Tuesday, November 17, 2009

പരിപ്പ് ‘വേവു’ന്നില്ല

വേവിനെ ഒന്നു കാണാം, രണ്ടുവാക്കു പറയാം എന്നൊക്കെ കരുതി കുറേ നാളായി ഒരു ക്ഷണത്തിനു വേണ്ടി തെണ്ടി നടന്നതാണ്. ഈ തെണ്ടിയെ മറ്റൊരു തെണ്ടിയും മൈന്‍ഡു ചെയ്യുന്നില്ല. സിനിമ കാണാതെ നിരൂപണമെഴുതി തകര്‍ക്കുന്ന കാലമാണ്. പിന്നെ എന്തുകൊണ്ട് എനിക്കായിക്കൂട? വേവുകാണാതെ വെന്തിട്ടില്ല എന്നു പറയുന്നതില്‍ തെറ്റില്ല. അതുകൊണ്ടു ആ പരിപ്പ് അത്രയ്ക്കങ്ങട് വേവുന്നില്ല അഥവാ വെന്തിട്ടില്ല എന്നൊരു തോന്നല്‍.

ഞാന്‍ പറയുന്നതാണേല്‍ മുന്‍‍വരാഗ്യം എന്നെക്കൊണ്ടു പറയിച്ചതാണെന്ന് പറഞ്ഞുപരത്തും പാണന്മാര്‍. റേ ഓസ്സി പറഞ്ഞാല്‍ അസൂയ അങ്ങോരെക്കൊണ്ട് പറയിച്ചതാണെന്ന് പറഞ്ഞുപരത്തും പുള്ളുവന്മാര്‍. ഫേക്ക് സ്റ്റീവ് ജോബ്സ് പറഞ്ഞാല്‍ അടുത്തകാലത്തുണ്ടായ സംഭവങ്ങള്‍ സ്റ്റീവിനെ സ്വാധീനിച്ചെന്നു പറയും പറയന്മാര്‍.

പണ്ടാരമടങ്ങാന്‍! പിന്നെ ഞാന്‍ ആരെക്കൊണ്ട് പറയിപ്പിക്കും?

അതിനാണോ ഇത്ര വലിയ കാര്യം. മുകളില്‍ പറഞ്ഞ താരങ്ങളെപ്പോലെ ആധികാരികമായി പറയാന്‍ കിഡ്നിയുള്ള മൂന്നു പേരെ കണ്ടെത്തി അവരെക്കൊണ്ട് പറയിപ്പിക്കുക.

ഡണ്‍ ഡീല്‍...

എന്നെപ്പോലെ മലയാളം ബ്ലോഗു രംഗത്ത് ക്രെഡിബിലിറ്റിയുള്ള ഒരാളിനെത്തേടി നടന്നപ്പോള്‍ കാലില്‍ തടഞ്ഞത് പൊന്‍‍കുന്നം. അല്ല, പൊന്‍‍രത്നം. മറ്റാരുമല്ല, നമ്മുടെയെല്ലാം അഭിമാനഫാജനമായ (ഫ!) രഞ്ജിത് അവറാച്ചന്‍. അവറാച്ചന്‍ പറഞ്ഞാല്‍ അതില്‍ പിന്നെ തെറ്റില്ല; കുറ്റമില്ല. അദ്ദേഹം തന്‍റെ മാരകായുധമായ റ്റ്വിറ്ററിലൂടെ ലോകത്തോടു പറഞ്ഞു:

“ഗൂഗിള്‍ വേവ് വെറുതെ ഊതി പെരുപ്പിച്ചതാണ്... വേവ് കൊണ്ട് യാതൊരു ഉപയോഗവും ഇതുവരെ എനിക്ക് കണ്ടു പിടിക്കാനായില്ല.”

ഇവിടം കൊണ്ട് നിറുത്തിയിരുന്നെങ്കില്‍ സഹിക്കാമായിരുന്നു. അദ്ദേഹം തുടര്‍ന്ന് ഇംഗ്ലീഷ് ഭാഷയില്‍ ഉദ്ഘോഷിക്കുന്നു:

“atlast found a use for wave... "share the torrents"...”

ഇനി റേ ഓസ്സി ലെവലിലുള്ള ഒരാളിനെത്തപ്പിയായി അലച്ചില്‍. ജീവിതകാലം മുഴുവന്‍ ഒരു പ്രതിഭയായി തിളങ്ങിനിന്ന് ലോട്ടസ് നോട്ട്സ്, ഗ്രൂവ് തുടങ്ങിയ അദ്ഭുതാവഹങ്ങളായ സം‍രംഭങ്ങളില്‍ തുടങ്ങി അവസാനം മൈക്രോസോഫ്റ്റിന്‍റെ നാലുമതിലുകളില്‍ അടയ്ക്കപ്പെട്ടുപോയ ഒരു പോരാളി. ആരുണ്ട് നമുക്കിടയില്‍ റേ ഓസ്സിയെപ്പോലൊരാള്‍?

