Thursday, August 28, 2008

ഇനി മക്കെയിനെ പ്രസിഡന്‍റാക്കാം

നാട്ടില്‍ നിന്നും കപ്പലു കയറി അമേരിക്കയിലെത്തുന്ന സകല കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് മൂരാച്ചികളും ഈ നാട്ടിലെത്തിയാല്‍ പിന്നെ പുരോഗതിയുടേയും ലിബറല്‍ ചിന്താഗതിയുടേയും പ്രതീകമായ ഡെമോക്രാറ്റുകളായിത്തീരും. റിപ്പബ്ലിക്കന്‍സ് എന്ന് കേള്‍ക്കണതേ അവര്‍ക്ക് അരിശമാവും. ഒരുപക്ഷേ നാട്ടില്‍ മുതലാളിമാരായി നടന്ന് ഇവിടെ വന്ന് തൊഴിലാളികളായപ്പോള്‍ വീക്ഷണ‘കോണ്‍’ തെറ്റിയതാവാം.

കൊച്ചുതൊമ്മനും കൊച്ചമ്മയും കൂടി ഹിലാരിയെ മാറ്റി ഒബാമയെ സ്ഥാനാര്‍ത്ഥിയാക്കി നമ്മുടെ ശക്തി തെളിയിച്ചില്ലേ? ഇനി എല്ലാരും കൂടി ഒന്ന് ആഞ്ഞു പിടിച്ചേ, നമുക്ക് മക്കെയിനെ പ്രസിഡന്‍റാക്കാമോന്ന് നോക്കാമല്ലോ. ഒന്നുമില്ലെങ്കിലും റിപ്പബ്ലിക്കന്‍സ് ഭരണത്തില്‍ വരുന്നതാണ് നമ്മള്‍ ഇന്ത്യക്കാര്‍ക്ക് നല്ലതെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്?

Sunday, August 24, 2008

പച്ചയും ഓറഞ്ചും

വാല്‍മീകിയുടെ വീണ്ടും ഒരു ട്രാഫിക് ലൈറ്റ് എന്ന പോസ്റ്റിനു ‘പച്ച കത്തുമ്പോള്‍ മാത്രം കടന്നാല്‍ പോരെ ചേട്ടോ’ എന്ന പ്രതികരണം കണ്ടു.

ഐ. റ്റി. രംഗത്തു വന്നപ്പോള്‍ കമ്പനിക്കാര്‍ ഇവനു പണി അറിയാമോ എന്നു പരിശോധിക്കാന്‍ തന്ന ആദ്യത്തെ അസ്സൈന്മെന്‍റ് ട്രാഫിക് ലൈറ്റ് സിമുലേഷന്‍ ആയിരുന്നു. ഇതിനാണോ ഇത്ര പാട് എന്ന മട്ടില്‍ ഒരെണ്ണം അങ്ങോട്ട് ഉണ്ടാക്കിയിട്ടുകൊടുത്തു. അപ്പോഴാണ് ബോസിന്‍റെ ചോദ്യങ്ങള്‍:

  1. ട്രാഫിക് ലൈറ്റുകള്‍ വണ്ടികളേക്കാള്‍ സൂക്ഷിച്ചുപയോഗിക്കുന്നവരാണ് കാല്‍ നടക്കാര്‍. അഞ്ചു സെക്കന്‍റു കൊണ്ടു റോഡു ക്രോസു ചെയ്യുന്ന എത്ര അമ്മുമ്മമാരുണ്ട്?

  2. ട്രാഫിക് മുക്കുകള്‍ എല്ലാം നാലും കൂടിയ മൂലയാനെന്ന് കുഞ്ഞിനോട് ആരാ പറഞ്ഞേ? മൂന്നു വഴികള്‍/അഞ്ചു വഴികള്‍ എന്നിവ വന്നു ചേരുന്ന ജംഗ്ഷന്‍ പരിഗണിച്ചിട്ടില്ലല്ലോ?

  3. വടക്കു നിന്നു വന്ന് ട്രാഫിക് ലൈറ്റില്‍ നില്‍ക്കുന്ന വണ്ടി തെക്കോട്ടു മാത്രമേ പോകാവൂ എന്ന് എന്തിനാണിത്ര നിര്‍ബന്ധം?

  4. വടക്കു നിന്നു പടിഞ്ഞാറോട്ടു പോകുന്നവനെ എന്തിനാണ് പച്ച ആവുന്നതു വരെ പിടിച്ചു നിര്‍ത്തിയിരിക്കുന്നത്?

  5. ഓറഞ്ചു ലൈറ്റു കത്തുമ്പോള്‍ നോ വാക്കിംഗ് സിഗ്നല്‍ മിന്നിത്തുടങ്ങിയാല്‍ വഴിയാത്രക്കാരന് മുന്നറിയിപ്പാവും. എന്താണത് ശ്രദ്ധിക്കാത്തത്?
  6. തെക്കു-വടക്കു റോഡിനു പച്ചയായിരിക്കുമ്പോള്‍ കിഴക്കു-പടിഞ്ഞാറു റോഡില്‍ വാക്കിംഗ് സിഗ്നല്‍ വരാതിരിക്കാന്‍ എന്തു മുന്‍‍കരുതല്‍ എടുത്തിട്ടുണ്ട്?

  7. എല്ലാ ക്രോസ് റോഡുകള്‍ക്കും തുല്യമായ സമയം പച്ചയ്ക്കു കൊടുക്കുന്ന ലോജിക് എന്താണ്? തെക്കു-വടക്കു റോഡ് ഹൈവേയും കിഴക്കു-പടിഞ്ഞാറു റോഡ് ചെറിയ കൈവഴിയുമാണെങ്കില്‍ തെക്കു-വടക്കു റോഡിനു രണ്ടു മിനുട്ട് പച്ച കൊടുക്കുമ്പോള്‍ കിഴക്കു-പടിഞ്ഞാറു റോഡിനു 20 സെക്കന്‍റ് പച്ച കൊടുത്താല്‍ പോരേ?

  8. റോഡു ക്രോസു ചെയ്യാന്‍ വാഹനങ്ങള്‍ ഉണ്ടോ എന്നറിഞ്ഞിട്ടാണോ താരതമ്യേന അപ്രധാന റോഡുകള്‍ക്ക് പച്ച കൊടുക്കുന്നത്? (മുകളില്‍ പറഞ്ഞ ഉദാഹരണത്തില്‍ കിഴക്കു-പടിഞ്ഞാറു റോഡ് അപ്രധാന റോഡ് ആണെന്നു അനുമാനിക്കാം.)

  9. ഓറഞ്ചു സിഗ്നലിന്‍റെ നീളം റോഡിലെ വാഹനങ്ങളുടെ ശരാശരി വേഗതയുമായി ബന്ധപ്പെടുത്തിയിട്ടുണ്ടോ?
ചോദ്യശരങ്ങള്‍ കേട്ട് തലപെരുത്തു. (ചോദ്യങ്ങള്‍ ഇനിയുമുണ്ടായിരുന്നു. ഇത്രയേ ഓര്‍ക്കുന്നുള്ളൂ.) വളരെ ട്രിവ്യല്‍ എന്നു തോന്നിയ ട്രാഫിക് ലൈറ്റ് പരിപാടി പോലും ഇത്ര പ്രയാസമാണോ എന്നാലോചിച്ച് ആദ്യമായി കെല്‍ട്രോണ്‍ എഞ്ചിനീയര്‍മാര്‍ക്ക് നന്ദി പറഞ്ഞു.

Saturday, August 23, 2008

രാജ് ഭവ്സാറിനെ ആഘോഷിക്കേണ്ടേ?

മോഹിനി ഭരദ്വാജിനും അലക്സി ഗ്രേവാളിനും ശേഷം ഒളിമ്പിക് മെഡല്‍ കിട്ടുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശക്കാരനാണ് രാജ് ഭവ്സാര്‍. അനുഭവ് ബിന്ദ്രയ്ക്ക് മെഡല്‍ കിട്ടിയതിനാലാവണം രാജിന്‍റെ നേട്ടം ആഘോഷിക്കാന്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ മറന്നുപോയത്.

