Showing posts with label തമാശ. Show all posts
Showing posts with label തമാശ. Show all posts

Thursday, January 31, 2013

ആറെവിടെ മക്കളേ!

അട്ടയ്ക്കു കണ്ണും കുതിരയ്ക്കും കൊമ്പും മൈക്രോസോഫ്റ്റ് ഓഫീസിന് R-ല്‍ തുടങ്ങുന്ന ഒരു പ്രോഡക്റ്റും കൊടുക്കില്ല ദൈവം. കൊടുത്താല്‍!


R നിങ്ങള്‍ക്കായി അവതരിപ്പിച്ചത്: റിയല്‍ പ്ലയര്‍!

Saturday, November 6, 2010

വീടു വാങ്ങല്‍

കുറച്ചു നാളായി ഒരു വീട് അന്വേഷിച്ചു നടക്കുന്നു. അപ്പോഴാണ് ഈ ബോഡ് കാണുന്നത്.



ഇനി അമാന്തം വേണ്ട!

Monday, January 11, 2010

ഉണ്ണികളേ ഒരു കഥ പറയാം

സൈബര്‍ ജാലകത്തില്‍ നിന്നാണ് എന്നെപ്പോലെ മറ്റു മൂന്ന് ഉണ്ണിമാര്‍ ഈ ലോകത്തിലുള്ള കാര്യം ഞാന്‍ അറിയുന്നത്. നന്ദി, സൈബര്‍ വിന്‍ഡോ.

ഇങ്ങനെ മൂന്ന് ഉണ്ണികളുണ്ടെങ്കിലും ഞാനാണ് അസ്സല്‍ ഉണ്ണി. നല്ല പത്തരമാറ്റ്. മറ്റെല്ലാം വെറും മാറ്റുപണ്ടങ്ങള്‍. വായനക്കാര്‍ സൂക്ഷിക്കുമല്ലോ.

രണ്ടാമന്‍ വിടര്‍ന്ന, കൌതുകമുള്ള കൊച്ചു കണ്ണുകളുള്ള 50 വയസ്സുള്ള വെറുമൊരു കൊച്ചുമോന്‍. ഈ ചെറുപ്രായത്തില്‍ തന്നെ കക്ഷിയ്ക്ക് രണ്ട് ബ്ലോഗുകളുണ്ട്: ഒന്നും രണ്ടും.

മൂന്നാമനാണെങ്കിലോ, ഭയങ്കര ഗ്ലാമറസാണ്. എന്നെപ്പോലെതന്നെ ഒരു സദാചാര വിരുദ്ധന്‍.

വായനക്കാരുടെ എണ്ണത്തിലോ പോസ്റ്റുകളുടെ സ്റ്റാന്‍ഡേഡിലോ ഈ രണ്ട് ഉണ്ണികളും എന്‍റെ ഏഴയലത്തുവരില്ലെങ്കിലും വായനക്കാര്‍ ശ്രദ്ധിക്കണം. നിങ്ങളെ പറ്റിക്കാന്‍ എളുപ്പമാണെന്ന് അവര്‍ക്ക് രണ്ടുപേര്‍ക്കും അറിയാമെന്ന് തോന്നുന്നു.

Thursday, January 7, 2010

നാറിയ മദാമ്മകള്‍



ഛെ, നല്ലതായിരുന്നേല്‍ ഒരുകൈ നോക്കാമായിരുന്നു.

Monday, January 4, 2010

വെരി ഫണ്ണി

പുതുവര്‍ഷം കഴിഞ്ഞ് ആപ്പീസിലേയ്ക്കു കയറിയാല്‍ സായിപ്പന്മാര്‍ പെട്ടെന്ന് ഉണ്ണിത്താന്മാരാവും. പിന്നെ അവര്‍ക്ക് നമ്മുടെ ചരിത്രവും ഭൂമിശാസ്ത്രവുമെല്ലാം അറിയണം.

പതിവുള്ള കുശലാന്വേഷണമെല്ലാം കഴിഞ്ഞ് ഒന്നു മൂടുറപ്പിച്ചപ്പോഴാണ് മേഴ്സിയുടെ വരവ്. വന്നു കേറിയുടനേ അവള്‍ നടത്തിയ three-day ട്രിപ്പിനെപ്പറ്റി വാചകമടിയാരംഭിച്ചു. പകുതിയെത്തിയപ്പോള്‍ പുതുതായി കേള്‍വിക്കു കൂടിയ ഒരുവന്‍ ചോദിച്ചു:

“How was the trip?”
“It was a very funny trip!” മേഴ്സി പ്രതിവചിച്ചു.
“In a good way, right?” സായിപ്പിന്‍റെ ചോദ്യം മേഴ്സിക്കു പിടികിട്ടിയില്ല.

