Wednesday, April 29, 2009

എന്‍റെ കുഴപ്പം?

ചില നേരത്തെ കാര്യങ്ങളാലോചിച്ചാല്‍ അറിയാതെ ചോദിച്ചു പോകും: എല്ലാവര്‍ക്കും വട്ടായോ അതോ എനിക്കു മാത്രമേ കുഴപ്പമുള്ളോ എന്ന്. തെരഞ്ഞെടുപ്പുകാലത്തെ ബ്ലോഗു പോസ്റ്റുകള്‍ കണ്ട് ഇങ്ങനെ തലയില്‍ കയ്യും വച്ചിരിന്നിട്ടുണ്ട്.

അതുപോലെയാണ് ചില സൈറ്റുകളുടെ കാര്യം. വെപ്രാളപ്പെട്ട് ചെന്ന് നോക്കുമ്പോഴായിരിക്കും സൈറ്റ് ഡൌണ്‍. മെയില്‍ നോക്കാന്‍ ചെല്ലുമ്പോള്‍ ഹോട്ട്മെയില്‍.കോം ഡൌണ്‍. നാട്ടിലേയ്ക്ക് പണമയയ്ക്കാന്‍ നോക്കുമ്പോള്‍ SBI-യുടെ സൈറ്റ് ഡൌണ്‍. നാട്ടില്‍ നിന്നും വന്ന സുഹൃത്ത് ലാന്‍ഡ് ചെയ്തോ എന്നു നോക്കുമ്പോള്‍ ഡെല്‍റ്റ എയര്‍ലൈന്‍സിന്‍റെ സൈറ്റ് ഡൌണ്‍. എന്നാല്‍ പിന്നെ ബ്ലോഗാം എന്നു വച്ചാലോ ബ്ലോഗര്‍ ഡൌണ്‍.

ഇനി എല്ലാറ്റിനും ശാന്തി. http://downforeveryoneorjustme.com/ നോക്കിയാല്‍ മതിയല്ലോ!

Friday, April 24, 2009

ഗ്ലാമറസ്

ടി. വി. യില്‍ ശോഭനയെപ്പറ്റി ഏതോ ഒരുവന്‍ പുകഴ്ത്തിപ്പാടുന്നു. അതിനിടയില്‍ ഒരു വാചകം:

“ഒന്നു രണ്ടു സിനിമകളില്‍ ഗ്ലാമറസായി അഭിനയിച്ചെങ്കിലും നാട്ടിന്‍ പുറത്തുള്ള അയലത്തെ പെണ്‍കൊടിയുടെ ഇമേജ് കൈവിടാന്‍ ശോഭന തയ്യാറായിരുന്നില്ല.”

ശോഭനയെ പൊതുവേ ഇഷ്ടമല്ലെങ്കിലും ശോഭന സുന്ദരിയായി തോന്നിയ രണ്ടു സിനിമകളില്‍ കൂടുതലുണ്ടല്ലോ എന്ന വിചാരം എന്നെ മഥിച്ചു.

ആണിന് ഒടുക്കത്തെ ഗ്ലാമര്‍ ആണെന്നു പറഞ്ഞാല്‍ അതില്‍ ഗൂഢാര്‍ത്ഥമൊന്നുമില്ല. എന്നാല്‍ ഗ്ലാമര്‍ എന്നവാക്കും സ്ത്രീയും (പ്രത്യേകിച്ച് ഒരു നടിയും) ആയി ചേര്‍ത്തു പറഞ്ഞാല്‍ അതിന് ഒരര്‍ത്ഥമേയുള്ളൂ. അവളുടെ കുറേയധികം തൊലി വസ്ത്രത്തിനിടയിലൂടെയോ വസ്ത്രമിടാത്തതിനാലോ പുറത്തു കാണുന്നു എന്നു മാത്രം.

ഇത്രയുമായപ്പോള്‍ എനിക്കൊരു ശങ്ക. ഇനി “ഗ്ലാമറസ് ആയി” എന്നു പറയുന്നതിന് “തുണിയൂരി” എന്നര്‍ത്ഥമുണ്ടാവുമോ?

