Thursday, August 7, 2008

ഓള്‍ കേരള ഓട്ടം അക്കാഡമി

ബ്ലോഗിംഗും എക്സര്‍സൈസും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

ആരോഗ്യകരമായ കാരണത്താലാവുമല്ലോ പലരും എക്സര്‍സൈസ് ചെയ്യാന്‍ തുടങ്ങുന്നത്. ഏറ്റവും വിശാലമായ അര്‍ത്ഥത്തില്‍ എക്സര്‍സൈസ് ശരീരാരോഗ്യത്തിനുതകുന്നതുപോലെ ബ്ലോഗിംഗ് മനസ്സിന്‍റെ ആരോഗ്യത്തിനു സഹായിക്കുന്നു.

എക്സര്‍സൈസ് ചെയ്യുന്ന ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കുറച്ചുകാലം നിരീക്ഷിച്ച ശേഷം പലരും സ്വമേധയാ എക്സര്‍സൈസ് ചെയ്യണമെന്ന് തീരുമാനിക്കുന്നു. വായനക്കാരായി തുടങ്ങി ബ്ലോഗിംഗിലെത്തുന്നവരുടേയും ഗതി ഇതു തന്നെ. ഇങ്ങനെയുള്ളവര്‍, പലപ്പോഴും ഇത് തനിക്കു പറ്റിയ കളമല്ല എന്ന തിരിച്ചറിവില്‍ തുടങ്ങിയേടത്തുവച്ചു തന്നെ അവസാനിപ്പിച്ചു പോകുന്ന കാഴ്ചയും കാണാനാവും.

മറ്റു ചിലര്‍ ബന്ധുക്കളുടേയോ സുഹൃത്തുക്കളുടേയോ ഡോക്ടറുടേയോ നിര്‍ബന്ധത്തിനു വഴങ്ങി എക്സര്‍സൈസ് ചെയ്യുന്നു. ബ്ലോഗു ചെയ്തില്ലെങ്കില്‍ മനസ്സില്‍ കുമിഞ്ഞുകൂടുമായിരുന്ന ‘കൊഴുപ്പിന്’ ബ്ലോഗിംഗിലൂടെ ഒരു ബഹിര്‍ഗമനം സാദ്ധ്യമാക്കുക വഴി ആദ്യം പറഞ്ഞ മാനസ്സികാരോഗ്യം നേടിയെടുക്കാനുള്ള ശ്രമം. ഇവിടെ കൊഴുപ്പ് എന്നത്, തെറ്റായ അര്‍ത്ഥത്തിലല്ല ഉദ്ദേശിച്ചിരിക്കുന്നത്. രക്തധമനികളില്‍ അട്ടിയിട്ടിരിക്കുന്ന കൊഴുപ്പ് ശരീരത്തിനു ദോഷം ചെയ്യുന്നതുപോലെ അടക്കിപ്പിടിച്ചുവച്ചിരിക്കുന്ന വികാരവിചാരങ്ങള്‍ മനസ്സിനെ ദോഷകരമായി ബാധിക്കും.