പണ്ട് ഹോം‍ലി ഗേളിന്‍റെ അര്‍ത്ഥം നോക്കിയതുപോലെ, Funny എന്നതിന്‍റെ അര്‍ത്ഥം എന്താണെന്നു നോക്കാം:
fun·ny [ fúnnee ]

adjective (comparative fun·ni·er, superlative fun·ni·est)

Definition:

1. comical: causing amusement, especially enough to provoke laughter

2. strange: odd or perplexing
That's funny, I can't find my keys.

3. unconventional: out of the ordinary in a quaint or comical way
a funny little doorway through an arch

4. unwell: nauseated, faint, or otherwise slightly ill (informal)

5. tricky: slyly deceitful and dishonest (informal)
Don't try anything funny, or I'll call the police.
ഫണ്ണി (funny) എന്നത് ഒരു ഫണ്ണി വാക്കാണ്. (മലയാളത്തിലെ പ, ഫ ആക്കിയതല്ല). “It was a fun trip” എന്നതിനു പകരമാണ് മേഴ്സി “it was a funny trip” എന്നു വച്ചു കാച്ചിയത്. അതു മനസ്സിലാക്കാത്തതാണ് സായിപ്പിനു പറ്റിയ തെറ്റ്. ഇതില്‍ comical എന്ന അര്‍ത്ഥമൊഴികെ ഒന്നും ട്രിപ്പിന് പാകമാവില്ല എന്ന ബോധമുള്ളതുകൊണ്ടാണ് സായിപ്പിന് “In a good way, right?” എന്നു ചോദിക്കേണ്ടി വന്നത്. ഇനി എത്രയോ കാര്യങ്ങള്‍ സായിപ്പ് നമ്മളില്‍ നിന്നും പഠിക്കാനിരിക്കുന്നു. ഇന്‍ഡ്യന്‍ ഇംഗ്ലീഷ് വീണ്ടും ജയിക്കട്ടെ!

Sunday, January 3, 2010

ന്യൂ ഈയര്‍ റെസല്യൂഷന്‍

2010-ല്‍ പുതിയൊരു സന്താനത്തിനു പ്ലാനിടുന്നതിനാല്‍ നേരത്തേ ഉറങ്ങുന്നതായി അഭിനയിക്കും. (എന്നാലേ ആദ്യ സന്താനം ഉറങ്ങിക്കിട്ടൂ.) അതിനാല്‍ ഇനി ഒരു അറിയിപ്പുണ്ടാവുന്നതു വരെ എല്ലാ പോസ്റ്റുകളും 10 PM എന്നതിനു പകരം 9 PM-ന് പ്രസിദ്ധീകരിക്കുന്നതാണ്.

ഈ സമയമാറ്റം മൂലം വായനക്കാര്‍ക്കുണ്ടാവുന്ന അസൌകര്യത്തിന് മാപ്പൊന്നും അപേക്ഷിക്കുന്നില്ല. സൌകര്യമുള്ളവര്‍ വായിച്ചാല്‍ മതി. ഹല്ല, പിന്നെ. (പണ്ടത്തെപ്പോലെയല്ല, ഇപ്പം വലിയ സെറ്റപ്പാണ്.)

Tuesday, December 29, 2009

അങ്കവും താളിയും

ബോസിന് ഒരു ന്യൂ ഈയര്‍ സമ്മാനം അന്വേഷിച്ചു നടക്കുകയായിരുന്നു. പെമ്പ്രന്നോത്തിക്ക് ക്രിസ്തുമസ് സമ്മാനം അന്വേഷിച്ചതോ കിട്ടിയില്ല. അവസാനം ബോസിനുള്ളത് കണ്ടെത്തി:



5.18 ഡോളര്‍ കളഞ്ഞ് ഇത് ബോസിന് കൊടുത്താല്‍ അങ്കവും കാണാം താളിയും ഒടിക്കാം.

Monday, December 28, 2009

ഓസ്ട്രേലിയന്‍ ഓന്തുകള്‍

നമ്മള്‍ വിചാരിക്കുന്നത് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് കളിക്കാര്‍ മാത്രമേ വിവരദോഷികളായിട്ടുള്ളൂ എന്നാണല്ലോ. എന്നാല്‍ അവിടുള്ള സകല അണ്ണന്മാരും സ്വഭാവദൂഷ്യമുള്ളവരാണ്, കേട്ടോ.

പാകിസ്ഥാനും ഓസ്ട്രേലിയയും തമ്മില്‍ ടെസ്റ്റ് കളി നടക്കുന്നു. രണ്ടു വിക്കറ്റ് പോയി നില്‍ക്കുന്ന സമയം. വിക്കറ്റ് 1: സൈമണ്‍ കാറ്റിച്ചിനെ മുഹമ്മദ് ആസിഫിന്‍റെ പന്തില്‍ കമ്രാന്‍ അക്മല്‍ പിടിച്ചു പുറത്താക്കി. വിക്കറ്റ് 2: റിക്കി പോണ്ടിംഗിനെ മുഹമ്മദ് ആമിറിന്‍റെ പന്തില്‍ പിടിച്ചത് സല്‍മാന്‍ ബട്ട്.

