Wednesday, December 31, 2008

പഴകിയ മുന്നറിയിപ്പുകള്‍ (2008)

ഇങ്ങനേയിരിക്കുമ്പോള്‍ വായനക്കാര്‍ക്ക് ഒരു മുന്നറിയിപ്പു (മുന്‍ അറിയിപ്പ്) കൊടുക്കാന്‍ തോന്നും. കൊടുത്തുകൊടുത്ത് മൂന്നാലെണ്ണമായപ്പോള്‍ ഒരു പോസ്റ്റാക്കുന്നതാണ് നല്ലതെന്ന് തോന്നി. അങ്ങനെ ഓരോ വര്‍ഷത്തേയും മുന്നറിയിപ്പുകള്‍ ശേഖരിച്ചുവയ്ക്കാന്‍ ഒരു പോസ്റ്റുണ്ടാക്കുന്നു.

ബുക്ക് റിപ്പബ്ലിക്കിന്‍റെ പാരമ്യത്തില്‍ എഴുതിയത്:
ഈ ബ്ലോഗിലെ പോസ്റ്റുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ മാറ്റിയെഴുതി പുസ്തകമാക്കാന്‍ താല്പര്യമുണ്ട്. ബുക്ക് റിപ്പബ്ലിക്കുകാര്‍ കവിതാബ്ലോഗുകള്‍ സകലതും പുസ്തകമാക്കിക്കഴിഞ്ഞാല്‍ ഈ ബ്ലോഗും പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുസ്തകമാക്കാന്‍ വേണ്ടി കവിതകളെഴുതാനും തയ്യാറാണ്.

ബ്ലോഗനയില്‍ നിലവാരം കുറഞ്ഞ പോസ്റ്റുകള്‍ കണ്ടപ്പോള്‍:
മാതൃഭൂമി ബ്ലോഗനയില്‍ പ്രസിദ്ധീകരണത്തിന് ഇപ്പോള്‍ ഞാന്‍ ഈടാക്കുന്ന ചാര്‍ജ്ജ്: ചെറിയ പോസ്റ്റ് (100 വാക്കില്‍ താഴെയുള്ളത്) ഒന്നിന്: ആയിരം രൂപ, നീളം കൂടിയ പോസ്റ്റ് ഒന്നിന്: അയ്യായിരം രൂപ.

NDTV-യുടെ പോക്കിരിത്തരം:
ഈ ബ്ലോഗിലെ പല പോസ്റ്റുകളും ഞാന്‍ ദിനം തോറും സം‌വദിക്കുന്നവരെ വ്യക്തിഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചുള്ളവയാണ്. എനിക്കെതിരെ കേസു കൊടുത്താല്‍ നിരുപാധികം മാപ്പുപറഞ്ഞ് അത്തരം പോസ്റ്റുകള്‍ ഞാന്‍ നീക്കം ചെയ്യും.

ഫാസ്റ്റര്‍ ഈ-മെയില്‍ വേണോ?

അങ്ങനെ ജീമെയിലും നോക്കിയിരുന്നപ്പോള്‍ അതാ വലതു മൂലയില്‍ ഒരു ലിങ്ക്: Get faster Gmail.



ശ്ശെടാ, സ്പീഡുള്ള ജീമെയില്‍ ഉണ്ടായിട്ട് അത് തരാതെ വേണമെന്നുള്ളവര്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്ന് പറയുന്നത് അന്യായമല്ലേ. ഈ ലിങ്ക് കാണാത്തവര്‍ക്കും കണ്ടിട്ടും മടിപിടിച്ചോ അര്‍ത്ഥം മനസ്സിലാവാതെയോ ക്ലിക്ക് ചെയ്യാത്തതിരിക്കുന്നവര്‍ക്കും സ്പീഡുള്ള ജീമെയില്‍ കിട്ടില്ലല്ലോ എന്ന സങ്കടമായി എനിക്ക്. സ്പീഡുള്ള സാധനം കയ്യിലുള്ളപ്പോള്‍ വേണോ എന്ന് ചോദിക്കാതെ അതങ്ങ് തരുന്നതല്ലേ ഉചിതം എന്ന് ഞാനും വിചാരിച്ചുപോയി. ഏതായാലും ഇനിയും അധികം സമയം മെനക്കെടുത്തേണ്ടെന്നു കരുതി ക്ലിക്കി.



ഹ! ഗുട്ടന്‍സ് പിടികിട്ടി. എന്‍റെ ബ്രൌസര്‍ കൊള്ളില്ലാത്രേ. ഫയര്‍ഫോക്സോ അല്ലെങ്കില്‍ ക്രോമോ ഉപയോഗിച്ചാല്‍ രണ്ടിരട്ടി വരെ ജീമെയിലിന് സ്പീഡ് ഉണ്ടാവുമത്രേ! നിങ്ങള്‍ ഐയീ-യേ ഉപയോഗിക്കൂ എന്ന് വാശിയുള്ള മണ്ടനാണെങ്കില്‍ നിങ്ങള്‍ക്കായി ഗൂഗിള്‍ ഒരു അറിയിപ്പും തരുന്നുണ്ട്: സ്പീഡു കിട്ടാന്‍ ഐയീ-8 എന്നൊരു സാധനം ഉപയോഗിച്ചാലും മതിപോലും.

ഒന്നാമത്, സ്വന്തമായി ഒരു ബ്രൌസറുള്ളപ്പോള്‍, അത് എത്ര മോശമായാലും ശരി, അതിനെ ആദ്യം പ്രതിഷ്ഠിക്കണം. ചിത്രത്തില്‍ ഫയര്‍ഫോക്സിനെ ആദ്യം കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുക. ഫയര്‍ഫോക്സ് നിര്‍മ്മിക്കുന്നതില്‍ ഗൂഗിളിന്‍റെ സാമ്പത്തിക സഹായം മറന്നുകൊണ്ടല്ല ഈ പറയുന്നത്.

