Thursday, December 4, 2008

തമാശക്കാരികള്‍

തമാശക്കാരികളായ വനിതകള്‍ ഒന്നുരണ്ടെണ്ണത്തിനെ എനിക്ക് നേരിട്ട് പരിചയമുണ്ടെങ്കിലും പ്രശസ്തരായ വനിതകളില്‍ നല്ല തമാശ പറയുന്നവരെ കണ്ടിട്ടില്ല. (കേട്ടിട്ടില്ല എന്നു വായിക്കണം.)

കേരളക്കരയില്‍ നിന്നു തുടങ്ങിയാല്‍, തമാശയുടെ രാജ്ഞിയെന്ന് എന്‍റെ അമ്മായിയമ്മ ഉറപ്പിച്ചു പറയുന്ന സിനിമാനടി കല്പനയെ വലിയൊരു തമാശക്കാരിയായി അംഗീകരിക്കാന്‍ പ്രയാസമുണ്ട്. ഉറപ്പിച്ചു പറയുന്നത് അമ്മായിയമ്മയായതുകൊണ്ടു മാത്രമല്ല ഈ അഭിപ്രായവ്യത്യാസം. (ഇതു മനസ്സിലാക്കണമെങ്കില്‍ കല്പനയുടെ ഇന്‍റര്‍വ്യൂവും ജഗതിയുടേയോ ജഗദീഷിന്‍റേയോ ഇന്‍റര്‍വ്യൂവും കണ്ടു നോക്കിയാല്‍ മതി. പിന്നെ, ഞാന്‍ അംഗീകരിക്കാത്തതു കൊണ്ട് കല്പനയുടെ ജോലി പോകില്ല എന്നതിനാല്‍ മനസ്സാക്ഷിക്കുത്തില്ലാതെ വിമര്‍ശിക്കാം. എന്തൊരാശ്വാസം!)

മിമിക്രിയില്‍ ഉഗ്രന്‍ തമാശപറയുന്ന/അഭിനയിക്കുന്ന വനിതകളുണ്ടെങ്കിലും അവരുടെ നാചുറല്‍ ഹാബിറ്റാറ്റില്‍ അവര്‍ തമാശക്കാരാണോ എന്നറിയാന്‍ ഒന്നുകില്‍ നേരിട്ടറിയണം, അല്ലെങ്കില്‍ ഒന്നുരണ്ട് ഇന്‍റര്‍വ്യൂ കാണണം. ഇതിനു രണ്ടിനും തരമില്ലായ്കയാല്‍ കേരളക്കര അവിടെ നില്‍ക്കട്ടെ.

ഇനി നമുക്ക് അമേരിക്കാവിലേയ്ക്ക് വരാം. സാറാ സില്‍വര്‍മാന്‍ (സായിപ്പ് സേറ എന്നും പറയും, അതു കാര്യമാക്കാനില്ല) എന്നു കേട്ടാല്‍ ഒരുമാതിരിപ്പെട്ട സായിപ്പന്മാര്‍ക്ക് നെഞ്ചം തുടിയ്ക്കും, കണ്‍കള്‍ ഉദിക്കും, കരളും പിടയ്ക്കും. (അവസാനത്തെ പിടപ്പ് ഒരു പ്രാസത്തിനു പറഞ്ഞതാണേ.)

എന്നാല്‍ അവള്‍ പറയുന്ന തറ ജോക്ക് കേട്ടാല്‍ എനിക്ക് കല്പനയെ ഓര്‍മ്മ വരും. (കല്പന തറയായതു കൊണ്ടല്ല, കല്പനയ്ക്കും എന്നെ ചിരിപ്പിക്കാന്‍ പറ്റുന്നില്ലല്ലോ എന്ന വസ്തുതയാണ് ഓര്‍മ്മ വരുന്നത്. നിങ്ങളെല്ലാരും കൂടെ എന്നെ വിവാദത്തിലാക്കിയിട്ടേ അടങ്ങൂ, അല്ലേ? Not even a dog would have blogged had it not been about Kalpana എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല ഊ...മ്മന്‍ ചാണ്ടിയേ.)

എന്നാല്‍ സമാന്താ ബീ അങ്ങിനെയാണോ? തറ പറഞ്ഞാലും എന്തൊരു ചേല്! തമാശക്കാരികളായാല്‍ ഇങ്ങനെ വേണം. 18 വയസ്സിനു മുകളിലാണെന്നു കള്ളം പറഞ്ഞാല്‍ നിങ്ങള്‍ക്കും ഇതില്‍ പല വീഡിയോകളും കാണാം. കാണുന്നതിനിടയില്‍ ഇതും കണ്ടേക്കൂ.

യൂറ്റ്യൂബിനെ മുക്കാന്‍ എന്തെല്ലാം വഴികള്‍!

6 comments:

Rejeesh Sanathanan said...

കല്‍പ്പന എന്ന നടിക്ക് ഒറ്റപ്രശ്നമേ ഉള്ളൂ. താനാണ് ഈ കേരളത്തില്‍ ഏറ്റവും അറിവും അനുഭവവുമുള്ള സ്ത്രീ എന്ന മിഥ്യാ ബോധം. അത് ചിലപ്പോള്‍ തിരശ്ശീല എന്ന പോലെ ജീവിതത്തിലും അഭിനയിക്കാന്‍ ശ്രമിക്കുന്നതിന്‍റെ പ്രശ്നമാകാം..

ഉണ്ണി said...

ഈ വഴി വീണ്ടും വന്നതിനു നന്ദി, മലയാളീ! മാറുന്നുണ്ടല്ലോ, അല്ലേ? അതോ പറച്ചിലേ ഉള്ളോ? :)

Anonymous said...

കല്പനയുടെ തമാശ (അഭിമുഖങ്ങളില് പ്രത്യേകിച്ചും)‍കേട്ടു കരയാന്‍ തോന്നുന്ന എനിക്കു മാത്രമല്ല കുഴപ്പം അല്ലെ

Kaippally said...

നാലു വർഷങ്ങൾക്കു് മുമ്പൊരിക്കൽ ഞാനും എന്റെ കുടുമ്പവും മദ്രാസിൽ trainൽ യാത്ര ചെയ്യുമ്പോൾ ഞങ്ങളുടെ സീറ്റിന്റെ എതിരെ പരിചയമുള്ള ഒരു സ്ത്രീയും അവരുടെ സഹായിയും വന്നിരുന്നു. പിന്നെയാണു് മനസിലായതു് അവർ കല്പനയാണെന്നു്. യാതോരു അഹംകാരവുമില്ലാതെ നാലഞ്ച് മണിക്കൂറിലേറെ ഞങ്ങളോടോത്തു് തമശകൾ പറഞ്ഞിരുന്നു. താമാശകളുടെ ഘോഷയാത്രയായിരുന്നു എന്നു പറയുന്നതായിരിക്കും കൂടുതൽ ശരി.

ഓരോ കഥകളിലും അവർ കഥാപാത്രങ്ങളെ ഭാവങ്ങളിലൂടെ അവതരിപ്പിച്ചു രസിപ്പിച്ചു.

ഇത്രമാത്രം Unscripted humour ഞാൻ ഒരു വ്യക്തിയിൽനിന്നും കേട്ടിട്ടില്ല. She is a true Comic Genius. മാത്രമല്ല
ഒരു സിനിമാ നടിയുടെ പത്രാസൊന്നുമില്ലാതെ ജനങ്ങളുമായി ഇടപെടുന്ന സ്ത്രീ.

ഉണ്ണി said...

കൈപ്പള്ളീ, ഈ വഴി വന്നതിനും അഭിപ്രായമെഴുതിയതിനും നന്ദി.

കല്പനയെപ്പറ്റിയുള്ള എന്‍റെ നിരീക്ഷണങ്ങളിലെ തെറ്റുകള്‍ക്ക് ക്ഷമചോദിക്കുന്നു.

ആഷ | Asha said...

18 വയസ്സിനു മുകളിലാണെന്നു കള്ളവും പറഞ്ഞ് അവിടെ ചെന്നപ്പോ
This video is no longer available due to a copyright claim by Viacom.
ഇങ്ങനെ എഴുതി കാണിക്കുന്നു.

കൽ‌പനയെ എനിക്കിഷ്‌ടമാണ്.