പൊതുവേ സ്കോറെഴുത്തുകാര്‍ last name ഉപയോഗിക്കുന്നവരായതിനാല്‍, നാം വിചാരിക്കുന്നത് സ്കോര്‍ ഇങ്ങനെ കാണുമെന്നാണല്ലോ:
Katich c Akmal b Asif 2
Ponting c Butt b Aamer 12
എന്നാല്‍ അതിബുദ്ധിമാന്മാരായ ഓസ്ട്രേലിയക്കാര്‍ ചെയ്തിരിക്കുന്നതു നോക്കൂ.



സ്കോര്‍ ബോഡില്‍ 13 തവണ last name ഉപയോഗിച്ചവര്‍ പന്തു പിടിച്ചവരുടെ മാത്രം first name മാത്രമേ ഉപയോഗിക്കൂ. എടേയ്, ഓന്തിന്‍റെ സ്വഭാവം കാണിക്കാതെ ഏതെങ്കിലും ഒരു തീരുമാനത്തില്‍ ഉറച്ചു നില്‍ക്കടേയ്...

Thursday, December 24, 2009

മാമ്പറ്റ



മാമ്പഴവും പാറ്റയും (ഈയാംപാറ്റ ആയാലും മതി) സമം സമം ചേര്‍ത്ത് തായ്‍ലന്‍റുകാര്‍ നിര്‍മ്മിക്കുന്ന ഹെര്‍ബല്‍ സോപ്പ്. ഈ സോപ്പുപയോഗിച്ചു കുളിച്ചാല്‍ കോട്ടും ടൈയും കെട്ടി നടക്കാന്‍ തോന്നും. മുടി കൊഴിയാന്‍ സാദ്ധ്യതയുള്ളതിനാല്‍ തലയില്‍ തേയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പ്രായമായ ആണുങ്ങള്‍ക്ക് സ്വതവേയുള്ള നാറ്റമകറ്റാന്‍ അത്യുത്തമം.

Sunday, December 20, 2009

ഒരേ ആള്‍ക്കാര്‍

ബ്ലോഗര്‍മാരായ മൊത്തം ചില്ലറ അരവിന്ദും പ്രസിദ്ധനായ ഒരു അനോണി ബ്ലോഗറും ഒരേ ആള്‍ക്കാരാണെന്നതിന് ഉണ്ണിയുടെ കൈവശം വ്യക്തമായ തെളിവുകള്‍ കിട്ടിയിട്ടുണ്ട്. ക്രിസ്തുമസ് ദിവസം, പതിവുപോലെ ലോക്കല്‍ സമയം രാത്രി 10 മണിക്ക് തെളിവ് പരസ്യമാക്കുന്നതാണ്.

ഇതിന്‍റെ പേരില്‍ അടിയും വഴക്കും ഉണ്ടാക്കാതെ എല്ലാവരും ശാന്തിയോടും സഹവര്‍ത്തിത്വത്തോടും സമാധാനപരമായി പെരുമാറണമെന്ന് അപേക്ഷിക്കുന്നു.

നന്ദി, നമസ്കാരം.

(അപ്ഡേറ്റ് 1 ഡിസംബര്‍ 20, 11 PM: ഇത് വെറും ചീപ്പ് തമാശമാത്രമായിരുന്നു. മാന്യമായി ജീവിക്കുന്ന അരവിന്ദിനെപ്പറ്റി എനിക്ക് ഒന്നും വെളിപ്പെടുത്താനില്ല. എവിടെയോ കേട്ട ജോക്ക് പ്രയോഗിക്കാന്‍ അരവിന്ദിനെ ഉപയോഗിച്ചതില്‍ ക്ഷമ ചോദിക്കുന്നു.)

(അപ്ഡേറ്റ് 2 ഡിസംബര്‍ 21, 1:20 PM: ഇത്രയുമായ സ്ഥിതിയ്ക്ക് പറയാന്‍ വന്ന ജോക്കും കൂടി പറയാം.

മൊത്തം ചില്ലറ അരവിന്ദും അനോണി ആന്‍റണിയും ഒരാളാണ്. ഇവര്‍ രണ്ടു പേരും കൂടി ഇരിക്കുന്ന ഫോട്ടോ എത്ര ശ്രമിച്ചിട്ടും എനിക്ക് കിട്ടിയിട്ടില്ല. അങ്ങനെ ഒരു ഫോട്ടോ ഭൂലോകത്തില്ലാത്തതിന്‍റെ ഒരേ ഒരു കാരണം അവര്‍ രണ്ടും ഒരേ ആള്‍ക്കാര്‍ ആയതുകൊണ്ടു മാത്രമാണ് എന്നത് വ്യക്തമല്ലേ. അല്ലേ? അല്ലേ? ഇനി ഇതിലും വലിയ തെളിവു വേണോ?)

