Friday, January 30, 2009

പല്ലു ഡോക്ടര്‍

ഞാന്‍ പല്ലു ഡോക്ടറെ മാറ്റി.

മറ്റൊന്നും കൊണ്ടല്ല. ഡോക്ടര്‍ അതിസമര്‍ത്ഥനും സ്നേഹശീലനും സഹാനുഭൂതിയുള്ളവനും നിപുണനും പ്രഗത്ഭനും കേമനുമാണെങ്കിലും ഈയിടെ ഒരബദ്ധം കാണിച്ചു. സഹായിയായി നിന്ന അമ്പതുകാരി മദാമ്മയെ മാറ്റി സുന്ദരിയായ സോണിയയെ സഹായിയാക്കി.

മുന്‍‍വരിപ്പല്ലുകള്‍ മാത്രം കാട്ടി നടത്തുന്ന എന്‍റെ കോളിനോസ് പുഞ്ചിരി വശ്യമാണെങ്കിലും കടവായിലെ ചാണകക്കുഴി സുന്ദരിക്കുമുമ്പില്‍ തുറന്നുവയ്ക്കാന്‍ എനിക്കു വയ്യ. ഞാന്‍ പല്ലു ഡോക്ടറെ മാറ്റി.

Thursday, January 29, 2009

കാര്‍ മെയിന്‍റനന്‍സ്

(ഫയങ്കരന്‍ സീരീസിലെ രണ്ടാമത്തെ ഐറ്റം.)

മെയിന്‍റനന്‍സ് അഡ്വൈസര്‍: “OK, that sound coming out of the vent is caused by a defective pollen filter. We probably have to replace it.”

ഞാന്‍: “Explain that to me.”

മെയിന്‍റനന്‍സ് അഡ്വൈസര്‍: “When the blah blah is blah blah, blah blah gets into blah blah causing blah blah to act as if blah blah. The fan then does blah blah making it work harder. If we don't change the pollen filter, then blah blah is going to blah blah making it costly to fix later.”

ഞാന്‍: “Ah, I see! How much does that cost me?”

മെയിന്‍റനന്‍സ് അഡ്വൈസര്‍: “Oh, that’s gonna be... (pause) hmm... $75.”

ഞാന്‍: “With labor and tax?”

മെയിന്‍റനന്‍സ് അഡ്വൈസര്‍: “Yes, with labor and tax.”

ഞാന്‍: “Let’s do that. I am sick and tired of that whistling noise.”

മെയിന്‍റനന്‍സ് അഡ്വൈസര്‍: “You, know, I recommend you doing a more thorough intermediate service instead of the regular service at this time.”

ഞാന്‍: “Why is that, Andy?”

മെയിന്‍റനന്‍സ് അഡ്വൈസര്‍: “You know, the mileage is alright; but the age of the vehicle is bothering me. Besides, at this mileage a complete replace of the differential fluid is necessary. That’s only performed with the intermediate service, not with the regular service.”

ഞാന്‍: “Do you have a service manual handy?”

മെയിന്‍റനന്‍സ് അഡ്വൈസര്‍: “I may have one here somewhere, but you should keep your service manuals in your car just in case you want to look up something.”

ഞാന്‍: “I have my service manual in my car. This is for you to reference yourself. The manual will tell you that at this mileage a complete replace of the differential fluid is NOT necessary.”

മെയിന്‍റനന്‍സ് അഡ്വൈസര്‍: “Err...”

ഞാന്‍: “You are welcome!”

മെയിന്‍റനന്‍സ് അഡ്വൈസര്‍: “I am sorry, I didn’t mean to...”

ഞാന്‍: “Oh, by the way, when you replace the pollen filter, save the old one for me, will ya?”

മെയിന്‍റനന്‍സ് അഡ്വൈസര്‍: “What, you suddenly don’t trust us anymore?”

ഞാന്‍: “No, Andy! I trust you. I just want to avoid your hazardous waste disposal fee. That’s all.”

മെയിന്‍റനന്‍സ് അഡ്വൈസര്‍: “I don’t think we are...”

ഞാന്‍: “Thank you. I will see you in couple of hours!”

Wednesday, January 28, 2009

എനിക്കും വേണം പത്മശ്രീ

ഹര്‍ഭജന്‍ സിംഗിന് പത്മശ്രീ പോലും.

എന്നാല്‍ പിന്നെ എനിക്കും താ സാറേ, ഒന്ന്. എനിക്കെന്താ ഒരു കുറവ്? ആകെക്കൂടി ഒരു കുറവായിക്കാണുന്നത്, ആറേഴുമാസമായി ബ്ലോഗെഴുതിത്തുടങ്ങിയിട്ടും ഇതുവരേയും ആരുടേയും മാതാവിനു വിളിച്ചിട്ടില്ല എന്നതാണ്. അതൊരു കുറവായി കാണല്ലേ, പ്ലീസ്!

വിക്കി പറയുന്നത് 2009 വരെ 2113 പത്മശ്രീ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ്. 2014 തവണ ഇന്ത്യാക്കാര്‍ക്കും ബാക്കി വിദേശീയര്‍ക്കും. പത്മശ്രീ ഏറ്റവും കൂടുതല്‍ കൊടുത്തിട്ടുള്ളത് കലാവിഭാഗത്തിനാണ്: 471 തവണ. ഞാന്‍ ഈ കാണിച്ചു കൂട്ടുന്നത് കല എന്ന കൂട്ടത്തില്‍ കൂട്ടില്ലെങ്കില്‍ വേണ്ട. നമുക്ക് അടുത്ത വിഭാഗം നോക്കാം. ഏറ്റവും കൂടുതല്‍ പത്മശ്രീ ലഭിച്ചിരിക്കുന്ന വിഭാഗങ്ങളില്‍ രണ്ടാമത് നില്‍ക്കുന്നത് സാഹിത്യവും വിദ്യാഭ്യാസവും (Literature & Education) ആണ്: 393 തവണ. ഈ ബ്ലോഗ് സാഹിത്യമായോ വിദ്യാഭ്യാസമായോ കൂട്ടിയാല്‍ എന്‍റെ കാര്യം ശരിയായി. എങ്ങനെ പോയാലും ഏഴാം സ്ഥാനത്തുള്ള സ്പോര്‍ട്സിനേക്കാള്‍ മുന്നില്‍ തന്നെ. അതു കൊണ്ടു തന്നെ ഹര്‍ഭജനു മുമ്പേ പത്മശ്രീ കിട്ടുക എന്നത് ഒരു അതിമോഹമായി കണക്കാക്കാന്‍ പറ്റില്ല എന്നു തീര്‍ച്ചയല്ലേ?