രണ്ടാമത്, twice as fast എന്നൊക്കെ വീമ്പിളക്കുമ്പോള്‍ അതിനു തെളിവായി ഒരു ലിങ്ക് കൊടുക്കുന്നത് നല്ലതായിരിക്കും. Wall Street Journal-ല്‍ വന്ന ഈ ഭാഗമെങ്കിലും:

To gauge Chrome's speed at loading Web pages, I launched two large groups of typical Web pages simultaneously, each site opening in its own tab. One group included 15 sports sites, the second 19 news sites. In both tests, Chrome's speed fell in the middle, at 35 and 44 seconds, respectively. IE8 was slower, taking 49 and 75 seconds to open the two groups of sites. But Firefox and Safari were much faster, notching identical speeds of 19 seconds for the 15 sites and 28 seconds for the 19 sites.
അതെങ്ങനെ, ഗൂഗിള്‍ വല്ലതും പറയുമ്പോള്‍ നമുക്ക് തെളിവെന്തിന്, അല്ലേ?

ഫാസ്റ്റര്‍ ഈ-മെയില്‍ വേണോ? തരാന്‍ മനസ്സില്ല. ആദ്യം എന്‍റെ ബ്രൌസര്‍ ഉപയോഗിയ്ക്ക്, എന്നാല്‍ തരാം.

(ഹൊ, ഇനി ഈ വര്‍ഷം ഗൂഗിളിനെ കുറ്റം പറയാന്‍ ഞാനില്ല. എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍!)

Sunday, December 28, 2008

മങ്കിരി മോഷ്ടിക്കുന്ന മോണ്‍സ്റ്റര്‍

മൂന്നരവയസ്സായ ക്ടാവിന്‍റെ തമാശകളിലൊന്നാണ്. ഇഷ്ടന്‍റെ കഥകള്‍ അവിടേയും ഇവിടേയുമായി ഒന്നുരണ്ടു തവണ മുമ്പ് പറഞ്ഞിട്ടുണ്ട്.

ഒരു ദിവസം രാത്രി ഉറങ്ങുന്നതിനും മുമ്പ് പതിവില്ലാതെ തുണി കമ്പ്ലീറ്റ് ഊരിക്കളയണമെന്ന് ക്ടാവിനൊരു വാശി. “ചൂടെട്ക്ക്ണ്” എന്നാണ് വാദം. ഒരു നിക്കറിന്‍റെ കഷണമെങ്കിലും ഇളിയിലുറപ്പിക്കാന്‍ ശ്രീമതി ഒരടവെടുത്തു: “നിക്കറിട്ടില്ലെങ്കില്‍ നിന്‍റെ മങ്കിരി മോണ്‍സ്റ്റര്‍ എടുത്തോണ്ടു പോവും.”

മോണ്‍സ്റ്ററിനെ പേടിയുള്ള ക്ടാവ് ഇതില്‍ വീഴുമെന്ന് ഉറപ്പുണ്ടായിരുന്ന ശ്രീമതി എന്നെനോക്കി ഒരു കള്ളച്ചിരി ചിരിച്ചു.

നിമിഷാര്‍ദ്ധം പോലുമാവുന്നതിനുമുമ്പ് മറുപടി വന്നു: “ഗീതൂന്‍റെ മങ്കിരി മോന്‍സ്റ്റല് കൊണ്ടു പോയേയാണോ?”

Friday, December 26, 2008

തെറ്റിദ്ധാരണ

മലയാളി യുവത്വം മദ്യത്തിനടിമയാവുന്നു എന്ന വാര്‍ത്ത ഓണം, ക്രിസ്മസ് തുടങ്ങിയ വിശേഷാവസരങ്ങളില്‍ ഉയര്‍ന്നുവരാറുണ്ട്. കൈരളി ചാനല്‍ പടച്ചുവിട്ട അത്തരമൊരു ന്യൂസ് വെള്ളം തൊടാതെ വിഴുങ്ങിയതായിരുന്നു (no pun intended), എന്‍റെ കഴിഞ്ഞ പോസ്റ്റിന്‍റെ അടിസ്ഥാനം.

എന്നാല്‍ മലയാളം പത്രങ്ങളില്‍ ജോലിചെയ്യുന്ന സ്വന്തം ലേഖകരേക്കാള്‍, എഴുതിവിടുന്ന ഐറ്റങ്ങള്‍ക്ക് സോളിഡ് പ്രൂഫ് വേണമെന്ന് എനിക്ക് നിര്‍ബന്ധമുള്ളതിനാല്‍ ഇന്നത്തെ സാധാരണ മലയാളി യുവാവ് അഭിരമിക്കുന്ന, ബൂലോഗം എന്ന ചെല്ലപ്പേരില്‍ അറിയപ്പെടുന്ന, മലയാളം ബ്ലോഗുകളില്‍ മദ്യത്തിന്‍റെ സ്വാധീനം എത്രമാത്രമുണ്ടെന്ന് പരിശോധിക്കാമെന്നു വച്ചു.

നമ്മുടെ പരീക്ഷണങ്ങള്‍ ആധികാരികമാവണമല്ലോ. അതിനാല്‍ ഇപ്പോള്‍ നിലവിലുള്ള ഏറ്റവും ആധികാരികമായ സൂത്രം തന്നെയാണ് ഇതിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്: Google blog search.

മദ്യവും അതുമായി ബന്ധപ്പെട്ട മറ്റു പദങ്ങളും കൂടി വെറും 3548 തവണ മാത്രമാണ് മലയാളം ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. (മദ്യം - 1564, കള്ള് - 1222, ചാരായം - 248, റം - 172, വിസ്കി - 158, വോഡ്ക - 96, ബ്രാണ്ടി/ബ്രാന്‍ഡി - 94.) എന്നാല്‍ മലയാളിയുടെ ഇഷ്ടപാനീയങ്ങളായ പാലും തേനും മാത്രം 3687 (പാല്‍ - 2506, തേന്‍ - 1181) തവണ ബ്ലോഗുകളില്‍ പ്രത്യക്ഷപ്പെട്ട് വിലയേറിയ 139 വോട്ടുകള്‍ക്ക് വിജയം നേടിയിരിക്കുകയാണ്.

