Saturday, January 3, 2009

പത്രം വായിക്കുന്ന കാക്കാത്തിമാര്‍

അമ്മേ,

സുഖമാണെന്ന് വിശ്വസിക്കുന്നു. അമേരിക്കയില്‍ എന്തൊക്കെയോ തകര്‍ന്നുവീണെന്നും അത് വീണ്ടും കെട്ടിപ്പൊക്കുന്നതു വരെ മകന് ജോലിസംബന്ധിയായ മാനസികവിഷമം വരുമെന്നും ചിലപ്പോള്‍ വീട്ടിലിരുന്ന് ജോലിചെയ്യേണ്ടി വരുമെന്നും ഒരു കാക്കാത്തി അമ്മയുടെ കൈ നോക്കിപ്പറഞ്ഞതായി സൂചിപ്പിച്ചല്ലോ. ഇവിടെ അത്രയ്ക്ക് പ്രശ്നമൊന്നുമില്ല.

അമ്മയുടെ സോഡിയാക് സൈന്‍ Gemini ആണല്ലോ. (അറിയില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ മനസ്സിലാക്കുക.) ജെമിനി ഒരു പോസിറ്റീവ് സൈന്‍ ആണ്. പോസിറ്റീവ് സൈനുള്ളവരുടെ ഒരു വീക്ക്നെസ് എന്താണെന്നു വച്ചാല്‍ അവര്‍ക്ക് ഈ കാക്കാത്തിമാരിലും മറ്റുമുള്ള വിശ്വാസം വളരെക്കൂടുതലാണ് എന്നതത്രേ. കാക്കാത്തി മുറ്റത്തുവന്ന് “അമ്മാ...” എന്നു വിളിക്കുമ്പോഴേയ്ക്കും ഒരു പുല്‍‍പായുമായി മുറ്റത്തിറങ്ങി “നീ പറയടീ!” എന്നു ധൃതി പിടിക്കുന്നത് ഈ രോഗത്തിന്‍റെ ലക്ഷണമാണ്.

അതുമല്ല, കാക്കാത്തിമാരെല്ലാം തന്നെ flattery effect-ന്‍റെ പ്രവര്‍ത്തനം കാരണം കഞ്ഞികുടിമുട്ടാതെ ജീവിക്കുന്നവരാണ്. കൈനോട്ടക്കാരും കാക്കാത്തിമാരും വന്നിട്ട്, “അമ്മേ, അമ്മയെപ്പോലൊരമ്മയെ കാണാന്‍ കിട്ടില്ലെന്നും, അമ്മ കനിവിന്‍റേയും ഔദാര്യതയുടേയും കേദാരമാണെന്നും ദീനാനുകമ്പയും ആശ്രിതവാത്സല്യവും അമ്മയെക്കഴിഞ്ഞിട്ടേ ഈ ഭൂമിമലയാളത്തില്‍ മറ്റാര്‍ക്കെങ്കിലുമുള്ളുവെന്നും അമ്മ ഭാഗ്യവതിയും സുകൃതം ചെയ്തവളുമാണെന്നും നാത്തൂന്മാരോടും മരുമക്കളോടും ഇത്രയും സ്നേഹസമ്പന്നയായി പെരുമാറുന്ന മറ്റൊരു സ്ത്രീയെ കണ്ടുകിട്ടാന്‍ പ്രയാസമാണെന്നും” മറ്റും പറയുമ്പോള്‍ അമ്മയുടെ മുഖത്തുവിടരുന്ന നാണവും ആഹ്ലാദവും സംതൃപ്തിയും അഭിമാനവും തെല്ലൊരഹങ്കാരവുമില്ലേ? അതൊക്കെ flattery effect ഏശി എന്നതിന്‍റെ തെളിവാണ്.

ചുരുക്കിപ്പറഞ്ഞാല്‍, ഫ്ലാറ്ററി ഇഫക്ടും പോസിറ്റീവ് സൈനും ഒത്തു വന്നതു കൊണ്ടാണ് ആ കാക്കാത്തി പറഞ്ഞതെല്ലാം വിശ്വസനീയമാണെന്ന് അമ്മയ്ക്ക് തോന്നുന്നത്. അല്ലാതെ ഈ പറയുന്ന തരത്തിലുള്ള മാനസികവിഷമമൊന്നും ഇവിടെയില്ല. സ്റ്റോക്ക് മാര്‍ക്കറ്റ് എന്നു പറയുന്നത് കെട്ടിടമൊന്നുമല്ലെന്നും അത് കെട്ടിപ്പൊക്കുന്നതു വരെ ജോലി ചെയ്യാന്‍ ഇടമില്ലെന്ന് കരുതേണ്ടെന്നും അടുത്ത തവണ വരുമ്പോള്‍ ആ കാക്കാത്തിയോട് പറഞ്ഞേക്കണം.

മറ്റു വിശേഷമായിട്ടൊന്നുമില്ല. അവളും അവനും സുഖമായിരിക്കുന്നു.

എന്ന് സ്വന്തം,
ഞാന്‍.

6 comments:

പ്രിയ said...

ഹഹഹ.
അത് ശരി. അതപ്പോ ഈ സോഡ്യാക് സൈനിന്റെ കൊഴപ്പാരുന്നല്ലേ. പാവം അമ്മയെ എന്തോരും കളിയാക്കി :)
ആ റിപ്പോര്ട്ട് മൊത്തം വായിച്ചൊന്നൂല്ലാട്ടോ. അതിലും എളുപ്പം ഏതേലും കാക്കാലത്തിയോടു ചോദിക്കുകയാ :) അല്ല പിന്നേ

ഈ ഫ്ലാറ്ററിക്കപ്പുരം ഒത്തിരി മാനസികപ്രശ്നങ്ങള് വരെ ഇമ്മാതിരി അമ്മമാര്ക്ക് ഉണ്ടാക്കി കൊടുത്ത കൈനോട്ടക്കാര്‍ ഉണ്ട്.

Kaithamullu said...

ഉണ്ണീടെ സോഡിയാക് സൈന്‍ എന്താന്നേ പറഞ്ഞേ?
(ഇവ്ടെ ഒരു കാക്കാലത്തി ഉണ്ടായിരുന്നത് വിസിറ്റില്‍ അങ്ങ് വന്നിട്ടുണ്ടേയ്....)

ഉണ്ണി പറയുന്ന ഫ്ലാറ്ററിയാണൊ അവിടെ തകര്‍ന്ന് വീണത്?
(അതിന്റെ അവശിഷ്ടങ്ങള്‍ ഇവിടേം വീണ് കിടക്കുന്നുണ്ടേയ്!)

പ്രയാണ്‍ said...

ഇതിന്റെ ഒരു കോപ്പി അമ്മക്കയച്ചു കൊടുത്തിട്ടുണ്ടോ....അതൊ ഇവിട്യെത്തി വായിച്ചു കൊള്ളുമോ...പാവം മനസ്സമാധാനത്തോടൊന്നൊറങ്ങിക്കോട്ടെ..ഒരമ്മയുടെ വേവലാതികള്‍ ഒരമ്മക്കല്ലെ മനസ്സിലാവൂ.....

Babu Kalyanam said...

manoramaonlnil vannallo: courtesy berly!!!

ഉണ്ണി said...

ഹ, അതു കൊള്ളാമല്ലോ. അല്ലേലും ബെര്‍ളി ചോദിച്ചാല്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ? ഒഴുക്കിനൊപ്പത്തെപ്പറ്റി മനോരമയില്‍ കൊടുത്തോട്ടേയെന്നും അതിനു പൈസവാങ്ങുമോയെന്നും ബെര്‍ളി ഫോണ്‍ ചെയ്ത് ചോദിച്ചിരുന്നു. ഞാന്‍ ആയിക്കോട്ടേയെന്നു പറഞ്ഞു. മനോരമയ്ക്കാണെങ്കില്‍ ഈയൊരെണ്ണത്തിനു പൈസ വേണ്ടെന്നും പറഞ്ഞു.

നിങ്ങളു തന്നെ പറയൂ. സൌഹൃദമല്ലേ വലുത്?

പകല്‍കിനാവന്‍ | daYdreaMer said...

ഇനി ഞാനും കൂടി പറഞ്ഞില്ലേല്‍ അമ്മ വിശ്വസിച്ചില്ലെങ്കിലോ ...
അമ്മേടെ മോന്‍ പറയണതെല്ലാം സത്യവായിട്ടും കള്ളമാ...ഇതു ഉടനെ എങ്ങും ശരിയാവാന്‍ പോണ ലക്ഷണം കാണുന്നില്ലാ... എന്തിനാ പാവം കക്കാതിമാരുടെ കഞ്ഞികുടി മുട്ടിക്കുന്നെ...