പക്ഷേ, എന്നെ വെട്ടിച്ച് ഹര്‍ഭജന്‍ ഈ നേട്ടം കൈവരിച്ചതിന്‍റെ കാരണം എന്താവാം?

സംഗതി വളരെ ലളിതം: സംസ്ഥാന പരിഗണന വച്ചു നോക്കിയാല്‍, പഞ്ചാബികള്‍ കേരളീയരേക്കാള്‍ മുന്നിലാണ്. 68 കേരളീയര്‍ക്കു പത്മശ്രീ ലഭിച്ചപ്പോള്‍ പഞ്ചാബികള്‍ 72 പേര്‍ പത്മശ്രീക്കാരായി. 385 ദില്ലിവാലക്കാരേയും 344 മഹാരാഷ്ട്രക്കാരേയും 179 തമിഴ്നാട്ടുകാരേയും വച്ചു നോക്കിയാല്‍ എട്ടാമതും ഒമ്പതാമതുമാണ് പഞ്ചാബിന്‍റേയും കേരളത്തിന്‍റേയും സ്ഥാനം. ഈ മാനദണ്ഡം വച്ച് ഹര്‍ഭജന്‍ സിംഗിന്‍റെ വിജയം, പക്ഷേ, വളരെ നേരിയതാണെന്നു തോന്നുന്നുണ്ടോ? എന്നാല്‍, നമുക്ക് ഒരു അളവുകോല്‍ കൂടി നോക്കാം.

ആകെ മൊത്തം 157 സിംഗുകള്‍ക്ക് പത്മശ്രീ കിട്ടിയപ്പോള്‍ നായരും പിള്ളയും മേനോനും കുറുപ്പും കൂടി സമ്പാദിച്ചതെത്രയാണെന്നോ? വെറും 37. കേരളീയര്‍ക്കെല്ലാം കൂടി അറുപത്തെട്ടേ കിട്ടിയിട്ടുള്ളൂ; പിന്നെയാണ്!

ജനിച്ചു പോയ സംസ്ഥാനവും ജാതിയും കാരണം ഞാന്‍ പിന്നേയും തഴയപ്പെട്ടു. സാരമില്ല, അടുത്ത തവണ നോക്കാം.

Tuesday, January 27, 2009

അക്ഷന്തവ്യം

കാര്യങ്ങളെല്ലാം അറിഞ്ഞു കൊണ്ട് ആരെങ്കിലും സ്വന്തം മക‍ന് ചാള്‍സ് ശോഭരാജ് എന്നു പേരിടുമോ?

ആറ്റുനോറ്റൊരു സിനിമ പിടിച്ചാല്‍ അതിനാരെങ്കിലും മായാബസാര്‍ എന്നോ പരുന്ത് എന്നോ രൌദ്രം എന്നോ വീണ്ടും പേരു നല്‍കുമോ?

കാറുകള്‍ക്ക് പേരിടുമ്പോഴും ചില സാമാന്യബുദ്ധിയൊക്കെ നാം നിര്‍മ്മാതാക്കളില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. നിര്‍മ്മാതാക്കള്‍ റ്റാറ്റ ആവുമ്പോള്‍ പ്രത്യേകിച്ചും. ഇന്നത്തെക്കാലത്ത് ആരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കരുത് എന്നതിന്‍റെ തെളിവല്ലേ അവര്‍ തങ്ങളുടെ കാറിന് വിസ്റ്റ എന്ന് പേരിട്ടിരിക്കുന്നത്?

ഒരു പക്ഷേ അവരാരും ആദ്യം പുറത്തിറങ്ങിയ വിസ്റ്റയുടെ പൈറേറ്റഡ് കോപ്പി പോലും ഉപയോഗിച്ചിട്ടുണ്ടാവില്ല. ഈ പ്രാവശ്യം ക്ഷമിച്ചിരിക്കുന്നു. ഇനി ആവര്‍ത്തിക്കരുത്.

Sunday, January 25, 2009

ഡിപ്രഷന്‍ സര്‍വൈവല്‍

സത്യത്തില്‍, ഭയപ്പെടുത്തുന്ന നമ്പരുകള്‍ക്കിടയില്‍ സ്വയം ജീവിക്കേണ്ടി വന്നപ്പോഴാണ് ആ അനുഭവം ബാക്കിയാക്കുന്ന ആഘാതത്തിന്‍റെ ആഴമറിയുന്നത്.

പ്രതീക്ഷിച്ചതു പോലെ, വഴിയാധാരമാക്കിയവന്‍ അവന്‍റെ പുതുക്കിയ ജാതകം അയച്ചുതന്നു. അതു കണ്ടപ്പോഴാണ് ജോലിയില്‍ നിന്നു പറഞ്ഞുവിടപ്പെടുന്നവര്‍ എന്തൊക്കെ ചെയ്യണം എന്നു ലിസ്റ്റു ചെയ്യുന്ന വല്ല റിസോഴ്സും ഉണ്ടോ എന്നു അന്വേഷിച്ചിറങ്ങിയത്. അന്വേഷണം അവസാനിച്ചത് ഇവിടെ:
Depression 2.0 Survival Guide [...] provides hard-hitting, up-to-date, practical strategies, analysis, and tips to help high tech professionals to survive and beat Depression 2.0. It’s published monthly. To subscribe to the Depression 2.0 Survival Guide and receive daily post update, please go to www.GeekMBA360.com to subscribe.

