Sunday, November 23, 2008

ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞര്‍

ഒന്ന്

കൂട്ടുകാരന്‍റെ മകനും (മൂത്തവന്‍) എന്‍റെ മകനും (ഇളയവന്‍) തമ്മില്‍ ഒരേ അടി. മൂത്തവന്‍ ഇളയവനിട്ട് ചെറുതായിട്ടൊന്നു കൊടുത്തു. അതുകണ്ട് മൂത്തവന്‍റെ അമ്മ ഓടിച്ചന്ന് തന്‍റെ മകനോട്: “എടാ, നീയെന്തിനാടാ ആ കൊച്ചിനെയിട്ട് തല്ലുന്നത്?”
മൂത്തവന്‍: “അമ്മേ this is my toy, he wants it now.”
മൂത്തവന്‍റെ അമ്മ: “എടാ അവനോ നീയോ മൂത്തത്? നീ അത് അവന് കൊട്. അവന്‍ കളിച്ചിട്ട് തിരിച്ചു തരും.”
മൂത്തവന്‍: “It is not my fault that I was born first.”

രണ്ട്

35 മൈല്‍ സ്പീഡുള്ള വൈന്‍ഡിംഗ് റോഡിലൂടെ 50-ല്‍ വിട്ടുവരികയായിരുന്നു. മാമ്പഴം എന്ന കവിതയാണ് കാറ് പാടിക്കൊണ്ടിരിക്കുന്നത്. പിറകിലെ കാര്‍ സീറ്റില്‍ നിന്നും മകന്‍റെ സംശയം:

“അച്ഛാ, സ്പീഡി പോവ്വാണോ?”
മകന്‍റെ പതിവില്ലാത്ത ചോദ്യം കേട്ട് ആദ്യം ഒന്ന് അമ്പരന്നു. പിന്നെ ചോദിച്ചു: “മോന് സ്പീഡില്‍ പോണതാണോ പതുക്കെ പോണതാണോ ഇഷ്ടം?”
മകന്‍: “സ്പീഡി പോണം.”

മകനെ മാതൃകാപൌരനായി വളര്‍ത്താനുള്ള ഈയവസരം അമ്മ വിടുമോ? അമ്മ ഇടയ്ക്കു കയറി പറഞ്ഞു: “മോനേ, സ്പീഡില്‍ പോയാല്‍ ബൂബു ആവൂല്ലേ?”
മകന്‍: “ബ്ലഡ് വര്വോ?”

ചോദ്യം കഴിഞ്ഞതും, “വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളേ, ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍” എന്ന വരി എത്തി. എന്‍റെ കാല്‍ അറിയാതെ ബ്രേക്കിലമര്‍ന്നു.

1 comment:

ആഷ | Asha said...

ഈ രണ്ടു മക്കളും (കൂട്ടുകാരന്റെ മോനും നിങ്ങടെ മോനും) തമ്മിലുള്ള ഇടി തുടർന്നു കൊണ്ടേയിരിക്കുന്നൂല്ലേ.

മൂത്തവന്റെ ഡയലോഗ് കലക്കീ.
താങ്കളുടെ ബ്രേക്ക് ചവിട്ടലും.