പിന്നെ താമസിച്ചില്ല. നേരേ പോയി എന്‍‍കാര്‍ട്ട നോക്കി.
glamorous
1. artificially good-looking: dressed or made up to be good-looking, especially in a high-fashion manner
2. exciting and desirable: desirable, especially in an exiting, stylish, or opulent way
ഇനി opulent എന്താണെന്നു കൂടി അറിഞ്ഞാല്‍ സുഖമായുറങ്ങാം.
opulent
1. lavish: characterized by an obvious or lavish display of wealth or affluence
2. ample: in richly abundant supply
ഗോസിപ്പ് ലേഖകര്‍ വ്യഭിചരിച്ചു നശിപ്പിച്ച വാക്കായിപ്പോയല്ലോ ദൈവമേ, ഗ്ലാമറസ്!

Wednesday, April 15, 2009

വോട്ടു പാഴാക്കരുത്

വോട്ടു പാഴാക്കരുത് എന്നു ഞാന്‍ പറഞ്ഞിട്ടു വേണോ? നാലാളറിയുന്ന ബ്ലോഗു പുലികള്‍ ബഹുവര്‍ണ്ണ പോസ്റ്ററൊട്ടിച്ചെന്നു കരുതി നിങ്ങള്‍ വോട്ടു മാറ്റരുത്. (ലിങ്കിടുന്നില്ല. മറ്റൊന്നുമല്ല, വേറേ ജോലിയില്ലാത്തവരാണ്, ഇനി എല്ലാം കൂടി വന്ന് എന്‍റെ മേല്‍ കുതിരകയറും.)



മനഃസാക്ഷിക്കു നിരക്കുന്ന രീതിയില്‍ വോട്ടു ചെയ്യുക. പീയര്‍ പ്രഷറും വര്‍ണ്ണ പോസ്റ്ററും സ്റ്റാറ്റിസ്റ്റിക്സും കാണിക്കുന്നവരെ അവഗണിക്കുക. സ്ഥാനാര്‍ത്ഥിയെ നോക്കി വോട്ടുചെയ്യുന്നത്, ചിലര്‍ പറഞ്ഞു പ്രചരിപ്പിക്കും പോലെ, അരാഷ്ട്രീയമൊന്നുമല്ല. വോട്ടു ചെയ്യാതിരിക്കലാണ് അക്ഷന്തവ്യമായ കുറ്റം.

അപ്പോള്‍ മടിച്ചു നില്‍ക്കാതെ പോയി വോട്ടു ചെയ്താട്ടേ.

Monday, April 13, 2009

സോഫ്റ്റ്‍വെയര്‍ പാരകള്‍

ക്സോബ്നിയെപ്പറ്റി മുമ്പ് കേട്ടിട്ടുണ്ടെങ്കിലും പരീക്ഷിച്ചു നോക്കിയത് കഴിഞ്ഞ ദിവസമാണ്. ഓഫീസിനും പ്രസിനും അവധിയായതിനാല്‍, അല്ല, ഓഫീസില്‍ തിരക്കായതിനാല്‍ വീട്ടില്‍ വച്ചാണ് സാഹസം തുടങ്ങിയത്.

ക്സോബ്നിക്കാരന്‍ ഇന്‍സ്റ്റലേഷന്‍ ഒക്കെക്കഴിഞ്ഞ് എന്‍റെ മെയിലുകള്‍ അനലൈസ് ചെയ്യാന്‍ തുടങ്ങി. മീന്‍ മുറിക്കുന്നിടത്തിരിക്കുന്ന പൂച്ച നോക്കുംപോലെ ടീവി കാണുന്നതിനോടൊപ്പം ഭാര്യ എന്‍റെ ഈമെയിലില്‍ നിന്നും വല്ലതും വീണു കിട്ടുമോ എന്ന് ഇടയ്ക്കിടെ നോക്കുന്നുണ്ട്.

അപ്പോഴാണ് ഇടിത്തീ പോലെ ഒരു അനാലിസിസ് റിസല്‍ട്ട് ക്സോബ്നി എന്‍റെ (നമ്മുടെ) മുന്നിലേയ്ക്ക് വലിച്ചെറിഞ്ഞത്.



ഗുണപാഠം: Inbox തിരിച്ചു വായിച്ചാല്‍ Xobni എന്നാവും. ഇന്‍സ്റ്റാള്‍ ചെയ്താല്‍ ജീവിതം തലതിരിഞ്ഞു പോകും എന്നതിന്‍റെ ഹിന്‍റായിരുന്നു അതെന്നു മനസ്സിലാക്കാന്‍ വൈകിപ്പോയി, സുഹൃത്തേ, വൈകിപ്പോയി!

