.
ഹും, നോക്കട്ടെ, കുടുംബത്തില്‍ കൊളസ്റ്ററോള്‍ ഉള്ളതായി ആരെങ്കിലും ഉണ്ടോ?
അപ്പൂപ്പനുണ്ടായിരുന്നു. അച്ഛനുണ്ടായിരുന്നു. അമ്മയ്ക്കുണ്ടോ എന്നറിയില്ല.
പിന്നെന്തിനാ എന്‍റടുത്തു വന്നത്? ചോദിക്കാനുണ്ടോ? ഇത് മറ്റവന്‍ തന്നെ!

Monday, July 28, 2008

ഹിന്ദിസ്ഥാന്‍

ഇത് അമേരിക്കയാണ്. സമ്മതിച്ചു. നിങ്ങളും ഞാനും ഇന്ത്യക്കാരും. പൊതുവേ ഇന്ത്യക്കാര്‍ക്ക് ഇന്ത്യയ്ക്ക് വെളിയിലെത്തിപ്പെട്ടാല്‍ രാജ്യസ്നേഹം കൂടുമല്ലോ.

എന്നു കരുതി, അപരിചിതനായ എന്നോട് നിങ്ങള്‍ “ക്യാ ഹാല്‍ ഹേ” എന്ന് ചോദിക്കേണ്ട കാര്യമില്ല കേട്ടോ. ഒന്നാമതേ എനിക്ക് ഹിന്ദി അത്ര പിടിയില്ല. രണ്ടാമത്, ഞാന്‍ ഫുജിയില്‍ നിന്നും കുടിയേറിയവനാണെന്നോ ശ്രീലങ്കക്കാരനാണെന്നോ നിങ്ങള്‍ക്ക് യാതൊരുറപ്പുമില്ലാത്ത സ്ഥിതിയ്ക്ക് ഒരു ‘ഹിന്ദി’സ്ഥാന്‍കാരനാണ് ഞാനെന്ന നിങ്ങളുടെ അനുമാനത്തിന് യാതൊരടിസ്ഥാനവുമില്ല.

പിന്നെ, കണ്ണുദീനം എന്‍റേതായതിനാലും നിങ്ങള്‍ എന്‍റെ കണ്ണുവൈദ്യനായിപ്പോയതിനാലും മാത്രം ഞാന്‍ അനിഷ്ടം കാണിക്കാതെ, എനിക്കറിയാവുന്ന ഏക ക്യാഷ്വല്‍ ഹിന്ദി പ്രയോഗമായ “ചല്‍ത്താ ഹേ” എന്നു പറഞ്ഞുവെന്നു മാത്രം. വെറുതേ ഇതൊരു ശീലമാക്കേണ്ട.

Saturday, July 26, 2008

ഉപദ്രവം

എന്‍റെ കിടാവിനു മൂന്നു വയസ്സ്. സുഹൃത്തിനു രണ്ടു കുട്ടികള്‍: മൂത്തയാള്‍ക്ക് അഞ്ചു വയസ്സും രണ്ടാമനു രണ്ടു വയസ്സും. അങ്ങനെ ഒരു വൈകുന്നേരം കുടുംബസമേതം സുഹൃത്തിന്‍റെ വീട്ടില്‍ ചെലവഴിക്കുന്നു.

ലോകകാര്യങ്ങള്‍ പറഞ്ഞ് രണ്ട് സ്മോളും വിട്ട്, കുട്ടികളുടെ ബഹളവും കേട്ടങ്ങനെ ഇരിക്കുമ്പോള്‍ ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചു: അഞ്ചുവയസ്സുകാരന്‍ മോശമല്ലാത്ത രീതിയില്‍ ശാരീരികാക്രമണമാണ്. കുട്ടികളാവുമ്പോള്‍ കൊണ്ടും കൊടുത്തും വളരണം എന്ന അഭിപ്രായമുള്ളതു കൊണ്ട്, ഞാന്‍ അതത്ര കാര്യമാക്കിയില്ല. എന്‍റെ മകന്‍ ചെറിയ കരച്ചിലും മറ്റുമായി നില്‍ക്കുകയാണ്. എന്നിട്ടും മറ്റേയാള്‍ വിടുന്ന ലക്ഷണമില്ല. സുഹൃത്തിന്‍റെ ഇളയമകന്‍ പരിസരത്തൊക്കെയുണ്ട്. എന്‍റെ ശ്രദ്ധ വീണ്ടും സംഭാഷണത്തിലേയ്ക്കായി.

ഒരു പത്തു മിനിട്ടു കഴിഞ്ഞു കാണില്ല, വീണ്ടും അടിയുടെ പൊടിപൂരം! മകന്‍റെ മേല്‍ സുഹൃത്തിന്‍റെ മകന്‍റെ വക പഞ്ചവാദ്യം! സ്വയരക്ഷ പഠിക്കട്ടെ എന്നു കരുതി ഞാന്‍ മൌനത്തില്‍ തന്നെ. ഭാര്യയും സുഹൃത്തിന്‍റെ ഭാര്യയും സിനിമാ, പാചക, പരദൂഷണലോകത്താണ്. ഞങ്ങള്‍ ആണവക്കരാറിലും.