Friday, December 11, 2009

വീണ്ടും അരിശം

എന്‍റെ അരിശം എന്ന ചെറുകഥയെ ആസ്പദമാക്കി ഷെയ്ന്‍ എന്ന ഇന്ദ്രജിത്ത് അഥവാ ഷെയ്നും ഇന്ദ്രജിത്തും കൂടി അരിശം എന്നൊരു കവിതയെഴുതി അതാണ് ഭൂലോക കവിത എന്നു പറഞ്ഞു നടക്കുന്നുണ്ട്. ഇഷ്ടന്മാര്‍ എന്‍റെ ചെറുകഥ അല്പം വളച്ചൊടിച്ചിട്ടുണ്ടെങ്കിലും ആത്യന്തികമായി രണ്ടിന്‍റേയും പ്രമേയം ഒന്നുതന്നെ: നഷ്ടപ്രണയം.

ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് എനിക്ക് ക്രെഡിറ്റു തന്നില്ലേലും എന്‍റെ ബ്ലോഗിലേയ്ക്കൊരു ലിങ്കു കൊടുക്കാമായിരുന്നു. (ഈ ബ്ലോഗിലെ പോസ്റ്റുകള്‍ അനുവാദം കൂടാതെയോ അനുവാദത്തോടെയോ അടിച്ചുമാറ്റരുത് എന്നൊക്കെ ഒരു ഭംഗിക്കു വേണ്ടി എഴുതി വച്ചേക്കുവല്യോ!)

ഈ കൊലച്ചതി കണ്ട് എനിക്ക് വീണ്ടും അരിശം വരുന്നുണ്ട്.

Sunday, November 8, 2009

ഉണ്ണി (1972- )

1972-ല്‍ തെക്കന്‍ കേരളത്തില്‍ ജനിച്ചു. പട്ടണത്തിലെ പ്രമുഖ കോളേജില്‍ നിന്നും ഇംഗ്ലീഷ് കിട്ടാത്തതിനെത്തുടര്‍ന്ന് വീണ്ടും എഴുതിയെടുത്തു. പഠനമദ്ധ്യേ മദ്ധ്യതിരുവിതാങ്കൂറിലേയ്ക്ക് ഒളിച്ചോടി. ഇറാക്ക്-കുവൈറ്റ് യുദ്ധകാലത്ത് എസ്. എഫ്. ഐ-യില്‍ ചേര്‍ന്ന് സദ്ദാമിനെതിരേ ഒളിവില്‍ പോരാടി. 1986-ല്‍ പിസിസി എന്ന സാംസ്കാരിക സംഘം സ്ഥാപിച്ചു. തുടര്‍ന്ന് കവിത, നാടകം, രാസക്രീഡ എന്നിവയില്‍ പ്രാവീണ്യം നേടി. 17 കവിതകള്‍, 2 നാടകം, ഒരു ഭാര്യ എന്നിവ സ്വന്തമായുണ്ട്. കേന്ദ്ര ഗവണ്മന്‍റിന്‍റെ സോങ് ആന്‍ഡ് ഡ്രാമ അവാര്‍ഡ്, നാഷണല്‍ അവാര്‍ഡ് ഫോര്‍ ദേശീയോദ്ഗ്രഥനം, കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ കിട്ടാനിരിക്കുന്നു. ഇതെഴുതുന്ന സമയം വരെ അന്തരിച്ചിട്ടില്ല.

(ഉടനേ പ്രസിദ്ധീകരിക്കാന്‍ പോകുന്ന പുസ്തകത്തിന്‍റെ ആദ്യപേജ്)

Friday, October 16, 2009

ഒഴുക്കിനെതിരേ

(പൊടിപിടിച്ചു കിടക്കുന്ന നല്ല ബ്ലോഗുകള്‍ക്ക് അല്പം ട്രാഫിക് പ്രദാനം ചെയ്യാന്‍ വേണ്ടി തുടങ്ങുന്ന പൊടിയടിപ്പ് സീരീസിലെ ആദ്യ പോസ്റ്റ്.)