Wednesday, April 8, 2009

ഹോട്ട്മെയില്‍

ഇന്നു രാവിലെ ഹോട്ട്മെയിലുകാരുടെ ഒരു സന്ദേശം:



ഇതിനെന്താ കുഴപ്പമെന്ന് നിങ്ങള്‍ ചോദിച്ചേക്കാം.
  1. I still feel that Windows 98 was not an Operating System. It was crap.
  2. I still feel that cell phones are unnecessary and annoying.
  3. I still don't give a damn about that s****y movie Titanic.
Thank you Hotmail for making me feel like a stupid, old idiot.

Tuesday, April 7, 2009

ഫ* മൈ ലൈഫ്

മാനേജറിനെ തെറി പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ ആ മാന്യന്‍ നമ്മുടെ പിറകില്‍ നിന്ന് നാമറിയാതെ അത് ആസ്വദിച്ചാലുള്ള ഗതി ആലോചിച്ചിട്ടുണ്ടോ? എനിക്ക് തെറി പറയാന്‍ മാനേജറില്ല എന്നാണോ നിങ്ങളുടെ പ്രതികരണം?

ചില നേരത്ത് ബെല്ലും ബ്രേക്കുമില്ലാത്ത നമ്മുടെ നാക്ക് വല്ലതും പറഞ്ഞു കഴിഞ്ഞിട്ട്, ഹൊ, ഭൂമി പിളര്‍ന്ന് ഒന്ന് അപ്രത്യക്ഷമായാല്‍ മതിയായിരുന്നു എന്നു തോന്നിയിട്ടില്ലേ?

ഇല്ലേ? എങ്കില്‍ നിങ്ങളൊരു മനുഷ്യനാണാടോ ഹോ, ഹെ?

അങ്ങനെ തോന്നുന്ന നിമിഷങ്ങളില്‍, ഒരു കൂട്ടു വേണമെന്ന് തോന്നുന്നുവെങ്കില്‍ സന്ദര്‍ശിക്കാന്‍ ഇതാ ഒരു വെബ്സൈറ്റ്: fmylife.com. ആസ്വദിക്കൂ, ആശ്വസിക്കൂ!

Monday, April 6, 2009

പല്ലു മുളയ്ക്കാത്ത പയ്യന്‍സ്

ഏറ്റവും കൂടുതല്‍ കാലം ബീറ്റ-യില്‍ കഴിഞ്ഞ സോഫ്റ്റ്‍വെയര്‍ എന്ന പദവി നേടിയെടുത്ത ജീ-മെയിലിന് അഭിനന്ദനങ്ങള്‍.

മൂന്നു കൊല്ലം മുമ്പ് ഈ ചോദ്യത്തിന് നമുക്ക് ഉത്തരമുണ്ടായിരുന്നു.

രണ്ടു കൊല്ലം മുമ്പ് റബേക്ക ചോദിച്ചു: ഭൂമിയില്‍ സത്യത്തിനെത്ര വയസ്സായി? എന്നെയൊന്നു നോക്കണേ എന്‍റെ റബേക്കേ!

ഒരു കൊല്ലം മുമ്പ് എറിക്ക് ചോദിച്ചു: ഇനിയുമെത്ര കാതം, ഇനിയുമെത്ര കാലം?

അടുത്ത കൊല്ലം ഇതേ ദിവസം ഇതേ സമയം ഇതേ ചോദ്യം വീണ്ടും ചോദിക്കാം. ഗുഡ് ബൈ!

Wednesday, April 1, 2009

ജെറ്റ് എഞ്ചിന് തകരാറ്

രണ്ട് നാല് ദിവസമായി ‘ഫയങ്കര’ ജോലി. ഒന്നിനും സമയമില്ല. എന്നാപ്പിന്നെ ഈ-മൊഴിയില്‍ പോയി നോക്കാം എന്നു വച്ചാല്‍ അതിനും രക്ഷയില്ല.



മൈക്രോസോഫ്റ്റ് ജെറ്റ് എഞ്ചിനും കൂടി ഉണ്ടാക്കിത്തുടങ്ങിയാല്‍ പിന്നെ നാട്ടില്‍ പോകാന്‍ കപ്പലു തന്നെ ശരണം!