ജോലി നഷ്ടപ്പെട്ടവര്‍ക്ക് അത് വീണ്ടെടുക്കാനാവട്ടെ എന്ന പ്രാര്‍ത്ഥനയാണ് ഇപ്പോള്‍.

Friday, January 23, 2009

ഭയപ്പെടുത്തുന്ന നമ്പരുകള്‍

500, 1100, 1300, 1900, 2400, 2950, 4000, 5000, 5000, ...

ഈ നമ്പരുകള്‍ കണ്ടിട്ട് നിങ്ങള്‍ക്ക് എന്തെങ്കിലും തോന്നുന്നുണ്ടോ? ഈ സീരീസിലെ അടുത്ത നമ്പര്‍ കണ്ടു പിടിക്കാനുള്ള പസിലല്ല.

ഇതാ, ഇപ്പൊഴോ?

Oracle cuts 500 North American jobs | AMD cutting 1100 jobs - and salaries | 1300 Sun employees receive layoff notices | Dell to cut 1900 jobs in Ireland | EMC to lay off 2400 | Seagate slashes salaries, lays off 2950 | Motorola to cut 4000 more jobs as cellphone sales collapse by half | Microsoft slashing up to 5000 jobs | Ericsson to cut 5000 jobs as profit falls...

നേരത്തേ പറഞ്ഞതില്‍ നിന്നും വിപരീതമായി കഴിഞ്ഞയാഴ്ച സംഭവബഹുലമായിരുന്നു. തിങ്കള്‍ മുതല്‍ കൂടെയുള്ളവര്‍ വാട്ടര്‍ കൂളര്‍ ടോക്ക് തുടങ്ങിയിരുന്നു. വ്യാഴാഴ്ച രാവിലെ ഡയറക്ടര്‍ വിളിപ്പിച്ചു. “എവിടെയെങ്കിലും വച്ചു കാണാം!” എന്നു പറയാനാവുമെന്നു കരുതി എന്തു വന്നാലും ഇമോഷന്‍സ് പുറത്തുകാണിക്കരുത് എന്ന് ദൃഢനിശ്ചയം ചെയ്ത് കാണാന്‍ ചെന്നു. എന്‍റെ കീഴില്‍ ജോലി ചെയ്യുന്ന അഞ്ചു പേരില്‍ ആരെയെങ്കിലും അടുത്ത ദിവസം ഫയറു ചെയ്യാന്‍ തയ്യാറാണോ എന്നാണ് മൂപ്പര്‍ക്ക് അറിയേണ്ടത്.

ഹ്യൂമന്‍ റൊസോഴ്സസ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ അഡ്വൈസ് പ്രകാരം ഫയറിംഗ് നടക്കില്ല. ആറുമാസമെങ്കിലും ഫയറിംഗിനായി തയ്യാറെടുക്കണം. പെര്‍ഫോമന്‍സ് മോശമെന്നു പറഞ്ഞിരിക്കണം. ഇം‍പ്രൂവു ചെയ്യാനുള്ള നിര്‍ദ്ദേശങ്ങള്‍ കൊടുത്തിരിക്കണം. ഇം‍പ്രൂവ് ചെയ്യുന്നില്ല എന്ന് ഒന്നുരണ്ടു വട്ടമെങ്കിലും പറഞ്ഞിരിക്കണം. “നീയാളു കേമനാണല്ലോ” എന്ന് ഒരിക്കല്‍ പോലും പറഞ്ഞിരിക്കരുത്... ഞാനല്ലേ മോന്‍? എന്‍റെ ടീമില്‍ ഇങ്ങനെയൊന്നും ഉണ്ടായിട്ടില്ല. (ഇതൊക്കെ എന്‍റെ കമ്പനിയിലെ നിയമങ്ങളാണ്; പേരില്‍ മൂന്നക്ഷരം മാത്രമായതിന്‍റെ ഊറ്റമാവാം.)

അടുത്ത ഓപ്ഷന്‍ ലേ ഓഫ് ആണ്. അതിന് ലേ ഓഫ് പായ്ക്കേജ് കൊടുക്കണം. ഉള്ളതില്‍ മോശക്കാരനെ കണ്ടു പിടിച്ചു. നാലുമാസത്തെ ശമ്പളം കൊടുത്തിട്ട് പുറത്തേയ്ക്കുള്ള വഴി കാണിച്ചു കൊടുത്തു. (ഇവിടെ ഇമോഷന്‍സ് കാണിക്കരുതെന്ന് ഹ്യൂമന്‍ റൊസോഴ്സസിന്‍റെ കര്‍ശന ഉത്തരവുണ്ടായിരുന്നു.) കക്ഷിക്കു നല്ലതു വരട്ടെ എന്ന് ആശംസിച്ചു. എന്നെങ്കിലും ആളെയെടുക്കുന്നുണ്ടെങ്കില്‍ ആദ്യം അറിയിക്കാമെന്ന് ഉറപ്പുകൊടുത്തു.

ഒരു തമാശ കേട്ടിട്ടുണ്ട്. ഒരാള്‍ പെരുമഴയത്ത് കുടയില്ലാതെ ഓടുകയാണ്. മറ്റൊരാള്‍ക്ക് സഹാനുഭൂതി തോന്നി കുടയില്‍ കയറ്റി.

“ഇത്രയും മഴക്കാറുണ്ടായിട്ടും ഒരു കുട കരുതാത്തതെന്ത്?”
“മഴ പെയ്യുമെന്ന് കരുതിയില്ല. I didn't see it coming!”
“അതു ശരി. അപ്പോള്‍ രാവിലെ മുതല്‍ മാറാതെ നില്‍ക്കുന്ന മഴക്കാറൊന്നും കാണുന്നുണ്ടായിരുന്നില്ലേ?”
“ഇല്ല. ഞാന്‍ മുഴുവന്‍ സമയവും ഓഫീസിനകത്തായിരുന്നു!”
“എന്താണ് ജോലി? പെരുവെള്ളം പെരുവുവോളം ജോലിയ്ക്കിരുത്തിയ മുതലാളിയാര്?”
“ഇവിടുത്തെ റ്റീവി സ്റ്റേഷനിലെ കാലാവസ്ഥാപ്രവാചകനാണു ഞാന്‍!”

എന്തു പ്രവചനം നടത്തിയാലും ജോലി പോകാത്ത രണ്ടു കൂട്ടരാണല്ലോ കാലാവസ്ഥാപ്രവാചകരും ധനതത്വശാസ്ത്രഞ്ജന്മാരും. ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ പ്രത്യേകിച്ചും.

ജോലിയുള്ളവര്‍ക്ക് അതു നഷ്ടപ്പെടാതിരിക്കട്ടെ.

Friday, January 16, 2009

താനേ വളരുന്ന വിസ്മയം

കഴിഞ്ഞ ദിവസം കേട്ട ‘കണി കാണും താരം നിന്‍റെ കണ്ണില്‍ ദീപമായി സഖീ’ എന്നു തുടങ്ങുന്ന സിനിമാ പാട്ടിലെ രണ്ടു വരികള്‍ ഇതാ. ഈ യുഗ്മ ഗാനം ഏതു സിനിമയിലേതാണെന്ന് അറിയില്ല. പെണ്ണു പാടുന്ന വരികളാണ്:

തനിച്ചെന്‍റെ മാറില്‍ തളിര്‍ക്കുന്നു കാലം
നീയതിന്‍ പ്രേമമാം തേനരുവീ...


‘ഭാഗവതം’ വായിച്ചെഴുന്നേറ്റ അച്ഛനോട് രാസക്രീഡയുടെ അര്‍ത്ഥം ചോദിച്ചു. അന്ന് ആറാം ക്ലാസില്‍ പഠിക്കുകയാണ്. ഉത്തരം എന്തോ പറഞ്ഞു തന്നു. എന്തായിരുന്നുവെന്ന് ഓര്‍മ്മയില്ല.

ഈ പാട്ടു കേട്ട് അര്‍ത്ഥം ചോദിക്കാന്‍ എനിക്കൊരു ആറാം ക്ലാസുകാരന്‍ ഇല്ലാത്തതു മഹാഭാഗ്യം. ഉണ്ടായിരുന്നെങ്കില്‍ ആദ്യവരി വ്യാഖ്യാനിച്ച് എന്‍റെ അടപ്പൂരിയേനെ. ഇതാ ഒരു ശ്രമം:

തനിച്ച് - ആരുടേയും സഹായമില്ലാതെ
എന്‍റെ മാറില്‍ - നായികയുടെ മാറില്‍
തളിര്‍ക്കുന്നു - എന്തൊക്കെയോ വളരുന്നു
കാലം - ദിവസവും വളരുന്നുണ്ട്. അതിനാല്‍ ഉത്തരവാദി കാലം തന്നെ.

ചില പഴയ മലയാളം പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ എത്ര ഭംഗിയായി ദ്വയാര്‍ത്ഥം പ്രയോഗിച്ചിരിക്കുന്നു എന്നു ഞാന്‍ ആലോചിച്ചു പോകാറുണ്ട്. എവിടുന്നോ നേദിച്ചുകൊണ്ടുവന്ന ഇളനീര്‍ക്കുടം ഉടയ്ക്കുന്നതാണോ ഒരു പ്രകോപനവുമില്ലാതെ കാണെക്കാണെ മാറ് വളരുന്നതാണോ ഉദാത്ത സാഹിത്യം എന്നറിയാതെ പകച്ചു നില്‍ക്കുകയാണ് ഗാനാസ്വാദകന്‍.

Wednesday, January 14, 2009

തനിരൂപം

സാമ്പത്തിക മാന്ദ്യം കാരണം രാവിലെ ന്യൂസ് വായിക്കാനേ തോന്നുന്നില്ല എന്ന് മുമ്പൊരു പോസ്റ്റില്‍ പറഞ്ഞിരുന്നല്ലോ.

Commentator's Curse എന്നു പറഞ്ഞതു പോലെ, അതാ, വായിച്ചു ചിന്തിക്കാന്‍ പറ്റിയ മറ്റൊരു മാന്ദ്യം ന്യൂസ്:

Google cuts temporary workers but murky on details

എന്താ ഇത്ര ചിന്തിക്കാനെന്നല്ലേ? ഇതു വായിച്ചോ?
The filing to the Securities and Exchange Commission was submitted on Dec. 15, but it was made on paper, leaving it unavailable through the various Web services that track reports to the agency.
നമ്മള്‍ എല്ലാവരും നമ്മുടെ എല്ലാ വിവരവും ഗൂഗിളിന് കൊടുക്കണമെന്നാണ് ഗൂഗിള്‍‍ പ്രതീക്ഷിക്കുന്നത്. എന്നാലല്ലേ നമ്മുടെ ഗുഹ്യരോഗത്തിന്‍റെ ട്രെന്‍റ് ഗൂഗിളിന് ഗ്രാഫാക്കാനൊക്കൂ. (ഫ്ലൂ ഗുഹ്യരോഹമല്ലെന്ന് എനിക്കറിയാം; അടുത്ത ട്രെന്‍റ് ഗുഹ്യരോഗത്തിന്‍റേതാണെന്ന് സൂചിപ്പിച്ചെന്നേയുള്ളൂ.) എന്നാല്‍, സ്വന്തം കാര്യം വരുമ്പോള്‍ വിവരം ആരും എളുപ്പം അറിയരുതെന്ന് ഗൂഗിളിന് നിര്‍ബന്ധമുണ്ട്. അമ്മച്ചീ, നമിച്ചു!

Monday, January 12, 2009

ബ്രേക്ക് പാഡ്

ഇന്ന് ഭൂമിമലയാളത്തില്‍ ഏറ്റവും വിലക്കുറവ് എന്തിനാണെന്നറിയാമോ? മറ്റൊന്നിനുമല്ല; ബ്രേക്ക് പാഡിനു തന്നെ.

കഴിഞ്ഞ ദിവസം കണ്ട സിനിമയില്‍ മെര്‍ക് ഇ-ക്ലാസ് സെഡാനും മറ്റു വില കൂടിയ വണ്ടികളെല്ലാം ഓടി വന്ന് ചീറിപ്പാഞ്ഞ് നില്‍ക്കുന്നു. എന്നിട്ട് ആ ധൃതി വണ്ടിയില്‍ നിന്ന് ഇറങ്ങുമ്പോഴോ, ഇറങ്ങി അടുത്ത പ്രവൃത്തി തുടരുമ്പോഴോ ഇല്ല. ഉദാഹരണത്തിന്, പാഞ്ഞുവന്ന് ബ്രേക്കുരച്ച് ശബ്ദം കേള്‍പ്പിച്ച് നിര്‍ത്തിയ ബെന്‍സില്‍ നിന്നിറങ്ങി വരുന്നത് എഴുപതിനടുത്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മധുവും കവിയൂര്‍ പൊന്നമ്മയും. ഇങ്ങനെ ചവിട്ടി നിറുത്തിയാല്‍ ബ്രേക്ക് പാഡ് അടിച്ചു പോകില്ലേ? പണമുള്ളവന് എന്ത് അഹങ്കാരവും ആവാമല്ലോ, അതുകൊണ്ടാവും. പ്രായം ചെന്നവര്‍ സഞ്ചരിക്കുമ്പോഴെങ്കിലും ഇത്തരം ഹീനത ഒഴിവാക്കിക്കൂടേ? അവര്‍ മുന്നോട്ടു തെറിച്ച് വണ്ടിയുടെ മുന്‍ വശത്തെ ചില്ലു തകര്‍ത്ത് വണ്ടിക്കുമുന്നില്‍ത്തന്നെ വീണ് കയ്യും കാലുമൊടിഞ്ഞ് ജീവച്ഛവം പോലെയാവുന്നതു കാണാന്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടും എന്നു കരുതാന്‍ വയ്യ. മധുവും കവിയൂര്‍ പൊന്നമ്മയുമായതിനാല്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലെന്നു സമാധാനിക്കാം. എന്നാലും സീനിയര്‍ സിറ്റിസന്‍ ആള്‍ക്കാരോട് എന്തിനീ ക്രൂരത?

ഇനി ബ്രേക്ക് പാഡിന്‍റെ കാര്യത്തിലേയ്ക്കു വരാം. സാധാരണ ഗതിയില്‍ തന്നെ നാലുകൊല്ലം കൂടുമ്പോള്‍ ബ്രേക്ക് പാഡുകള്‍ മാറണം. മലയാള സിനിമക്കാര്‍ സിനിമയില്‍ ഓടിക്കുന്നതു പോലെ വണ്ടിയോടിച്ചാല്‍ വര്‍ഷം തോറും മാറിയാലേ പറ്റൂ. ഈ വണ്ടികളുടെ ബ്രേക്ക് പാഡുകള്‍ മാറുന്നതിന്‍റെ ചെലവ് ഏകദേശം അഞ്ഞൂറു ഡോളറോ അതിനു മുകളിലോ ആണ്. OEM-ന്‍റെ കയ്യില്‍ നിന്നല്ലാതെ വാങ്ങിയാല്‍ പോലും ഇരുനൂറ് ഡോളറെങ്കിലുമാവും. കള്ളനെ പിടിക്കാനോടുന്ന പോലീസ് ജീപ്പോ എമര്‍ജന്‍സിയിലേയ്ക്കു പോകുന്ന കാറോ ഇങ്ങനെ ഓടി വന്ന് ബ്രേക്ക് പിടിച്ച് ബ്രേക്ക് പാഡ് നശിപ്പിക്കുന്നത് മനസ്സിലാക്കാം. കാല്‍നടക്കാരനെ ഇടിയ്ക്കാതിരിക്കാന്‍ ചവിട്ടി നിറുത്തുന്നതും പിടികിട്ടും. വൃദ്ധസദനത്തിലെ അന്തേവാസികളെ വഹിക്കുന്ന വാഹനങ്ങളും ധൃതിവച്ച് ഓടണോ? ഓടുന്നതു പോട്ടെ, ധൃതിവച്ചു നിറുത്തണോ?

സിനിമാക്കാര്‍ കാണിക്കുന്നതെല്ലാം അനുകരിക്കാന്‍ വെമ്പി നില്‍ക്കുന്ന ജനത്തിനെ, തീര്‍ത്തും അനാവശ്യമായി, എന്തിനാണാവോ ഇത്തരം ദുര്‍വ്യയത്തിനു പ്രോത്സാഹിപ്പിക്കുന്നത്? സിനിമയില്‍ ജീപ്പും കാറും സാധാരണ പോലെ ബ്രേക്കിടുന്ന നല്ല നാളേയ്ക്കു വേണ്ടി നമുക്ക് കൂട്ടായി പ്രാര്‍ത്ഥിക്കാം.