ചിലരാവട്ടെ, ഒരു അംഗീകൃത പരിശീലകന്‍റെ സഹായത്താല്‍ എക്സര്‍സൈസ് എങ്ങനെ ചെയ്യണം എന്ന് പൂര്‍ണ്ണമായി മനസ്സിലാക്കി, അതിന്‍റെ ‘സാദ്ധ്യതകള്‍’ ഉള്‍ക്കൊണ്ടുകൊണ്ട് എക്സര്‍സൈസ് ആരംഭിക്കുകയും തുടരുകയും ചെയ്യുന്നു. മറ്റു ചിലരോ, അമ്പതു പുഷപ്പ്, ഗ്രൌണ്ടിനു ചുറ്റും പത്തു തവണ ഓട്ടം, ഇരുപത് സിറ്റപ്പ് എന്നിങ്ങനെ എല്ലാ മേഖലകളിലും യാതൊരു അടുക്കും ചിട്ടയുമില്ലാതെ എക്സര്‍സൈസ് നടത്തുന്നു. രണ്ടിനും ഗുണമുണ്ട്. ഇന്ന രീതിയിലേ ഇതൊക്കെ ആകാവൂ എന്ന് എല്ലാവരേയും നിര്‍ബന്ധിക്കുന്നതില്‍ അര്‍ത്ഥമില്ല. അടുക്കും ചിട്ടയുമില്ലാത്തനെന്ന് വിശേഷിപ്പിക്കപ്പെട്ട എക്സര്‍സൈസ് കാരണം സ്വന്തമായും നാട്ടുകാര്‍ക്കും ദോഷമൊന്നും സംഭവിക്കാത്തിടത്തോളം കാലം ആരേയും നിയമത്തിന്‍റെ ചട്ടക്കൂട്ടിലേയ്ക്കു കൊണ്ടു വരേണ്ട ആവശ്യമില്ല. ബ്ലോഗിംഗിനും ഇതെല്ലാം ഇതുപോലെ തന്നെ ബാധകം!

എക്സര്‍സൈസ് ചെയ്യുന്നവര്‍ സംഘടിക്കുന്നു എന്നുവയ്ക്കുക. എന്തൊക്കെയാവും ആ സംഘടനയുടെ ലക്ഷ്യം? കൂടുതല്‍ പേരെ എക്സര്‍സൈസ് ചെയ്യിപ്പിക്കുക എന്നത് ഒരു ലക്ഷ്യമാവാം. പക്ഷേ, എക്സര്‍സൈസിന്‍റെ നല്ലവശങ്ങള്‍ക്ക് പരമാവധി പ്രചാരണം നല്‍കുക എന്നതില്‍ കവിഞ്ഞ്, ഒരാള്‍ എക്സര്‍സൈസ് ആരംഭിക്കണമെങ്കില്‍, അയാളെപ്പറ്റിയുള്ള ചില അനുമാനങ്ങള്‍ ശരിയായിരിക്കണം.

ഒന്നാമത്, അയാള്‍ക്ക് എക്സര്‍സൈസിന്‍റെ ആവശ്യമുണ്ട് എന്ന അനുമാനം ശരിയാണോ എന്നു പരിശോധിക്കാം: പകലന്തിയോളം നല്ല അദ്ധ്വാനമാവശ്യമുള്ള പണിയെടുക്കുന്നവന്‍, അതുകഴിഞ്ഞ് ഒരു മണിക്കൂര്‍ എക്സര്‍സൈസ് എന്ന ആശയത്തോട് പ്രതിപത്തി ഉള്ളവനാവണമെന്നില്ല. എന്നു മാത്രമല്ല, അയാള്‍ക്ക് അതിന്‍റെ ആവശ്യവുമില്ല.

രണ്ടാമത്, അയാള്‍ക്ക് എക്സര്‍സൈസ് ചെയ്യാന്‍ താല്പര്യമുണ്ട്: ആവശ്യവും താല്പര്യവും രണ്ടാണല്ലോ. രക്തധമനികളില്‍ അട്ടിയിട്ടിരിക്കുന്ന കൊഴുപ്പ് കുറയ്ക്കാന്‍ എക്സര്‍സൈസ് ചെയ്യുന്നതിനേക്കാള്‍ ഗുളിക കഴിക്കുന്നതിനാണ് ഒരുവനു താല്പര്യമെങ്കില്‍ അയാളെ വെറുതേ വിടേണ്ടതാണ്.

