Wednesday, January 28, 2009

എനിക്കും വേണം പത്മശ്രീ

ഹര്‍ഭജന്‍ സിംഗിന് പത്മശ്രീ പോലും.

എന്നാല്‍ പിന്നെ എനിക്കും താ സാറേ, ഒന്ന്. എനിക്കെന്താ ഒരു കുറവ്? ആകെക്കൂടി ഒരു കുറവായിക്കാണുന്നത്, ആറേഴുമാസമായി ബ്ലോഗെഴുതിത്തുടങ്ങിയിട്ടും ഇതുവരേയും ആരുടേയും മാതാവിനു വിളിച്ചിട്ടില്ല എന്നതാണ്. അതൊരു കുറവായി കാണല്ലേ, പ്ലീസ്!

വിക്കി പറയുന്നത് 2009 വരെ 2113 പത്മശ്രീ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ്. 2014 തവണ ഇന്ത്യാക്കാര്‍ക്കും ബാക്കി വിദേശീയര്‍ക്കും. പത്മശ്രീ ഏറ്റവും കൂടുതല്‍ കൊടുത്തിട്ടുള്ളത് കലാവിഭാഗത്തിനാണ്: 471 തവണ. ഞാന്‍ ഈ കാണിച്ചു കൂട്ടുന്നത് കല എന്ന കൂട്ടത്തില്‍ കൂട്ടില്ലെങ്കില്‍ വേണ്ട. നമുക്ക് അടുത്ത വിഭാഗം നോക്കാം. ഏറ്റവും കൂടുതല്‍ പത്മശ്രീ ലഭിച്ചിരിക്കുന്ന വിഭാഗങ്ങളില്‍ രണ്ടാമത് നില്‍ക്കുന്നത് സാഹിത്യവും വിദ്യാഭ്യാസവും (Literature & Education) ആണ്: 393 തവണ. ഈ ബ്ലോഗ് സാഹിത്യമായോ വിദ്യാഭ്യാസമായോ കൂട്ടിയാല്‍ എന്‍റെ കാര്യം ശരിയായി. എങ്ങനെ പോയാലും ഏഴാം സ്ഥാനത്തുള്ള സ്പോര്‍ട്സിനേക്കാള്‍ മുന്നില്‍ തന്നെ. അതു കൊണ്ടു തന്നെ ഹര്‍ഭജനു മുമ്പേ പത്മശ്രീ കിട്ടുക എന്നത് ഒരു അതിമോഹമായി കണക്കാക്കാന്‍ പറ്റില്ല എന്നു തീര്‍ച്ചയല്ലേ?



പക്ഷേ, എന്നെ വെട്ടിച്ച് ഹര്‍ഭജന്‍ ഈ നേട്ടം കൈവരിച്ചതിന്‍റെ കാരണം എന്താവാം?

സംഗതി വളരെ ലളിതം: സംസ്ഥാന പരിഗണന വച്ചു നോക്കിയാല്‍, പഞ്ചാബികള്‍ കേരളീയരേക്കാള്‍ മുന്നിലാണ്. 68 കേരളീയര്‍ക്കു പത്മശ്രീ ലഭിച്ചപ്പോള്‍ പഞ്ചാബികള്‍ 72 പേര്‍ പത്മശ്രീക്കാരായി. 385 ദില്ലിവാലക്കാരേയും 344 മഹാരാഷ്ട്രക്കാരേയും 179 തമിഴ്നാട്ടുകാരേയും വച്ചു നോക്കിയാല്‍ എട്ടാമതും ഒമ്പതാമതുമാണ് പഞ്ചാബിന്‍റേയും കേരളത്തിന്‍റേയും സ്ഥാനം. ഈ മാനദണ്ഡം വച്ച് ഹര്‍ഭജന്‍ സിംഗിന്‍റെ വിജയം, പക്ഷേ, വളരെ നേരിയതാണെന്നു തോന്നുന്നുണ്ടോ? എന്നാല്‍, നമുക്ക് ഒരു അളവുകോല്‍ കൂടി നോക്കാം.

ആകെ മൊത്തം 157 സിംഗുകള്‍ക്ക് പത്മശ്രീ കിട്ടിയപ്പോള്‍ നായരും പിള്ളയും മേനോനും കുറുപ്പും കൂടി സമ്പാദിച്ചതെത്രയാണെന്നോ? വെറും 37. കേരളീയര്‍ക്കെല്ലാം കൂടി അറുപത്തെട്ടേ കിട്ടിയിട്ടുള്ളൂ; പിന്നെയാണ്!

ജനിച്ചു പോയ സംസ്ഥാനവും ജാതിയും കാരണം ഞാന്‍ പിന്നേയും തഴയപ്പെട്ടു. സാരമില്ല, അടുത്ത തവണ നോക്കാം.

11 comments:

പാമരന്‍ said...

:)

ചാര്‍ളി (ഓ..ചുമ്മാ ) said...

പരസ്പരം പുറം ചൊറിഞ്ഞാലോ..?
"പോസ്റ്റ് വായിച്ചു...ഉഗ്രനായിട്ടുണ്ട് കേട്ടോ..ഞാന്‍ താങ്കളൂടെ ഒരു ആരാധകനാണ്‌"

Siju | സിജു said...

did u see this??

http://ibnlive.in.com/news/faux-pas-padma-award-goes-to-wrong-person/83954-3.html

Suraj said...

എന്തര് ഒലക്കയ്ക്കാണോ ഐശ്വര്യാ റായിക്ക് ഇത് കൊടുത്തത് !

ങ്ഹാ...അണ്ണനും കിട്ടട്ട് ഒരു “പദ്മ” വിഭൂഷണം. ;)

ഉണ്ണി said...

സിജു: കണ്ടു. കഷ്ടം!.

സൂരജ്: ദ്മ-യുടെ കടുപ്പീരിന് നന്ദി. അതുകാരണം ഡിക്ഷ്ണറി നോക്കി.

പത്മ ആണ് ശരി എന്ന് എന്‍റെ കയ്യിലെ നിഘണ്ടു പറയുന്നു. തിരുത്തുന്നു.

Suraj said...

ഹായ് ഹായ് ഹൈ!

“പദ്മ” തന്നെയാ മാഷേ ശരി.“ത്മ”യല്ല.

ഞാനൊരു ഒറ്റാലു വച്ചു നോക്കിയതല്ലേ,ഇങ്ങള് കേറുവോന്നറിയാന്‍ ;)
(ദ്മ കണ്ടപ്പം ഒരാളെ ഓര്‍മ്മവന്നു, അതോണ്ട് വച്ച ഒറ്റാലാ..ഷമിഷബേഗു..)

ഉണ്ണി said...

ഒറ്റാലില്‍ പെട്ടു. :)

എന്നാല്‍ പിന്നെ ഈ തര്‍ക്കം ഉമേഷ് സാര്‍ തീര്‍ക്കട്ടെ. ഇതൊക്കെ വായിക്കുന്ന ആളാണാവോ?

പത്മ - ലക്ഷ്മി
പത്മം - താമര, കുബേരന്‍റെ ധനം

എന്നൊക്കെ നിഘണ്ടുവില്‍.

Suraj said...

“ദ്മ” ഉമേഷ് ജി പണ്ടേ ഒറപ്പിച്ചതാ ;)

“ത്മ“ വച്ചുള്ളവ ലിപി ഭേദങ്ങള്‍ ആയി ശബ്ദസാഗരം പോലുള്ള ഡിക്ഷ്ണറികളില്‍ ഇപ്പോഴും ഇടാറുണ്ട്.

ഉണ്ണി said...

പദ്മം എന്ന സംസ്കൃതവാക്ക് പത്മം എന്ന് മലയാളത്തില്‍ ഉപയോഗിക്കാം എന്ന പ്രയോഗ സാധുത വച്ച് ഇനി തിരുത്തുന്നില്ല.

ലിങ്കുകള്‍ ഒന്നും രണ്ടും നോക്കൂ.

Suraj said...

പൂവെന്നും, പുഴ്പ്പമെന്നും, പിന്നെ കുട്ടി ശൊന്നപടീം...

Umesh::ഉമേഷ് said...

ഉണ്ണി അവസാനം പറഞ്ഞതാണു ശരി. സംസ്കൃതത്തിൽ (പിന്നെ ഹിന്ദി തുടങ്ങിയവയിലും) പദ്മം. മലയാളത്തിൽ പദ്മവും പത്മവും ശരിയാണു്. ലിപി വരുത്തി വെച്ച വിന എന്നു പറയാം. വിശദമായി പറയാനാണെങ്കിൽ ഒരുപാടുണ്ടു്.

പല്മം എന്നു പറയാതിരുന്നാൽ മതി.