അധികം അന്വേഷിക്കേണ്ടി വന്നില്ല. മലയാളം ബൈബിള്‍, നിഘണ്ടു തുടങ്ങിയ അദ്ഭുതാവഹങ്ങളായ സം‍രംഭങ്ങളില്‍ തുടങ്ങി അവസാനം ചിത്രകാരന്‍, തറവാടി എന്നിവരുടെ തെറിവിളികേള്‍ക്കേണ്ടി വന്ന മലയാളി. മറ്റാരുണ്ട് നമുക്കിടയില്‍ കൈപ്പള്ളിയെപ്പോലൊരാള്‍? ഗൂഗിളെന്നല്ല, യാഹൂവിനെപ്പോലും പച്ചത്തെറി വിളിച്ചിട്ടുള്ള കൈപ്പള്ളി സന്ദേഹിച്ചു:

“Google Wave വേവുമോ?” എന്ന ചോദ്യത്തില്‍ തുടങ്ങി, “കഴിഞ്ഞ മൂന്നു മാസമായി ഗൂഗിൾ വേവിനെ എല്ലാരും ചേർന്ന് വേവിച്ചു പരീക്ഷിക്കുകയാണല്ലോ. ഇന്നുവരെ ഇതു് ചുവ്വെ ഓടിതുടങ്ങിയിട്ടില്ല. ഒരു അരമണിക്കൂറിൽ നാലു തവണ re-start ചേണ്ട ഏതൊരു ഏർപ്പാടിയും എനിക്ക് ഇഷ്ടമുള്ള പരിപാടിയല്ല.” എന്ന ഉത്തരത്തില്‍ കൈപ്പള്ളി എത്തിച്ചേര്‍ന്നത് എത്ര അനായാസമാണ്!

എന്നു മാത്രമോ, വേവാത്ത വേവിനെ വേവിക്കാന്‍ അദ്ദേഹം നാലിന ഊര്‍ജ്ജിത പരിപാടിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. (കാരണം, അതു നടക്കില്ല, ഇതു നടക്കില്ല എന്നു പറഞ്ഞു നടക്കുന്നത് കൈപ്പള്ളിയുടെ സ്വഭാവമല്ല. എന്തു ചെയ്താല്‍ നടക്കും എന്നു നിര്‍ദ്ദേശിക്കുന്ന ഒരേ ഒരു മലയാളിയാണ് കൈപ്പള്ളി.)

മൂന്നില്‍ രണ്ടു പേരായി.

അടുത്ത ലക്ഷ്യം: ഫേക്ക് സ്റ്റീവിന്‍റെ പ്രതിപുരുഷനെ മലയാളം ബ്ലോഗില്‍ നിന്നും കണ്ടെത്തുക എന്നതാണ്. വര്‍ഷങ്ങളോളം ചിന്താ നിര്‍ഭരങ്ങളായ പോസ്റ്റുകളെഴുതി ഒറിജിനല്‍ സ്റ്റീവിനു തലവേദനയായിരുന്ന മഹാന്‍. അവസാനം സ്വന്തം ആള്‍ക്കാരുടെ ചതിയാല്‍ പിടിയ്ക്കപ്പെട്ട യുദ്ധവീരന്‍. വായനക്കാരുടെ രോമാഞ്ചം. ഐഡന്‍റിറ്റി പുറത്തായിട്ടും സ്യൂഡോ പേരില്‍ എഴുതുന്ന പരിഷ്കാരി. ഇതുപോലൊരാള്‍ മലയാളം ബ്ലോഗിലുണ്ടോ?

ഉണ്ടോന്ന്‌! പിന്നില്ലേ? അതല്ലേ നമ്മുടെ കമ്പ്ലീറ്റ് അനോണി ആന്‍റണിച്ചായന്‍. വേവിച്ചിട്ടും വേവാത്ത വേവ് എന്ന ആന്‍റണിയുടെ വേവലാതി അസ്ഥാനത്താണെന്നു കരുതരുത്.

“എടാ ഇപ്പോ ഇതുകൊണ്ട് ഇന്ന്, ഇപ്പോള്‍, ഇവിടെ നിനക്ക് എന്തു ചെയ്യാന്‍ പറ്റും?” എന്ന ചോദ്യത്തിന് ആന്‍റണി കണ്ടെത്തുന്ന ഉത്തരം ഏവരുടേയും കണ്ണു തുറപ്പിക്കാനുതകുന്നതാണ്:

“അറിഞ്ഞൂടണ്ണാ.”

അത്രേ ഞാനും പറയുന്നുള്ളൂ. വേവ് വേവുന്നില്ല. ഹൂയ്, ആരേലും വന്ന് തീ കൂട്ടിയിടണേ.

3 comments:

കല്യാണിക്കുട്ടി said...

:-)

കെ.ആര്‍. സോമശേഖരന്‍ said...

നമുക്ക് ശരിയാക്കാം.. ഒരു കൈ നോക്കട്ടെ

ഉണ്ണി said...

സോമശേഖരോ... നമുക്കെന്നു പറയുമ്പം ആര്‍ക്കായിട്ടു വരും?