പ്രായോഗികകാര്യത്തില്‍ ഞാനും ശ്രീവല്ലഭനും രണ്ടുതട്ടിലാണെങ്കിലും (ഞാന്‍ ഒഴുക്കിനൊപ്പം, അങ്ങേര് ഒഴുക്കിനെതിരേ) ശ്രീവല്ലഭന്‍റെ ഒരു പ്രവാസിയുടെ നിരീക്ഷണങ്ങള്‍ കണ്ണു തുറന്നുപിടിച്ച് നടന്ന ഒരാളുടേതാണെന്ന് വ്യക്തം. “നൂറു ശതമാനം സാക്ഷരത പുഴുങ്ങി തിന്നാനെ കൊള്ളൂ” എന്ന നിരീക്ഷണത്തിലൂടെ സാക്ഷരത കൂടുമ്പോള്‍ ഭാര്യ അന്യപുരുഷന് കാശുകൊടുക്കുന്നതില്‍ തെറ്റില്ല എന്ന നിരീക്ഷണമൊഴിച്ച് വല്ലഭന്‍ പറഞ്ഞ ബാക്കിയെല്ലാ കാര്യങ്ങളോടും എനിക്ക് യോജിപ്പ്.

വായനക്കാരേ, ഞാനും ശ്രീവല്ലഭനും തമ്മിലുള്ള ഭിന്നത മറന്ന് നിങ്ങള്‍ ശ്രീവല്ലഭന്‍റെ ബ്ലോഗ് സന്ദര്‍ശിക്കണം. ഇനിയും തുടര്‍ന്ന് നിരീക്ഷണങ്ങള്‍ എഴുതാന്‍ നിങ്ങളുടെ സന്ദര്‍ശനം അങ്ങേര്‍ക്ക് പ്രചോദനമാവണം. ആകെമൊത്തം മുപ്പതു പോസ്റ്റേ ഇതുവരെ ഇട്ടിട്ടുള്ളെങ്കിലും ശ്രീവല്ലഭനും എന്നെപ്പോലെ നൂറിലധികം പോസ്റ്റുകള്‍ എഴുതുന്ന നല്ലൊരു എഴുത്തുകാരനാവില്ല എന്ന് ആരു കണ്ടു!

പോകൂ, ഇവിടെ നില്‍ക്കാതെ അവിടേയ്ക്കു പോകൂ!

Wednesday, October 14, 2009

നിശ്ചയം

ഓഫീസിലെ മറ്റൊരു മലയാളി പയ്യന്‍സിന്‍റെ കൂടി കല്യാണ നിശ്ചയം കഴിഞ്ഞു. അഭിനന്ദനങ്ങള്‍ അറിയിക്കുന്നതിനിടെ കല്യാണം കഴിഞ്ഞ് അഞ്ചാറു കൊല്ലമായ എന്നോട് അവന്‍ നാണമില്ലാതെ ചോദിച്ചു:

“ഉണ്ണിയേട്ടാ, എന്തെങ്കിലും ഉപദേശം?”

“മകനേ,” ഞാന്‍ താടിതടവിക്കൊണ്ട്, തൊട്ടപ്പുറത്തിരിക്കുന്ന മേഴ്സി കേള്‍ക്കാതെ പതുക്കെപ്പറഞ്ഞു: “രണ്ടു മൂന്നു കാര്യം ശ്രദ്ധിച്ചാല്‍ മതി.”

ഒന്ന്, നീ പാചകം ചെയ്യുന്നത് നിര്‍ത്തുക. നിന്‍റെ സാമ്പാറിനും ബീഫ് ഫ്രൈയ്ക്കും അപാരരുചിയായതു കൊണ്ടു പറയുകയാണ്, കെട്ടിക്കഴിഞ്ഞ് ജീവിതകാലം മുഴുവന്‍ സാമ്പാറും ബീഫ് ഫ്രൈയും സ്വയം ഉണ്ടാക്കി ജീവിക്കാന്‍ താല്പര്യമില്ല എങ്കില്‍ ഇന്നു നിര്‍ത്തിയേക്കണം. ഒരു പാചക്കാരനാണെന്ന വാക്ക് മിണ്ടിപ്പോവരുത്. പട്ടിണി കിടന്നാലും ചമ്മന്തി പോലും ഉണ്ടാക്കിയേക്കരുത്.

രണ്ട്, കല്യാണത്തിന് ഇനി നാലു മാസം സമയമുണ്ടല്ലോ. ദിവസം പറ്റുമെങ്കില്‍ 12-14 മണിക്കൂര്‍ ഫോണ്‍ വിളിക്കുക. നിര്‍ത്താതെ സംസാരിക്കുക. ജീവിതകാലം ഇനി ഇതുപോലെ സംസാരിക്കാന്‍ അവസരമുണ്ടായെന്നു വരില്ല. ഈ നാലുമാസം കഴിഞ്ഞാല്‍ നിന്‍റെ സംസാരം അവളു വകവയ്ക്കുകയുമില്ല. എന്നു വച്ച്, അനാവശ്യമായ ഒരു വെളിപ്പെടുത്തലും നടത്തുകയുമരുത്. തുറന്നു പറച്ചിലൊക്കെ എഴുപതു വയസ്സു കഴിഞ്ഞിട്ട് ചെയ്യാവുന്നതേയുള്ളൂ.

മൂന്ന്, ഇക്കാര്യം കല്യാണം കഴിഞ്ഞിട്ടുള്ളതാണ്, സെക്സിന് അധികം ഫ്രീക്വന്‍സിയും വൈവിധ്യവും പാടില്ല. തുടക്കം മുതലുള്ള ആവേശം രണ്ടുകൊല്ലം കഴിഞ്ഞാല്‍ പാലിക്കാന്‍ കഴിയില്ല. അവളോടുള്ള താല്പര്യക്കുറവാണെന്ന് വ്യഖ്യാനിക്കപ്പെടാതിരിക്കാന്‍ ഈ മിതത്വം നല്ലതാണ്.

അഞ്ചാറു മാസം കഴിഞ്ഞ്, പുതുമോടിയൊക്കെ മാറിയിട്ട് വന്നാല്‍ ബാക്കി കൂടി പറഞ്ഞുതരാം. ഗുഡ്‍ലക്ക്.

Wednesday, April 1, 2009

ജെറ്റ് എഞ്ചിന് തകരാറ്

രണ്ട് നാല് ദിവസമായി ‘ഫയങ്കര’ ജോലി. ഒന്നിനും സമയമില്ല. എന്നാപ്പിന്നെ ഈ-മൊഴിയില്‍ പോയി നോക്കാം എന്നു വച്ചാല്‍ അതിനും രക്ഷയില്ല.



മൈക്രോസോഫ്റ്റ് ജെറ്റ് എഞ്ചിനും കൂടി ഉണ്ടാക്കിത്തുടങ്ങിയാല്‍ പിന്നെ നാട്ടില്‍ പോകാന്‍ കപ്പലു തന്നെ ശരണം!

Wednesday, March 18, 2009

വല്ലാത്ത പ്രയോഗങ്ങള്‍

വെള്ളെഴുത്തിന്‍റെ കര്‍മ്മണിപ്രയോഗത്തിനിട്ട് ഉമേഷ് സാര്‍ കര്‍ത്തരി പ്രയോഗം നടത്തിയത് കണ്ടല്ലോ. എനിക്ക് പറയാനുള്ളത് ഞാന്‍ പറയുന്നതിനു മുമ്പ് ഈ കാര്‍ട്ടൂണിസ്റ്റ് പറഞ്ഞു കഴിഞ്ഞു:



എന്നാല്‍ പിന്നെ ഇങ്ങനെ മറുപടി ആയാലോ?

Friday, March 13, 2009

സം‌വൃതയ്ക്കൊരു കത്ത്

(സാധാരണഗതിയില്‍ ഗ-യില്‍ തുടങ്ങുന്നവയോടൊക്കെ എനിക്ക് അലര്‍ജിയാണ്. ഗോസിപ്പ് ഒരു ഉദാഹരണം. മറ്റൊരെണ്ണം കൂടി പറയേണ്ടല്ലോ. എന്നാലും ഈ വാര്‍ത്ത കേട്ടപ്പോള്‍ അലര്‍ജി തല്കാലം മാറ്റി വയ്ക്കാതിരിക്കാന്‍ തോന്നുന്നില്ല.)

വാര്‍ത്ത പറയുന്നു:
“ഇന്ന് രാവിലെ ഗോസിപ്പ് ഉണ്ടാക്കാന്‍ വിഷയമൊന്നുമില്ല. എന്നാല്‍ ഒരു വിഷയം ഉണ്ടാക്കിക്കളയാം. നായകന്‍ പതിവു പോലെ പൃഥ്വിരാജ് തന്നെ. അദ്ദേഹത്തിന്‍റെ പേര് ചേര്‍ത്ത് ഇതുവരെ കഥകള്‍ പരക്കാത്ത നായികയെ കണ്ടെത്തണം. എങ്കില്‍ സംവൃത സുനില്‍ ഇരിക്കട്ടെ” - ഈ രീതിയില്‍ ആരെങ്കിലും പടച്ചുണ്ടാക്കിയ കഥയാണോ എന്നത് വ്യക്തമല്ല. പക്ഷേ, പൃഥ്വിയും സംവൃതയും തമ്മില്‍ പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നുമുള്ള വാര്‍ത്തകള്‍ ഇന്‍റര്‍നെറ്റിലൂടെയും മൊബൈല്‍ ഫോണ്‍ വഴിയും പരക്കുന്നു.
പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്‍റിന്: മുകളില്‍ പറഞ്ഞ വാര്‍ത്ത ശരിയാണെങ്കില്‍ മാത്രമേ ഈ കത്ത് സം‍വൃതാ സുനിലിന് കൈമാറാവൂ. ഇല്ലെങ്കില്‍ ഇത് ഡെഡ് ലെറ്റര്‍ ഓഫീസിലേയ്ക്ക് വിട്ടേക്കണേ. വിലപിടിപ്പുള്ള പല വസ്തുക്കളും അവിടെ എത്തിച്ചേരുമെന്ന് കേട്ടിട്ടുണ്ട്. പതിറ്റാണ്ടുകള്‍ കഴിഞ്ഞ് ആര്‍ക്കെങ്കിലും ലേലം ചെയ്ത് എടുക്കണമെന്നു തോന്നിയാല്‍ അതിന് തരമാവണമല്ലോ.

ഇനി കത്തിലേയ്ക്ക്:

ജനലക്ഷങ്ങളുടെ പ്രിയങ്കരിയായ സം‍വൃതാ സുനിലിന്,

പൃഥ്വിരാജുമായി പ്രണയത്തിലാണെന്ന വാര്‍ത്ത കേട്ടു. അഭിനന്ദനങ്ങള്‍.

പ്രേമത്തിനു കണ്ണില്ല എന്നു പറയുന്നത് എത്ര ശരി! പ്രേമിച്ചു നടക്കുന്നതൊക്കെ കൊള്ളാം, കെട്ടിക്കഴിഞ്ഞാല്‍ അമ്മായിയമ്മയായി അഭിനയിക്കുന്നത് ആരായിരിക്കുമെന്ന് വല്ല ഊഹവുമുണ്ടോ? ഇത് ജീവിതമാണു പെണ്ണേ, അഭിനയമല്ല. പേടി തോന്നിത്തുടങ്ങിയിട്ടെങ്കില്‍ അത് തോന്നാന്‍ പറ്റിയ സമയമാണിത്. അതല്ല, സോപ്പിട്ടൊക്കെ നിന്നോളാമെന്നാണെങ്കില്‍, നീയായി, നിന്‍റെ പാടായി.

ഒരു പ്രധാനകാര്യം കൂടി പറയാനാണ് ഈ കത്ത്. പ്രതിസന്ധിയില്‍പ്പെട്ടുഴലുന്ന മലയാളസിനിമയെ രക്ഷിക്കാന്‍ ഇങ്ങനെയൊരു നീക്കം നന്നായി. സിനിമ രക്ഷപ്പെടാന്‍ തന്നാലായതു ചെയ്യുമല്ലോ അല്ലേ? കല്യാണത്തിനു ശേഷം സിനിമയില്‍ അഭിനയിക്കില്ല എന്ന തീരുമാനം ഇപ്പോള്‍ തന്നെ എടുക്കണം. ഒരു കാരണവശാലും ആ തീരുമാനത്തില്‍ നിന്നും മാറുകയുമരുത്. ഞങ്ങളെപ്പോലെ ഇപ്പോഴും പണം മുടക്കി സിനിമ കാണുന്നവര്‍ക്ക് അതൊരാശ്വാസമായിരിക്കും.

പ്രവചനാതീതമായ ഭാവി നല്ലതായിരിക്കാന്‍ ആശംസകള്‍. (സാധാരണക്കാര്‍ മാത്രമല്ല, സിനിമാതാരങ്ങളും ‘അനുഭവിക്കുന്നത്’ കാണാന്‍ ഒരു രസം!)

എന്ന്,
ഞാന്‍

Sunday, February 22, 2009

2008-ന്‍റെ പോക്ക്

ക്ടാവിന്‍റെ ചോദ്യം: അമ്മാ 2008 പോയാ?

അമ്മ: പോയല്ലോ. ഇപ്പം 2009 വന്നു.

ക്ടാവ്: 2008 എവ്ടെയാ പോയേ?

അമ്മ: അതിപ്പം... 2008 എന്ന വര്‍ഷം കഴിഞ്ഞു പോയി പുതിയ വര്‍ഷം വന്നു.

ക്ടാവ്: 2008 എവ്ടെയാ പോയേ?

അമ്മ: 2008 എങ്ങും പോയതല്ല. ആ വര്‍ഷം കഴിഞ്ഞു.

ക്ടാവ്: 2008 എങ്ങും പോവാതെ 2009 എന്തിനാ വന്നേ?

(പതിനഞ്ചു മിനുട്ടിനു ശേഷം)

ക്ടാവ്: 2008 എവ്ടെയാ പോയേ?

Wednesday, February 11, 2009

ഭാര്യയ്ക്ക് PMS, എനിക്ക് AMS

അമ്മായിയമ്മയ്ക്കു പ്രസവവേദന മരുമോള്‍ക്ക് വീണവായന എന്ന സ്റ്റൈലില്‍, പെമ്പ്രന്നോത്തിക്ക് PMS വരുമ്പോള്‍ പ്രാസമൊപ്പിച്ചു പറയാന്‍ പറ്റിയ ഒരു അസുഖം തേടി നടക്കുകയായിരുന്നു ഞാന്‍. അന്വേഷിച്ചു; കണ്ടെത്തി: AMS (Acute Mountain Sickness).

