Monday, January 12, 2009

ബ്രേക്ക് പാഡ്

ഇന്ന് ഭൂമിമലയാളത്തില്‍ ഏറ്റവും വിലക്കുറവ് എന്തിനാണെന്നറിയാമോ? മറ്റൊന്നിനുമല്ല; ബ്രേക്ക് പാഡിനു തന്നെ.

കഴിഞ്ഞ ദിവസം കണ്ട സിനിമയില്‍ മെര്‍ക് ഇ-ക്ലാസ് സെഡാനും മറ്റു വില കൂടിയ വണ്ടികളെല്ലാം ഓടി വന്ന് ചീറിപ്പാഞ്ഞ് നില്‍ക്കുന്നു. എന്നിട്ട് ആ ധൃതി വണ്ടിയില്‍ നിന്ന് ഇറങ്ങുമ്പോഴോ, ഇറങ്ങി അടുത്ത പ്രവൃത്തി തുടരുമ്പോഴോ ഇല്ല. ഉദാഹരണത്തിന്, പാഞ്ഞുവന്ന് ബ്രേക്കുരച്ച് ശബ്ദം കേള്‍പ്പിച്ച് നിര്‍ത്തിയ ബെന്‍സില്‍ നിന്നിറങ്ങി വരുന്നത് എഴുപതിനടുത്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മധുവും കവിയൂര്‍ പൊന്നമ്മയും. ഇങ്ങനെ ചവിട്ടി നിറുത്തിയാല്‍ ബ്രേക്ക് പാഡ് അടിച്ചു പോകില്ലേ? പണമുള്ളവന് എന്ത് അഹങ്കാരവും ആവാമല്ലോ, അതുകൊണ്ടാവും. പ്രായം ചെന്നവര്‍ സഞ്ചരിക്കുമ്പോഴെങ്കിലും ഇത്തരം ഹീനത ഒഴിവാക്കിക്കൂടേ? അവര്‍ മുന്നോട്ടു തെറിച്ച് വണ്ടിയുടെ മുന്‍ വശത്തെ ചില്ലു തകര്‍ത്ത് വണ്ടിക്കുമുന്നില്‍ത്തന്നെ വീണ് കയ്യും കാലുമൊടിഞ്ഞ് ജീവച്ഛവം പോലെയാവുന്നതു കാണാന്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടും എന്നു കരുതാന്‍ വയ്യ. മധുവും കവിയൂര്‍ പൊന്നമ്മയുമായതിനാല്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലെന്നു സമാധാനിക്കാം. എന്നാലും സീനിയര്‍ സിറ്റിസന്‍ ആള്‍ക്കാരോട് എന്തിനീ ക്രൂരത?

ഇനി ബ്രേക്ക് പാഡിന്‍റെ കാര്യത്തിലേയ്ക്കു വരാം. സാധാരണ ഗതിയില്‍ തന്നെ നാലുകൊല്ലം കൂടുമ്പോള്‍ ബ്രേക്ക് പാഡുകള്‍ മാറണം. മലയാള സിനിമക്കാര്‍ സിനിമയില്‍ ഓടിക്കുന്നതു പോലെ വണ്ടിയോടിച്ചാല്‍ വര്‍ഷം തോറും മാറിയാലേ പറ്റൂ. ഈ വണ്ടികളുടെ ബ്രേക്ക് പാഡുകള്‍ മാറുന്നതിന്‍റെ ചെലവ് ഏകദേശം അഞ്ഞൂറു ഡോളറോ അതിനു മുകളിലോ ആണ്. OEM-ന്‍റെ കയ്യില്‍ നിന്നല്ലാതെ വാങ്ങിയാല്‍ പോലും ഇരുനൂറ് ഡോളറെങ്കിലുമാവും. കള്ളനെ പിടിക്കാനോടുന്ന പോലീസ് ജീപ്പോ എമര്‍ജന്‍സിയിലേയ്ക്കു പോകുന്ന കാറോ ഇങ്ങനെ ഓടി വന്ന് ബ്രേക്ക് പിടിച്ച് ബ്രേക്ക് പാഡ് നശിപ്പിക്കുന്നത് മനസ്സിലാക്കാം. കാല്‍നടക്കാരനെ ഇടിയ്ക്കാതിരിക്കാന്‍ ചവിട്ടി നിറുത്തുന്നതും പിടികിട്ടും. വൃദ്ധസദനത്തിലെ അന്തേവാസികളെ വഹിക്കുന്ന വാഹനങ്ങളും ധൃതിവച്ച് ഓടണോ? ഓടുന്നതു പോട്ടെ, ധൃതിവച്ചു നിറുത്തണോ?