വീണ്ടും പത്തു പതിനഞ്ചു മിനിട്ടു കഴിഞ്ഞിട്ടുണ്ടാവണം. ഒരു ബഹളം കേട്ടു നോക്കിയപ്പോള്‍ മകന്‍റെ പല്ലിനിട്ടാണ് ഇത്തവണ പഞ്ച്. ഞാന്‍ ശിലായുഗത്തില്‍ തന്നെ. പഞ്ചു കിട്ടി ഒന്നു നിലവിളിച്ച ശേഷം, എന്‍റെ മകന്‍ സുഹൃത്തിന്‍റെ ഇളയവന്‍ രണ്ടു വയസ്സുകാരനിട്ട് ഒന്നു കൊടുത്തു.

“മോനേ,” ഞാന്‍ വിലക്കുന്ന ശബ്ദത്തില്‍ തടഞ്ഞു.

ഇളയവന്‍റെ കരച്ചില്‍ കേട്ട് എങ്ങു നിന്നോ സുഹൃത്തിന്‍റെ ഭാര്യ ഓടി വന്നു. എന്നിട്ട് എന്‍റെ മകനെ നോക്കി: “ഇവന്‍ തരം നോക്കാതെ ഭയങ്കര ഉപദ്രവമാണല്ലോ!”

Friday, July 25, 2008

നാടകമേ ജീവിതം

ആറാം തരത്തില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി നാടകത്തില്‍ അഭിനയിക്കുന്നത്. “മുറിവുണങ്ങി” എന്നായിരുന്നു നാടകത്തിന്‍റെ പേര്. “നമസ്കാരം, സാര്‍!” എന്നു മാത്രമായിരുന്നു എന്‍റെ ഡയലോഗ്. വഴിയില്‍ക്കിടന്ന ബീഡിക്കുറ്റി കത്തിച്ച് പുകവിട്ട ഉറ്റസ്നേഹിതനെ (ബാബു), രണ്ടുകൂട്ടുകാര്‍ (രാമുവും ദാമുവും) ചേര്‍ന്ന് ചതിച്ച് അധ്യാപകനില്‍ നിന്നും അടിയും ഉപദേശവും വാങ്ങിക്കൊടുപ്പിക്കുന്ന കഥയില്‍ സദാചാരത്തിന്‍റെ കാവല്‍‍ഭടന്മാരിലൊരാളായ ദാമുവായാണ് ഞാന്‍ അരങ്ങത്തെത്തിയത്. ഇടയ്ക്കിടെ സംഭാഷണങ്ങള്‍ മറന്നുപോകുന്നതിനാല്‍, റിഹേഴ്സല്‍ സമയത്തുതന്നെ, എന്‍റെ ബാക്കി ഡയലോഗുകളെല്ലാം രാമു ആയി അഭിനയിച്ച ജയകുമാര്‍ കൈക്കലാക്കിയിരുന്നു.

ബാബു, തന്നെ തല്ലിയ അധ്യാപകനെ പതിയിരുന്ന് കല്ലെടുത്തെറിയുന്നതും, പിന്നീട് തെറ്റുമനസ്സിലാക്കി ബാബുവും അച്ഛനും കൂടി ആശുപത്രിക്കിടക്കയില്‍ അധ്യാപകനെ സന്ദര്‍ശിച്ച് മാപ്പപേക്ഷിക്കുന്നതും അധ്യാപകന്‍ സ്നേഹവാത്സല്യങ്ങളോടെ ബാബുവിന് മാപ്പുകൊടുക്കുന്നതും, കുട്ടികളെല്ലാരും കൂടി ആഹ്ലാദാരവങ്ങളോടെ, “മുറിവുണങ്ങീ, മുറിവുണങ്ങീ, ഞങ്ങടെ മാഷിന്‍റെ മുറിവുണങ്ങീ!” എന്ന് പാടി തുള്ളിച്ചാടുകയും ചെയ്യുന്നതോടെ നാടകം സമാപ്തിയിലെത്തിച്ചേരുകയാണ്.