Saturday, January 10, 2009

ബുക്ക് റിപ്പബ്ലിക്ക്

ബുക്ക് റിപ്പബ്ലിക്കിന് ആശംസകള്‍!

പൊതുവേ ബ്ലോഗ് കൂട്ടായ്മകളോട് എനിക്ക് താല്പര്യമില്ല. നൂറുപേര്‍ എഴുതിവിട്ട കാര്യം വീണ്ടു എഴുതുന്നതില്‍ താല്പര്യവുമില്ല. അപ്പോള്‍ നിങ്ങള്‍ ചോദിക്കും എന്തിനാ ബുക്ക് റിപ്പബ്ലിക്കിനെപ്പറ്റി ഇങ്ങനെ ഒരു പോസ്റ്റെന്ന്. കാരണമുണ്ടെന്നേ!

മമ്മൂട്ടി ബ്ലോഗറായതില്‍ ആമോദവും ആവേശവും ആനന്ദവും ആരാധനയും ആകാംക്ഷയും ആഘോഷവും ആദരവും ആന്ദോളനവും ആയാസവും ആകുലതയും ആക്ഷേപവും ആശങ്കയും ആശ്ചര്യവും ആഘാതവും ആഹ്ലാദവും മറ്റും മറ്റും പ്രകടിപ്പിച്ച് പ്രശസ്തരായവരും അല്ലാത്തവരുമായ ബ്ലോഗര്‍മാര്‍ രംഗത്തു വന്നിരുന്നല്ലോ. (കൈപ്പള്ളി പിണങ്ങരുത്; ഞാന്‍ തമാശ പറഞ്ഞതല്ലേ?)

എന്തുകൊണ്ട് ഞാന്‍ അതേപ്പറ്റി ഒരു പോസ്റ്റിട്ടില്ല?

കാരണങ്ങള്‍ പ്രധാനമായും രണ്ടാണ്. പണ്ടേ എനിക്ക് മമ്മൂട്ടിയെ മോഹന്‍‍ലാലിനോളം പഥ്യമല്ല. കാവ്യയും മമ്മൂട്ടിയും എന്ന പോസ്റ്റ് വായിച്ചവര്‍ക്ക് അത് ചിലപ്പോള്‍ മനസ്സിലായിക്കാണില്ല. എന്നാല്‍ പ്രധാന കാരണം അതല്ല.

എനിക്ക് തരി പ്രയോജനമില്ല. അതു തന്നെ പ്രധാനകാരണം.

മമ്മൂട്ടി ബ്ലോഗിയാലെന്ത്, ഇല്ലെങ്കിലെന്ത്? മമ്മൂട്ടിയുടെ എക്കണോമിക് അവലോകനം വായിച്ചു പ്രബുദ്ധനാവാന്‍ മാത്രം എനിക്ക് തലക്കിറുക്കൊന്നുമില്ല. മമ്മൂട്ടി വോട്ടു ചെയ്യാന്‍ പറഞ്ഞില്ലെങ്കിലും ഞാന്‍ വോട്ടു ചെയ്യും. മറ്റുള്ളവരെക്കൊണ്ട് വോട്ട് ചെയ്യിക്കുകയും ചെയ്യും. ഇതൊക്കെ മമ്മൂട്ടി പറഞ്ഞിട്ടുവേണോ പഠിക്കാന്‍?

ഇപ്പോള്‍ പിടികിട്ടിയില്ലേ ഗുട്ടന്‍സ്? ഈ ബ്ലോഗിന്‍റെ വലതുഭാഗത്തു കാണുന്ന അറിയിപ്പ് നിങ്ങള്‍ കണ്ടുകാണും. ഇക്കാര്യം ബുക്ക് റിപ്പബ്ലിക്കുകാരെ കാണുകയാണെങ്കില്‍ പറഞ്ഞേക്കണേ.

(എത്രയാ ചാര്‍ജ്ജെന്നു വച്ചാല്‍ നമുക്ക് ശരിയാക്കാമെന്നേ. റെയിന്‍‍ബോയ്ക്ക് ചീത്തപ്പേരായിപ്പോയി. അതുകൊണ്ടാ ഈ പൊല്ലാപ്പ്. സഹകരിക്കണേ!)

Friday, January 9, 2009

ബെയിലൌട്ട്

സാമ്പത്തിക മാന്ദ്യം കാരണം രാവിലെ ന്യൂസ് വായിക്കാനേ തോന്നുന്നില്ല. വാര്‍ത്ത വായിച്ചാലല്ലേ നിരാശയുള്ളൂ. നാം കേള്‍ക്കാത്ത വാര്‍ത്ത വാര്‍ത്തയല്ലല്ലോ.

അപ്പോഴതാ, സ്നേഹമഴപോലെ ഒരു വാര്‍ത്ത വായുവിലൂടെ ഒഴുകി വരുന്നു:
In an announcement that launched a thousand unprintable puns, adult-entertainment moguls Larry Flynt and Joe Francis said Wednesday that they are asking Washington for a $5 billion federal bailout, claiming that the porn business is suffering from the soft economy.

Hustler's Larry Flynt and "Girls Gone Wild's" Joe Francis say it's the adult entertainment industry's turn for a bailout. The Congress must "rejuvenate the sexual appetite of America," they claimed.
എക്കണോമിക്ക് ഇത് ‘ഹാര്‍ഡ് ടൈംസ്’ ആണല്ലോ. ‘ചിന്നിച്ചിതറി’പ്പോവുന്നതിനു തൊട്ടുമുമ്പ് (അവസാന നിമിഷം) ‘ബെയിലൌട്ട്’ നടത്തുന്നത് ചിലപ്പോഴെങ്കിലും നല്ലതാണ്. ഇതാ, അതിന്‍റെ ഉത്തമോദാഹരണം.

