പണ്ട് ഞാന്‍ താമസിച്ചിരുന്ന ഹോസ്റ്റലില്‍ മോന്‍ ജോസഫ് എന്നു പേരുള്ള ഒരുവന്‍ ഉണ്ടായിരുന്നു. ഈ ഇടുക്കിക്കാരുടെ കാര്യമേ... മോന്‍ എന്നല്ലാതെ വേറേ പേരൊന്നും ഇടാന്‍ കണ്ടില്ല. എന്തായാലും ഇഷ്ടന്‍റെ സുഹൃത്തുക്കള്‍ അദ്ദേഹത്തെ “മോനേ...” എന്ന് ദ്വയാര്‍ത്ഥത്തില്‍ നീട്ടി വിളിച്ച് ആഹ്ലാദം കൊണ്ടു. ശത്രുക്കളാവട്ടെ, ഡാഷ് എന്ന വാക്ക് മുമ്പില്‍ ചേര്‍ത്ത് തങ്ങളുടെ വികാരശമനം നടത്തി.
കാലം കടന്നു പോകേ, ഡാഷ് മോന്‍, നായിന്‍റെ മോന്‍, പൂ മോന്‍ തുടങ്ങിയ വിളികളോട് ശ്രീമാന്‍ മോന്‍ ജോസഫ് സഹകരണരൂപേണ പ്രതികരിച്ചു തുടങ്ങുകയും ശത്രുമിത്രഭേദമില്ലാതെ എല്ലാരും തന്നെ മോന്‍ ജോസഫിനെ മുകളില്‍ പറഞ്ഞ പേരുകളില്‍ വിളിക്കാനും തുടങ്ങി. അങ്ങനെയിരിക്കെയാണ് മലയാളം അദ്ധ്യാപികയുടെ മകനും സന്ധിസമാസകാര്യങ്ങളില്‍ നൈപുണ്യമുള്ളവനുമായ കൊല്ലം കാരന്‍ ബിജു ഹോസ്റ്റലില്‍ വന്നു ചേരുന്നത്. ചായയും ബോണ്ടയും കഴിച്ചുകൊണ്ടിരുന്ന ഒരു സായാഹ്നത്തില്‍ ബിജു കഥാനായകന്‍ മോനോടു ചോദിച്ചു:
‘അണ്ണാ, അണ്ണനെ നായിന്‍റെ മോന്‍ എന്ന് വിളിക്കണതില്‍ അണ്ണന് വെഷമമില്ലീ?’
മോന്‍ ചിരിച്ചു. ആരുടേയും വായ് മൂടിക്കെട്ടാന്‍ തന്നെക്കൊണ്ടാവില്ല എന്ന് നിസ്സഹായനായി മറുപടി പറഞ്ഞു.
‘അല്ലണ്ണാ, ഈ നായിന്‍റെ മോന്‍ എന്ന് പറഞ്ഞാല് അതിന്‍റ അര്‍ത്ഥം അറിഞ്ഞൂടേ?’ ബിജു രണ്ടിലൊന്ന് അറിഞ്ഞിട്ടേ പോകൂ.
എന്തര്‍ത്ഥം? നായയുടെ മകന്‍... എന്ന മട്ടില്‍ നിസ്സാരമായി കാണാന്‍ ശ്രമിച്ച മോന്‍ ജോസഫിനോട്, ബിജു നായിന്‍റ മോന്‍ എന്നതിന്‍റെ വാച്യാര്‍ത്ഥം പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചുവെന്നും അടുത്തു കിടന്ന നെടുങ്കന്‍ വടിയുമായി മോന്‍ ജോസഫ് ബിജുവിനു പുറകേ ‘എടാ തന്തയ്ക്കു പിറക്കാത്തവനേ, നിന്നെ ഞാന്‍ കൊല്ലും’ എന്നു പറഞ്ഞ് ഓടിയെന്നും അന്നുമുതല്‍ ആരും മോന്‍ ജോസഫിനെ നായിന്‍റെ മോനേ എന്നു വിളിച്ചിട്ടില്ലെന്നും മാത്രം പറഞ്ഞാല്‍ സംഭവത്തിന്‍റെ തീക്ഷ്ണത മനസ്സിലായിക്കാണുമല്ലോ.