അതിനു ശേഷം, ഒരു വര്‍ഷത്തോളമോ മറ്റോ വീട് നാടകാഭിനയത്തിന്‍റെ അരങ്ങായി രൂപാന്തരപ്പെട്ടു. ലൈറ്റുകളിലും സ്വിച്ചുകളിലും മിന്നിത്തിളങ്ങുന്ന എല്‍. ഇ. ഡി. കളിലും അനിയനു വന്നു ചേര്‍ന്ന ഭ്രമവും കൂടിയായപ്പോള്‍ പ്രൊഫഷണല്‍ ലൈറ്റിംഗിന്‍റെ അകമ്പടിയോടെ ഞങ്ങള്‍ പല നാടകങ്ങളും കതകടച്ചിട്ട് അരങ്ങേറി. രണ്ടനിയന്മാരും ഒരു അളിയനും ഞാനുമായിരുന്നു കഥാപാത്രങ്ങളായി രംഗത്തുവന്നത്. ആരാണോ രംഗത്തില്ലാത്തത്, അവര്‍ക്കായിരുന്നു ആ സമയം ലൈറ്റിംഗിന്‍റെ ചുമതല. സ്കൂളവധിക്കാലത്തിനൊടുവില്‍ ഈ നാടകം കുടുംബസദസ്സില്‍ അവതരിപ്പിക്കാനിരുന്നതാണെങ്കിലും അവസാനനിമിഷം അളിയന്‍ കാലുവാരിയതിനാല്‍ ആ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു. ഈ തിരിച്ചടി, പതിയെപ്പതിയെ നാടകക്കമ്പം ഇല്ലാതാവാന്‍ കാരണമാക്കി.

കോളജ് വിദ്യാഭ്യാസ കാലത്ത് വീണ്ടും നാടകങ്ങളോട് പ്രിയമേറി. ഒന്നുരണ്ടു നാടകങ്ങള്‍ അവതരിപ്പിച്ചുകഴിഞ്ഞപ്പോള്‍ നാടകാഭിനയത്തില്‍ നിന്നും വിരമിച്ച് സം‌വിധാനം മാത്രം ഏറ്റെടുത്തു. കാരണം മറ്റൊന്നുമല്ല. ഞാന്‍ താരതമ്യേന മോശമായ ഒരു നടനാണെന്ന് എനിക്കുതന്നെ തോന്നിത്തുടങ്ങി. അഭിനയിക്കാന്‍ മോശമായിരുന്നെങ്കിലും നാടകരംഗത്തെക്കുറിച്ച് ഒരു ധാരണയുണ്ടായിരുന്നതിനാലും, മറ്റുള്ളവര്‍ അഭിനയിച്ചത് ശരിയായോ എന്നു വിലയിരുത്താന്‍ കഴിഞ്ഞിരുന്നതിനാലുമാണ് സം‌വിധാന രംഗത്തു തുടര്‍ന്നത്. ‘ശരിയായ നാടകം’ എന്താണെന്ന് എനിക്ക് ഇനിയുമറിഞ്ഞുകൂട. എന്നാല്‍ ‘തെറ്റായ നാടകം’ കണ്ടാല്‍ അത് തെറ്റാണെന്നറിയുകയും ചെയ്യാം. (ആ തെറ്റ് എങ്ങനെ തിരുത്താം എന്നത് വ്യക്തിപരമായ കാഴ്ചപ്പാടനുസരിച്ചു മാറും.)

ഈ അവസാന ഖണ്ഡിക തന്നെ എന്‍റെ ജീവിതത്തിന്‍റേയും കഥ!

Thursday, July 24, 2008

എന്താ സംഗതി!

ഏഷ്യാനെറ്റ് ഏഭ്യന്‍റെ ‘സംഗതി’കള്‍ കണ്ടിരിക്കുമ്പോള്‍ ഒരു ദുരാഗ്രഹം. വളഞ്ഞ പുരികത്തിനു വരെ ബ്ലോഗുള്ള ഇക്കാലത്ത്, സംഗീതമറിയാത്ത സാധാരണക്കാര്‍ക്ക് ഇക്കണ്ടതൊക്കെ വിവരിച്ചുകൊടുക്കുന്ന ഒരു ബ്ലോഗ് എന്തുകൊണ്ട് ഉണ്ടാകുന്നില്ല.

ഈ വഴിക്ക് സീയെസ് (ഞാനല്ല, ഒറിജിനല്‍ ചുള്ളന്‍) ഒരു ശ്രമം തുടങ്ങിവച്ചത് ആശാവഹമായിരുന്നു. പിന്നെയൊന്നും കാണുന്നില്ല.

ഒഴുക്കിനൊപ്പം

പറയാനുള്ളത് പറഞ്ഞുവരുമ്പോള്‍ വൈകിപ്പോകുന്നു. വലിയതെന്തൊക്കൊയോ പറയാനുണ്ടായിട്ടല്ല. അടുക്കും ചിട്ടയുമില്ലാത്തവ അടുക്കിയൊതുക്കി വരുമ്പോഴേയ്ക്കും പാലത്തിനടിയിലൂടെ വെള്ളമൊട്ടൊഴുകിയിട്ടുണ്ടാവും.

ചുരുക്കത്തില്‍, സമയമില്ലാത്തപ്പോള്‍ തികട്ടിവരുന്നവ കുറിച്ചുവയ്ക്കാനൊരിടം.അത്രമാത്രം.