Thursday, December 27, 2012

മുതലക്കണ്ണീര്‍

സചിന്‍ തെന്‍ഡുല്‍ക്കര്‍ എന്നു കേട്ടിട്ടുണ്ടോ? ഇന്ത്യാമഹാരാജ്യത്തെ ഒരു വലിയ സംഭവമാണ്. ഞാന്‍ പറഞ്ഞിട്ടു വിശ്വാസം വരുന്നില്ലെങ്കില്‍ തൊലിവെളുപ്പുള്ളവര്‍ പറയുന്നതു കേള്‍ക്കുക (12, 3). ഫെറാറിയുണ്ടെങ്കിലും ഓസിനു യാത്രചെയ്യും. എങ്കിലെന്ത്? ഓന്‍ കഴിഞ്ഞേ നമുക്കൊരു ആട്ടക്കാരനുള്ളൂ. (ആട്ടക്കാരന്‍ = batsman in Tamil.)

ഇത്രയുമൊക്കെ ആയിട്ടും പലര്‍ക്കും സചിന്‍ എന്നു കേട്ടാല്‍ തികട്ടിവരും. അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും പറഞ്ഞ് അവര്‍ നിങ്ങളെ ഗാംഗുലി/ദ്രാവിഡ് ഫാന്സ് ആക്കും. സചിന്‍റെ കളി പോരാത്രേ. ആ അസ്കിത മാറ്റാന്‍ ഒരു വഴിയുണ്ട്. ആദ്യ പടിയായി ഇതു വായിച്ചാല്‍ മതി.   പിന്നെയുള്ളത് പിന്നെ.

പറഞ്ഞുവന്ന കാര്യത്തിലേയ്ക്ക് വരാം. ലോകം മുഴുവന്‍ സചിന്‍റെ അപദാനങ്ങള്‍ വാഴ്ത്തിപ്പാടുമ്പോള്‍  കൂട്ടത്തില്‍പ്പാടിയേക്കാം എന്ന നിലയ്ക്ക് ഒരു വൈദ്യനാഥനും ഇറക്കി ഒരു ഓര്‍മ്മക്കുറിപ്പ്: സചിന്‍ എന്‍റെ കളിത്തോഴന്‍ എന്ന പേരില്‍. (പരിഭാഷയില്‍ പരിഭവമരുത്. പരഭാഷാ പരിജ്ഞാനം പരിമിതമാണ്.) എഴുത്തിന്‍റെ പോക്കുകണ്ടിട്ട്  മേല്‍പ്പടിക്കാരനും ഞാനും ഒരേ പ്രായമാവാനാണു സാദ്ധ്യത. നൊസ്റ്റാള്‍ജിയയും ജോലിയോടുള്ള വിരോധവും ക്രിക്കറ്റുപ്രേമവും ഒക്കെ എന്നെപ്പോലെ തന്നെ. ആദ്യവായനയില്‍ ലേഖനം ഞാനാണോ എഴുതിയത് എന്നുപോലും ശങ്കിച്ചു.

ഇതു വായിച്ചശേഷം കനത്ത മനസ്സും കറുത്ത മുഖവുമായി ഞാന്‍ ചെന്നെത്തിയതോ സിദ്ധാര്‍ത്ഥ വൈദ്യനാഥന്‍ തന്നെ കോറിയിട്ട ഇരുപതാണ്ടിന്‍ മാന്ത്രികം (പരിഭാഷയെപ്പറ്റി മുകളില്‍ പറഞ്ഞത് വീണ്ടും വായിക്കുക) എന്ന ഈ ലേഖനത്തില്‍. കരയിപ്പിക്കാതെടാ കഴുവേറീ എന്നു പറയണമെന്ന സ്ഥിതിയായി.

അതും കഴിഞ്ഞു ചെന്നത് പുലിമടയില്‍ തന്നെ. വെറുതേയിരിക്കുമ്പോള്‍ ബ്ലോഗുന്ന വൈദ്യന്‍റെ സ്വന്തം ബ്ലോഗില്‍. അവിടെ അദ്ദേഹം ഡിസംബര്‍ 23-ന് എഴുതിപ്പിടിപ്പിച്ചതെന്താണെന്നോ? സചിനെ ഇന്ത്യന്‍ ടീമില്‍ നിന്നും തഴയണമെന്ന്.  ആ പറഞ്ഞ നാവിനാണ് വിരമിക്കല്‍ വാര്‍ത്ത കേട്ടയുടന്‍ സചിന്‍ പുന്നാരമനുഷ്യനായത്. മരണശേഷം ബാല്‍ താക്കറേ മഹത്മജിയെ കടത്തിവെട്ടിയതിലും അക്രമമായിപ്പോയി ഇത്.

എന്തെരെടേ ഇത് വൈദ്യനാഥാ ഇങ്ങനെ മുതലക്കണ്ണീരൊക്കുന്നത്? പണ്ട് ബുഷ് പറഞ്ഞതു പോലെ, ഒന്നുകില്‍ നീ സചിന്‍റെ ടീമില്‍ അല്ലെങ്കില്‍ നീ എതിര്‍പക്ഷം. രണ്ടു ടീമിലും കൂടെ കളിക്കല്ലേടേ വൈദ്യ... നാഥാ! നിന്നെ നമ്മള്‍ സചിന്‍ ഫാന്‍സ് എല്ലാരും കൂടെ കളിപഠിപ്പിക്കുമേ!


1 comment:

Babu Kalyanam said...

:)

ഓഫ്‌ : ഹ ഹ.. ദര്‍ശന ടി വി ക്കാര്‍ ഇത്തിരി മുന്‍പേ വിളിചിരുന്നേല്‍ ഉണ്ണി നേരത്തെ തിരിച്ചെത്തിയേനെ :)
(അതോ ഒഴുക്ക് ഇപ്പോള്‍ ബ്ലോഗ്ഗിനു അനുകൂലമായോ)