ടാക്സ് കൊടുക്കുന്നവന്‍റെ പണം ഇങ്ങനെയുള്ള നല്ലകാര്യങ്ങള്‍ക്ക് ചെലവഴിക്കുന്നതിന് രണ്ടാമതാലോചിക്കേണ്ടുന്ന കാര്യമെന്ത്?

Monday, January 5, 2009

മനതാരില്‍ നീയാണ്, സുന്ദരീ!

വര്‍ഷാന്ത്യത്തില്‍ ക്ടാവിന്‍റെ തമാശകളിലൊന്ന് പബ്ലിക്കാക്കിയിരുന്നല്ലോ. അധികമായാല്‍ അമൃതും വിഷം എന്നറിയാമെങ്കിലും ഇതാ ഫ്രെഷായിട്ട് ഒരെണ്ണം കൂടി.

ക്രിസ്മസ് കഴിഞ്ഞ് 75% വിലക്കുറച്ച് ക്രിസ്മസ് ഡെക്കറേഷനുകള്‍ വില്‍ക്കുന്ന കടകളില്‍ കയറിയിറങ്ങവേ* ഹോം ഡിപ്പോയിലുമെത്തി. ക്ടാവിന് വായിക്കാനറിയില്ലാത്തതിനാല്‍ ശ്രീമതി ഇപ്പോള്‍ കൊണ്ടു പിടിച്ച പഠിപ്പീരാണ്. ഹോം ഡിപ്പോ കണ്ടയുടനേ ചോദ്യം:

“മോനൂ, red കളറില്‍ big അക്ഷരത്തില്‍ എഴുതിയിരിക്കുന്നതെന്തെന്ന് വായിക്കുമോ?”
“That's not red color, അമ്മാ!”
“എന്തെങ്കിലും കളറാകട്ടെ, നീ വായിക്ക്.”

കുഞ്ഞാട് ഉത്സാഹഭരിതനായി: “H-O-M-E D-E-P-O-T”

“അങ്ങനെ spell ചെയ്താല്‍ എങ്ങനെ read ചെയ്യും?”
“ഹേമ ദീപക്!”
“ങേ?” ഞെട്ടിയത് ഞാനും ശ്രീമതിയും ഒരുമിച്ച്!

ക്ടാവിന്‍റെ പ്രീ-സ്കൂള്‍ ക്ലാസില്‍ ഈയിടെ ചേര്‍ന്ന കൊച്ചു സുന്ദരിയാണ് ഹേമ ദീപക് എന്ന് പ്രത്യേകം പറയേണ്ടല്ലോ.

* ക്രിസ്മസ് കഴിഞ്ഞിട്ട് എന്തിനാണ് ക്രിസ്മസ് ഡെക്കറേഷന്‍ വാങ്ങുന്നത് എന്നു ചോദിക്കുന്നവര്‍ക്ക്: ഇത് അവസാനത്തെ ക്രിസ്മസ് ഒന്നുമല്ല. അമേരിക്കയില്‍ 2010 വരേയും ലോകം മുഴുവന്‍ 2012 വരേയും ക്രിസ്മസ് ഉണ്ടാവും എന്ന കാര്യം മറക്കരുത്.

Saturday, January 3, 2009

പത്രം വായിക്കുന്ന കാക്കാത്തിമാര്‍

അമ്മേ,

സുഖമാണെന്ന് വിശ്വസിക്കുന്നു. അമേരിക്കയില്‍ എന്തൊക്കെയോ തകര്‍ന്നുവീണെന്നും അത് വീണ്ടും കെട്ടിപ്പൊക്കുന്നതു വരെ മകന് ജോലിസംബന്ധിയായ മാനസികവിഷമം വരുമെന്നും ചിലപ്പോള്‍ വീട്ടിലിരുന്ന് ജോലിചെയ്യേണ്ടി വരുമെന്നും ഒരു കാക്കാത്തി അമ്മയുടെ കൈ നോക്കിപ്പറഞ്ഞതായി സൂചിപ്പിച്ചല്ലോ. ഇവിടെ അത്രയ്ക്ക് പ്രശ്നമൊന്നുമില്ല.

അമ്മയുടെ സോഡിയാക് സൈന്‍ Gemini ആണല്ലോ. (അറിയില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ മനസ്സിലാക്കുക.) ജെമിനി ഒരു പോസിറ്റീവ് സൈന്‍ ആണ്. പോസിറ്റീവ് സൈനുള്ളവരുടെ ഒരു വീക്ക്നെസ് എന്താണെന്നു വച്ചാല്‍ അവര്‍ക്ക് ഈ കാക്കാത്തിമാരിലും മറ്റുമുള്ള വിശ്വാസം വളരെക്കൂടുതലാണ് എന്നതത്രേ. കാക്കാത്തി മുറ്റത്തുവന്ന് “അമ്മാ...” എന്നു വിളിക്കുമ്പോഴേയ്ക്കും ഒരു പുല്‍‍പായുമായി മുറ്റത്തിറങ്ങി “നീ പറയടീ!” എന്നു ധൃതി പിടിക്കുന്നത് ഈ രോഗത്തിന്‍റെ ലക്ഷണമാണ്.