സിനിമാക്കാര്‍ കാണിക്കുന്നതെല്ലാം അനുകരിക്കാന്‍ വെമ്പി നില്‍ക്കുന്ന ജനത്തിനെ, തീര്‍ത്തും അനാവശ്യമായി, എന്തിനാണാവോ ഇത്തരം ദുര്‍വ്യയത്തിനു പ്രോത്സാഹിപ്പിക്കുന്നത്? സിനിമയില്‍ ജീപ്പും കാറും സാധാരണ പോലെ ബ്രേക്കിടുന്ന നല്ല നാളേയ്ക്കു വേണ്ടി നമുക്ക് കൂട്ടായി പ്രാര്‍ത്ഥിക്കാം.

3 comments:

Siju | സിജു said...

തമിഴ്‌ചിത്രമായ ബില്ല കണ്ടിരുന്നോ.. നയന്‍‌താര ബിക്കിനിയൊക്കെയിട്ടു വന്നത്..
അതിലൊരു രംഗമുണ്ട്. അജിതിനെ ആംബുലന്‍സില്‍ കൊണ്ടുപോകുമ്പോള്‍ നയന്‍ വന്ന് അജിതിനെ കടത്തികൊണ്ടുപോകുന്നത്. ചുള്ളത്തി നടന്ന് ആം‌ബുലന്‍സിനടുത്തേക്ക് വരുമ്പോള്‍ വഴിയില്‍ ഒരു കാര്‍ കിടക്കുന്നു. നമ്മളാണെങ്കില്‍ എന്താ ചെയ്യുക.. അതിന്റെ സൈഡില്‍ കൂട് നടന്നു പോകും. രക്ഷിക്കാന്‍ വരുന്നയാള്‍ അങ്ങിനെയായാല്‍ പറ്റില്ലല്ലോ.. അതു കൊണ്ട് രക്ഷക കാറിന്റെ ഡിക്കിയില്‍ കയറി അതു വഴി മുകളില്‍ കയറി ബോണറ്റ് വഴി ഇറങ്ങിവരും.

ബ്രേക്ക് പാഡും നയന്‍‌താരയുടെ കാറ് ചവിട്ടലും തമ്മിലുള്ള ബന്ധമെന്താണെന്നെന്നൊം ചോദിക്കരുത് :-)

സഞ്ചാരി said...

അണ്ണാ...പാവങ്ങള്‍ക്ക്‌ അറിയില്ലാഞ്ഞിട്ടല്ലല്ലോ..
നിര്‍മ്മാതാവിനെ ഊറ്റാന്‍ നടക്കുന്ന ഒതിരി നാറികള്‍ക്ക്‌ നടുവില്‍ നമ്മളെത്ര ശ്രമിച്ചാലും ആട്ടിന്‍ക്കുഞ്ഞാവാന്‍ പറ്റില്ല....

പിന്നെ സിജൂ,
അണ്ണാവരം പോലത്തേ തെലുങ്കു പടങ്ങള്‍ കണ്ടു നോക്കൂ..ഇങ്ങനെയും ഫ്രെയിം ഇത്ര എക്സ്റ്റ്രാവഗന്റ്‌ ആയി സെറ്റ്‌ ചെയ്യാം എന്നു നമ്മള്‍ അറിയും.....

ബിനോയ് said...

സിനിമയില്‍ ബ്രേക്ക് ഉരച്ചുള്ള പ്രകടനം കാണുമ്പോഴൊക്കെ, ഇവന്മാര്‍ക്കിത് നിര്‍ത്താറായില്ലേ എന്ന് ഞാനും വിചാരിക്കാറുണ്ട്. ഇതിന്‍റെ ഒരു സാങ്കേതികവശം പറയട്ടെ. ഇപ്പോഴിറങ്ങുന്ന വില കൂടിയ വണ്ടികളില്‍ എല്ലാം തന്നെ ABS (Anti-Lock Braking System) സംവിധാനമുള്ള ബ്രേക്ക് സിസ്ടമാണ് ഉപയോഗിക്കുന്നത്. മരിച്ചു ചവുട്ടിയാലും ശബ്ദമുണ്ടാകില്ല. ടയറിന്റെ rotation നില്ക്കുമ്പൊഴാണല്ലോ ശബ്ദമുണ്ടാകുന്നത്. ടയര്‍ നിശ്ചലമാകുന്ന അവസ്ഥ തടയുകയാണ് ABS ചെയ്യുന്നത്. ഇനി ശബ്ദമുണ്ടാക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ ഹാന്‍ഡ് ബ്രേക്ക് ഉപയോഗിക്കേണ്ടിവരും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ നോക്കാം.