Wednesday, October 29, 2008

ബൂലോഗ സാഹിത്യം

വിശാലമനസ്കന്‍റേയും കുറുമാന്‍റേയും ഇപ്പോള്‍ സിമിയുടേയും പുസ്തകപ്രകാശനങ്ങള്‍ക്കു ശേഷം ലോകം മുഴുവന്‍ മുഴങ്ങിക്കേള്‍ക്കുന്ന ചോദ്യമിതാണ്: ബൂലോഗത്തു നിന്നും ഒരു സാഹിത്യകാരനുണ്ടാവുമോ?

പിന്നില്ലാതേ?

ഇന്‍ഫിനിറ്റ് മങ്കി തിയറം പറയുന്നത്,

A monkey hitting keys at random on a typewriter keyboard for an infinite amount of time will almost surely type a given text, such as the complete works of William Shakespeare.
കാര്യം മനസ്സിലാക്കണമെന്നുള്ളവര്‍ വിക്കിപ്പീഡിയയിലെ ഡയറക്ട് പ്രൂഫ് എന്ന ഭാഗം വായിച്ചു നോക്കൂ.

അക്കണക്കിനു നോക്കിയാല്‍, മലയാളത്തില്‍ സ്വാഭാവികമായി എഴുത്തുകാരന്മാരാവാന്‍ സാദ്ധ്യതയില്ലാത്തവരെല്ലാം ബ്ലോഗു ചെയ്തു തുടങ്ങുന്ന സമയത്ത്, അതിലൊരാള്‍ സാഹിത്യകാരനാവാന്‍ സാദ്ധ്യതയുണ്ട്.

സിമി വിഷമിക്കരുത്. മുകളില്‍ പറഞ്ഞ മൂന്നു പേരില്‍ കേമന്‍ നിങ്ങളാണ്.

Saturday, October 25, 2008

ബുള്‍ഷിറ്റ് ബിംഗോ!

മുന്നറിയിപ്പ്: ജോലിചെയ്യാന്‍ വേണ്ടി ഓഫീസില്‍ പോകുന്നവര്‍ തുടര്‍ന്നു വായിക്കരുത്. അല്ലാത്തവര്‍ക്കായി ഇതാ ഒരു പുതിയ കളി.

വളരെ സൂക്ഷ്മമായ ആവശ്യത്തിനു മാത്രമായി ഉണ്ടാക്കിയ ഒരു വെബ്സൈറ്റ് ഇതിനു മുമ്പ് പരിചയപ്പെടുത്തിയിരുന്നല്ലോ. അതുപോലൊരു വെബ്സൈറ്റാണ് ബുള്‍ഷിറ്റ് ബിംഗോ. ഓരോ തവണയും മീറ്റിംഗുകള്‍ക്കു പോകും മുമ്പ് ഈ ബിംഗോ കളിയുടെ ഒരു കോപ്പിയുമായി പോയാല്‍ സമയം പോകുന്നതറിയുകയേയില്ല. (എന്നെ വിശ്വസിക്കൂ, ഞാന്‍ ഇത് പരീക്ഷിച്ചു നോക്കി. 100% സംതൃപ്തി ഗ്യാരന്‍റീഡ്‌!)

Tuesday, October 21, 2008

കാട്ടാളന്‍റെ റൊമാന്‍സ്

ഒരു പണിയുമില്ലാത്തോണ്ട് ഇടയ്ക്കിടയ്ക്കിരുന്ന് എന്‍‍കാര്‍ട്ട വായിക്കുമെന്ന് ഞാന്‍ മുമ്പ് പറഞ്ഞിരുന്നല്ലോ. അറിവു വര്‍ദ്ധിപ്പിക്കുന്ന തീവ്രയത്നപരിപാടിയുടെ ഭാഗമായി ചിലപ്പോള്‍ വിക്കിപ്പീഡിയയും വായനയുണ്ട്.