അതുമല്ല, കാക്കാത്തിമാരെല്ലാം തന്നെ flattery effect-ന്‍റെ പ്രവര്‍ത്തനം കാരണം കഞ്ഞികുടിമുട്ടാതെ ജീവിക്കുന്നവരാണ്. കൈനോട്ടക്കാരും കാക്കാത്തിമാരും വന്നിട്ട്, “അമ്മേ, അമ്മയെപ്പോലൊരമ്മയെ കാണാന്‍ കിട്ടില്ലെന്നും, അമ്മ കനിവിന്‍റേയും ഔദാര്യതയുടേയും കേദാരമാണെന്നും ദീനാനുകമ്പയും ആശ്രിതവാത്സല്യവും അമ്മയെക്കഴിഞ്ഞിട്ടേ ഈ ഭൂമിമലയാളത്തില്‍ മറ്റാര്‍ക്കെങ്കിലുമുള്ളുവെന്നും അമ്മ ഭാഗ്യവതിയും സുകൃതം ചെയ്തവളുമാണെന്നും നാത്തൂന്മാരോടും മരുമക്കളോടും ഇത്രയും സ്നേഹസമ്പന്നയായി പെരുമാറുന്ന മറ്റൊരു സ്ത്രീയെ കണ്ടുകിട്ടാന്‍ പ്രയാസമാണെന്നും” മറ്റും പറയുമ്പോള്‍ അമ്മയുടെ മുഖത്തുവിടരുന്ന നാണവും ആഹ്ലാദവും സംതൃപ്തിയും അഭിമാനവും തെല്ലൊരഹങ്കാരവുമില്ലേ? അതൊക്കെ flattery effect ഏശി എന്നതിന്‍റെ തെളിവാണ്.

ചുരുക്കിപ്പറഞ്ഞാല്‍, ഫ്ലാറ്ററി ഇഫക്ടും പോസിറ്റീവ് സൈനും ഒത്തു വന്നതു കൊണ്ടാണ് ആ കാക്കാത്തി പറഞ്ഞതെല്ലാം വിശ്വസനീയമാണെന്ന് അമ്മയ്ക്ക് തോന്നുന്നത്. അല്ലാതെ ഈ പറയുന്ന തരത്തിലുള്ള മാനസികവിഷമമൊന്നും ഇവിടെയില്ല. സ്റ്റോക്ക് മാര്‍ക്കറ്റ് എന്നു പറയുന്നത് കെട്ടിടമൊന്നുമല്ലെന്നും അത് കെട്ടിപ്പൊക്കുന്നതു വരെ ജോലി ചെയ്യാന്‍ ഇടമില്ലെന്ന് കരുതേണ്ടെന്നും അടുത്ത തവണ വരുമ്പോള്‍ ആ കാക്കാത്തിയോട് പറഞ്ഞേക്കണം.

മറ്റു വിശേഷമായിട്ടൊന്നുമില്ല. അവളും അവനും സുഖമായിരിക്കുന്നു.

എന്ന് സ്വന്തം,
ഞാന്‍.

Thursday, January 1, 2009

പഴകിയ മുന്നറിയിപ്പുകള്‍ (2009)

(2008-ലെ മുന്നറിയിപ്പുകളുടെ വിജയത്തെത്തുടര്‍ന്ന് ഈ പരിപാടി തുടരനാക്കാന്‍ തീരുമാനിച്ചിരിക്കുന്നു.)

കേരളത്തിലെ രാഷ്ട്രീയവിലയിരുത്തല്‍
‘ബുജി’യല്ലാത്തതു കൊണ്ട് എന്നെക്കണ്ടാല്‍ വലതുപക്ഷമാണെന്നു തോന്നുമോ?

തരൂര്‍ സാറിനെ തോല്പിക്കാന്‍ ഒരു ബ്ലോഗ് കഠിനശ്രമം നടത്തിക്കൊണ്ടിരുന്നപ്പോള്‍
ഹോളി എന്ന പേരില്‍ ഒരു സെക്രട്ടറി ഉണ്ടായിരുന്നെങ്കില്‍... തിരുവനന്തപുരത്ത് ഇലക്ഷന് നില്‍ക്കാമായിരുന്നു.

കൈപ്പള്ളി സാര്‍ എന്‍റെ എഴുത്തിനെ സ്വാധീനിക്കാന്‍ ശ്രമിച്ചപ്പോള്‍
“ചെല്ല ബ്ലോഗ് നന്നാവുന്നുണ്ടു്. കുറച്ചുകൂടി സമയമെടുത്ത് ദൃതി കൂട്ടാതെ നല്ല വിഷയങ്ങള്‍ തിരഞ്ഞെടുത്തു് എഴുതണം”

-ഒഴുക്കിനൊപ്പത്തെപ്പറ്റി ഒരു പ്രമുഖ ബ്ലോഗര്‍

(ഒഴുക്കിനൊപ്പത്തെപ്പറ്റിയുള്ള നിങ്ങളുടെ പ്രതികരണവും ഇവിടെ പ്രസിദ്ധീകണ യോഗ്യമാണോ എന്നു പരിശോധിക്കാന്‍ ഉണ്ണിയുമായി ഈമെയിലില്‍ ബന്ധപ്പെടുക.)

കൈപ്പള്ളി സാറിന്‍റെ പുസ്തക പ്രദര്‍ശനം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍:
ഇന്ന് ദുര്‍ഗ്ഗാഷ്ടമി. കൈപ്പള്ളി സാര്‍ നടത്തുന്ന പ്രദര്‍ശനത്തില്‍ ഇന്നാണ് എന്‍റെ പുസ്തകങ്ങളുടെ പടം വന്നത്. എന്നു കരുതി ഞാന്‍ നിങ്ങള്‍ വിചാരിക്കുന്ന ആളല്ല.

പഴയ എഴുത്തുകാര്‍ ഉണ്ണിയെ ശല്യം ചെയ്തു തുടങ്ങിയപ്പോള്‍:
ഈ ബ്ലോഗ് വായിക്കുന്ന പ്രമുഖരില്‍ കൈപ്പള്ളി സാര്‍, കോറോത്ത്, അനോണി ആന്‍റണി, പാമരന്‍, സിബു സാര്‍, പ്രിയ, ആഷ എന്നിവര്‍ ഉള്‍പ്പെടുന്നു. നിങ്ങള്‍ക്കും ഇവരെപ്പോലെ പ്രമുഖരിലൊരാളാവണ്ടേ? തുടര്‍ന്നും വായിക്കുക.