Friday, October 16, 2009

ഒഴുക്കിനെതിരേ

(പൊടിപിടിച്ചു കിടക്കുന്ന നല്ല ബ്ലോഗുകള്‍ക്ക് അല്പം ട്രാഫിക് പ്രദാനം ചെയ്യാന്‍ വേണ്ടി തുടങ്ങുന്ന പൊടിയടിപ്പ് സീരീസിലെ ആദ്യ പോസ്റ്റ്.)

പ്രായോഗികകാര്യത്തില്‍ ഞാനും ശ്രീവല്ലഭനും രണ്ടുതട്ടിലാണെങ്കിലും (ഞാന്‍ ഒഴുക്കിനൊപ്പം, അങ്ങേര് ഒഴുക്കിനെതിരേ) ശ്രീവല്ലഭന്‍റെ ഒരു പ്രവാസിയുടെ നിരീക്ഷണങ്ങള്‍ കണ്ണു തുറന്നുപിടിച്ച് നടന്ന ഒരാളുടേതാണെന്ന് വ്യക്തം. “നൂറു ശതമാനം സാക്ഷരത പുഴുങ്ങി തിന്നാനെ കൊള്ളൂ” എന്ന നിരീക്ഷണത്തിലൂടെ സാക്ഷരത കൂടുമ്പോള്‍ ഭാര്യ അന്യപുരുഷന് കാശുകൊടുക്കുന്നതില്‍ തെറ്റില്ല എന്ന നിരീക്ഷണമൊഴിച്ച് വല്ലഭന്‍ പറഞ്ഞ ബാക്കിയെല്ലാ കാര്യങ്ങളോടും എനിക്ക് യോജിപ്പ്.

വായനക്കാരേ, ഞാനും ശ്രീവല്ലഭനും തമ്മിലുള്ള ഭിന്നത മറന്ന് നിങ്ങള്‍ ശ്രീവല്ലഭന്‍റെ ബ്ലോഗ് സന്ദര്‍ശിക്കണം. ഇനിയും തുടര്‍ന്ന് നിരീക്ഷണങ്ങള്‍ എഴുതാന്‍ നിങ്ങളുടെ സന്ദര്‍ശനം അങ്ങേര്‍ക്ക് പ്രചോദനമാവണം. ആകെമൊത്തം മുപ്പതു പോസ്റ്റേ ഇതുവരെ ഇട്ടിട്ടുള്ളെങ്കിലും ശ്രീവല്ലഭനും എന്നെപ്പോലെ നൂറിലധികം പോസ്റ്റുകള്‍ എഴുതുന്ന നല്ലൊരു എഴുത്തുകാരനാവില്ല എന്ന് ആരു കണ്ടു!

പോകൂ, ഇവിടെ നില്‍ക്കാതെ അവിടേയ്ക്കു പോകൂ!

Wednesday, October 14, 2009

നിശ്ചയം

ഓഫീസിലെ മറ്റൊരു മലയാളി പയ്യന്‍സിന്‍റെ കൂടി കല്യാണ നിശ്ചയം കഴിഞ്ഞു. അഭിനന്ദനങ്ങള്‍ അറിയിക്കുന്നതിനിടെ കല്യാണം കഴിഞ്ഞ് അഞ്ചാറു കൊല്ലമായ എന്നോട് അവന്‍ നാണമില്ലാതെ ചോദിച്ചു:

“ഉണ്ണിയേട്ടാ, എന്തെങ്കിലും ഉപദേശം?”

“മകനേ,” ഞാന്‍ താടിതടവിക്കൊണ്ട്, തൊട്ടപ്പുറത്തിരിക്കുന്ന മേഴ്സി കേള്‍ക്കാതെ പതുക്കെപ്പറഞ്ഞു: “രണ്ടു മൂന്നു കാര്യം ശ്രദ്ധിച്ചാല്‍ മതി.”

ഒന്ന്, നീ പാചകം ചെയ്യുന്നത് നിര്‍ത്തുക. നിന്‍റെ സാമ്പാറിനും ബീഫ് ഫ്രൈയ്ക്കും അപാരരുചിയായതു കൊണ്ടു പറയുകയാണ്, കെട്ടിക്കഴിഞ്ഞ് ജീവിതകാലം മുഴുവന്‍ സാമ്പാറും ബീഫ് ഫ്രൈയും സ്വയം ഉണ്ടാക്കി ജീവിക്കാന്‍ താല്പര്യമില്ല എങ്കില്‍ ഇന്നു നിര്‍ത്തിയേക്കണം. ഒരു പാചക്കാരനാണെന്ന വാക്ക് മിണ്ടിപ്പോവരുത്. പട്ടിണി കിടന്നാലും ചമ്മന്തി പോലും ഉണ്ടാക്കിയേക്കരുത്.

രണ്ട്, കല്യാണത്തിന് ഇനി നാലു മാസം സമയമുണ്ടല്ലോ. ദിവസം പറ്റുമെങ്കില്‍ 12-14 മണിക്കൂര്‍ ഫോണ്‍ വിളിക്കുക. നിര്‍ത്താതെ സംസാരിക്കുക. ജീവിതകാലം ഇനി ഇതുപോലെ സംസാരിക്കാന്‍ അവസരമുണ്ടായെന്നു വരില്ല. ഈ നാലുമാസം കഴിഞ്ഞാല്‍ നിന്‍റെ സംസാരം അവളു വകവയ്ക്കുകയുമില്ല. എന്നു വച്ച്, അനാവശ്യമായ ഒരു വെളിപ്പെടുത്തലും നടത്തുകയുമരുത്. തുറന്നു പറച്ചിലൊക്കെ എഴുപതു വയസ്സു കഴിഞ്ഞിട്ട് ചെയ്യാവുന്നതേയുള്ളൂ.

മൂന്ന്, ഇക്കാര്യം കല്യാണം കഴിഞ്ഞിട്ടുള്ളതാണ്, സെക്സിന് അധികം ഫ്രീക്വന്‍സിയും വൈവിധ്യവും പാടില്ല. തുടക്കം മുതലുള്ള ആവേശം രണ്ടുകൊല്ലം കഴിഞ്ഞാല്‍ പാലിക്കാന്‍ കഴിയില്ല. അവളോടുള്ള താല്പര്യക്കുറവാണെന്ന് വ്യഖ്യാനിക്കപ്പെടാതിരിക്കാന്‍ ഈ മിതത്വം നല്ലതാണ്.

അഞ്ചാറു മാസം കഴിഞ്ഞ്, പുതുമോടിയൊക്കെ മാറിയിട്ട് വന്നാല്‍ ബാക്കി കൂടി പറഞ്ഞുതരാം. ഗുഡ്‍ലക്ക്.

Monday, October 12, 2009

ഉണ്ണീടെ ബ്ലോഗ്

സര്‍ച്ച് എന്നു പറഞ്ഞാല്‍ ഗൂഗിളാണെന്നാണല്ലോ വയ്പ്പ്.

search എന്ന വാക്ക് ഗൂഗിളില്‍ തെരഞ്ഞു നോക്കൂ. ഗൂഗിള്‍ അഞ്ചാം സ്ഥാനത്തു മാത്രം. 60-ഓ 70-ഓ ശതമാനം ആള്‍ക്കാര്‍ ഉപയോഗിക്കുന്നു എന്നു പറയുന്ന സര്‍ച്ച് എഞ്ചിന്‍ തന്‍റെ മുന്തിയതരം പേജ്റാങ്ക് അല്‍ഗോരിതം ഉപയോഗിച്ചു പരീക്ഷിച്ചും നിരീക്ഷിച്ചും നോക്കി സ്വയം വിലയിരുത്തിയപ്പോള്‍ അഞ്ചാം സ്ഥാനത്തായിപ്പോയി. എന്നാല്‍ സാമാന്യം തരക്കേടില്ലാതെ ഉത്തരങ്ങള്‍ തരുന്ന യാഹുവിനെ ഒന്നാം സ്ഥാനത്തു പ്രതിഷ്ഠിക്കാന്‍ അല്‍ഗോരിതം അനുവദിക്കുന്നുമില്ല.

എന്താ കാരണമെന്നറിയേണ്ടേ? അല്‍ഗോരിതംപ്രകാരം വരുന്ന റിസല്‍ട്ടുകളെ ഗൂഗിള്‍ ഒരു കാരണവശാലും മാറ്റി മറിക്കില്ല പോലും. ഞാന്‍ വിശ്വസിച്ചു. അതൊകൊണ്ടാണല്ലോ ഒരാളും വായിക്കാത്ത ഉണ്ണീടെ ബ്ലോഗ് പേജ്റാങ്ക് പ്രകാരം ഒന്നാമതെത്തുന്നത്.