ഇതില്‍ നിന്നും എന്തു മനസ്സിലാക്കാം? മലയാളി യുവത്വം എന്തിനെങ്കിലും അടിമപ്പെട്ടിട്ടുണ്ടെങ്കില്‍ അത് പാലിനും തേനിനും മാത്രമാണ്. യുവാക്കളല്ല, മലയാളി വൃദ്ധന്മാരാവണം ഉള്ള മദ്യം മുഴുവന്‍ കുടിച്ചുവറ്റിക്കുന്നത്. യുവാക്കളെ കുടിയന്മാരാക്കി ചിത്രീകരിച്ച ശേഷം നല്ലപിള്ള ചമഞ്ഞ് നടക്കുകയാണ് നാട്ടിലെ മൂപ്പിലാന്മാര്‍. ആ വേല മനസ്സിലിരിക്കട്ടെ. ബ്ലോഗര്‍മാരുടെ അടുത്താണ് കളി!

കൈരളി റ്റീവിയെ വിശ്വസിക്കരുതെന്ന് പ്രമുഖ ബ്ലോഗര്‍ പരാജിതന്‍ പറഞ്ഞപ്പോള്‍ ഞാന്‍ കാര്യമായെടുത്തില്ല. പരാജിതനല്ലേ, വിജയനല്ലല്ലോ അങ്ങനെ പറഞ്ഞത് എന്നായിരുന്നു എന്‍റെ ധാരണ. പലപ്പോഴും നമ്മള്‍ ‘കാര്യ’മായെടുക്കാത്തവരാണ് നമ്മെ ഏറെ സഹായിക്കുന്നത് എന്ന് പണ്ടാരോ പറഞ്ഞത് എത്ര ശരിയാണ്. എന്‍റെ തെറ്റിദ്ധാരണകള്‍ മാറ്റിയ പരാജിതനും ഗൂഗിളിനും നന്ദി!

Wednesday, December 24, 2008

രുകാവട്ടിനു ഖേദം

ക്രിസ്മസ് പ്രമാണിച്ച് മദ്യത്തിന് ക്ഷാമമുള്ളതിനാല്‍ ഓഫീസിലും വീട്ടിലും കള്ളുകുടി നിറുത്തിവച്ചിരിക്കുകയാണ്. അതുമൂലം സര്‍ഗ്ഗസൃഷ്ടിയ്ക്ക് തടസ്സം നേരിട്ടതില്‍ ഖേദമുണ്ട്. കേരളത്തിലെ ഇന്നത്തെ വിദ്യാര്‍ത്ഥികളെപ്പോലെ, വല്ലതും നാലക്ഷരം എഴുതണമെങ്കില്‍ അല്പസ്വല്പം അകത്തു ചെന്നേ പറ്റൂ എന്ന ഗതിയായിരിക്കുന്നു. വായനക്കാര്‍ ക്ഷമിക്കുക, സഹകരിക്കുക. സംഗതികള്‍ പൂര്‍വ്വസ്ഥിതിയിലായാലുടന്‍ എഴുത്ത് പുനരാരംഭിക്കുന്നതാണ്.

എല്ലാവര്‍ക്കും ആഹ്ലാദകരമായ ക്രിസ്മസ്/നവവത്സരാശംസകള്‍!

Sunday, December 21, 2008

സ്റ്റൈലില്‍ ചാഞ്ചാടും തീരം

യുവാക്കളുടെ സ്വപ്നങ്ങള്‍ക്കും വികാര വായ്പുകള്‍ക്കും ഏറെ പ്രധാന്യം നിറഞ്ഞതെന്ന് സിഫി.കോം പറയുന്ന ലോലിപ്പോപ്പ് എന്ന സിനിമയിലെ ഒരു ഗാനത്തിന്‍റെ ആദ്യവരികള്‍ ശ്രദ്ധിക്കൂ:
ഒന്ന്, രണ്ട്, മൂന്ന്, നാല് തിരകള് വന്നേ വന്നേ
ചാഞ്ചാടും തീരമോ സ്റ്റൈലല്ലേ?
തിരകളുടെ ഫേസ് സ്പീഡ് അഥവാ സെലെറിറ്റി കാരണം ചാഞ്ചാടിപ്പോകുന്ന തീരത്തിന്‍റെ വികാരത്തള്ളലും വേദനയും അളക്കാന്‍ നാലു വേരിയബിളുകള്‍ പരിഗണിക്കണമെന്നാണ് പ്രശസ്ത ഓഷ്യാനോഗ്രഫി വിദഗ്ദ്ധന്‍ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ മുകളില്‍ സൂചിപ്പിച്ച വരികളിലൂടെ നമ്മോട് പറയുന്നത്. ആ നാലുകാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം:

നമുക്ക് കണക്കാക്കേണ്ടുന്ന സെലെറിറ്റിയെ c എന്നു വിളിക്കുക. തിരയുടെ തരംഗദൈര്‍ഘ്യം λ ആണെന്നും നാം സെലെറിറ്റി അളക്കുന്ന സ്ഥലത്തെ വെള്ളത്തിന്‍റെ ആഴം d ആണെന്നും ഭൂഗുരുത്വബലം g ആണെന്നും π നമ്മുടെ പൈ ആണെന്നും കരുതിയാല്‍, സ്റ്റൈലില്‍ ചാഞ്ചാടും തീരത്തിന്‍റെ വേദന, c കണ്ടെത്തുന്നത് വളരെ എളുപ്പമാണ്:



ഓര്‍ക്കുക,
c = സ്റ്റൈലില്‍ ചാഞ്ചാടും തീരത്തിന്‍റെ വേദന
g = ഭൂഗുരുത്വബലം
λ = തരംഗദൈര്‍ഘ്യം
d = വെള്ളത്തിന്‍റെ ആഴം
π = പൈ

അപ്പോള്‍ വര്‍മ്മാസാറ് പറയുന്നതെന്തെന്നാല്‍,
g, λ, d, π തിരകള് വന്നേ വന്നേ
c-യോ സ്റ്റൈലല്ലേ?
ദേഹമാസകലം കുലുക്കിയാടുന്ന പൃഥിരാജിനോ റോമയ്ക്കോ അതുകണ്ടു പുളകം കൊള്ളുന്ന കാണികള്‍ക്കോ സര്‍ഗസൃഷ്ടിക്കുവേണ്ടി ശരത്ചന്ദ്രവര്‍മ്മയ്ക്കു നടത്തേണ്ടിവന്ന ഈ കണക്കുകൂട്ടലുകള്‍ വല്ലതും അറിയണോ?

Saturday, December 20, 2008

ഉണ്ണിയപ്പം: ക്രോം ലോഗോ

നമുക്ക് മനസ്സിലായേ എന്ന പാചക പോസ്റ്റിനോടുള്ള അഭൂതപൂര്‍വ്വമായ പ്രതികരണത്തെത്തുടര്‍ന്ന് ഒരു ഇനം കൂടി അവതരിപ്പിക്കുന്നു: ഇന്നത്തെ പാചകവിഷയം, ഗൂഗിള്‍ ക്രോം ലോഗോ ഉണ്ടാക്കുന്നതെങ്ങനെ? (അതോടൊപ്പം ഈ ബ്ലോഗിലെ പാചക സീരീസിനെ ഉണ്ണിയപ്പം എന്ന് നാമകരണം ചെയ്യുകയും ചെയ്യുന്നു.)

വേണ്ട സാധനങ്ങള്‍:

ഇന്‍റര്‍നെറ്റ് കണക്ഷന്‍: 1
ഫോട്ടോഷോപ്പ് (പൈറേറ്റഡ്): 1

പാചകം ചെയ്യുന്ന വിധം.

ഒന്നാം പടി: ThinkFree Office Suite ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റലേഷന്‍ തുടങ്ങുക.



രണ്ട്: മുകളില്‍ കാണിച്ച ഇന്‍സ്റ്റോള്‍ സ്ക്രീനിന്‍റെ സ്ക്രീന്‍ഷോട്ട് എടുത്ത്, ThinkFree Office Logo ക്രോപ്പ് ചെയ്തെടുക്കുക:



മൂന്ന്: ക്രോപ്പ് ചെയ്ത ലോഗോ 150% എന്‍ലാര്‍ജ്ജ് ചെയ്യുക.



നാല്: എന്‍ലാര്‍ജ്ജ് ചെയ്ത ലോഗോ 130 ഡിഗ്രി ഘടികാരദിശയില്‍ കറക്കുക, വലതുവശത്തു മൂലയില്‍ കാണുന്ന ഷേഡ് മാച്ചുകളയുക.



അഞ്ച്: ലോഗോയിലെ ചുവപ്പും നീലയും വച്ചുമാറുക.



ആറ്: ലോഗോ 2D-യില്‍ നിന്നും 3D-യിലേയ്ക്കു മാറ്റുക.



ഏഴ്: വിന്‍ഡോസ് ലോഗോയില്‍ ഉപയോഗിച്ചിരിക്കുന്ന കളറുകളില്‍ ഒന്നും വിട്ടുപോയിട്ടില്ല എന്ന് ഉറപ്പുവരുത്തുക.



പച്ച - ചെക്ക്
ചുവപ്പ് - ചെക്ക്
മഞ്ഞ - ചെക്ക്
നീല - ചെക്ക്

കഴിഞ്ഞു! ലോഗോ റെഡി. ഇപ്പോള്‍ എങ്ങനെയുണ്ട്? പണമുണ്ടാക്കുന്ന തിരക്കില്‍ ക്രീയേറ്റീവും കൂടി ആവണമെന്നു പറയല്ലേ.

അനുബന്ധ കാഴ്ചകള്‍:
Google Chrome logo making story
The Hidden Connection Between Windows and Google Chrome Logo
Pokémon Google Chrome Web Ball Browser

Friday, December 19, 2008

കാലാവസ്ഥാപ്രവചനം

ഇന്നത്തെക്കാലത്ത് കല്ലുവച്ച നുണ പറഞ്ഞാലും ജോലി പോകാത്തത് കാലാവസ്ഥാ പ്രവചകര്‍ക്കു മാത്രമാണ്. അവര്‍ പറയുന്നതു കേട്ടു മടുത്തിട്ടാവണം പൈലറ്റുമാരുടെ ഉപയോഗത്തിനായി വളരെ ലളിതമായ കാലാവസ്ഥാപ്രവചനക്കല്ല് കണ്ടുപിടിച്ചിരിക്കുന്നത്.



ഈ കണ്ടുപിടുത്തം പ്രധാനമായും പൈലറ്റുമാരെ ഉദ്ദേശിച്ചാണെങ്കിലും കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍മാര്‍ തുടങ്ങിയ സാധാരണക്കാര്‍ക്കും ഇത് ഉപയോഗിക്കാവുന്നതാണ്.

Thursday, December 18, 2008

ഇത്തിരി പുളിയ്ക്കും

(വയര്‍ലെസ് വഴി ഇന്‍റര്‍നെറ്റില്‍ ഘടിപ്പിച്ച ഒരു വിന്‍ഡോസ് വിസ്റ്റ കമ്പ്യൂട്ടറും ആ മെഷീനില്‍ വിന്‍ഡോസ് ലൈവ് മെസ്സെഞ്ചറുമുണ്ടെങ്കില്‍ നിങ്ങള്‍ക്കും ചെയ്യാവുന്ന ഒരു ലഘു പരീക്ഷണമാണിത്.)

ആദ്യപടിയായി, വിസ്റ്റയിലെ നെറ്റ്‍വര്‍ക്ക് ആന്‍ഡ് ഷെയറിംഗ് സെന്‍റര്‍ തുറക്കുക.



ചിത്രത്തില്‍ ചുവന്ന നിറത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: അതായത് എന്‍റേത് ഒരു വയര്‍ലെസ് കണക്ഷന്‍ ആണെന്ന് വ്യക്തം. കറുപ്പു നിറം കൊണ്ട് മായ്ചു കളഞ്ഞിരിക്കുന്നത് എന്‍റെ നെറ്റ്‍വര്‍ക്കിന്‍റെ പേരും നാളുമാണ്. അത് കിട്ടിയിട്ട് നിങ്ങള്‍ക്ക് വലിയ പ്രയോജനമില്ല.

രണ്ടാമതായി, ഏറ്റവും പുതിയ വിന്‍ഡോസ് ലൈവ് മെസ്സെഞ്ചറില്‍ (ബില്‍ഡ് 14.0.8050.1202) Tools മെനുവില്‍ നിന്നും Options എടുക്കുക. ഇടതു വശത്തു കാണുന്ന Connection- ല്‍ ക്ലിക്ക് ചെയ്യൂ. അപ്പോളതാ മെസ്സെഞ്ചര്‍ പറയുന്നു ഞാന്‍ വയറുള്ളവനാണെന്ന്!

ഇത്തിരി പുളിയ്ക്കും.



ഒന്നായ നിന്നെയിഹ രണ്ടെന്ന് കാണുന്ന ഈ ചെപ്പടി വിദ്യയ്ക്കാണോ സാര്‍, സോഫ്റ്റ്‍വെയര്‍ എന്ന് പറയുന്നത്?

Wednesday, December 17, 2008

തിരിച്ചു വിളിക്കണോ?

പ്രിയപ്പെട്ട തോമ്മാച്ചാ,

ഫോണില്‍ ഈ വിവരം സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്ക് കട്ടായിപ്പോയാലോ എന്നു കരുതിയാണ്, സുഹൃത്തേ, ഈ കത്തെഴുതുന്നത്.

കഴിഞ്ഞ ആഴ്ച (ഡിസംബര്‍ 13-ന്) ഞാന്‍ നിന്നോടു സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ഫോണ്‍ കട്ടായിപ്പോയത് ഓര്‍ക്കുമല്ലോ. ഉടന്‍ തന്നെ ഞാന്‍ നിന്‍റെ നമ്പര്‍ റീ-ഡയല്‍ ചെയ്തു. അപ്പോള്‍ എന്‍‍ഗേജ്ഡ് ടോണാണ് കിട്ടിയത്. അതില്‍ നിന്നും നീ മിക്കവാറും എന്നെ വിളിക്കാന്‍ ശ്രമിക്കുകയായിരിക്കും എന്ന് ഞാനൂഹിച്ചു. എന്നാല്‍ നീ ഇങ്ങോട്ടു വിളിച്ച നേരം ഞാന്‍ നിന്നെ വിളിക്കാന്‍ ശ്രമിക്കുകയായിരുന്നതിനാല്‍ നിനക്കും ഒന്നുകില്‍ എന്‍‍ഗേജ്ഡ് ടോണ്‍ കിട്ടിക്കാണും, അല്ലെങ്കില്‍ നേരിട്ട് എന്‍റെ വോയ്സ് മെയിലിലേയ്ക്കു പോയിക്കാണും. ഒരു രണ്ടു മിനിറ്റു വെയിറ്റു ചെയ്തിട്ടും നീ വിളിക്കുന്നില്ലെന്നു കണ്ട് ഞാന്‍ വീണ്ടും നിന്നെ വിളിക്കാന്‍ ശ്രമിച്ചു. നമ്മള്‍ സമാന ചിന്താഗതിക്കാരായതിനാല്‍ (അങ്ങനെയാണല്ലോ നമ്മള്‍ സുഹൃത്തുക്കളാവുന്നതു തന്നെ) നീയും രണ്ടു മിനിറ്റു വെയിറ്റു ചെയ്തിട്ട് എന്നെ വിളിക്കാന്‍ നോക്കി. ചുരുക്കിപ്പറഞ്ഞാല്‍ ആരുമാരും ഗോളടിക്കാതെ പിരിഞ്ഞ സമനിലപോലെയായില്ലേ ആ ഫോണ്‍ വിളി?

ഇനി കാര്യത്തിലേയ്ക്കു കടക്കാം. ഒരാള്‍ മറ്റൊരാളിനെ ഫോണില്‍ വിളിക്കുമ്പോള്‍ ഫോണ്‍ കട്ടായെന്നു വയ്ക്കുക. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഫോണ്‍ വിളിച്ചയാളാണ് റീ-ഡയല്‍ ചെയ്യേണ്ടത്. വിളി കിട്ടിയ ആളല്ല. ഞാന്‍ തോമ്മാച്ചനെ വിളിച്ചു സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഫോണ്‍ കട്ടായതെങ്കില്‍ ഞാന്‍ തിരിച്ചു വിളിക്കും. ഇനി തോമ്മാച്ചന്‍ എന്നെ വിളിച്ച് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് കട്ടായതെങ്കില്‍ തോമ്മാച്ചന്‍ എന്നെ തിരിച്ചു വിളിക്കാന്‍ വേണ്ടി ഞാന്‍ വെയിറ്റു ചെയ്യും. ഓക്കേ?

എല്ലാം പറഞ്ഞപോലെ,
ഞാന്‍.

Monday, December 15, 2008

‘ഫ’യങ്കരന്‍

ഞാന്‍: “Hi, I called in to cancel my 11 AM appointment today.”

ഡോക്ടറുടെ ആപ്പീസിലെ മദാമ്മ: “You have to cancel at least 24 hours before the appointment. Since it’s less than hour to go now, we can’t do that unless you want to pay $25 cancellation fee.”

ഞാന്‍: “Hmm... Can you, then, please reschedule it to tomorrow?”

മദാമ്മ: “Let me take a look. What time tommorow will work for you?”

ഞാന്‍: “Anytime after 11 AM is fine.”

മദാമ്മ: “Let’s see... (Long pause.) OK, I have rescheduled your appointment at 3 PM tomorrow.”

ഞാന്‍: “Thank you so much!”

മദാമ്മ: “You’re very welcome! Is there anything else that I can help you with?”

ഞാന്‍: “Yes, ma’m! Can we cancel my 3 PM appointment tomorrow?”

മദാമ്മ: “What...?”

ഞാന്‍: “Yes, since I called in more than 24 hours before that scheduled appointment, it should be a breeze!”

ഫോണ്‍ വച്ചതിനു ശേഷം ആത്മഗതം: “എന്നെക്കൊണ്ടു തോറ്റു. ഞാനൊരു ‘ഫയങ്കരന്‍’ തന്നെ!”

Friday, December 12, 2008

അയ്യായിരത്തില്‍ നാലു ശതമാനം

ശതമാനം എന്നു പറഞ്ഞാല്‍ എന്താ?

കൃത്യമായി അറിയണമെങ്കില്‍, നൂറില്‍ നൂറ്റിപ്പത്തു ശതമാനം വിജയമെന്ന് പറയുന്ന സ്വ. ലേ-യോടോ, നൂറില്‍ എട്ടു ശതമാനം വരുന്ന പുരുഷന്മാരെന്ന് എഴുതിയ സേതുലക്ഷ്മിയോടോ നൂറില്‍ നൂറു ശതമാനം നിങ്ങള്‍ വിശ്വസിക്കുന്നുവോ എന്ന ചോദ്യവുമായെത്തിയ മറുമൊഴിയോടോ നൂറില്‍ നൂറ്‌ ശതമാനം റെക്കോര്‍ഡ്‌ എന്ന് ഊന്നിപ്പറഞ്ഞ കമല്‍ വരദൂരിനോടോ ചോദിക്കേണ്ടി വരും.

മലയാളത്തില്‍ അയ്യായിരം ബ്ലോഗര്‍മാരുണ്ടെന്നു വിചാരിക്കുക. ആ അയ്യായിരത്തില്‍ (മുകളില്‍ സൂചിപ്പിച്ച) നാലു ശതമാനം ആള്‍ക്കാര്‍ക്കെങ്കിലും ശതമാനം എന്തെന്നറിയുന്നത് ആശാവഹമല്ലേ?

Thursday, December 11, 2008

കറണ്ടു പോയോ?

“ഈ കറിയ്ക്കെന്താ ഒരു സ്വാദ് വ്യത്യാസം? ഇന്ന് കറണ്ടെങ്ങാനും പോയി ഫിഡ്ജ് ഓഫായോ?” ഉണ്ടാക്കി ഫ്രിഡ്ജില്‍ വച്ചിരുന്ന കറിയ്ക്ക് സ്വാദില്ല എന്ന് നേരിട്ട് പറഞ്ഞാല്‍ ഫീലായാലോ എന്നു കരുതി ഭാര്യയോട് മയത്തില്‍ ചോദിച്ചു.

“കറി കേടായോ?” ഭാര്യയ്ക്കും സംശയം. “എന്നാപ്പിന്നെ കൊച്ചിനു കൊടുത്തു നോക്കിയേ!”

കറി കേടായോന്നു പരിശോധിക്കുന്ന വിധം കൊള്ളാം. ക്ടാവ് കുഴപ്പമില്ലാതെ കഴിച്ചാല്‍ കറി കേടായിട്ടില്ല, തുപ്പിയാല്‍ കറി പോക്ക്.

“അതിനു വല്ല വയറുദീനവും വരും,” എന്നിലെ രക്ഷാകര്‍ത്താവ് ഉണര്‍ന്നു.

“എന്നാലേ, ഞാനിവിടെ ഇല്ലാത്തപ്പോള്‍ ഫിഡ്ജ് ഓഫായോ എന്നറിയാനുള്ള മാന്ത്രിക വിദ്യയൊന്നും എന്‍റെ കൈവശമില്ല. അങ്ങനെ പറഞ്ഞു തരുന്ന വല്ല യന്ത്രവും വാങ്ങാന്‍ കിട്ടുമോന്ന് നോക്ക്,” ഭാര്യയ്ക്ക് പുശ്ചം.

“എടീ, അതിന് വലിയ യന്ത്രമൊന്നും വേണ്ട. ഒരു സിപ്‍ലോക്ക് ബാഗില്‍ രണ്ടോ മൂന്നോ (ഒന്നു പോര) ഐസ് ക്യൂബ് എടുത്ത് ഫ്രീസറില്‍ വയ്ക്കുക. യാത്ര കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ മൂന്ന് ഐസ് ക്യൂബിനു പകരം ഒരു വലിയ ഐസ് ക്യൂബ് ആണ് സിപ്‍ലോക്കിലെങ്കില്‍ ഇടയ്ക്ക് കുറേ നേരം കറണ്ടു പോയിട്ടുണ്ട്.”

“അതെങ്ങനെ അറിയാം?”

“എന്നെയങ്ങ് കൊല്ല്.”

Saturday, December 6, 2008

ഹാറ്റ്സ് ഓഫ്

തമാശക്കാരികളെപ്പറ്റി പറഞ്ഞു പറഞ്ഞു പറയാന്‍ വന്ന കാര്യം മറന്നെന്നു പറഞ്ഞാല്‍ മതിയല്ലോ. ആ പോസ്റ്റ് എഴുതുമ്പോള്‍ ഏഷ്യാനെറ്റില്‍ റിമി ടോമിയുടെ റിംജിം എന്ന പരിപാടിയായിരുന്നു മനസ്സില്‍. എന്നെ ചിരിപ്പിക്കുന്ന ഏക മലയാളി പ്രശസ്തവനിത റിമി ടോമി ആണെന്നു പറയാം. സെന്‍സ് ഓഫ് ഹ്യൂമറില്ലാതെ ആ പരിപാടിയില്‍ ഗസ്റ്റായിച്ചെല്ലരുതെന്ന് പല ഹതഭാഗ്യന്മാരോടും ഹതഭാഗ്യകളോടും പറയണമെന്നു തോന്നിപ്പോകുന്ന വിധത്തിലുള്ളതാണ് റിമിയുടെ പ്രകടനം.

തൊപ്പിയുണ്ടായിട്ടല്ല, എന്നാലും ഹാറ്റ്സ് ഓഫ്!

Friday, December 5, 2008

ഉണ്ണിയപ്പം: നമുക്ക് മനസ്സിലായേ

വേണ്ട സാധനങ്ങള്‍:

അപ്പ്ഡേറ്റ് - 7
ഇന്‍സ്റ്റോള്‍ - 3
വിന്‍ഡോസ് - 3
ഓട്ടോമാറ്റിക് - 2
ഉപ്പ് - പാകത്തിന്



പാചകം ചെയ്യുന്ന വിധം:

അപ്പ്ഡേറ്റുണ്ടോന്ന് ചെക്ക് ചെയ്യാന്‍, ചെക്കു ചെയ്യുന്ന സാധനത്തിനെ അപ്പ്ഡേറ്റ് ചെയ്യുക. അങ്ങനെ ചെയ്യുമ്പോള്‍ അപ്പ്ഡേറ്റ് ചെയ്യുന്ന കുന്ത്രാണ്ടങ്ങള്‍ മാറ്റൂല്ല. അതുകഴിഞ്ഞ് അപ്പ്ഡേറ്റ് ചെയ്യാന്‍ വേണ്ടി സാധനം അടയ്ക്കുകയും തുറക്കുകയും ചെയ്യും. ബേജാറാവരുത്. പാകത്തിന് ഉപ്പ് ചേര്‍ത്ത്, ചൂടാറുന്നതിനും മുമ്പ് ഇപ്പോള്‍ തന്നെ അപ്പ്ഡേറ്റ് ചെയ്യൂ.

Thursday, December 4, 2008

തമാശക്കാരികള്‍

തമാശക്കാരികളായ വനിതകള്‍ ഒന്നുരണ്ടെണ്ണത്തിനെ എനിക്ക് നേരിട്ട് പരിചയമുണ്ടെങ്കിലും പ്രശസ്തരായ വനിതകളില്‍ നല്ല തമാശ പറയുന്നവരെ കണ്ടിട്ടില്ല. (കേട്ടിട്ടില്ല എന്നു വായിക്കണം.)

കേരളക്കരയില്‍ നിന്നു തുടങ്ങിയാല്‍, തമാശയുടെ രാജ്ഞിയെന്ന് എന്‍റെ അമ്മായിയമ്മ ഉറപ്പിച്ചു പറയുന്ന സിനിമാനടി കല്പനയെ വലിയൊരു തമാശക്കാരിയായി അംഗീകരിക്കാന്‍ പ്രയാസമുണ്ട്. ഉറപ്പിച്ചു പറയുന്നത് അമ്മായിയമ്മയായതുകൊണ്ടു മാത്രമല്ല ഈ അഭിപ്രായവ്യത്യാസം. (ഇതു മനസ്സിലാക്കണമെങ്കില്‍ കല്പനയുടെ ഇന്‍റര്‍വ്യൂവും ജഗതിയുടേയോ ജഗദീഷിന്‍റേയോ ഇന്‍റര്‍വ്യൂവും കണ്ടു നോക്കിയാല്‍ മതി. പിന്നെ, ഞാന്‍ അംഗീകരിക്കാത്തതു കൊണ്ട് കല്പനയുടെ ജോലി പോകില്ല എന്നതിനാല്‍ മനസ്സാക്ഷിക്കുത്തില്ലാതെ വിമര്‍ശിക്കാം. എന്തൊരാശ്വാസം!)

മിമിക്രിയില്‍ ഉഗ്രന്‍ തമാശപറയുന്ന/അഭിനയിക്കുന്ന വനിതകളുണ്ടെങ്കിലും അവരുടെ നാചുറല്‍ ഹാബിറ്റാറ്റില്‍ അവര്‍ തമാശക്കാരാണോ എന്നറിയാന്‍ ഒന്നുകില്‍ നേരിട്ടറിയണം, അല്ലെങ്കില്‍ ഒന്നുരണ്ട് ഇന്‍റര്‍വ്യൂ കാണണം. ഇതിനു രണ്ടിനും തരമില്ലായ്കയാല്‍ കേരളക്കര അവിടെ നില്‍ക്കട്ടെ.

ഇനി നമുക്ക് അമേരിക്കാവിലേയ്ക്ക് വരാം. സാറാ സില്‍വര്‍മാന്‍ (സായിപ്പ് സേറ എന്നും പറയും, അതു കാര്യമാക്കാനില്ല) എന്നു കേട്ടാല്‍ ഒരുമാതിരിപ്പെട്ട സായിപ്പന്മാര്‍ക്ക് നെഞ്ചം തുടിയ്ക്കും, കണ്‍കള്‍ ഉദിക്കും, കരളും പിടയ്ക്കും. (അവസാനത്തെ പിടപ്പ് ഒരു പ്രാസത്തിനു പറഞ്ഞതാണേ.)

എന്നാല്‍ അവള്‍ പറയുന്ന തറ ജോക്ക് കേട്ടാല്‍ എനിക്ക് കല്പനയെ ഓര്‍മ്മ വരും. (കല്പന തറയായതു കൊണ്ടല്ല, കല്പനയ്ക്കും എന്നെ ചിരിപ്പിക്കാന്‍ പറ്റുന്നില്ലല്ലോ എന്ന വസ്തുതയാണ് ഓര്‍മ്മ വരുന്നത്. നിങ്ങളെല്ലാരും കൂടെ എന്നെ വിവാദത്തിലാക്കിയിട്ടേ അടങ്ങൂ, അല്ലേ? Not even a dog would have blogged had it not been about Kalpana എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല ഊ...മ്മന്‍ ചാണ്ടിയേ.)

എന്നാല്‍ സമാന്താ ബീ അങ്ങിനെയാണോ? തറ പറഞ്ഞാലും എന്തൊരു ചേല്! തമാശക്കാരികളായാല്‍ ഇങ്ങനെ വേണം. 18 വയസ്സിനു മുകളിലാണെന്നു കള്ളം പറഞ്ഞാല്‍ നിങ്ങള്‍ക്കും ഇതില്‍ പല വീഡിയോകളും കാണാം. കാണുന്നതിനിടയില്‍ ഇതും കണ്ടേക്കൂ.

യൂറ്റ്യൂബിനെ മുക്കാന്‍ എന്തെല്ലാം വഴികള്‍!

Wednesday, December 3, 2008

ഓ, പിന്നേ - 2

ദാ, വീണ്ടും!



ഞാന്‍ ഇജക്ട് ചെയ്ത് വീട്ടില്‍ വന്ന് കഞ്ഞികുടിച്ച്... ബാക്കിയെല്ലാം നേരത്തേ പറഞ്ഞതു തന്നെ.

Tuesday, December 2, 2008

ഔച്ച്!

“നീ ഗൂഗിളിനെ മാത്രം തെറിപറയാതെ മൈക്രോസോഫ്റ്റിനേയും തെറിപറയൂ” എന്ന് റെഡ്മണ്ടിലുള്ള ഒരു സുഹൃത്തിന്‍റെ തമാശരൂപേണയുള്ള റിക്വസ്റ്റ്. തെറിയായി പറയാനൊന്നുമില്ല. രണ്ട് അഭിനന്ദനങ്ങള്‍ ഇതാ പിടിച്ചോ:

Windows market share dives below 90% for first time (Computer World)
Windows OS last month took its biggest market share dive in the past two years, erasing gains made in two of the past three months and sending the operating system's share under 90% for the first time, an Internet measurement company reported today.

IE share slips under 70%; Firefox surges past 20% (Computer World)
The market share of Microsoft Corp.'s Internet Explorer dropped under the 70% mark last month for the first time since Web metrics vendor Net Applications Inc. started keeping tabs on browsers, the company said today. IE slipped to a 69.8% share, down from October's 71.3% and off 7.6 percentage points in the past year.
ഔച്ച്!

ഇതില്‍ അഭിനന്ദിക്കാനെന്തുണ്ടെന്നോ? ഈ പറഞ്ഞ രണ്ടു സാധനവും എന്നെപ്പോലുള്ള സാധാരണക്കാര്‍ ഉപയോഗിക്കുന്നതാണ്. ഈ വാര്‍ത്തകള്‍ ഒരു ഉണര്‍ത്തു വിളിയായിക്കണ്ട് വിന്‍ഡോസും ഐയീയും നന്നാക്കാന്‍ തീരുമാനിക്കും എന്ന അനുമാനത്തില്‍ തരുന്നതാണ്. എടുക്കാം, അല്ലെങ്കില്‍ തടുക്കാം.

Monday, December 1, 2008

സുന്നത്തുചെയ്ത ജോണ്‍ നായര്‍

എന്‍റെ കിടാവ് പിറന്നപ്പോള്‍, അമേരിക്കയില്‍ സാധാരണ ഡോക്ടര്‍മാര്‍ ചോദിക്കുന്ന ചോദ്യം എന്‍റെ ഡോക്ടറും എന്നോടു ചോദിച്ചു: “Do you want him circumcised?”

സുന്നത്തു കല്യാണവും നടത്തി കുട്ടിയെ നാട്ടില്‍ കൊണ്ടുചെന്നാല്‍ അപ്പൂപ്പന്‍ വീട്ടില്‍ കേറ്റില്ലെന്നറിയാമെങ്കിലും ഞാന്‍ ഡോക്ടറോടു പറഞ്ഞു: “Let me get some facts.”

വിക്കി ഇപ്രകാരം പറഞ്ഞു തന്നു:

Advocates for circumcision state that it provides important health advantages which outweigh the risks, has no substantial effects on sexual function, has a low complication rate when carried out by an experienced physician, and is best performed during the neonatal period. Opponents of circumcision state that it is extremely painful, adversely affects sexual pleasure and performance, may increase the risk of certain infections, and when performed on infants and children violates the individual's human rights.
"വേണ്ട,” ഞാന്‍ ഡോക്ടറോടു പറഞ്ഞു.

എന്നാല്‍ ഇന്നാണെങ്കിലോ?

കണ്ടകശനിയുടെ പുതിയ കണ്ടുപിടുത്തത്തിന്‍റെ വെളിച്ചത്തില്‍, ഞാന്‍ കുട്ടിയെ സുന്നത്തു ചെയ്യിക്കുകയും ജോണ്‍ നായര്‍ എന്ന് പേരിടുകയും ചെയ്തേനെ. മൂന്നുതരം മതാധിഷ്ഠിത ഭീകരവാദപ്രവര്‍ത്തനങ്ങള്‍ ഒറ്റയടിയ്ക്ക് ഒഴിവാക്കാമല്ലോ.