അങ്ങനെയാണ് കാട്ടാളഭാഷയെപ്പറ്റി വായിക്കാമെന്നു വിചാരിച്ചത്. അല്പം ഭയത്തോടെ കാട്ടാളഭാഷയുടെ വിക്കി തുറന്നപ്പോള്‍ കണ്ടതോ കണ്ണും മനസ്സും കുളുര്‍ക്കുന്ന ഈ വാചകങ്ങള്‍:

Catalan pronounced /ˈkætəˌlæn/ (català IPA: [kətəˈla] or [kataˈla]) is a Romance language.*
വെറുതേ തെറ്റിദ്ധരിച്ചല്ലോ, കാട്ടാളാ...

* ചുവപ്പു കളര്‍ എന്‍റെ വക.

Monday, October 20, 2008

വീടു വാങ്ങല്ലേ

അമേരിക്കയില്‍ അപ്പാര്‍ട്ട്മെന്‍റില്‍ താമസിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: എക്കണോമി താഴേയ്ക്കു പോകുമ്പോള്‍ വീടുവാങ്ങിയേക്കാം എന്നു തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍ വില ഏറ്റവും താഴെയെത്തുമ്പോള്‍ മാത്രമേ വാങ്ങൂ എന്നു നിര്‍ബന്ധമുള്ളവര്‍ ചാടിക്കയറി വീടുവാങ്ങിയേക്കല്ലേ.



വിവരവും വിദ്യാഭ്യാസവുമുള്ള എക്കണോമിസ്റ്റുകള്‍ പറയുന്നത് 2011-ല്‍ വീടുവാങ്ങിയാല്‍ മതിയെന്നാണ്.

Friday, October 10, 2008

വിഷാദച്ഛവി

ഒരു പണിയുമില്ലാത്തോണ്ട് ഇടയ്ക്കിടയ്ക്കിരുന്ന് എന്‍‍കാര്‍ട്ട വായിക്കുന്നത് ഒരു ശീലമായിപ്പോയി. (കുറച്ചുകൂടെ പ്രായമായിരുന്നെങ്കില്‍ വല്ല രാമായണവും വായിക്കാമായിരുന്നു.)

ഒന്നാം ലോകമഹായുദ്ധത്തെക്കുറിച്ചുള്ള ഈ വരികള്‍ വായിച്ച് ഈയുള്ളവന്‍ ചിന്താമഗ്നനായിച്ചമഞ്ഞു:

The term World War I did not come into general use until a second worldwide conflict broke out in 1939 (see World War II). Before that year, the war was known as the Great War or the World War.
അതുശരി, രണ്ടാം ലോകമഹായുദ്ധം വരുന്നതുവരെ ഒന്നാം ലോകമഹായുദ്ധമായിരുന്നു ഭയങ്കരന്‍. രണ്ടു വന്നപ്പൊഴല്ലേ, ഒന്നിനു വിലയില്ലാതായത്. ഇതു വായിച്ചു ചിന്തയില്‍ മുഴുകി വലഞ്ഞത് എങ്ങനെയെന്നല്ലേ?

കുറച്ചുകൂടെക്കഴിഞ്ഞ് ലോകത്തിലെ എക്കോണമിയൊക്കെ തകര്‍ന്നു തരിപ്പണമായാല്‍ ഈ പാവത്തിനെ നാം എന്തു വിളിക്കും?

Wednesday, October 8, 2008

വാച്യാര്‍ത്ഥം

പണ്ട് ഞാന്‍ താമസിച്ചിരുന്ന ഹോസ്റ്റലില്‍ മോന്‍ ജോസഫ് എന്നു പേരുള്ള ഒരുവന്‍ ഉണ്ടായിരുന്നു. ഈ ഇടുക്കിക്കാരുടെ കാര്യമേ... മോന്‍ എന്നല്ലാതെ വേറേ പേരൊന്നും ഇടാന്‍ കണ്ടില്ല. എന്തായാലും ഇഷ്ടന്‍റെ സുഹൃത്തുക്കള്‍ അദ്ദേഹത്തെ “മോനേ...” എന്ന് ദ്വയാര്‍ത്ഥത്തില്‍ നീട്ടി വിളിച്ച് ആഹ്ലാദം കൊണ്ടു. ശത്രുക്കളാവട്ടെ, ഡാഷ് എന്ന വാക്ക് മുമ്പില്‍ ചേര്‍ത്ത് തങ്ങളുടെ വികാരശമനം നടത്തി.

കാലം കടന്നു പോകേ, ഡാഷ് മോന്‍, നായിന്‍റെ മോന്‍, പൂ മോന്‍ തുടങ്ങിയ വിളികളോട് ശ്രീമാന്‍ മോന്‍ ജോസഫ് സഹകരണരൂപേണ പ്രതികരിച്ചു തുടങ്ങുകയും ശത്രുമിത്രഭേദമില്ലാതെ എല്ലാരും തന്നെ മോന്‍ ജോസഫിനെ മുകളില്‍ പറഞ്ഞ പേരുകളില്‍ വിളിക്കാനും തുടങ്ങി. അങ്ങനെയിരിക്കെയാണ് മലയാളം അദ്ധ്യാപികയുടെ മകനും സന്ധിസമാസകാര്യങ്ങളില്‍ നൈപുണ്യമുള്ളവനുമായ കൊല്ലം കാരന്‍ ബിജു ഹോസ്റ്റലില്‍ വന്നു ചേരുന്നത്. ചായയും ബോണ്ടയും കഴിച്ചുകൊണ്ടിരുന്ന ഒരു സായാഹ്നത്തില്‍ ബിജു കഥാനായകന്‍ മോനോടു ചോദിച്ചു:

‘അണ്ണാ, അണ്ണനെ നായിന്‍റെ മോന്‍ എന്ന് വിളിക്കണതില്‍ അണ്ണന് വെഷമമില്ലീ?’

മോന്‍ ചിരിച്ചു. ആരുടേയും വായ് മൂടിക്കെട്ടാന്‍ തന്നെക്കൊണ്ടാവില്ല എന്ന് നിസ്സഹായനായി മറുപടി പറഞ്ഞു.

‘അല്ലണ്ണാ, ഈ നായിന്‍റെ മോന്‍ എന്ന് പറഞ്ഞാല് അതിന്‍റ അര്‍ത്ഥം അറിഞ്ഞൂടേ?’ ബിജു രണ്ടിലൊന്ന് അറിഞ്ഞിട്ടേ പോകൂ.

എന്തര്‍ത്ഥം? നായയുടെ മകന്‍... എന്ന മട്ടില്‍ നിസ്സാരമായി കാണാന്‍ ശ്രമിച്ച മോന്‍ ജോസഫിനോട്, ബിജു നായിന്‍റ മോന്‍ എന്നതിന്‍റെ വാച്യാര്‍ത്ഥം പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചുവെന്നും അടുത്തു കിടന്ന നെടുങ്കന്‍ വടിയുമായി മോന്‍ ജോസഫ് ബിജുവിനു പുറകേ ‘എടാ തന്തയ്ക്കു പിറക്കാത്തവനേ, നിന്നെ ഞാന്‍ കൊല്ലും’ എന്നു പറഞ്ഞ് ഓടിയെന്നും അന്നുമുതല്‍ ആരും മോന്‍ ജോസഫിനെ നായിന്‍റെ മോനേ എന്നു വിളിച്ചിട്ടില്ലെന്നും മാത്രം പറഞ്ഞാല്‍ സംഭവത്തിന്‍റെ തീക്ഷ്ണത മനസ്സിലായിക്കാണുമല്ലോ.

Tuesday, October 7, 2008

ഓ, പിന്നേ!

ഓരോ പേടിപ്പിപ്പുകളേയ്.



ഞാന്‍ ഇജക്ട് ചെയ്ത് വീട്ടില്‍ വന്ന് കഞ്ഞികുടിച്ച് കിടന്നുറങ്ങി പിറ്റേന്ന് രാവിലെയെഴുന്നേറ്റ് ലാപ്ടോപ്പും തൂക്കി ആപ്പീസില്‍ ചെന്നപ്പഴാണ് അവന്‍റെ ഒരു "You cannot eject..."

ഒന്നു പോടേയ്!