പേരില്‍ മാത്രമല്ല രോഗലക്ഷണങ്ങളിലും AMS-ഉം PMS-ഉം തമ്മില്‍ നല്ല സാമ്യമുണ്ട്. തലവേദനയും മൂഡുമാറ്റവും മറ്റുള്ളോരെ ഇരുത്തിപ്പൊറുപ്പിക്കാതിരിക്കലും പെണ്ണുങ്ങള്‍ക്കു മാത്രം പറഞ്ഞിട്ടുള്ളതല്ലെന്ന് അവളും അറിയട്ടെ. വിക്കിപ്പീഡിയയില്‍ AMS-നെപ്പറ്റിപ്പറയുന്ന ഈ വാക്കുകള്‍ PMS-നും നന്നായി ചേരും:
The cause of AMS is still not understood.
(ഡിസ്കവറി ചാനല്‍ കാണുന്നതു കൊണ്ട് ഇങ്ങനെ ഒരു പ്രയോജനമെങ്കിലും ഉണ്ടായി. ഇതൊക്കെ വായിച്ച് വിനയയും കൂട്ടരും കൂടി എന്നെ സ്റ്റേഷനില്‍ കേറ്റി കൂമ്പിടിച്ചു വാട്ടരുത്. ഇടി കാരണം AMS മാറി NMS ആയിപ്പോയാല്‍ HMS-ല്‍ പോലും ചികിത്സയില്ലെന്നാണ് കേട്ടിരിക്കുന്നത്.)

Tuesday, February 3, 2009

ജാത്യാലുള്ളത്

സാന്താ സിംഗ്-ബാന്താ സിംഗ് സിക്കു ജോക്കുകള്‍ ഞാന്‍ നന്നായി ആസ്വദിച്ചിട്ടുണ്ട്. എന്നാല്‍ അപ്പോളൊന്നും സിക്കുകാരെല്ലാം പൊട്ടന്മാരാണെന്നു വിചാരിച്ചിട്ടേയില്ല. (എന്തിന്, പത്മശ്രീ കിട്ടിയവരില്‍ പോലും മലയാളികളേക്കാള്‍ മുന്നില്‍ സിക്കുകാരാണല്ലോ.)

കഴിഞ്ഞ ദിവസം കൂടെ ജോലി ചെയ്യുന്ന സിംഗന്‍ എന്നോടു ചോദിച്ചു: “What do you think about taking extended warranty for my new laptop?”

അമേരിക്കയിലെ അമിത പണിക്കൂലി കാരണം, മിക്കവരും വിലകൂടിയ സാധനങ്ങള്‍ വാങ്ങുമ്പോള്‍ സാധാരണയായി നിര്‍മ്മാതാക്കള്‍ നല്‍കുന്ന ഒരു വര്‍ഷം വാറണ്ടിയ്ക്കു പുറമേ വിലയുടെ 10 മുതല്‍ 20 ശതമാനം അധികം കൊടുത്ത് രണ്ടോ മൂന്നോ വര്‍ഷത്തേയ്ക്കു കൂടി എക്സ്റ്റന്‍ഡഡ് വാറണ്ടി എന്നറിയപ്പെടുന്ന അധിക വാറണ്ടി എടുക്കാറുണ്ട്.

ഞാന്‍ സാധാരണ ഒരു സംഗതിയ്ക്കും എക്സ്റ്റന്‍ഡഡ് വാറണ്ടി എടുക്കാറില്ല. അതു കൊണ്ട് സിംഗനോടു പറഞ്ഞു: “I don't usually take extended warranty. Taking extended warranty for all your purchases will be equivalent to taking extended warranty for none. The repair cost of one item will almost be equal to the cost of extended warranty for all items. I am banking on the belief that only one of my items will go wrong in any normal five year period.”

എന്‍റെ തിയറി സിംഗനു പിടിച്ചു. സിംഗന്‍ പറഞ്ഞു: “That's true. Moreover, the extended warranty did not help me last time when my laptop got damaged. They did not honor the extended warranty.”

അപ്പോള്‍ എനിക്ക് കൂടുതലറിയാന്‍ ഉത്സാഹമായി. ഞാന്‍ ആരാഞ്ഞു: “What happened?”

“They told me that the warranty does not apply if I drop the laptop and damage it!“

“That makes sense. They can't possibly give you a new laptop every time you have run-in with your boss and decide to drop your laptop.”

“No, I did not drop the laptop!”

ഞാന്‍ വീണ്ടും കണ്‍ഫ്യൂഷനിലായി: “Then? If you did not damage the laptop by dropping it, they should honor the warranty.”

“I did not drop the laptop. The laptop fell down accidentally from my hand!”