ഒരു കണക്കില്‍ നോക്കിയാല്‍ നമ്മള്‍ ഇന്ത്യക്കാരേയും ഇന്ത്യന്‍ വംശജരേയും ആഘോഷിച്ചാല്‍ മതിയോ? മനുഷ്യകുലത്തിന്‍റെയാകെ ചരിത്രം ഒരിടത്തുനിന്നു തുടങ്ങുന്നതിനാല്‍ നമുക്ക് എല്ലാവരുടേയും വിജയം ആഘോഷിക്കാം.

Thursday, August 21, 2008

കമന്‍റടിക്കാര്‍

ക്രിക്കറ്റ് കമന്‍ററിയുടെ വസന്തകാലത്ത്, റേഡിയോയിലൂടെ ഇംഗ്ലീഷിലും ഹിന്ദിയിലും മാറിമാറി കമന്‍ററി കേട്ടാസ്വദിച്ചിരുന്ന കാലത്തിന്‍റെ സന്തതിയാണു ഞാന്‍. പിന്നീടു വന്ന റ്റെലിവിഷന്‍ കമന്‍ററിക്കാര്‍ ചുണ്ടു ചുമപ്പിച്ച സുന്ദരികളുടെ പിറകേ പോയി കാര്യമായി ‘കമന്‍റടി’ നടത്തിയപ്പോഴും എന്‍റെ ക്ഷമ പാടേ നശിച്ചിരുന്നില്ല.

എന്നാല്‍, ആയ കാലത്തു കഞ്ചാവടിച്ചു നടന്ന ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍റെ തമാശകള്‍ എന്നെ ദേഷ്യം പിടിപ്പിക്കുന്നു. ചാനലുകാര്‍ പറഞ്ഞു പഠിപ്പിച്ചതെന്നു തോന്നുന്ന ഏതാനും വാക്കുകള്‍ തത്ത പറയുമ്പോലെ തിരിച്ചു പറയുമ്പോള്‍ എനിക്കയാളോട് നീരസമാണ്. 16 റ്റെസ്റ്റു കളിച്ചിട്ട് ഒരു സെഞ്ച്വറി പോലും നേടാത്ത (93 ആയിരുന്നു ഉയര്‍ന്ന സ്കോര്‍) അരുണ്‍ലാല്‍, സചിനും ദ്രാവിഡും ലക്ഷ്മണും മെന്‍ഡിസിനെ കളിക്കേണ്ടതെങ്ങനെയാണ് എന്നു വിശദീകരിക്കുമ്പോഴും തികട്ടി വരുന്ന വികാരത്തിനു മാറ്റമില്ല. “They should use their feet" എന്നൊക്കെ തട്ടിവിടുമ്പോള്‍ ഇദ്ദേഹത്തിന് ഉളുപ്പില്ലേ എന്ന് എനിക്കു മാത്രമേ തോന്നാറുള്ളോ?

Monday, August 18, 2008

ഓടി വരണേ, ബ്ലോഗ് ക്യാമ്പ്!

ദേ, ഇങ്ങോട്ട് ഓടി വന്ന് നോക്കിക്കേ, ഹൌസ് ബോട്ടിലെ ബ്ലോഗ് ക്യാമ്പ് ദേ ടീവീല് കാണിക്കുന്നു എന്ന് ഭാര്യ വിളിച്ചു പറഞ്ഞു. ഞാന്‍ ഓടിയില്ല. കൂട്ടുത്തരവാദിത്തമില്ലാത്ത ജോലികള്‍ ചെയ്യുന്നവര്‍ അനാവശ്യമായി സംഘടിക്കുന്നതിനോട് എനിക്കു യോജിപ്പില്ല എന്ന് കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ പറഞ്ഞിരുന്നല്ലോ. ബ്ലോഗിംഗ് എന്നത് പുറമേ നിന്നുള്ള ബലം കൊണ്ട് ഒരാളില്‍ ജനിപ്പിക്കേണ്ട വികാരമല്ല.

കൊതുകടി കൊള്ളുന്നവന്‍ കൊതുകിനെ അടിച്ചു കൊല്ലാന്‍ നോക്കുമ്പോലെയുള്ള സ്വാഭാവിക പ്രതികരണമാവണം ബ്ലോഗിംഗ്. കൊച്ചിയില്‍ കൊതുകിനെ അടിക്കുന്നവരെല്ലാം കൂടി ഹൌസ് ബോട്ടില്‍ സംഘടിച്ചു എന്ന വാര്‍ത്ത വന്നാല്‍ ഏതെങ്കിലുമൊരാള്‍ക്ക് കൊതികിനോടുള്ള അല്ലെങ്കില്‍ കൊതുകുകടിയോടുള്ള സ്വാഭാവിക പ്രതികരണത്തില്‍ മാറ്റമുണ്ടാവുമോ? ഉണ്ടാവുമെങ്കില്‍ നന്ന്.

നിങ്ങളെ വിളിച്ചില്ല അല്യോ? അതിന്‍റെ കെറുവാണോ? ഭാര്യയുടെ ഫോളോ അപ്പ് ചോദ്യം.

അല്ലേയല്ല. ഒഴുക്കിനൊപ്പമാണ് എന്‍റെ നീന്തലെങ്കിലും ഇക്കാര്യത്തില്‍ ഞാന്‍ ഒഴുക്കിനെതിരെയാണ്. എന്നാലും ഈ മാന്യ ദേഹവും ഞാനും രണ്ടാള്‍ക്കാരാണെന്ന് ഇതിനാല്‍ പറഞ്ഞുകൊള്ളുന്നു.

Tuesday, August 12, 2008

ഇന്ത്യയും ചൈനയും

അനന്തമായ താരതമ്യസാദ്ധ്യതകളുള്ള രണ്ടു രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ഇത്രയും താരതമ്യ പഠനങ്ങള്‍ നടന്ന എക്കണോമികള്‍ ഉണ്ടാവാന്‍ സാദ്ധ്യതയില്ല. ഏതു വര്‍ഷത്തിലാണ് ഇന്ത്യയോ ചൈനയോ അമേരിക്കയേയും മറ്റു വികസിത എക്കണോമികളേയും പിന്തള്ളുന്നത് എന്ന ചോദ്യം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.

ഒളിമ്പിക്സിന്‍റെ ഉദ്ഘാടനച്ചടങ്ങുകണ്ടവരുടെ മനസ്സിലേയ്ക്ക് ഈ താരതമ്യപഠനം ഓടിയെത്തിയിട്ടുണ്ടാവില്ല. അതുകഴിഞ്ഞ് ഒളിമ്പിക്സില്‍ ചൈനയുടെ ജൈത്രയാത്ര കാണുന്നവരിലും ഇന്ത്യ താരതമ്യമര്‍ഹിക്കുന്ന ഒരു രാജ്യമായി ഉയര്‍ന്നുവന്നിരിക്കാനിടയില്ല. അഭിനവിന്‍റെ നേട്ടത്തെ ഒട്ടും താഴ്ത്തിക്കെട്ടാതെ പറയട്ടെ, ഈ ഉത്സവാഘോഷങ്ങള്‍ കാണുമ്പോള്‍ നമ്മുടെ പ്രതീക്ഷകള്‍ എന്തുമാത്രം താഴെയാണെന്ന് ലജ്ജയോടുകൂടി ഓര്‍ത്തുപോകുന്നു.

അത്‍ലറ്റിക്സിലും ഫുട്ബോളിലും കേരളത്തിനുണ്ടായിരുന്ന മുന്‍‍തൂക്കം ഇന്ന് നഷ്ടപ്പെടുന്നതിന് ഒരു പരിധി വരെ ക്രിക്കറ്റ് കാരണമാവുന്നുണ്ട്. ഇന്ത്യയിലെ എത്ര ഗ്രാന്‍ഡ് മാസ്റ്റര്‍മാരെ നിങ്ങള്‍ക്കറിയാം?

ഇന്ത്യ സാമ്പത്തികമായി ഉയരുന്നതോടെ, ക്രിക്കറ്റിലേയ്ക്കൊഴുകുന്ന പണത്തിന്‍റെ ആയിരത്തിലൊരംശം മറ്റു കേളീരംഗത്തേയ്ക്കുമൊഴുകുമെന്ന് പ്രതീക്ഷിക്കാനാണെനിക്കിഷ്ടം.

Thursday, August 7, 2008

ഓള്‍ കേരള ഓട്ടം അക്കാഡമി

ബ്ലോഗിംഗും എക്സര്‍സൈസും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

ആരോഗ്യകരമായ കാരണത്താലാവുമല്ലോ പലരും എക്സര്‍സൈസ് ചെയ്യാന്‍ തുടങ്ങുന്നത്. ഏറ്റവും വിശാലമായ അര്‍ത്ഥത്തില്‍ എക്സര്‍സൈസ് ശരീരാരോഗ്യത്തിനുതകുന്നതുപോലെ ബ്ലോഗിംഗ് മനസ്സിന്‍റെ ആരോഗ്യത്തിനു സഹായിക്കുന്നു.

എക്സര്‍സൈസ് ചെയ്യുന്ന ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കുറച്ചുകാലം നിരീക്ഷിച്ച ശേഷം പലരും സ്വമേധയാ എക്സര്‍സൈസ് ചെയ്യണമെന്ന് തീരുമാനിക്കുന്നു. വായനക്കാരായി തുടങ്ങി ബ്ലോഗിംഗിലെത്തുന്നവരുടേയും ഗതി ഇതു തന്നെ. ഇങ്ങനെയുള്ളവര്‍, പലപ്പോഴും ഇത് തനിക്കു പറ്റിയ കളമല്ല എന്ന തിരിച്ചറിവില്‍ തുടങ്ങിയേടത്തുവച്ചു തന്നെ അവസാനിപ്പിച്ചു പോകുന്ന കാഴ്ചയും കാണാനാവും.

മറ്റു ചിലര്‍ ബന്ധുക്കളുടേയോ സുഹൃത്തുക്കളുടേയോ ഡോക്ടറുടേയോ നിര്‍ബന്ധത്തിനു വഴങ്ങി എക്സര്‍സൈസ് ചെയ്യുന്നു. ബ്ലോഗു ചെയ്തില്ലെങ്കില്‍ മനസ്സില്‍ കുമിഞ്ഞുകൂടുമായിരുന്ന ‘കൊഴുപ്പിന്’ ബ്ലോഗിംഗിലൂടെ ഒരു ബഹിര്‍ഗമനം സാദ്ധ്യമാക്കുക വഴി ആദ്യം പറഞ്ഞ മാനസ്സികാരോഗ്യം നേടിയെടുക്കാനുള്ള ശ്രമം. ഇവിടെ കൊഴുപ്പ് എന്നത്, തെറ്റായ അര്‍ത്ഥത്തിലല്ല ഉദ്ദേശിച്ചിരിക്കുന്നത്. രക്തധമനികളില്‍ അട്ടിയിട്ടിരിക്കുന്ന കൊഴുപ്പ് ശരീരത്തിനു ദോഷം ചെയ്യുന്നതുപോലെ അടക്കിപ്പിടിച്ചുവച്ചിരിക്കുന്ന വികാരവിചാരങ്ങള്‍ മനസ്സിനെ ദോഷകരമായി ബാധിക്കും.

ചിലരാവട്ടെ, ഒരു അംഗീകൃത പരിശീലകന്‍റെ സഹായത്താല്‍ എക്സര്‍സൈസ് എങ്ങനെ ചെയ്യണം എന്ന് പൂര്‍ണ്ണമായി മനസ്സിലാക്കി, അതിന്‍റെ ‘സാദ്ധ്യതകള്‍’ ഉള്‍ക്കൊണ്ടുകൊണ്ട് എക്സര്‍സൈസ് ആരംഭിക്കുകയും തുടരുകയും ചെയ്യുന്നു. മറ്റു ചിലരോ, അമ്പതു പുഷപ്പ്, ഗ്രൌണ്ടിനു ചുറ്റും പത്തു തവണ ഓട്ടം, ഇരുപത് സിറ്റപ്പ് എന്നിങ്ങനെ എല്ലാ മേഖലകളിലും യാതൊരു അടുക്കും ചിട്ടയുമില്ലാതെ എക്സര്‍സൈസ് നടത്തുന്നു. രണ്ടിനും ഗുണമുണ്ട്. ഇന്ന രീതിയിലേ ഇതൊക്കെ ആകാവൂ എന്ന് എല്ലാവരേയും നിര്‍ബന്ധിക്കുന്നതില്‍ അര്‍ത്ഥമില്ല. അടുക്കും ചിട്ടയുമില്ലാത്തനെന്ന് വിശേഷിപ്പിക്കപ്പെട്ട എക്സര്‍സൈസ് കാരണം സ്വന്തമായും നാട്ടുകാര്‍ക്കും ദോഷമൊന്നും സംഭവിക്കാത്തിടത്തോളം കാലം ആരേയും നിയമത്തിന്‍റെ ചട്ടക്കൂട്ടിലേയ്ക്കു കൊണ്ടു വരേണ്ട ആവശ്യമില്ല. ബ്ലോഗിംഗിനും ഇതെല്ലാം ഇതുപോലെ തന്നെ ബാധകം!

എക്സര്‍സൈസ് ചെയ്യുന്നവര്‍ സംഘടിക്കുന്നു എന്നുവയ്ക്കുക. എന്തൊക്കെയാവും ആ സംഘടനയുടെ ലക്ഷ്യം? കൂടുതല്‍ പേരെ എക്സര്‍സൈസ് ചെയ്യിപ്പിക്കുക എന്നത് ഒരു ലക്ഷ്യമാവാം. പക്ഷേ, എക്സര്‍സൈസിന്‍റെ നല്ലവശങ്ങള്‍ക്ക് പരമാവധി പ്രചാരണം നല്‍കുക എന്നതില്‍ കവിഞ്ഞ്, ഒരാള്‍ എക്സര്‍സൈസ് ആരംഭിക്കണമെങ്കില്‍, അയാളെപ്പറ്റിയുള്ള ചില അനുമാനങ്ങള്‍ ശരിയായിരിക്കണം.

ഒന്നാമത്, അയാള്‍ക്ക് എക്സര്‍സൈസിന്‍റെ ആവശ്യമുണ്ട് എന്ന അനുമാനം ശരിയാണോ എന്നു പരിശോധിക്കാം: പകലന്തിയോളം നല്ല അദ്ധ്വാനമാവശ്യമുള്ള പണിയെടുക്കുന്നവന്‍, അതുകഴിഞ്ഞ് ഒരു മണിക്കൂര്‍ എക്സര്‍സൈസ് എന്ന ആശയത്തോട് പ്രതിപത്തി ഉള്ളവനാവണമെന്നില്ല. എന്നു മാത്രമല്ല, അയാള്‍ക്ക് അതിന്‍റെ ആവശ്യവുമില്ല.

രണ്ടാമത്, അയാള്‍ക്ക് എക്സര്‍സൈസ് ചെയ്യാന്‍ താല്പര്യമുണ്ട്: ആവശ്യവും താല്പര്യവും രണ്ടാണല്ലോ. രക്തധമനികളില്‍ അട്ടിയിട്ടിരിക്കുന്ന കൊഴുപ്പ് കുറയ്ക്കാന്‍ എക്സര്‍സൈസ് ചെയ്യുന്നതിനേക്കാള്‍ ഗുളിക കഴിക്കുന്നതിനാണ് ഒരുവനു താല്പര്യമെങ്കില്‍ അയാളെ വെറുതേ വിടേണ്ടതാണ്.

മൂന്നാമത്, അയാള്‍ക്ക് എക്സര്‍സൈസ് ചെയ്യാനുള്ള സാഹചര്യമുണ്ട്: ആവശ്യവും താല്പര്യവും ഉണ്ടായാലും സാഹചര്യമില്ലെങ്കില്‍ പിന്നെന്തു ചെയ്യും? ഒരു പക്ഷേ അയാള്‍ക്ക് എക്സര്‍സൈസ് ഉപകരണങ്ങള്‍ ഉണ്ടാവില്ല. നാടുനീളേ ഓടിക്കൂടേ എന്നാണെങ്കില്‍ അതിനു സാങ്കേതിക തടസ്സവുമുണ്ടെന്നു വയ്ക്കുക.

നാലാമത്, അയാളുടെ എക്സര്‍സൈസ് ചെയ്യുന്നതു കൊണ്ട് സമൂഹത്തിനു ഗുണമുണ്ട്: വ്യക്തികള്‍ ആരോഗ്യവാന്മാരായിരിക്കേണ്ടത് ഓരോ സമൂഹത്തിന്‍റേയും ആവശ്യമാണ്. അതിനാല്‍ പലപ്പോഴും വ്യക്തിയുടെ ആരോഗ്യത്തില്‍ സമൂഹത്തിന് സ്വാര്‍ത്ഥതാല്പര്യമുണ്ട്. രക്തധമനികളില്‍ കൊഴുപ്പ് അട്ടിയിട്ടിരിക്കുന്ന ഒരു തൊണ്ണൂറു വയസ്സുകാരന് എക്സര്‍സൈസിന്‍റെ ആവശ്യമുണ്ട്, അയാള്‍ക്ക് എക്സര്‍സൈസ് ചെയ്യാന്‍ താല്പര്യവും സാഹചര്യവുമുണ്ട്. എന്നാലും അയാളെ ഉന്തിത്തള്ളി എക്സര്‍സൈസ് ചെയ്യിപ്പിക്കുന്നതിലര്‍ത്ഥമില്ല. ഇപ്പോള്‍ അധികം പരസഹായമില്ലാതെ ജീവിക്കുന്ന അയാള്‍ എക്സര്‍സൈസ് ചെയ്യുന്നവേളയില്‍ ഉരുണ്ടുപിടഞ്ഞുവീണ് സമൂഹത്തിന് ബാദ്ധ്യതയാവേണ്ട കാര്യമില്ലല്ലോ.

ഈ ഓരോ കാര്യവും ബ്ലോഗിംഗിനും ബാധകമാണെന്നത് സംശയരഹിതമാണ്.

ഇനി മറ്റൊരു വശം നോക്കാം.

ഒറ്റയ്ക്കു നിന്നാല്‍ ലഭിക്കാനിടയില്ലാത്ത അവകാശങ്ങള്‍ നേടിയെടുക്കാന്‍ സംഘടിക്കേണ്ടതുണ്ട്. എക്സര്‍സൈസ് ചെയ്യുന്നതില്‍ നിന്നു വിലക്കുകയോ, എക്സര്‍സൈസ് ചെയ്യാനുള്ള ഉപകരണങ്ങള്‍ക്ക് ക്രമാതീതമായി വില/വാടക വര്‍ദ്ധിപ്പിക്കുകയോ ചെയ്താല്‍ സംഘടനാപരമായി അവയെ നേരിടുന്നതില്‍ അര്‍ത്ഥമുണ്ട്. അവകാശങ്ങള്‍ നേടിയെടുക്കാനും ഇപ്പോള്‍ ലഭ്യമായ സൌകര്യങ്ങള്‍ നിലനിറുത്താനും സംഘടിക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ ഓള്‍ കേരള ഓട്ടം അക്കാഡമി അല്ലെങ്കില്‍ ഓള്‍ കേരള നടത്ത അക്കാഡമി എന്നൊക്കെപ്പറഞ്ഞ് സംഘടനയുണ്ടാക്കുന്നതിന് കാര്യകാരണസഹിതമുള്ള ഒരു വാദവും നിലവിലുള്ളതായി അറിയില്ല.

Saturday, August 2, 2008

മലയാളിക്ക് അഭിനന്ദനങ്ങള്‍

മലയാളം പറയുന്നതിന് മലയാളിക്ക് അഭിനന്ദനങ്ങള്‍! എന്തോ അപാകത തോന്നുന്നില്ലേ? ഒട്ടും തോന്നേണ്ടതില്ല. അതാണ് ഇപ്പോഴുള്ള ട്രെന്‍റ്.