മൂന്നാമത്, അയാള്‍ക്ക് എക്സര്‍സൈസ് ചെയ്യാനുള്ള സാഹചര്യമുണ്ട്: ആവശ്യവും താല്പര്യവും ഉണ്ടായാലും സാഹചര്യമില്ലെങ്കില്‍ പിന്നെന്തു ചെയ്യും? ഒരു പക്ഷേ അയാള്‍ക്ക് എക്സര്‍സൈസ് ഉപകരണങ്ങള്‍ ഉണ്ടാവില്ല. നാടുനീളേ ഓടിക്കൂടേ എന്നാണെങ്കില്‍ അതിനു സാങ്കേതിക തടസ്സവുമുണ്ടെന്നു വയ്ക്കുക.

നാലാമത്, അയാളുടെ എക്സര്‍സൈസ് ചെയ്യുന്നതു കൊണ്ട് സമൂഹത്തിനു ഗുണമുണ്ട്: വ്യക്തികള്‍ ആരോഗ്യവാന്മാരായിരിക്കേണ്ടത് ഓരോ സമൂഹത്തിന്‍റേയും ആവശ്യമാണ്. അതിനാല്‍ പലപ്പോഴും വ്യക്തിയുടെ ആരോഗ്യത്തില്‍ സമൂഹത്തിന് സ്വാര്‍ത്ഥതാല്പര്യമുണ്ട്. രക്തധമനികളില്‍ കൊഴുപ്പ് അട്ടിയിട്ടിരിക്കുന്ന ഒരു തൊണ്ണൂറു വയസ്സുകാരന് എക്സര്‍സൈസിന്‍റെ ആവശ്യമുണ്ട്, അയാള്‍ക്ക് എക്സര്‍സൈസ് ചെയ്യാന്‍ താല്പര്യവും സാഹചര്യവുമുണ്ട്. എന്നാലും അയാളെ ഉന്തിത്തള്ളി എക്സര്‍സൈസ് ചെയ്യിപ്പിക്കുന്നതിലര്‍ത്ഥമില്ല. ഇപ്പോള്‍ അധികം പരസഹായമില്ലാതെ ജീവിക്കുന്ന അയാള്‍ എക്സര്‍സൈസ് ചെയ്യുന്നവേളയില്‍ ഉരുണ്ടുപിടഞ്ഞുവീണ് സമൂഹത്തിന് ബാദ്ധ്യതയാവേണ്ട കാര്യമില്ലല്ലോ.

ഈ ഓരോ കാര്യവും ബ്ലോഗിംഗിനും ബാധകമാണെന്നത് സംശയരഹിതമാണ്.

ഇനി മറ്റൊരു വശം നോക്കാം.

ഒറ്റയ്ക്കു നിന്നാല്‍ ലഭിക്കാനിടയില്ലാത്ത അവകാശങ്ങള്‍ നേടിയെടുക്കാന്‍ സംഘടിക്കേണ്ടതുണ്ട്. എക്സര്‍സൈസ് ചെയ്യുന്നതില്‍ നിന്നു വിലക്കുകയോ, എക്സര്‍സൈസ് ചെയ്യാനുള്ള ഉപകരണങ്ങള്‍ക്ക് ക്രമാതീതമായി വില/വാടക വര്‍ദ്ധിപ്പിക്കുകയോ ചെയ്താല്‍ സംഘടനാപരമായി അവയെ നേരിടുന്നതില്‍ അര്‍ത്ഥമുണ്ട്. അവകാശങ്ങള്‍ നേടിയെടുക്കാനും ഇപ്പോള്‍ ലഭ്യമായ സൌകര്യങ്ങള്‍ നിലനിറുത്താനും സംഘടിക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ ഓള്‍ കേരള ഓട്ടം അക്കാഡമി അല്ലെങ്കില്‍ ഓള്‍ കേരള നടത്ത അക്കാഡമി എന്നൊക്കെപ്പറഞ്ഞ് സംഘടനയുണ്ടാക്കുന്നതിന് കാര്യകാരണസഹിതമുള്ള ഒരു വാദവും നിലവിലുള്ളതായി അറിയില്ല.

No comments: