Thursday, July 31, 2008

കാവ്യയും മമ്മൂട്ടിയും

മലയാളത്തിലെ സിനിമാഭിനേതേക്കാളുടെ ഇന്‍റര്‍വ്യൂ കേള്‍ക്കുന്നത് ഒരു വിചിത്രാനുഭവം തന്നെയാണ്. അഭിനയിച്ച എല്ലാം നല്ലവേഷങ്ങളായിട്ടുള്ള ചിലര്‍, ഗലീലിയോ, ഒഥല്ലോ, ക്ലിയോപാട്ര എന്നിവരെ അഭിനയിച്ചു ഫലിപ്പിക്കാന്‍ കൊതിച്ചു നടക്കുന്നവര്‍, താന്‍ പണ്ടു പറഞ്ഞ തമാശ ആവര്‍ത്തിച്ചു പ്രേക്ഷകരെ വീണ്ടും ചിരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍, നിര്‍ത്താതെ സംസാരിച്ചു തലവേദന കൂട്ടുന്നവര്‍, അങ്ങനെ നടീനടന്മാര്‍ പലവിധം.

എന്നാല്‍, നാട്യങ്ങളില്ലാതെ, ഹൃദയം തുറന്നു സംസാരിക്കുന്നത് കാവ്യാ മാധവന്‍ മാത്രം. Genuine straight talk. അഭിമുഖത്തില്‍ യാതൊരഭിനയവുമില്ല. ആലോചിച്ചുഴിഞ്ഞ്, അളന്നു കുറിച്ച്, പറയണോ പറയേണ്ടേ എന്ന് ശങ്കിച്ച് സംസാരിക്കുന്ന ഭൂരിപക്ഷത്തില്‍ നിന്നും വളരെ അകലെയാണ് കാവ്യയുടെ സ്ഥാനം.

എന്നാല്‍ മമ്മൂട്ടിയോ? എന്തൊക്കെയോ അഗാധമായാലോചിച്ച്, ചിന്തയുടെ മണിമുത്തുകളെന്ന ഭാവേന പാതി വിഴുങ്ങിപ്പറയുന്ന വാചകങ്ങള്‍ പലപ്പോഴും വെറും പൊള്ളയാണ്. പറയുന്നത് ആത്മാര്‍ത്ഥമാണോ അല്ലയോ എന്ന സംശയം സദാ പ്രേക്ഷകരില്‍ ഉയര്‍ത്തുന്നതരം സംഭാഷണരീതി.

നടന്‍ എന്ന നിലയില്‍ മമ്മൂട്ടിയെ എനിക്കിഷ്ടമാണെന്നും കാവ്യ എന്ന നടിയെ എനിക്ക് അത്ര പഥ്യമല്ലെന്നും കൂടി പറഞ്ഞാലേ ഈ കുറിപ്പ് പൂര്‍ണ്ണമാവൂ.

1 comment:

ആഷ | Asha said...

കാവ്യയുടെ കാര്യം ശരിയെന്നു തോന്നിയിട്ടുണ്ട്. മമ്മൂട്ടിയുടെ അഭിമുഖങ്ങൾ ഒന്നും തന്നെ ഓർമ്മയില്ല.
2-3 മാസം മുന്നേ ഒരു എഷ്യാനെറ്റ് സുപ്രഭാതത്തിൽ ഒരു പുതുമുഖനായികയുടെ അഭിമുഖം കണ്ടിരുന്നു. ആ കുട്ടിയും ഒട്ടും നാട്യമില്ലാത്ത സംസാരമായിരുന്നു. പേരറിയില്ല. സിനിമയുടെ പേരും ഓർമ്മ വരുന്നില്ല. തിലകനുള്ള സിനിമയായിരുന്നു.