റ്റിവി തുറന്നു വച്ചപ്പോള്‍ കണ്ട ഒന്നിലധികം പരിപാടികളില്‍ രണ്ടുമിനുട്ടോ മറ്റോ ഉള്ള സംഭാഷണത്തിനിടയ്ക്ക് ഒരു വിദേശഭാഷാപദവും (പ്രത്യേകിച്ച് ഇംഗ്ലീഷ്) കടന്നു വരാതിരുന്നാല്‍ അഭിനന്ദനവര്‍ഷത്തോടൊപ്പം സമ്മാനം കൊടുക്കുന്ന പരിപാടിയും കണ്ടു. ശിവ, ശിവ, ഇനി എന്തെല്ലാം കാണേണ്ടിയിരിക്കുന്നു.

എന്‍റെ കഴിഞ്ഞ പോസ്റ്റുകളിലെല്ലാം ഏതെങ്കിലും ഇംഗ്ലീഷു വാക്കു കടന്നു വന്നതിനാല്‍ ഈ അവാര്‍ഡിനും ഞാന്‍ അര്‍ഹനല്ല. എന്നാലും ഈ പരിപാടി കണ്ടപ്പോള്‍ ഒരു ഇത്. “കര്‍ക്കടകവാവു സ്നാനത്തിനു ഇവിടെക്കാണുന്ന മറ്റൊരു സവിശേഷത, കടല്‍ത്തീരത്തേയ്ക്ക് ആളുകള്‍ ഒറ്റയ്ക്കോ കൂട്ടമായോ വന്നെത്തുന്നു എന്നതാണ്” എന്ന് റിപ്പോര്‍ട്ടു ചെയ്യുന്നയാള്‍ ജോലിചെയ്യുന്ന ചാനലില്‍ നിന്നും മലയാളത്തിനു വേണ്ടി ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കരുത്.

നീന്തുത്തുടിക്കുന്ന മീനിനെ അഭിനന്ദിക്കാം. വരിതെറ്റാതെ പോകുന്ന ഉറുമ്പുകള്‍ക്കും അഭിനന്ദനം ചൊരിയാം. പുല്ലുതിന്നുന്ന മാനുകളെ അഭിനന്ദിക്കാം. പറക്കുന്ന പറവകളെ അഭിനന്ദിക്കാം. ഇവരുടെയൊക്കെ അഡ്രസ്സു കിട്ടിയാല്‍ സമ്മാനവും അയച്ചുകൊടുക്കാം.

Friday, August 1, 2008

മമ്മൂട്ടിയും മോഹന്‍ലാലും

കാവ്യയും മമ്മൂട്ടിയും എന്ന പോസ്റ്റെഴുതിക്കഴിഞ്ഞപ്പോഴാണ് മമ്മൂട്ടിയുടേയും മോഹന്‍ലാലിന്‍റേയും അഭിനയം ഏറ്റവും കുറഞ്ഞ വാക്കുകളില്‍ എങ്ങനെ വിവരിക്കാം എന്ന് ആലോചിച്ചത്.

കാര്യം നിസ്സാരം. വേഷം കെട്ടിയാല്‍ മമ്മൂട്ടി നന്ന്. (വടക്കന്‍ വീരഗാഥ, പൊന്തന്‍ മാട, മൃഗയ). വേഷം കെട്ടിയാല്‍ മോഹന്‍ലാല്‍ പോക്ക് (തച്ചോളി വര്‍ഗീസ് ചേകവര്‍, കടത്തനാടന്‍ അമ്പാടി). Natural ആയി അഭിനയിക്കാന്‍ മോഹന്‍ലാല്‍ നന്ന്, മമ്മൂട്ടി പോക്ക് (ഉദാഹരണങ്ങള്‍ അനവധി).

അപവാദങ്ങള്‍: തനിയാവര്‍ത്തനം, അങ്കിള്‍ ബണ്‍