Sunday, January 6, 2013

ഒരു ചെറ്യേ സാധനം

ഈ അമേരിക്കയില്‍ ജീവിക്കുന്ന പ്രവാസികളുടെ ഓരോരോ പ്രശ്നങ്ങളേ!

നാട്ടില്‍ പോകുന്നതും തിരിച്ചുവരുന്നതും ഒരാഘോഷമായിരുന്ന കാലമുണ്ടായിരുന്നു. എല്ലാം മാറി. ഇപ്പോള്‍ ഒളിച്ചും പാത്തുമാണ് യാത്ര. നിങ്ങള്‍ വിചാരിക്കും പോലെ 'മറ്റു'പ്രശ്നങ്ങളൊന്നുമുണ്ടായിട്ടല്ല.

അങ്ങോട്ടുപോകുന്ന കാര്യമറിയുമ്പോള്‍ മുതല്‍ വീട്ടില്‍ നിന്നും റിക്വസ്റ്റുവരും:

"നീ കഴിഞ്ഞതവണ വന്നപ്പോഴും രാധേക്കന്‍റെ മോന് ഒന്നും കൊടുത്തില്ല. ഇപ്പഴെങ്കിലും വല്ലതും കൊണ്ടുവരണേ!"

ഇതു കേട്ടപാതി വരും ഭാര്യയുടെ വക:

"എന്‍റെ അമ്മയ്ക്കും പരിചയക്കാരും ബന്ധുക്കളുമൊക്കെയുണ്ട്, കേട്ടോ!"

'രാധേക്കന്‍റെ' മകനും അമ്മായിയമ്മ വകയിലെ 'ആരോരുമില്ലാത്ത' വിജയനും എല്ലാം സാധനം വാങ്ങിക്കെട്ടിയാലും തീരില്ല, കാര്യങ്ങള്‍.

മധുവിന് എന്തോ ചെറിയ സാധനം തന്നയയ്ക്കാനുണ്ടെന്നു പറയുന്നുണ്ടായിരുന്നു. അന്യനാട്ടില്‍ വന്നു കിടക്കുമ്പോള്‍ സ്വന്തം നാട്ടുകാരനല്ലെങ്കില്‍ കൂടി എങ്ങനാ ഒരു ചെറിയ സാധനം കൊണ്ടുപോകാന്‍ പറ്റില്ലാന്നു പറയുന്നത്? മാത്രമല്ല, മധുവിന്‍റെ വീട്ടുകാര്‍ നമ്മുടെ വീട്ടില്‍ വന്ന് വാങ്ങിക്കൊണ്ടു പൊയ്ക്കോളുമത്രേ.

എറണാകുളത്തു നിന്ന് മധുവിന്‍റെ വീട്ടുകാര്‍ ഇത്രടം വന്നത് കൊണ്ടുവന്ന സാധനം എടുത്തു പോകാന്‍ മാത്രമല്ല എന്നു പിന്നെയെല്ലേ അറിയുന്നത്!

"ലേശം ദശമൂലാരിഷ്ടവും, ഒരു നുള്ളു ചമ്മന്തിപ്പൊടിയും, ഇച്ചിര്യേ ചെമ്മീനച്ചാറും, പിന്നെ അവന്‍ തന്നയയ്ക്കാന്‍ പറഞ്ഞ ഇന്‍ഡക്ഷന്‍ കുക്കറും മാത്രേ ഈ പൊതീലുള്ളൂ. അവിടെച്ചെന്നിട്ട് ചമ്മന്തിപ്പൊടി കുറച്ചു നിങ്ങള്‍ക്കും തരണമെന്ന് മധു വിളിച്ചപ്പൊ ഞാന്‍ പറഞ്ഞിരുന്നു."

എന്തു പറയാനാ മറുപടി: "മധുവിന്‍റെ അമ്മയേം ചേട്ടനേമൊക്കെ കണ്ടതില്‍ വളരെ സന്തോഷമുണ്ട്!" എന്നല്ലാതെ?

ഈ സംഭവത്തില്‍ പിന്നെ രഹസ്യമായാണ് നാട്ടില്‍ പോക്ക്. എന്നാലും വാര്‍ത്ത ലീക്കായാല്‍ വിളിവരും.

ഫോണ്‍ ഭാര്യയെടുത്താല്‍:

"അയ്യോ പിന്നെന്താ? സ്ഥലമുണ്ടെങ്കില്‍ കൊണ്ടു പോകാനാണോ പാട്? ... ഏയ്, ബാഗ് ഫുള്ളായിട്ടില്ല, പക്ഷേ ഇത്തവണ ഉണ്ണിയേട്ടന്‍റെ വീട്ടിലേയ്ക്ക് എന്തൊക്കെയേ കൊണ്ടു പോകുന്നുണ്ട്. ... എന്നോട് ഒന്നും വാങ്ങിച്ചു കൂട്ടല്ലേന്നാ പറഞ്ഞേക്കുന്നത്..."

ഫോണ്‍ ഞാന്‍ എടുത്താല്‍:

മറുതലയ്ക്കല്‍ നിന്നും: "ഒരു ചെറ്യേ സാധനം കൊണ്ടു പോകാനുണ്ടായിരുന്നു."
ഞാന്‍: "മരുന്നാണോ?"
മറുതലയ്ക്കല്‍ നിന്നും: "അല്ല."
ഞാന്‍: "വിസയുടേയോ പവര്‍ ഓഫ് അറ്റോര്‍ണിയുടേയോ പേപ്പറാണോ?"
മറുതലയ്ക്കല്‍ നിന്നും: "അല്ല."
ഞാന്‍: "ചെക്കാണോ, അവിടെ ചെന്നു പോസ്റ്റു ചെയ്യാന്‍?"
മറുതലയ്ക്കല്‍ നിന്നും: "അല്ല."
ഞാന്‍: "ഈ സാധനങ്ങളൊന്നുമല്ലെങ്കില്‍ കൊണ്ടു പോകാന്‍ ബുദ്ധിമുട്ടാണ്. സോറി!"

ഫോണ്‍ വച്ചിട്ട്, ഞാന്‍ എന്നോടുതന്നെ പറയും: "ആണ്ടിലൊരിക്കല്‍ പോകുമ്പോള്‍ എന്‍റെ പഴന്തുണി തന്നെ കൊണ്ടുപോകാന്‍ സ്ഥലം തികയില്ല, അപ്പോഴാണവന്‍റെ അമ്മിക്കല്ല്."

ഇവിടുന്നു വാങ്ങിക്കെട്ടിക്കൊണ്ടുപോകുന്ന എല്ലാ സാധനങ്ങളും ഇപ്പോള്‍ നാട്ടില്‍ കിട്ടും. പിന്നേം ആള്‍ക്കാര്‍ എന്തിനാണാവോ ഈ "ചെറ്യേ" സാധനങ്ങള്‍ വാങ്ങി വാരിക്കെട്ടുന്നത്?

പോകുന്നതിന്‍റെ തലേന്ന് ചെറ്യേ സാധനം കൊണ്ടുപോകാനുണ്ടായിരുന്ന സ്നേഹിതന്‍ വിളിക്കും:

"അല്ല, എയര്‍പോര്‍ട്ട് റൈഡ് വേണോന്നറിയാന്‍ വിളിച്ചതാ!"
"ഓ, താങ്ക്യൂ. വേണ്ട. ഞാന്‍ അത് അറേഞ്ചു ചെയ്തു..."

അങ്ങനെ ഞാന്‍ കൈയും വീശി പോകുന്നത് നീ കണ്ടു രസിക്കണ്ട‌!

No comments: